/kalakaumudi/media/media_files/2025/10/30/mannarasala-2025-10-30-16-53-54.jpg)
പ്രത്യക്ഷ ദൈവങ്ങളായ നാഗങ്ങളെയും അവയുടെ ആവാസത്താലും അനുഗ്രഹത്താലും നിലനില്‍ക്കുന്ന പ്രകൃതിയെയും മനുഷ്യകുലം എത്രമാത്രം ആദരിക്കണം എന്നതിന്റെ വലിയ ഉദാഹരണമാണ് മണ്ണാറശാല ശ്രീ നാഗരാജക്ഷേത്രവും അവിടുത്തെ സമാനതകളില്ലാത്ത ആചാരാനുഷ്ഠാനങ്ങളും.
ശൈവ വൈഷ്ണവ ഭാവങ്ങളുടെ സമന്വയമായി മുഖ്യ ശ്രീകോവിലില്‍ വാസുകിയായും തുല്യ പ്രാധാന്യത്തോടെ നിലവറയില്‍ അനന്തനായും നാഗരാജാക്കന്മാര്‍ അനുഗ്രഹം ചൊരിയുമ്പോള്‍ ഈ സവിധത്തിലേയ്‌ക്കെത്തുന്ന ഭക്തമനസ്സുകളില്‍ അവാച്യമായ ആനന്ദാനുഭൂതിയാണ് നിറയുന്നത്. ഒപ്പം സ്ത്രീ മുഖ്യപൂജാരിണിയായ മണ്ണാറശാല ആത്മീയതയ്ക്ക്പ്പുറത്തെ ഒരത്ഭുതം കൂടിയാകുന്നു.പുരാതന കാലം മുതല്‍ നാഗാരാധനയ്ക്ക് അതീവപ്രാധാന്യമാണ് കല്പിക്കപ്പെട്ടിരുന്നത്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ അടയാളവും കൂടിയാണ് അത്. അനേകായിരം നാഗശിലകള്‍ അതിരു കാക്കുന്ന കാനനക്ഷേത്രമായ ഈ സന്നിധിയില്‍ ദോഷ-ദുരിതങ്ങളകലുവാനും സന്താന സൗഭാഗ്യ ലബ്ധിക്കുമായി സര്‍പ്പപ്രീതിതേടി ദിനവും ആയിരങ്ങളാണ് എത്തുന്നത്. ഈ വര്‍ഷത്തെ ആയില്യ മഹോത്സവം നവംബര്‍ --12 നാണ് ആഘോഷിക്കുന്നത്.
കേരളോല്‍പ്പത്തിയോളം പഴക്കം
ക്ഷത്രിയനിഗ്രഹ പാപപരിഹാരാര്‍ത്ഥം പരശുരാമന്‍ സമുദ്രത്തില്‍ നിന്നും വീണ്ടെടുത്ത് ഈ ഭൂപ്രദേശം ബ്രാഹ്‌മണര്‍ക്ക് ദാനമായി നല്‍കിയെങ്കിലും ലവണാംശം നിറഞ്ഞ അവിടം വാസയോഗ്യമോ കൃഷിയോഗ്യമോ അല്ലായ്കയാല്‍ ബ്രാഹ്‌മണര്‍ ആ ഭൂമി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. ദുഃഖിതനായ രേണുകാത്മജന്‍ ശ്രീപരമേശ്വരന്റെ ഉപദേശപ്രകാരം നാഗരാജാവായ വാസുകിയെ തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തി.
വാസുകി സര്‍പ്പഗണങ്ങളുടെ സഹായത്തോടെ തങ്ങളുടെ വിഷജ്വാലകളാല്‍ ലവണാംശത്തെ നീക്കി അവിടം ഫലഭൂയിഷ്ഠമാക്കി. തന്റെ ആഗ്രഹം സഫലമാക്കിയ നാഗരാജാവിന്റെ സാന്നിദ്ധ്യം എന്നും ഈ മണ്ണില്‍ ഉണ്ടാകണമെന്ന് പരശുരാമന്‍ ആഗ്രഹിച്ചു. അദ്ദേഹം വാസുകിയുടെ അനുവാദത്തോടെ മന്ദാരപ്പൂക്കള്‍നിറഞ്ഞ ഈ കാനനപ്രദേശത്ത് രൂപസൗകുമാര്യം തുളുമ്പുന്ന വാസുകീ വിഗ്രഹവും ഇടതു ഭാഗത്ത് പത്‌നിയായ സര്‍പ്പയക്ഷിയേയും പ്രതിഷ്ഠിച്ചു.
Also Read:
https://www.kalakaumudi.com/astrology/rayeranellur-malayil-bagavathy-temple-10604585
തന്റെ ശിഷ്യരില്‍ പ്രധാനിയായ ബ്രാഹ്‌മണനെ സവിശേഷമായമന്ത്രോപദേശങ്ങള്‍ നല്‍കി ഭഗവല്‍ പൂജകള്‍ക്കായി നിയോഗിക്കുകയും ചെയ്തു. ഭക്തോത്തമനായ ആ ബ്രാഹ്‌മണന്‍ തന്റെ ജീവിതം നാഗ പൂജയ്ക്കായി സമര്‍പ്പിച്ചു. ഈ പ്രദേശം പിന്നീട് മന്ദാരശാലയെന്ന പേരില്‍ കീര്‍ത്തി നേടുകയും ചെയ്തു.മന്ദാരശാല എന്ന പൂര്‍വ്വനാമാണ് മണ്ണാറശാലയായത്.
