/kalakaumudi/media/media_files/2025/08/22/gadkari-2025-08-22-14-23-02.jpg)
ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ വാഹന വ്യവസായത്തെ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. എക്‌സ്പ്രസ് ഇന്‍ഡസ്ട്രി കൗണ്‍സില്‍ ഓഫ് ഇന്ത്യയും കെപിഎംജിയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014-ല്‍ താന്‍ ഗതാഗത മന്ത്രാലയത്തിന്റെ ചുമതലയേല്‍ക്കുമ്പോള്‍ വാഹന വ്യവസായത്തിന്റെ മൂല്യം 7.5 ലക്ഷം കോടി രൂപയായിരുന്നുവെന്നും ഇപ്പോഴത് 22 ലക്ഷം കോടി രൂപയായി വളര്‍ന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍, യുഎസ് ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ മൂല്യം 78 ലക്ഷം കോടി രൂപയും ചൈനയുടേത് 47 ലക്ഷം കോടി രൂപയുമാണ്.
Read More:
ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടെന്നും ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ ലോജിസ്റ്റിക്‌സ് മേഖല നിര്‍ണായകമാകുമെന്നും ഗഡ്കരി പറഞ്ഞു. അടുത്തിടെ വരെ ഇന്ത്യയിലെ ലോജിസ്റ്റിക്‌സ് ചെലവ് ജിഡിപിയുടെ ഏകദേശം 16 ശതമാനം ആയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഒരു സംയുക്ത ഐഐഎം-ഐഐടി സര്‍വേ പ്രകാരം, ഞങ്ങള്‍ ഈ ലോജിസ്റ്റിക്‌സ് ചെലവ് 10 ശതമാനമായി കുറച്ചുവെന്ന് അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതൊരു വലിയ നാഴികക്കല്ലാണ്. ലോജിസ്റ്റിക്‌സ് ചെലവ് ഉടന്‍ തന്നെ ഒറ്റയക്കത്തിലേക്ക് എത്തിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്', ഗഡ്കരി പറഞ്ഞു. എക്‌സ്പ്രസ് വേകളിലും സാമ്പത്തിക ഇടനാഴികളിലുമുള്ള വലിയ നിക്ഷേപങ്ങളാണ് ലോജിസ്റ്റിക്‌സ് ചെലവ് കുറയാന്‍ കാരണമെന്നും ഗഡ്കരി വ്യക്തമാക്കി.