/kalakaumudi/media/media_files/2025/09/10/wedding-2025-09-10-10-13-03.jpg)
ജീവിതം ഒന്നേയുള്ളു! അതിനാല്‍ ജീവിതത്തെ സംബന്ധിച്ച സര്‍വ്വകാര്യങ്ങളും കരുതലോടെ വേണം എന്നായിരുന്നു, പൂര്‍വ്വികരുടെ വിശ്വാസം. വിവാഹപ്പൊരുത്തം പ്രാധാന്യം നേടിയത് ഇക്കാരണത്താലാവണം. ജനിച്ച കൂറിനെ / ജന്മരാശിയെ കേന്ദ്രീകരിച്ച് ജീവിതത്തെ സംബന്ധിച്ച മിക്കകാര്യങ്ങളും നിര്‍ണ്ണയിക്കാനാവും. ജീവിത പങ്കാളിയുടെ കുടുംബ പശ്ചാത്തലം, രൂപം, പഠിപ്പ്, തൊഴില്‍, സംസ്‌കാരം തുടങ്ങിയവ അവരവരുടെ ജന്മരാശിയുടെ ഏഴാം രാശിയെ മുന്‍നിര്‍ത്തി ചിന്തിക്കുന്നു. 'നല്ലേഴാമെടമുണ്ടെങ്കില്‍ ഇല്ലം താനിന്ദ്രലോകമാം' എന്ന പഴമൊഴി പദ്യത്തിന്റെ പൊരുളിതാവാം.
ഏഴാം രാശി, രാശിയുടെ അധിപന്‍, രാശിയില്‍ നില്‍ക്കുന്ന ഗ്രഹം, രാശിയിലേക്ക് നോക്കുന്ന ഗ്രഹം ഇവയെല്ലാം ഭര്‍ത്താവിന്റെ/ഭാര്യയുടെ രൂപഭാവാദികളിലേക്ക് വിരല്‍ചൂണ്ടുന്നു. ഒപ്പം ശുക്രന്റെ ബലാബലവും പ്രധാനമാണ്. 'ശുക്രനെ വിവാഹകാരകന്‍' എന്ന് ജ്യോതിഷം വിളിക്കുന്നു. നല്ല വിവാഹത്തിനും, ദാമ്പത്യസൗഖ്യത്തിനും ഗ്രഹനിലയിലെ ശുക്രന്റെ സ്ഥിതി പരിഗണിക്കപ്പെടും.
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങള്‍ ഉള്‍പ്പെട്ട പന്ത്രണ്ടുകൂറുകളില്‍ ജനിച്ചവരുടെ പ്രണയിനി/കാമുകന്‍/ജീവിത പങ്കാളി എങ്ങനെയുള്ള ആളാവും?
മേടക്കൂറിന് (അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാം പാദം)
മേടക്കൂറുകാര്‍ക്ക് ഏഴാമെടമായി വരുന്നത് തുലാം രാശിയാണ്. ശുക്രന്റെ സ്വന്തം വീട് (സ്വക്ഷേത്രം) ആണ് തുലാം. ഒപ്പം ശനിയുടെ ഉച്ചവീട്, സൂര്യന്റെ നീചവീട് ആകിയ സവിശേഷതകളും തുലാം രാശിക്കുണ്ട്. ജീവിതത്തെ സ്‌നേഹിക്കുന്നവരാവും മേടക്കൂറുകാരുടെ കാമുകന്‍/ കാമുകി. അഥവാ ജീവിത പങ്കാളി. പുതുമകളും പരിഷ്‌കാരങ്ങളും ഇവര്‍ക്കുണ്ടാവും. മുന്തിയ വേഷഭൂഷകള്‍ ഇഷ്ടപ്പെടും. സുഗന്ധലേപനാദികള്‍ ആസ്വദിക്കും. പ്രണയത്തെ നേഞ്ചേറ്റും.സഞ്ചാരശീലരാവും, പൊതുവേ തുലാം രാശിയിലെ മനുഷ്യര്‍. ധാരാളം യാത്രകള്‍ ചെയ്യും. വിദേശത്ത് ജീവിക്കുന്നവരും കുറവല്ല. സര്‍ക്കാര്‍ ജോലിയെക്കാള്‍ സ്വാശ്രയ വരുമാനമോ പ്രൈവറ്റ് ജോലിയോ ആവും ഉണ്ടാവുക. കച്ചവടരംഗം മറ്റൊരു സാധ്യതയാണ്. നീതിബോധം, സന്തുലിതവ്യക്തിത്വം എന്നിവ ഇവരില്‍ പ്രതീക്ഷിക്കാം. ഇണയുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിന് മനസ്സുള്ളവരാവും. ഇണയെ ചേര്‍ത്തുപിടിക്കുന്നതിലും പ്രതിസന്ധികളുടെ ഘട്ടങ്ങളില്‍ ഒപ്പം നില്‍ക്കാനും മേടക്കൂറുകാരുടെ പ്രണയിക്ക് / പങ്കാളിക്ക് കഴിയും.