'അമ്മ' മുഖ്യപൂജാരിണി
ദ്വാപരയുഗത്തോളമെത്തുന്ന ഒരു മഹിത പാരമ്പര്യത്തിന്റെ മായാത്ത ശോഭയാണ് മണ്ണാറശാല അമ്മ എന്ന അനുപമ സങ്കല്‍പം. നിര്‍മ്മലമായ മാതൃ- പുത്ര ബന്ധത്തിന്റെ അനുഷ്ഠാനഭൂമിക കൂടിയാണ് മണ്ണാറശാല. പരമ്പരാഗതമായി സ്ത്രീ പൂജാരിണിയായുള്ള, ലോകത്തിലെ തന്നെ ഏക ക്ഷേത്രമായ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തില്‍ ഭഗവാന്റെ മാതൃസ്ഥാനം കല്പിക്കപ്പെടുന്നു മണ്ണാറശാല അമ്മയ്ക്ക്. മണ്ണാറശാലയില്‍ അമ്മമാര്‍ക്കു മാത്രമാണ് വിശേഷാവസരങ്ങളില്‍ ഭഗവാന്റെ പൂജകള്‍ ചെയ്യുവാനുള്ള സവിശേഷാധികാരം.
പരശുരാമനിയോഗപ്രകാരം നാഗരാജപൂജ ജീവിത വ്രതമായി സ്വീകരിച്ചൊരു ബ്രാഹ്‌മണോത്തമന്റെ
കാര്യം സൂചിപ്പിച്ചല്ലോ.
അദ്ദേഹത്തിന്റെ പിന്‍തലമുറയില്‍പ്പെട്ട വാസുദേവനും ശ്രീദേവിയും തങ്ങള്‍ക്ക് സന്താന ഭാഗ്യമില്ലല്ലോ എന്നോര്‍ത്ത് ദുഃഖാര്‍ത്തരായി കഴിയവേയാണ് ഖാണ്ഡവദഹനത്തിന്റെ ഭാഗമായു ണ്ടായ വന്‍കാട്ടുതീ മന്ദാരശാല ഉള്‍പ്പെടുന്ന കാനനപ്രദേശങ്ങളിലേയ്ക്കും പടര്‍ന്നെത്തിയത്. ചുറ്റുമുള്ള സസ്യജാലങ്ങളും അതിലടങ്ങിയ പക്ഷിമൃഗാദികളുമെല്ലാം അഗ്‌നിനാളങ്ങളില്‍പ്പെട്ട് വെണ്ണീര്‍ക്കൂമ്പാരങ്ങളായി. എന്നാല്‍ നാഗരാജാവിന്റെ അഭൗമചൈതന്യത്താല്‍ വലയം ചെയ്യപ്പെട്ടിരുന്ന മന്ദാരശാലയുടെ അതിരുകള്‍ക്കുള്ളിലേയ്ക്ക് കാട്ടുതീയ്ക്ക് കടന്നെത്താനായില്ല.
ചുറ്റുപാടും വ്യാപിച്ച കാട്ടുതീയില്‍പ്പെട്ട് പൊള്ളലേറ്റ, അസംഖ്യം നാഗഗണങ്ങള്‍ തങ്ങളുടെ അധീശനായ നാഗരാജാവിന്റെ സവിധത്തിലേയ്ക്ക് രക്ഷതേടിയെത്തി. പ്രാണരക്ഷാര്‍ത്ഥം തങ്ങളുടെ പര്‍ണ്ണശാലാ പരിസരത്തേയ്‌ക്കെത്തിയ നാഗങ്ങളുടെ ദുഃസ്ഥിതി കണ്ട് മനംനൊന്ത ശ്രീദേവി സഹജമായ മാതൃവാത്സല്യത്തോടെ; സഹചാരികളോടൊപ്പം, പൊള്ളലേറ്റു വേദനയില്‍ പുളയുന്ന നാഗങ്ങളെ ശുശ്രൂഷകള്‍ നല്‍കി പരിചരിച്ചു. പുത്രഭാഗ്യം സിദ്ധിച്ചിട്ടില്ലാത്തതെങ്കിലും ശ്രീദേവിയുടെ മാതൃനിര്‍വ്വിശേഷമായ പരിചരണത്താല്‍ നാഗങ്ങള്‍ അതീവ സന്തുഷ്ടരാവുകയും ചെയ്തു.
