സെമികണ്ടക്ടര്‍ മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റം; എന്താണ് വിക്രം-32 ചിപ്പ്?

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) സെമികണ്ടക്ടര്‍ ലബോറട്ടറി (SCL) ആണ് വിക്രം-32 വികസിപ്പിച്ചത്. ബഹിരാകാശ വിക്ഷേപണ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ ചിപ്പ്, ഉയര്‍ന്ന താപനിലയും റേഡിയേഷനും പോലുള്ള കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ളതാണ്.

author-image
Biju
New Update
VIKRAM

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ 32-ബിറ്റ് മൈക്രോപ്രോസസര്‍ ചിപ്പായ വിക്രം-32 പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി. സെമികണ്ടക്ടര്‍ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ നേട്ടം. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നടന്ന 'സെമികോണ്‍ ഇന്ത്യ 2025' സമ്മേളനത്തിലാണ് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ചിപ്പ് പ്രധാനമന്ത്രിക്ക് കൈമാറിയത്.

എന്താണ് വിക്രം-32 ചിപ്പ്

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) സെമികണ്ടക്ടര്‍ ലബോറട്ടറി (SCL) ആണ് വിക്രം-32 വികസിപ്പിച്ചത്. ബഹിരാകാശ വിക്ഷേപണ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ ചിപ്പ്, ഉയര്‍ന്ന താപനിലയും റേഡിയേഷനും പോലുള്ള കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ളതാണ്.

പിഎസ്എല്‍വി സി-60 (PSLV C60) ദൗത്യത്തില്‍ ഇതിന്റെ പ്രകടനം വിജയകരമായി പരീക്ഷിച്ചു. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളിലും പ്രതിരോധം, വ്യോമയാനം, ഓട്ടോമോട്ടീവ്, ഊര്‍ജം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലും വിക്രം-32 ചിപ്പ് ഉപയോഗിക്കാനാകുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.

തദ്ദേശീയ നിര്‍മ്മാണം എങ്ങനെ സാധിച്ചു

2021-ല്‍ ഇന്ത്യ ആരംഭിച്ച സെമികണ്ടക്ടര്‍ മിഷന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്. വെറും മൂന്നര വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്ക് ഒരു ചിപ്പ് ഉപഭോക്താവ് എന്നതില്‍ നിന്ന് അത്യാധുനിക ചിപ്പ് നിര്‍മ്മാതാവായി മാറാന്‍ സാധിച്ചു. പഞ്ചാബിലെ മൊഹാലിയിലുള്ള എസ്സിഎല്ലിന്റെ 180nm CMOS ഫാബ്രിക്കേഷന്‍ ഫെസിലിറ്റിയിലാണ് വിക്രം ചിപ്പിന്റെ നിര്‍മ്മാണവും പാക്കേജിംഗും പൂര്‍ത്തിയാക്കിയത്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളും ശക്തമായ നയങ്ങളും ഈ പുരോഗതിക്ക് കരുത്ത് പകര്‍ന്നു.

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകള്‍ അനുസരിച്ച്, നിലവില്‍ അഞ്ച് സെമികണ്ടക്ടര്‍ ചിപ്പുകളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ സെമികണ്ടക്ടര്‍ രംഗത്ത് 1.60 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇതുവരെ നടന്നിട്ടുണ്ട്. കൂടാതെ, 'ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം' വഴി 23 ഡിസൈന്‍ സ്റ്റാര്‍ട്ടപ്പുകളെയും രാജ്യം പിന്തുണയ്ക്കുന്നുണ്ട്. ഈ മുന്നേറ്റങ്ങള്‍ ഇന്ത്യയെ ആഗോള സെമികണ്ടക്ടര്‍ ഭൂപടത്തില്‍ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റുകയാണ്.