ഇടവക്കൂറിന് (കാര്‍ത്തിക 2,3,4 പാദങ്ങള്‍, രോഹിണി, മകയിരം 1,2 പാദങ്ങള്‍)
ഇടവക്കൂറുകാരുടെ ഏഴാമെടമായി വരുന്നത് വൃശ്ചികം രാശിയാണ്. വൃശ്ചികം രാശിയുടെ സ്വരൂപം തേളാണ്. വൃക്ഷപ്പൊത്തുകളിലും മണ്‍ചുമരുകളുടെ ഉള്ളിലും ഒളിഞ്ഞിരിക്കുന്ന ക്ഷുദ്രജീവിയാണ് തേള്‍. Scorpion എന്ന വാക്കില്‍ നിന്നാണ് ഈ രാശിക്ക് ഇംഗ്ലീഷില്‍ Scorpio എന്ന പേരുവന്നത്. വൃശ്ചികം സ്ഥിരരാശിയാകയാല്‍ സ്ഥിരസ്വഭാവം പ്രകടിപ്പിക്കും എന്ന മേന്മ മറന്നുകൂടാ. ചൊവ്വയുടെ വീടാണ് വൃശ്ചികം രാശി. ചൊവ്വയെ 'ക്രൂരഗ്രഹം' എന്നുപറയാറുണ്ട്. അനുരാഗകാലം ആയാലും ദാമ്പത്യത്തിലായാലും ചൊവ്വയുമായി ബന്ധപ്പെട്ട വ്യക്തികള്‍ അധീശത്വവും മേല്‍ക്കോയ്മയും ഇഷ്ടപ്പെടുന്നവരാവും. മസൃണ ഭാവങ്ങളുള്ളിലുണ്ടാ യാലും ഇവരുടെ തന്നെ പരുക്കന്‍ മട്ടുകള്‍ അവയെ സ്വയം പിന്തള്ളാനിടയുണ്ട്. അനുരഞ്ജനം എന്ന പദം പൊതുവേ വൃശ്ചികക്കൂറുകാരുടെ നിഘണ്ടുവില്‍ ഉണ്ടാവില്ല. ദൗത്യങ്ങളില്‍ വിജയിക്കും. ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നവരാവില്ല. ഇടവക്കൂറുകാരുടെ പ്രണയം/ദാമ്പത്യം എന്നിവയില്‍ ഇവയെല്ലാം സംഗതമാണ്. കാമുകന്‍/ കാമുകി നേരിടുന്ന പ്രശ്‌നങ്ങളെ സ്വന്തം പ്രശ്‌നമായി കരുതാന്‍ ഇടവക്കൂറുകാരുടെ പ്രിയപ്പെട്ടവര്‍ക്ക് കഴിയും. ചിലപ്പോള്‍ 'പൊസസ്സീവ്‌നെസ്സ്' അമിതമാകാനും ഇടയുണ്ട്.