തന്റെ കുലത്തില്‍പ്പെട്ട അശരണരായ നാഗങ്ങള്‍ക്കു വേണ്ടി ശ്രീദേവി അനുഷ്ഠിച്ച ജീവല്‍ദാനകര്‍മ്മത്തില്‍ നാഗരാജാവ് അത്യധികം സംപ്രീതനായി. പുത്രഭാഗ്യമില്ലാതിരുന്ന ശ്രീദേവിക്ക് നാഗരാജാവ് സ്വപ്ന 'ദര്‍ശനം നല്‍കുകയും സന്താന സൗഭാഗ്യമില്ലാതെ മനമുരുകിക്കഴിയുന്ന അമ്മയ്ക്ക് ഞാന്‍ സ്വയം പുത്രനായി ജനിക്കും ' എന്ന് അരുളി ചെയ്യുകയും ചെയ്തു.
ശ്രീദേവി ഗര്‍ഭവതിയായി. ഗര്‍ഭം തികഞ്ഞ് ശ്രീദേവി ജന്മം നല്‍കിയത് ഇരട്ടക്കുട്ടികള്‍ക്കാണ്. ആ അത്ഭുത പ്രസവത്തില്‍ ശ്രീദേവിക്ക് കോടിസൂര്യപ്രഭയെഴുന്ന പഞ്ചമുഖനായൊരു നാഗശിശുവും സുമുഖസുന്ദരഗാത്രനായൊരു മനുഷ്യശിശുവുമായിരുന്നു പിറന്നത്.
കാലം കടന്നുപോയി. ഇളയ സഹോദരന്‍ ഉപനയനം കഴിഞ്ഞതോടെ ബ്രഹ്‌മചര്യത്തിലേയ്ക്ക് പ്രവേശിച്ച് വേദാദ്ധ്യയനത്തിനായി ഗുരുകുലത്തിലേയ്ക്ക് യാത്രയായി. അതോടെ ഏകാന്തതയിലകപ്പെട്ട ജ്യേഷ്ഠനായ നാഗബാലന്‍ തന്റെ അവതാരലക്ഷ്യം പൂര്‍ത്തിയായെന്നുറപ്പിച്ച് ഇല്ലത്തെ നിലവറയില്‍ പ്രവേശിച്ച് തപസ്സാരംഭിച്ചു.
നിലവറയില്‍ പ്രവേശിച്ച പുത്രന്‍ പുറത്തുവരാതിരുന്നതോടെ പരിഭ്രമിച്ച അമ്മ നിലവറയ്ക്ക് മുന്നിലെത്തി മകനോട് മടങ്ങിവരുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും നാഗപുത്രന്റെ നിശ്ചയദാര്‍ഢ്യത്തെ മറികടക്കാനായില്ല. മാതാവിന്റെ ഇംഗിതം മനസ്സിലാക്കിയ മകന്‍ നിലവറയ്ക്കുള്ളില്‍ നിന്നും ബഹുമാനപുരസ്സരം അശരീരിയെന്ന പോലെ, താന്‍ സാക്ഷാല്‍ അനന്തന്‍ തന്നെയാണെന്നും അതോടൊപ്പം തന്റെ നിയോഗത്തെ സവിസ്തരമായി അമ്മയെ ധരിപ്പിച്ചു.
മകന്‍ പകര്‍ന്ന സാന്ത്വനവചസ്സുകളില്‍ സംതൃപ്തയായ അമ്മ തനിക്കു കൈവന്ന മഹാസൗഭാഗ്യത്തില്‍ അത്യധികം സന്തോഷവതിയായി. ദേവന്‍മാരുടെ ഒരു ദിവസമെന്നത് മനുഷ്യരുടെ ഒരു വര്‍ഷത്തിന് തുല്യമാണെന്നും അതിനാല്‍ വര്‍ഷത്തിലൊരിക്കല്‍ ശിവരാത്രിയുടെ പിറ്റേന്ന് മാത്രം അമ്മ നിലവറയിലെത്തി തനിക്കു നൂറുംപാലുമേകിയാല്‍ മതിയെന്നും കൂടാതെ അമ്മയുടെ ആഗ്രഹമനുസരിച്ച് തനിക്കായിക്കരുതുന്ന ഉപചാരങ്ങളത്രയും ക്ഷേത്രത്തില്‍ പ്രത്യേക പൂജകളായും നിവേദ്യങ്ങളായും ചെയ്താല്‍ താന്‍ അത് സന്തോഷപൂര്‍വ്വം സ്വീകരിച്ചുകൊള്ളാമെന്നും ഉറപ്പു നല്കുകയും ചെയ്തു.
ഈ വൃത്താന്തങ്ങളറിഞ്ഞെത്തിയ ഇളയ സഹോദരന്‍ തന്റെ ജ്യേഷ്ഠനെ ഒരിക്കല്‍ കൂടി കാണണമെന്ന മോഹം അമ്മയയോടുണര്‍ത്തിച്ചു. ഇളയ പുത്രന്റെ ആവശ്യത്തിന് വഴങ്ങിയ അമ്മ നാഗപുത്രനോട് സഹോദരന്റെ ആഗ്രഹമറിയിച്ചു.
