ദുകം തുറമുഖത്ത് ഡ്രോൺ ആക്രമണം; വിദേശി തൊഴിലാളിക്ക് പരിക്ക്

ഇറാനിലെ പരമോന്നത നേതാവിന്റെ മരണത്തിന് പിന്നാലെ ശനിയാഴ്ച അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക നീക്കങ്ങൾക്ക് മറുപടിയായി ഇറാൻ ഗൾഫ് മേഖലയിൽ വ്യാപകമായ പ്രത്യാക്രമണങ്ങൾ നടത്തിവരികയാണ്.

author-image
Ashraf Kalathode
New Update
1772352956-1772352956-gxdbozvuf7ma-700x400

മസ്‌കറ്റ്: ഒമാനിലെ ദുകം തുറമുഖത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു വിദേശി തൊഴിലാളിക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. മേഖലയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം കടുക്കുന്നതിനിടെയാണ് ഒമാനിലെ തന്ത്രപ്രധാനമായ തുറമുഖത്തിന് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്.

രണ്ട് ഡ്രോണുകളാണ് തുറമുഖം ലക്ഷ്യമാക്കി എത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിലൊന്ന് തൊഴിലാളികൾ താമസിക്കുന്ന മൊബൈൽ ഹൗസിംഗ് യൂണിറ്റിലാണ് പതിച്ചത്. പരിക്കേറ്റ തൊഴിലാളിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. രണ്ടാമത്തെ ഡ്രോൺ ഇന്ധന സംഭരണികൾക്ക് സമീപമാണ് വീണതെങ്കിലും വലിയ അപകടങ്ങളോ നാശനഷ്ടങ്ങളോ ഒഴിവായി.

ഇറാനിലെ പരമോന്നത നേതാവിന്റെ മരണത്തിന് പിന്നാലെ ശനിയാഴ്ച അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക നീക്കങ്ങൾക്ക് മറുപടിയായി ഇറാൻ ഗൾഫ് മേഖലയിൽ വ്യാപകമായ പ്രത്യാക്രമണങ്ങൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് ദുകമിലെ ആക്രമണമെന്നും കരുതപ്പെടുന്നു. ദുകം ആക്രമണത്തിന് പിന്നാലെ മുസന്ദം തീരത്ത് ഒരു എണ്ണക്കപ്പലിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

തുറമുഖത്തിന് നേരെയുണ്ടായ ആക്രമണത്തെ ഒമാൻ ഭരണകൂടം ശക്തമായി അപലപിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഒമാൻ വാർത്താ ഏജൻസി അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ എക്കാലവും നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന ഒമാന്റെ മണ്ണിലുണ്ടായ ഈ ആക്രമണം വലിയ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഒമാനിലുള്ള തങ്ങളുടെ പൗരന്മാരോടും ജീവനക്കാരോടും ജാഗ്രത പാലിക്കാൻ മസ്‌കറ്റിലെ യു.എസ് എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്.

oman