മിഥുനക്കൂറിന് (മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1,2,3 പാദങ്ങള്‍)
ഏഴാമെടം ധനുരാശിയാണ്. വില്ലേന്തിയ പുരുഷന്റെ ഉടലും അരയ്ക്കു താഴെ കുതിരയുടെ ആകൃതിയുമാണ്. പുരുഷരാശിയാണ്, ധനു. മിഥുനക്കൂറില്‍ ജനിച്ച പുരുഷന്റെ കാമുകി / ഭാര്യ പൗരുഷം ഉള്ളവളാവും. പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും എങ്ങനെ പെരുമാറണമെന്ന് അറിയുന്നവളായിരിക്കും. മിഥുനക്കൂറില്‍ ജനിച്ച സ്ത്രീയുടെ കാമുകന്‍ അഥവാ ജീവിത പങ്കാളി ആത്മശക്തി പുലര്‍ത്തും. വ്യാഴമാണ് ഈ രാശിയുടെ നാഥന്‍. മിഥുനക്കൂറുകാരുടെ ഇണ പരിഷ്‌കാരവും ഒപ്പം സംസ്‌കാരവും ഉള്ളയാളായിരിക്കും. ഉയര്‍ന്ന ജോലികളില്‍ ശോഭിക്കും. ഭൗതികമായ നേട്ടങ്ങള്‍ കൈവരിക്കും. ഒപ്പം ആത്മീയമായ ഉണര്‍വ്വും പുലര്‍ത്തും. ദേവഗുരുവും ദേവമന്ത്രിയുമാണ് വ്യാഴം. നല്ല ഉപദേശങ്ങള്‍ അര്‍ഹതയുള്ളവര്‍ക്ക് നല്‍കും. ജീവിതത്തില്‍ മിതത്വം പുലര്‍ത്തുവാനാവും. ഇവര്‍ പരാശ്രയത്വം ആഗ്രഹിക്കില്ല. നന്മയിലും മൂല്യങ്ങളിലും വിശ്വസിക്കും. അനുരഞ്ജനങ്ങള്‍ക്ക് തയ്യാറാവാത്തത് ഗാര്‍ഹസ്ഥ്യത്തെ ചിലപ്പോള്‍ ഉലയ്ക്കാറുണ്ട്. അക്കാര്യവും ഓര്‍മ്മിക്കാം. കാമുകിയുടെ / കാമുകന്റെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്ക് ഇണങ്ങും വിധം സ്വന്തം മനസ്സിനെ പാകപ്പെടുത്താന്‍ മിഥുനക്കൂറുകാരുടെ പങ്കാളിക്ക് കഴിയും. ചടുലമായ പ്രതികരണം നിര്‍വഹിക്കാനുമാവും.
Also Red:
https://www.kalakaumudi.com/astrology/daily-horoscope-update-10067471
കര്‍ക്കടകക്കൂറിന് (പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
ഏഴാമെടമായി വരുന്നത് മകരം രാശിയാണ്. ചരരാശിയാണ് മകരം. ജീവിത പങ്കാളിക്ക് സഞ്ചാരശീലം ഏറെയുണ്ടാവും. അന്യനാട്ടില്‍ ജീവിക്കാനിടയുണ്ട്. ദാമ്പത്യത്തില്‍ ക്ലേശങ്ങള്‍ സൃഷ്ടിക്കാന്‍ പ്രവാസവും ഒരു കാരണമായേക്കാം. കര്‍ക്കടകം രാശിയുടെ അധിപനായ ചന്ദ്രനും മകരക്കൂറിന്റെ അധിപനായ ശനിയും തമ്മില്‍ പൊരുത്തക്കുറവുണ്ട്. അതിനാല്‍ കര്‍ക്കടകക്കൂറില്‍ ജനിച്ചവരുടെ പ്രണയ ജീവിതത്തില്‍ തടസ്സങ്ങളും ശൈഥില്യങ്ങളും ആവര്‍ത്തിക്കാം. ദാമ്പത്യത്തിലും അതിന്റെ പ്രതിഫലനം