കോടിസൂര്യസമാനമായി പ്രഭചൊരിയുന്ന തന്റെ പൂര്‍ണ്ണരൂപത്തെ മനുഷ്യന്റെ ദുര്‍ബ്ബലനേത്രങ്ങളാല്‍ കാണാനാവുന്നതല്ലെന്ന കാരണത്താല്‍ തന്റെ സഹോദരന്റെ ആവശ്യത്തെ വാത്സല്യനിധിയായ ജ്യേഷ്ഠന്‍ ആദ്യം നിരസിച്ചു.. സഹോദരന്റെ നിര്‍ബ്ബന്ധപൂര്‍വ്വമായ ആവശ്യം വീണ്ടുമുയര്‍ന്നപ്പോള്‍, ഒരുകരം കൊണ്ട് ഒരു കണ്ണിനെ മറച്ചുപിടിച്ച്, മറുകണ്ണു കൊണ്ട് ആ തേജോമയ രൂപത്തെ കാണുവാന്‍ ജ്യേഷ്ഠന്‍ അനുജന് മനസ്സില്ലാമനസ്സോടെ അനുവാദം നല്കി. ജ്യേഷ്ഠന്‍ നിര്‍ദ്ദേശിച്ച പ്രകാരം, സാക്ഷാല്‍ അനന്തനെ ദര്‍ശിച്ച സഹോദരന് ഒരു കണ്ണിന് കാഴ്ച മായുകയും ചെയ്തു.
കാലങ്ങള്‍ കടന്നുപോയി. തലമുറകളൊന്നൊന്നായി പരിണമിക്കുമ്പോഴും ഭഗവാനു ജന്മം നല്‍കാന്‍ ഭാഗ്യം സിദ്ധിച്ച് ദിവ്യത്വമാര്‍ജ്ജിച്ച പുണ്യവതിയായ മാതാവിന്റെ പരമ്പരയില്‍പ്പെട്ട മണ്ണാറശാലയിലെ ഓരോ കാലത്തേയും അമ്മമാര്‍ വിധിപ്രകാരം നാഗപൂജ ചെയ്തുവരുന്നു.
സാവിത്രി അന്തര്‍ജ്ജനമാണ് മണ്ണാറശാലയിലെ ഇപ്പോഴത്തെ പൂജാധികാരിയായ അമ്മ.മുന്‍ഗാമിയായ ദിവ്യശ്രീ ഉമാദേവി അന്തര്‍ജ്ജനത്തിന്റെ സാമാധിയെത്തുടര്‍ന്നുള്ള ഒരു വര്‍ഷക്കാലത്തെ വ്രതദീക്ഷ പൂര്‍ത്തിയാക്കി 2024 സെപ്റ്റംബര്‍ 5 നാണ് ദിവ്യശ്രീ സാവിത്രി അന്തര്‍ജ്ജനം ആദ്യമായി നാഗരാജ പൂജ ആരംഭിച്ചത്.
സവിശേഷ അവകാശാധികാരങ്ങള്‍
മണ്ണാറശാലയിലെ അമ്മക്ക് ക്ഷേത്രത്തിലെ പൂജാദികാര്യങ്ങളില്‍ സവിശേഷ അവകാശാധികാരങ്ങളാണുള്ളത്. പാരമ്പര്യപ്രകാരം സിദ്ധിക്കുന്ന ഈ അവകാശാധികാരങ്ങള്‍ അമ്മയ്ക്ക് പകരമായി മറ്റൊരാളിനും ഏറ്റെടുക്കാനാവില്ല. അമ്മ നടത്തുന്ന വിശേഷാല്‍ പൂജകളും മറ്റു ചടങ്ങുകളും നിര്‍വ്വഹിക്കുവാന്‍ ഏതെങ്കിലും സാഹചര്യത്തില്‍ അമ്മയ്ക്ക് കഴിയാതെ വന്നാല്‍ ആ പൂജകളും ചടങ്ങുകളും മറ്റൊരാളും നിര്‍വ്വഹിക്കേണ്ടതില്ല എന്നതാണ് പൂര്‍വ്വാചാരവിധി.
മാതൃ പുത്രബന്ധത്തില്‍ മാതാവിന് തുല്യം മാതാവ് മാത്രമെന്ന സത്യത്തെ ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് മഹത്തായ ഈ ആചാരം. ശിവരാത്രി നാളിലെ സര്‍പ്പബലിയും ഓരോമാസത്തിലേയും ആയില്യം പൂജയും ശിവരാത്രിപ്പിറ്റേന്ന് മാത്രം നടക്കുന്ന നിലവറയിലേയും അപ്പൂപ്പന്‍ കാവിലേയും മണിനാഗക്കാവിലേയും വിശേഷാല്‍ പൂജകളും നൂറും പാലുമൊക്കെ ഇപ്രകാരം അമ്മയില്‍ മാത്രം നിക്ഷിപ്തമായിട്ടുള്ള അധികാരത്തില്‍പ്പെടുന്നവയാണ്.
മണ്ണാറശാലയിലെ അമ്മയ്ക്ക് മാത്രമായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന മറ്റൊരു സവിശേഷാധികാരമാണ് കന്നി, തുലാം, കുംഭം മാസങ്ങളില്‍ ക്ഷേത്രത്തില്‍ നിന്നുമുള്ള എഴുന്നള്ളത്തിന്റെ മുഖ്യ കാര്‍മ്മികത്വം. പുത്രസമനായ നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും മാറോടണച്ചുകൊണ്ട് അമ്മ നടത്തുന്ന ആയില്യം നാളിലെ എഴുന്നള്ളത്ത് ഭക്തകോടികളില്‍ ആത്മീയാനന്ദത്തിന്റെ അലകളുയര്‍ത്തുന്ന മനോഹരമായ കാഴ്ചയും അവാച്യമായ അനുഭൂതിയുമാണ്.
ഇപ്രകാരമുള്ള ചുമതലകളെ നിര്‍വ്വഹിച്ചുകൊണ്ട് ക്ഷേത്രത്തില്‍ പ്രത്യേകം ഒരുക്കിയിട്ടുള്ള തേവാരപ്പുരയില്‍ നിത്യവും നാഗപൂജകള്‍ ചെയ്തും തപോനിഷ്ഠമായ ജീവിത ക്രമം പാലിച്ചും ആശ്രയിക്കുന്നവര്‍ക്ക് അനുഗ്രഹദായിനിയുമായി മണ്ണാറശാലയിലെ അമ്മ ഇവിടെയെത്തുന്ന ഭക്തകോടികളുടെ അമ്മയായി മാറുന്നു.
മണ്ണാറശാല ആയില്യം
ഭാരതീയ ജ്യോതിശാസ്ത്ര പ്രകാരം ആയില്യം നക്ഷത്രത്തിന്റെ അധിദേവതകളാണ് സര്‍പ്പങ്ങള്‍. നാഗങ്ങള്‍ കന്നിമാസത്തിലെ ആയില്യം നാളില്‍ ജന്മമെടുത്തതിനാലാണ് ഈ ദിവസത്തെ സര്‍പ്പാരാധനയുമായി ബന്ധപ്പെട്ടുള്ള പ്രധാന ദിവസമായി കണക്കാക്കി വരുന്നത്. കാലവര്‍ഷാരംഭം കുറിക്കുന്നതായി കണക്കാക്കപ്പെടുന്ന ഇടവം 15 മുതല്‍ ഏകദേശം 4 മാസത്തോളം നീളുന്ന പുറ്റടവ് കാലം സര്‍പ്പങ്ങളുടെ വ്രതദീക്ഷാ കാലമായാണ് കരുതപ്പെടുന്നത്.
ഈ കാലയളവില്‍ സര്‍പ്പങ്ങള്‍ക്കായുള്ള വിശേഷാല്‍ പൂജകളോ പ്രതിഷ്ഠാകര്‍മ്മങ്ങളോ ചെയ്യുക പതിവില്ല. സര്‍പ്പങ്ങള്‍ അനുഷ്ഠിക്കുനന ഈ വ്രതം കാലംകൂടുന്നത് കന്നിമാസത്തിലെ ആയില്യം നാളിലാണെന്നത് ഏറെ ശ്രദ്ധേയമായ വസ്തുതയാണ്.
മണ്ണാറശാലയിലും മറ്റ് നാഗാരാധനാ കേന്ദ്രങ്ങളിലും കന്നിമാസത്തിലെ ആയില്യം ഏറെ വിപുലമായ ചടങ്ങുകളോടെയാണ് ആഘോഷിക്കപ്പെടുന്നത്. എന്നാല്‍ മണ്ണാറശാല ആയില്യം എന്ന നിലയില്‍ പ്രസിദ്ധമായിത്തീര്‍ന്നിട്ടുള്ളത് തുലാമാസത്തിലെ ആയില്യമാണ്. അതിനു പിന്നിലെ ചരിത്രത്തെ ഇപ്രകാരം ചുരുക്കിപ്പറയാം.
രാജ്യം ഭരിച്ചിരുന്ന മഹാരാജാവ് ഭഗവാന്റെ തിരുനാളായ കന്നി മാസത്തിലെ ആയില്യം നാളില്‍ മണ്ണാറശാലയില്‍ ദര്‍ശനത്തിനെത്തുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഒരു വര്‍ഷം പതിവുപോലെ അദ്ദേഹത്തിന് കന്നി മാസത്തിലെ ആയില്യം നാളില്‍ ദര്‍ശനത്തിനെത്താന്‍ കഴിയാതെ വന്നു.
പതിവ് തെറ്റാതെ നടത്തിവന്നിരുന്ന തന്റെ ആയില്യം നാളിലെ ഭഗവല്‍ദര്‍ശനം മുടങ്ങിയതിലുണ്ടായ മനോദുഃഖത്തിനു പരിഹാരമായി തൊട്ടടുത്ത ആയില്യമായ തുലാമാസത്തിലെ ആയില്യം നാളില്‍ കന്നി മാസത്തിലേതിനു സമാനമായ ചടങ്ങുകളോടെ ആയില്യം ആഘോഷിക്കണമെന്ന് കൊട്ടാരത്തില്‍ നിന്നും നിര്‍ദ്ദേശമുണ്ടായി. അതിന്‍പ്രകാരം രാജകീയവും പ്രൗഢവുമായ നിലയില്‍ തുലാമാസത്തിലെ ആയില്യവും ആഘോഷപൂര്‍വ്വം കൊണ്ടാടുകയും മഹാരാജാവ് ദര്‍ശനം നടത്തുകയും ചെയ്തു. രാജാവിന്റെ നിര്‍ദ്ദേശാനുസരണം തുടക്കം കുറിച്ച തുലാമാസആയില്യ മഹോല്‍സവം കീഴ്പ്പതിവായിത്തീരുകയും ഇന്ന് ലോക പ്രശസ്തമായ മണ്ണാറശാല ആയില്യമായി അറിയപ്പെടുകയും ചെയ്യുന്നു.