ഉണ്ടാവുന്നതാണ്. ഗ്രഹങ്ങളില്‍ അതിവേഗസഞ്ചാരിയാണ് ചന്ദ്രന്‍. ശനിയാകട്ടെ മന്ദഗാമിയും. ഒരാള്‍ക്ക് ക്ഷമ തീരെയുണ്ടാവില്ല. ആലസ്യത്തോളം ചെല്ലുന്ന സഹിഷ്ണുത മറ്റയാളില്‍ കാണാം. ഒരുപാട് പടവെട്ടി മുന്നോട്ട് വന്നയാളാവും മകരക്കൂറുകാര്‍. അവഗണനയുടെ നെല്ലിപ്പലകയോളം ചെന്നിട്ട് പടിപ്പടിയായി ഉയര്‍ന്നുവന്നവരുമായിരിക്കും. മകരക്കൂറുകാരില്‍ പ്രായത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ പ്രകടമാവും. ഭാവനയുടെ ലോകത്ത് സ്വപ്നസഞ്ചാരം നടത്തുന്നവരാവും കര്‍ക്കടകക്കൂറുകാര്‍. അവരുടെ 'നല്ലപാതി' യാകട്ടെ പരമാര്‍ത്ഥങ്ങളില്‍ നിന്നും ഒളിച്ചോടുന്നില്ല. കൂടെ നിന്നുകൊണ്ട് സ്വപ്നങ്ങളെ പകല്‍വെളിച്ചങ്ങളാക്കാന്‍ സന്നദ്ധത കാട്ടുന്നു.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ചിങ്ങക്കൂറുകാരുടെ ഏഴാമെടമായി വരുന്നത് കുംഭം രാശിയാണ്. കുംഭം ഒരു സ്ഥിരരാശിയും പുരുഷരാശിയുമാണ്. വാക്കുകളില്‍ സ്ഥിരതയുള്ളവരാവും, കുംഭം രാശിയില്‍ ജനിക്കുന്നവര്‍. സ്ഥിരോത്സാഹികളുമാവും. ക്രമമായ അധ്വാനത്തിലൂടെ വിജയിക്കുന്ന ശീലം ഇവര്‍ക്കുണ്ടാവും. ശനിയാണ് രാശിനാഥനെന്നതിനാല്‍ ശനിയുടെ ഗ്രഹപരമായ സവിശേഷതകളും ഇവിടെ ഓര്‍ക്കണം. ചിങ്ങക്കൂറിന്റെ അധിപനായ ആദിത്യനും ശനിയും തമ്മില്‍ ശത്രുതാബന്ധമാണ് പറയപ്പെടുന്നത്. സാമ്യങ്ങളെക്കാള്‍ വൈരുദ്ധ്യങ്ങളാവും അധികം. അതിനാല്‍ ചിങ്ങക്കൂറുകാരുടെ അനുരാഗത്തിലും ദാമ്പത്യത്തിലും കലഹവും അനൈക്യവും കടന്നുവരാം. ഇവരുടെ ജീവിതപങ്കാളിയുടെ ബാല്യകൗമാരാദികള്‍ ക്ലേശകരമായിരുന്നിരിക്കണം. അതിന്റെ അനുരണനങ്ങള്‍ ഭാവിയെ സ്വാധീനിക്കാം. പ്രസന്നതയെക്കാള്‍ വിഷാദ ഭാവം കൂടുതലാവാനിടയുണ്ട്. തന്മൂലം ഇവര്‍ സിനിക്കുകളാവും. അല്ലെങ്കില്‍ ദാര്‍ശനിക വീക്ഷണം പുലര്‍ത്തും. ഏകാന്തതയെ ഇഷ്ടപ്പെടും. പ്രായവ്യത്യാസം മൂലമുള്ള പ്രശ്‌നങ്ങളും ദാമ്പത്യത്തില്‍ കടന്നുവരാനുള്ള സാധ്യതയുണ്ട്. ഉറച്ച മനസ്സാണ് ചിങ്ങക്കൂറുകാരുടെ ഏഴാമെടത്തിന്റെ മൂലധനം. പ്രേമത്തിലും ദാമ്പത്യത്തിലും പങ്കാളിയെ ചേര്‍ത്തുപിടക്കുന്നു. കണ്ണീര്‍പ്പാടങ്ങളുടെ വരമ്പത്ത് കൈകോര്‍ത്ത് നടന്ന് നഷ്ടസ്വപ്നങ്ങള്‍ മറക്കുകയും നല്ലനാളയെ ഭാവന ചെയ്യുകയും ചെയ്യുന്നു.