സര്‍പ്പപ്രീതിയുടെ പ്രാധാന്യം
കേരളത്തിലെ പുരാതന തറവാടുകളിലെല്ലാംതന്നെ വിശ്വാസത്തിലധിഷ്ഠിതമായി അതീവ പ്രാധാന്യത്തോടെ സംരക്ഷിക്കപ്പട്ടിരുന്ന കാവുകളില്‍ ഏറിയകൂറും സര്‍പ്പക്കാവുകളായിരുന്നു.
കാലാന്തരത്തില്‍ കൂട്ടുകുടുംബങ്ങളായിരുന്ന തറവാടുകള്‍ പലതായി വിഭജിക്കപ്പെട്ടു പോയതിനാലും ഭൂവിനിയോഗത്തില്‍ വന്നു ചേര്‍ന്ന വ്യതിയാനത്തിന്റേയും വിശ്വാസന്യൂനതയുടേയും ഫലമായി കാവുകളില്‍ ഭൂരിഭാഗവും ഇല്ലാതാകുന്ന സാഹചര്യമുണ്ടായി. അതോടെ യഥാവിധി ആചരിച്ചു വന്നിരുന്ന കാവുകളിലെ ആരാധനകള്‍ നിലച്ചു. തല്‍ഫലമായി ഇത്തരം തറവാടുകളിലെ സന്തതികള്‍ക്ക് തലമുറകളോളം ജാതകദോഷങ്ങളായും, സന്താനദോഷങ്ങളായും, പലവിധ രോഗദുരിതങ്ങളായും തുടര്‍ച്ചയായുള്ള ദുരനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ഇപ്രകാരമുള്ള കഷ്ടതകള്‍ക്കും പ്രയാസങ്ങള്‍ക്കും ദോഷങ്ങളുടെ കാഠിന്യത്തേയും കാരണത്തേയും അടിസ്ഥാനമാക്കി സര്‍പ്പബലി, നൂറുംപാലും, അഷ്ടനാഗപൂജ, പാല്‍പ്പായസഹോമം, ജീവഹാനി സംഭവിച്ച സര്‍പ്പത്തെ ആവാഹിച്ചു മുക്തി വരുത്തല്‍ തുടങ്ങിയ അനുയോജ്യ പരിഹാരകര്‍മ്മങ്ങള്‍ ചെയ്ത് ദോഷനിവൃത്തി വരുത്തുകയാണ് വേണ്ടത്.
മേല്‍പ്പറഞ്ഞ പരിഹാരമാര്‍ഗ്ഗങ്ങള്‍ കൂടാതെ ഉപ്പ്, മഞ്ഞള്‍, പുറ്റ്, മുട്ട,സര്‍പ്പരൂപം പട്ട്, കരിക്ക്, കദളിപ്പഴം, കവുങ്ങിന്‍ പൂക്കുല, മറ്റു പൂജാദ്രവ്യങ്ങള്‍ ഇവ സമര്‍പ്പിക്കല്‍ പായസം, പാല്‍പ്പായസം, തൃമധുരം, മലര്, അപ്പം എന്നീ നിവേദ്യങ്ങളും പുള്ളുവന്‍പാട്ടും സര്‍പ്പപ്രീതികരമായ ഉത്തമ വഴിപാടുകളാണ്.
ഉരുളി കമഴ്ത്ത്
മണ്ണാറശാലയില്‍ മാത്രമായുള്ള സവിശേഷ വഴിപാടുകളാണ് ഉരുളി കമഴ്ത്തും പാലും പഴവും നിവേദ്യവും നിലവറപ്പായസവും. സന്താനഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത ദമ്പതികള്‍ നാഗരാജാവിന് ഏറ്റവും പ്രീതികരമായ നൂറുംപാലും തര്‍പ്പണത്തിനായി ഉപയോഗിക്കുന്ന വിശിഷ്ട പാത്രമായ ഉരുളി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി ഭഗവാനു മുന്നില്‍ സമര്‍പ്പിക്കുകയും അമ്മ അത് നിലവറയില്‍ കമഴ്ത്തുകയും ചെയ്യുന്ന വഴിപാടാണ് ഉരുളി കമഴ്ത്ത്. ഈ ദമ്പതികള്‍ സന്താനമുണ്ടായി പ്രാര്‍ത്ഥന പ്രകാരമുളള വഴിപാടുകള്‍ നടത്തി ഉരുളി നിവര്‍പ്പിക്കുന്നതോടെയാണ് ഇത് പൂര്‍ത്തിയാകുന്നത്.
നിത്യവും അഭിഷേകങ്ങള്‍ക്ക് ശേഷം ആദ്യമായി ഭഗവാന് നിവേദിക്കുന്ന വിശേഷാല്‍ നിവേദ്യമാണ് പാലുംപഴവും നിവേദ്യം. കദളിപ്പഴവും ശുദ്ധമായ പശുവിന്‍പാലുമാണ് ഇതിനായി ഉപയോഗിക്കുന്നത്.
അഭീഷ്ടസിദ്ധിക്കായി, നിലവറയില്‍ കുടികൊള്ളുന്ന അവതാരസ്വരൂപനായ സാക്ഷാല്‍ അനന്തനു സങ്കല്‍പ്പിച്ച് ക്ഷേത്രത്തില്‍ നിവേദിക്കുന്ന സവിശേഷ നിവേദ്യമാണ് നിലവറപ്പായസം.
സര്‍പ്പദോഷശാന്തിക്കായും ഉദ്ദിഷ്ടകാര്യസിദ്ധിക്കുമായി മണ്ണാറശാലയില്‍ ഞായറാഴ്ചവ്രതം നോല്‍ക്കുകയെന്നത് പണ്ടുമുതല്‍ക്കേ ഭക്തര്‍ ആചരിച്ചുവരുന്ന ഒരു അനുഷ്ഠാനമാണ്. ജ്യോതിശാസ്ത്രപ്രകാരം ശിവന്റേയും ശിവാംശവും നാഗരാജാവുമായ വാസുകിയുടേയും കാരകത്വം വഹിക്കുന്ന ഗ്രഹം സൂര്യന്‍ ആയതുകൊണ്ടാണ് ഞായറാഴ്ച ദിവസം വ്രതനിഷ്ഠയ്ക്ക് ഉത്തമമായി സ്വീകരിച്ചിരിക്കുന്നത്.
ദര്‍ശനക്രമം
മണ്ണാറശാലയില്‍ ദര്‍ശനത്തിനെത്തുമ്പോള്‍ ശ്രദ്ധാപൂര്‍വ്വം പാലിക്കേണ്ട ഒരു ദര്‍ശനക്രമമുണ്ട്. ശരീരശുദ്ധി വരുത്തി കാവിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ഗോപുര വാതിലിലൂടെ പ്രവേശിച്ച് ആദ്യം സര്‍പ്പയക്ഷിയമ്മയുടെ നടയിലെത്തി വഴിപാടുകള്‍ സമര്‍പ്പിച്ച് വേണം ദര്‍ശനം നടത്തുവാന്‍.
സര്‍പ്പയക്ഷിയമ്മയെ തൊഴുതതിനു ശേഷം വലതു ഭാഗത്തായുള്ള പ്രധാന ശ്രീകോവിലിലുള്ള നാഗരാജാവിന്റെ നടയ്ക്കു മുന്നിലും പ്രാര്‍ത്ഥനകളോടെ വഴിപാടുകള്‍ സമര്‍പ്പിച്ച് തൊഴാം.
തുടര്‍ന്ന് പ്രദക്ഷിണമായി തെക്കെ നടയിലുള്ള അമ്മയുടെ പൂജാസ്ഥാനമായ തേവാരപ്പുരയും ദര്‍ശിച്ച് നാഗരാജസോദരിയായ നാഗചാമുണ്ഡിയെ പ്രതിഷ്ഠിച്ചിട്ടുള്ള ആദ്യത്തെ ചിത്രകൂടം ദര്‍ശിച്ച് വഴിപാടുകള്‍ സമര്‍പ്പിച്ച് തൊഴുത് പ്രാര്‍ത്ഥിക്കാം.
പ്രദക്ഷിണം തുടര്‍ന്നാല്‍ പടിഞ്ഞാറെ നടയില്‍ വടക്കുദര്‍ശനമായി രണ്ടാമതൊരു ചിത്രകൂടത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള നാഗരാജപത്‌നിയായ നാഗയക്ഷിയുടെ നടയിലാണെത്തുക. അവിടെ വഴിപാടുകള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം തൊഴുത് പ്രദക്ഷിണം പൂര്‍ത്തിയാക്കി പുള്ളുവന്‍പാട്ടു പാടിച്ച് ഒറ്റ സംഖ്യകളായി കൂടുതല്‍ പ്രദക്ഷിണങ്ങള്‍ തൃപ്തി പോലെ ചെയ്ത് വടക്കുഭാഗത്ത് ഇല്ലത്തേയ്ക്കുള്ള വഴിയുടെ ഇടതുവശത്തായി ആദ്യം കാണുന്ന പ്രതിഷ്ഠക്കാവ് എന്നു കൂടി വിളിക്കപ്പെടുന്ന നാഗയക്ഷിക്കാവില്‍ നൂറ്റാണ്ടുകളായി കാവുമാറ്റംവഴി പ്രതിഷ്ഠിക്കപ്പെട്ട നാഗദൈവങ്ങളേയും വണങ്ങാം.