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങള്‍, അത്തം, ചിത്തിര 1,2 പാദങ്ങള്‍)
കന്നിക്കൂറുകാരുടെ ഏഴാമെടം മീനം രാശിയാണ്. ഉഭയരാശിയും സ്ത്രീ രാശിയുമാണ് മീനം. തലയും വാലും അന്യോനം വിപരീതമായി കിടക്കുന്ന ഇരുമത്സ്യങ്ങളാണ് രാശിസ്വരൂപം. അതിനാല്‍ വൈരുദ്ധ്യങ്ങള്‍ ഉള്ള ആളാവും കന്നിക്കൂറുകാരുടെ കാമുകന്‍/ കാമുകി. അഥവാ ഭാര്യ/ ഭര്‍ത്താവ്. ഭൗതികതയെ ഇഷ്ടപ്പെടും. എന്നാല്‍ ആത്മീയ സാധനകളാല്‍ ഏര്‍പ്പെടുന്നവരുമാവും. ഇവര്‍ പ്രവാസം ദീര്‍ഘകാലത്തേക്കോ അല്പകാലത്തേക്കോ നടത്താന്‍ സാധ്യതയുണ്ട്. മീനക്കൂറിന്റെ അധിപന്‍ വ്യാഴമാണ്. ഗ്രഹങ്ങളില്‍ വ്യാഴത്തിനാണ് ഈശ്വരാംശം കൂടുതല്‍. പരിമിതികളെ വേഗം തിരിച്ചറിയാനും തിരുത്താനും സന്നദ്ധതയുണ്ടാവും. വിദ്യാകാരകനായ ബുധന്റെ നീചരാശിയാണ് വ്യാഴം. പഠനത്തില്‍ വല്ലകാരണവശാലും പിന്നിലായാലും അനുഭവസമ്പത്തും മൂല്യബോധത്താലും പരിമിതികളെ മറികടക്കും. സ്‌നേഹശീലരാവും. മീനം ശുക്രന്റെ ഉച്ചരാശി കൂടിയാകയാല്‍ പ്രണയം ഇവരില്‍ അടിമുടിയുണ്ടാവും. ആജീവനാന്തം അതിന്റെ ഊഷ്മളത നിലനിര്‍ത്താനും ശ്രമിക്കും. സ്‌നേഹം ഉറക്കുപാട്ട് മാത്രമല്ല ഉത്ഥാനമന്ത്രവും കൂടിയാണ്. തോള്‍ ചാഞ്ഞും മുഗ്ദ്ധാക്ഷരങ്ങള്‍ മൊഴിഞ്ഞും പ്രണയകാലത്തും ദാമ്പത്യത്തിലും എല്ലാം ജീവിതത്തെ സാന്ത്വന സംഗീതമാക്കി മാറ്റുവാന്‍ കന്നിക്കൂറുകാരുടെ ഒപ്പം ജീവിതസഹയാത്ര ചെയ്യുന്നയാളിനാവും.
തുലാക്കൂറിന് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)
ഏഴാമെടം മേടക്കൂറാണ്. മുട്ടനാട് (Ram) ആണ് മേടം രാശിയുടെ സ്വരൂപമായി വരുന്നത്. ചരരാശി, പുരുഷരാശി തുടങ്ങിയ സവിശേഷതകളുമുണ്ട്. രാശികളില്‍ ഒന്നാമത്തേതുമാണ്. അതിനാല്‍ തുലാക്കൂറുകാരുടെ ജീവിത സഹചാരിക്ക് സഞ്ചാരപ്രിയത്വം സ്വതന്ത്രശീലം എന്നിവയുണ്ടാവും. അയാള്‍/ അവള്‍ പ്രായേണ അവരുടെ വീട്ടിലെ മൂത്തകുട്ടിയായേക്കും. മാറി വരുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിന് കഴിയുന്ന മാനസിക ഘടനയോട് കൂടിയ വ്യക്തിയാവും. സ്വാശ്രയ ജോലികളിലൂടെയാവും ജീവിതം കരുപ്പിടിപ്പിക്കുന്നത്. ചൊവ്വയാണ് മേടം രാശിയുടെ അധിപന്‍. അതിനാല്‍ ശീലങ്ങളില്‍ വഴക്കമില്ലായ്മയും കാര്‍ക്കശ്യവും കണ്ടേക്കും. സ്‌നേഹസാമ്രാജ്യത്തിന്റെ ഛത്രാധിപതിയാണ് എന്ന ഗര്‍വ്വ് അവരില്‍ ചിലപ്പോള്‍ ഏകപക്ഷീയമായ അധികാരമായി പ്രത്യക്ഷപ്പെടാം. പ്രണയത്തിലെ വിലോലതയും വിലാസങ്ങളും വിവാഹശേഷം വരണ്ടുണങ്ങിയ നദിയുടെ പ്രതീതിയാവും സൃഷ്ടിക്കുക. അങ്ങനെയും ഒരു വശമുണ്ട്. ചെറിയ കാര്യങ്ങളില്‍ ചിലപ്പോള്‍ കലഹസ്വരം ഉയര്‍ത്താം. വലിയ വിഷയങ്ങളില്‍ സ്‌നേഹപാത തീര്‍ക്കാനും സാധിക്കുന്നവരാവും.