വീണ്ടും മുന്നോട്ടു നീങ്ങിയാല്‍ തീര്‍ത്ഥക്കുളത്തിന് വടക്കു ചേര്‍ന്നുള്ള മണിനാഗക്കാവുകാണാം. മണിനാഗക്കാവിന് എതിര്‍ ഭാഗത്തായി സമാധിയായിട്ടുള്ള മണ്ണാറശാലയിലെ അമ്മമാരെ മാത്രം സംസ്‌കരിക്കുന്ന സ്ഥാനമുണ്ട്.
പൂര്‍വ്വകാലങ്ങളില്‍ നാഗപൂജ ചെയ്ത അമ്മമാരെ സ്മരിച്ച് തിരിഞ്ഞ് കിഴക്കുഭാഗത്തേയ്ക്ക് മണിനാഗഭഗവാനേയും തൊഴുത് ഇല്ലത്തേയ്ക്കുള്ള കവാടത്തിലൂടെ കടന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണ്ണാറശാല ഇല്ലത്തിന്റെ തെക്കിനി മുറ്റത്താണ് എത്തുന്നത്.
വലിയപൂമുഖമെന്ന് അറിയപ്പെടുന്ന ഇല്ലത്തെ പൂമുഖത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ മുന്‍പിലായി കാണുന്ന അറപ്പുരയുടെ താഴെയാണ് കുടുംബാംഗങ്ങള്‍ മുത്തശ്ശനെന്നും ഭക്തജനങ്ങള്‍ അപ്പൂപ്പനെന്നും ഭക്തിപുരസ്സരം വിളിക്കുന്ന; അമ്മയ്ക്ക് മകനായിപ്പിറന്ന സാക്ഷാല്‍ അനന്തന്‍ ചിരഞ്ജീവിയായി വാണരുളുന്ന ദിവ്യസ്ഥാനമായ നിലവറ. നിലവറയില്‍ തൊഴുതു പ്രാര്‍ത്ഥിച്ച് പൂമുഖത്തിന് കിഴക്കായുള്ള തെക്കിനിത്തളത്തില്‍ തേവാരപ്പുരയില്‍ കുടികൊള്ളുന്ന ശിവനേയും വിഷ്ണുവിനേയും ഗണപതിയേയും ആനന്ദവല്ലിയേയും ദുര്‍ഗ്ഗയേയും നരസിംഹമൂര്‍ത്തിയേയും തൊഴുത് മുറ്റത്തേക്കിറങ്ങിയാല്‍ അമ്മ ദര്‍ശനം നല്‍കുന്ന സ്ഥാനത്തേയ്‌ക്കെത്താം.
അവിടെ നിന്നും തിരിച്ചിറങ്ങി വലത്തോട്ടു തിരിഞ്ഞ് മുന്നോട്ടുപോയാല്‍ ക്ഷേത്രത്തിലെ വലിയ കുളത്തിന് വടക്കെ കരയില്‍ ആലക്കോട്ടു കാവിനു മുന്നിലായി കൂവളത്തറ കാണാം. ഭഗവല്‍ സാന്നിദ്ധ്യം ശതാവരീലത നാഗരൂപത്തില്‍ പ്രത്യക്ഷപ്പെട്ട പുണ്യസ്ഥാനമാണിവിടം. കൂവളത്തറയിലും ആലക്കോട്ടു കാവിലും തൊഴുത് വടക്കോട്ടു നീങ്ങിയാല്‍ വലതുവശത്തായി ആദ്യം കാണുന്ന കാവാണ് അപ്പൂപ്പന്‍കാവ് എന്ന് പ്രസിദ്ധമായിട്ടുള്ള മണ്ണാറശാലയിലെ ഏറ്റവും പ്രധാനപ്പെട്ട കാവ്. നിലവറയിലെ മുത്തശ്ശന്റെ വിഹാരസ്ഥാനവുംകൂടിയാണ് ഈ കാവ്.
അപ്പൂപ്പന്‍ കാവില്‍ തൊഴുത് വീണ്ടും വടക്കോട്ട് നീങ്ങിയാല്‍ ഇടതു ഭാഗത്ത് കാണുന്ന കാവാണ് കുരിയാംകാവ്. കുരിയാംകാവിലാണ് ചാപാസ്ത്രധാരിയായ ബാലശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ളത്.
ശാസ്താവിനെ വണങ്ങി വീണ്ടും വടക്കോട്ട് നീങ്ങിയാല്‍ എത്തുന്നത് കുഴീക്കുളങ്ങര ഭദ്രകാളീ ക്ഷേത്രത്തിലേയ്ക്കാണ്. ഭദ്രകാളിയും ശാസ്താവുമാണ് ഇവിടെ പ്രതിഷ്ഠകള്‍.
ഭദ്രകാളിയേയും ശാസ്താവിനേയും തൊഴുത് മടങ്ങുന്നതോടെ ദര്‍ശനം പൂര്‍ണ്ണമാകുന്നു.
നാഗദാസ് സുബ്രമണ്യന്‍ നമ്പൂതിരി
മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രം ട്രസ്റ്റ് അംഗം
(മൊബൈല്‍- 94470 11588 )
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