വൃശ്ചികക്കൂറിന് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
ഏഴാമെടമായി വരുന്നത് ഇടവം രാശിയാണ്. സ്ഥിരരാശിയാണ് ഇടവം. ചുമതലകള്‍ ഏറ്റെടുക്കുന്നവരാവും. കുട്ടിക്കാലം തൊട്ട് കുടുംബത്തിനായി അധ്വാനിക്കും. വളര്‍ച്ചയിലെ തടസ്സങ്ങളെ അവഗണിക്കാനുള്ള മനക്കരുത്തുണ്ടാവും. വീട്, വസ്തു, വാഹനം തുടങ്ങിയവ സ്വന്തമാക്കണമെന്ന് കുട്ടിക്കാലം തൊട്ടുതന്നെ തീവ്രമായി ആഗ്രഹിക്കും. പഠനകാലത്ത് ഏകാഗ്രത പുലര്‍ത്തും. ലക്ഷ്യബോധവും കഠിനാധ്വാനവും ഇവരെ വിജയശ്രീലാളിതരാക്കുന്നതാണ്. ഇടവം രാശിയുടെ അധിപന്‍ ശുക്രനാകയാല്‍ പ്രണയം ഒരു ആജന്മവാസനയായി ഇവരിലുണ്ടാവും. കൗമാരത്തിനും മുന്നേ അനുരാഗം മൊട്ടിടും. തേന്മാവില്‍ മുല്ലവള്ളിയെന്നോണം ഞാറ്റുവേലകള്‍ അനുകൂലമാവുമ്പോള്‍ പടര്‍ന്നു കയറും. ജീവിതത്തോടുള്ള സ്‌നേഹമാണ് സത്യത്തില്‍ ഇവരില്‍ കാമവും ശൃംഗാരവും ലൈംഗികാഭിനിവേശവും ഒക്കെയായി മാറുന്നത്. ഭക്തിക്ക് നവവിധ ഭാവങ്ങളുണ്ടെന്ന് പറയുന്നതുപോലെ വൃശ്ചികക്കൂറുകാരുടെ പങ്കാളിയുടെ സ്‌നേഹശീലങ്ങള്‍ക്കും നാനാഭാവങ്ങള്‍ ഉണ്ടായിരിക്കും. വേനലിലും വറ്റാത്ത അപൂര്‍വ്വ നദികളെപ്പോലെയാണ് അവര്‍. പ്രണയകാലത്തില്‍ കാമുകനോട്/ കാമുകിയോട്, പിന്നീട് ദാമ്പത്യത്തില്‍ ഭാര്യയോട്/ ഭര്‍ത്താവിനോട് പ്രിയഭാവങ്ങളും ഹൃദയബന്ധവും കൂടുകയല്ലാതെ കുറയുന്നില്ല. ഒരു മുഴുവന്‍ ജീവിതവുമാണ് അവിടെ ഗ്യാരന്റിയാവുന്നത്.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ഏഴാം ഭാവമായി വരുന്നത് മിഥുനം രാശിയാണ്. പുരുഷനും സ്ത്രീയും ആശ്ലേഷിച്ച് നില്‍ക്കുന്നതാണ് ഇതിന്റെ സ്വരൂപം. ജീവിതത്തെ അങ്ങേയറ്റം സ്‌നേഹിക്കുന്നവരാവും. പ്രണയത്തെ ജീവനായി കരുതും. ശൃംഗാരരസത്തില്‍ അഭിരമിക്കും. വൈരുദ്ധ്യങ്ങളുണ്ടാവുമെങ്കിലും അവയെ സമന്വയിപ്പിക്കുന്നതില്‍ നൈപുണ്യം കാട്ടും. വീണയേന്തിയ സ്ത്രീ, ഗദയേന്തിയ പുരുഷന്‍ എന്നത് കലകളോട് താത്പര്യം ഉണ്ടാവും എന്നതിന്റെ ധ്വനിയാണ്. ഗദ ഒരു യുദ്ധായുധമാണല്ലോ. ആകയാല്‍ ജീവിതത്തെ ഒരു പോരാട്ടമാക്കാനും മിഥുനക്കൂറുകാര്‍ക്കാവും എന്നതും ഇതിലൂടെ വ്യക്തമാക്കപ്പെടുന്നു. മിഥുനം രാശിയുടെ അധിപന്‍ ബുധനാണ്. ധനുക്കൂറുകാരുടെ പ്രണയ/ ദാമ്പത്യ പങ്കാളി വചോവിലാസത്താല്‍ അനുഗൃഹീതരായിരിക്കും. വലിയ ബുദ്ധിശാലികളാവും. ബുദ്ധിയും സ്‌നേഹവും കൂടി ഇവരില്‍ ഓട്ടപ്പന്തയം നടത്തിക്കൊണ്ടിരിക്കും. ജീവിതത്തിന്റെ മസൃണവും സ്‌നിഗ്ദ്ധവുമായ ഭാവങ്ങളെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവും. ചിലപ്പോള്‍ യുക്തികളും തര്‍ക്കങ്ങളും വാദങ്ങളും കൊണ്ട് എതിരാളികളെ നേരിടുന്നതുപോലെ പ്രിയജനത്തോടും പെരുമാറിക്കളയും. ദാമ്പത്യം ഒരു മുള്‍മെത്തയാവുക അപ്പോഴായിരിക്കും.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1,2 പാദങ്ങള്‍)
മകരക്കൂറകാരുടെ ഏഴാമെടം കര്‍ക്കടകം രാശിയാണ്. ഞണ്ട് ആണ് രാശിസ്വരൂപം. ഒളിഞ്ഞും തെളിഞ്ഞുമുള്ള ഒരു വ്യക്തിത്വത്തെ കര്‍ക്കടകം സൂചിപ്പിക്കുന്നു. ചരരാശിയാകയാല്‍ ദീര്‍ഘയാത്രകള്‍, പ്രവാസം എന്നിവയൊക്കെ ഈരാശിക്കാരുമായി ബന്ധപ്പെട്ടതാണ്. ചന്ദ്രനാണ് രാശിനാഥന്‍. മാസത്തില്‍ വെളുത്ത/ കറുത്ത പക്ഷങ്ങളായി ചന്ദ്രന്റെ ജീവിതം വിഭജിതമാകുന്നു. അതിനാല്‍ അഭിവൃദ്ധിയുടെ ആരോഹണവും പരിക്ഷയത്തിന്റെ അവരോഹണവും ഇവരില്‍ നിരന്തരമാണ്. അനുനിമിഷമാണ് ഇവരുടെ ഭാവം പകരുന്നത്. നവരസങ്ങളും ഓരോ ദിവസവും ഇവരുടെ ഹൃദയത്തിലൂടെ കടന്നുപോകും. ചിലത് സ്ഥായിഭാവം കൈക്കൊള്ളും. ചില ഭാവങ്ങള്‍ നൈമിഷികങ്ങളാവും. ഒപ്പമുള്ള സഹയാത്രികനെ/സഹയാത്രികയെ ഈ ഭാവപ്പകര്‍ച്ചകള്‍ ചെറുതായോ വലുതായോ ബാധിക്കും. സ്‌നേഹം / രതി എന്നിവയൊക്കെ ചിലപ്പോള്‍ പെരുമഴക്കാലമായി പെയ്തിറങ്ങും. പ്രതിസന്ധികളില്‍ ചേര്‍ത്തുപിടിക്കും. തള്ളിപ്പറയാതെ കൂടെ കൂട്ടും. ചിലപ്പോഴെങ്കിലും മറുവശവുമുണ്ടാവും. ചെറിയ കാര്യങ്ങള്‍ക്ക് നീരസം, കലഹബുദ്ധി, വിരോധം. അങ്ങനെ അനുരാഗവും ദാമ്പത്യവുമൊക്കെ വളരെ വേഗം ഊഷരഭൂമിയാവാനും മതി. മകരക്കൂറുകാര്‍ ഇവയുമായി ഇണങ്ങിയില്ലെങ്കില്‍ ദാമ്പത്യം വലിയ ശൂന്യത സൃഷ്ടിക്കും.
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങള്‍, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങള്‍)
കുംഭക്കൂറുകാരുടെ ഏഴാമെടമായി വരുന്നത് ചിങ്ങം രാശിയാണ്. സിംഹം ആണ് രാശിസ്വരൂപം. അനഭിഗമ്യന്മാരാവും. ഉയര്‍ന്ന പദവികള്‍, അധികാരം, രാഷ്ട്രീയം ഇവയൊക്കെ ചിങ്ങം രാശിയുമായി ബന്ധപ്പെടുന്നവയാണ്. ആള്‍ക്കൂട്ടത്തിലലയുമ്പോള്‍ തന്നെ ഏകാന്തതയെ ആസ്വദിക്കും. രാശിനാഥന്‍ ഗ്രഹചക്രവര്‍ത്തിയായ ആദിത്യനാകുന്നു. കുംഭക്കൂറുകാരുടെ അധിപനായ ശനിയും ഏഴാമെടത്തിന്റെ അധിപനായ ആദിത്യനും തമ്മില്‍ ശത്രുതയുണ്ട്. അതിനാല്‍ ഇവരുടെ പ്രണയത്തില്‍ അനൈക്യം ഇടയ്ക്കിടെ കടന്നുവരാം. ദാമ്പത്യത്തിലും പൊരുത്തക്കേടുകള്‍ ഉണ്ടാവുന്നതായിരിക്കും. വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത മാനസികാവസ്ഥ ഉണ്ടാവും. 'തനിക്ക് തന്റെ വഴി' എന്ന തത്ത്വശാസ്ത്രത്തില്‍ ഉറച്ചു വിശ്വസിക്കും. എങ്കിലും വിരുദ്ധതകള്‍ക്കിടയിലും ഒരു പാരസ്പര്യം വന്നുചേരാം. പദനിസ്വനത്തിന് കാതോര്‍ക്കുവാന്‍ കഴിക്കും. അരികില്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആശിക്കും. പ്രണയത്തിന്റെ സ്‌നിഗ്ദ്ധവും മുഗ്ദ്ധവുമായ ഭാവങ്ങള്‍ കുംഭക്കൂറുകാരുടെ പങ്കാളിയിലും വറ്റിവരണ്ടു പോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
മീനക്കൂറിന് (പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാരുടെ ഏഴാമെടം കന്നിരാശിയാണ്. കന്നി ഉഭയരാശിയാണ്. നെല്‍ക്കറ്റയും ചൂട്ടുമേന്തിയ ഒരു കന്യകയാണ് സ്വരൂപം. ലജ്ജാശീലരും അന്തര്‍മുഖരുമാണ് കന്നിരാശിക്കാര്‍. എത്ര പട്ടണപ്പകിട്ടില്‍ വസിച്ചാലും നാട്ടിന്‍പുറത്തിന്റെ നന്മകള്‍ ഉപേക്ഷിക്കാത്തവരാവും. ബുധനാണ് കന്നിരാശിയുടെ അധിപന്‍. 'ബുധന്‍ സമം ബുദ്ധി' എന്നൊരു ചൊല്ലുണ്ട്. ബൗദ്ധികമായി വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാവും തന്മൂലം കന്നിരാശിക്കാരെന്നും വരുന്നു. കലകളിലും ശാസ്ത്രങ്ങളിലും അറിവും പാണ്ഡിത്യവും ധാരാളമായിട്ടുണ്ടാവും. അന്യനാട്ടില്‍ ജീവിക്കുവാനിടയുണ്ട്. സ്വാശ്രയ ജോലികളില്‍ ശോഭിക്കുന്നു. പ്രണയത്തില്‍ കന്നിക്കൂറുകാര്‍ പിറകിലാവില്ല. ആത്മാര്‍ത്ഥമായി സ്‌നേഹിക്കും. ദാമ്പത്യത്തിന്റെ നിലനില്‍പ്പിന് പ്രാധാന്യം നല്‍കും. ഹൃദയബന്ധത്തില്‍ വിശ്വസിക്കുന്നവരാണ്. ജീവിതത്തിന്റെ പ്രസരിപ്പും പ്രസന്ന ഭാവങ്ങളും ഇഷ്ടപ്പെടുന്നതിനാല്‍ ബന്ധം തകരുന്നത് സഹിക്കാനാവില്ല. പാണ്ഡിത്യത്തെക്കാള്‍ മനുഷ്യത്വത്തിന് വിലനല്‍കാനറിയുന്ന കൂട്ടരാണ്. ' ജീവിക്കുക; സ്‌നേഹിക്കുക' എന്നതാവും ഇവരുടെ മന്ത്രം എന്നുപറയാം.