ഗസയ്ക്കായി അറബ്-യുറോപ്പ് പദ്ധതി തയ്യാര്‍

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാതെ,ഗാസ മുനമ്പ് പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറായി കഴിഞ്ഞുവെന്ന് ഈജിപ്ത്

author-image
Rajesh T L
New Update
KK

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാതെ ,ഗാസ മുനമ്പ് പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറായി കഴിഞ്ഞുവെന്ന് ഈജിപ്ത്.ചൊവ്വാഴ്ച കെയ്റോയില്‍ നടക്കുന്ന അടിയന്തര അറബ് ഉച്ചകോടിയില്‍ പദ്ധതി അവതരിപ്പിക്കുമെന്നാണ് ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി ബദര്‍ അബ്ദലത്തി അറിയിച്ചിരിക്കുന്നത്. ഈജിപ്തിന്റെ പദ്ധതിയില്‍ സ്ട്രിപ്പിന്റെ പുനര്‍നിര്‍മ്മാണം മാത്രമല്ല, ധനസഹായം എങ്ങനെ കണ്ടെത്തും,യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ ആ പ്രദേശം ആര് ഭരിക്കും എന്നിവയൊക്കെ ഉള്‍പ്പെടും. ഈജിപ്ത് ഈ പദ്ധതിക്ക് അന്താരാഷ്ട്ര പിന്തുണയും ധനസഹായവും തേടും.ധനസഹായം നല്‍കുന്നതില്‍ യൂറോപ്പിനായിരിക്കും നിര്‍ണായക പങ്കെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇതുവരെ അറബ് രാഷ്ട്രങ്ങള്‍ പുനര്‍നിര്‍മാണം നടത്തുമെന്നതില്‍ നിന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ മൊത്തം സംഭാവന നേടാന്‍ സാധിക്കുന്ന തലത്തിലേക്ക് ഈജിപ്തിന്റെ നയതന്ത്ര ചര്‍ച്ചകള്‍ മുന്നോട്ട് പോയിട്ടുണ്ടെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാവുന്നത്. 

ഏറ്റവും കുറഞ്ഞത് അറബ്-യൂറോപ്പ് സഖ്യമായിരിക്കും പുതുയുഗ ഗസ പലസ്തീനീകള്‍ക്കായി ഒരുക്കാന്‍ പോവുന്നത്.ഈജിപ്തിന്റെ പദ്ധതിയെ ഫ്രാന്‍സും ജര്‍മ്മനിയും പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്തതായും നയതന്ത്രജ്ഞന്‍ പറഞ്ഞു.അതുപോലെ, മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തിനിടെ ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി  ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്കിനും മറ്റ് യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരോടും പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരുന്നു.

നിലവില്‍ കെട്ടിടാവശിഷ്ടള്‍ക്കും മാലിന്യങ്ങള്‍ക്കുമിടയിലാണ് പലസ്തീനികള്‍ കഴിയുന്നത്.കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും പുനര്‍നിര്‍മ്മാണം നടക്കുകയും ചെയ്യുമ്പോള്‍ ഗസയില്‍ ഇവര്‍ക്ക് കഴിയാന്‍ ഇടങ്ങള്‍ ഒരുക്കാനുള്ള പദ്ധതിയും തയ്യാറായിട്ടുണ്ട്.

ഗാസ പുനര്‍നിര്‍മ്മാണത്തിനായി ഈജിപ്ഷ്യന്‍ അന്താരാഷ്ട്ര കമ്പനികളുടെ ഒരു കണ്‍സോര്‍ഷ്യത്തെ ചുമതലപ്പെടുത്തുമെന്നാണ് കരുതുന്നത്.സൗദി അറേബ്യ, ഖത്തര്‍,യുണൈറ്റഡ് അറബ് എമിറേറ്റ്സ്,ഫ്രാന്‍സ്,ജര്‍മ്മനി എന്നീ രാജ്യങ്ങളുമായി ഈജിപ്ത് പദ്ധതി ചര്‍ച്ച ചെയ്തതായി ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരും അറബ്,പാശ്ചാത്യ നയതന്ത്രജ്ഞരും വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.മൂന്ന് ഘട്ടങ്ങളായുള്ള പുനര്‍നിര്‍മ്മാണ പ്രക്രിയയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇതിന് അഞ്ച് വര്‍ഷം വരെ എടുക്കുമെന്ന് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.അതേസമയം ഹമാസുമായോ പലസ്തീന്‍ അതോറിറ്റിയുമായോ പങ്കാളിത്തമില്ലാത്ത ഭരണകൂടം ഗാസയില്‍ സ്ഥാപിക്കുക എന്നതാണ് ഈജിപ്തിന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഗസയ്ക്കായി ഒരു പോലീസ് സേന സൃഷ്ടിക്കപ്പെടാമെന്നും കേള്‍ക്കുന്നു.പലസ്തീന്‍ രാഷ്ട്ര പദവിക്ക് വ്യക്തമായ ഒരു പാത ഉണ്ടെങ്കില്‍ അറബ് ബഹുരാഷ്ട്ര പോലീസ് സേനയും ഗസയില്‍ വന്നേക്കാം.ഫലസ്തീന്‍ ജനതയുടെ അന്യാധീനപ്പെടുത്താനാവാത്ത അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസം കുവൈത്തിന്റെ സ്ഥിരം പ്രതി നാസര്‍ അബ്ദുള്ള അല്‍ ഹായെന്‍ യുഎന്നില്‍ ആവശ്യപ്പെട്ടിരുന്നു.യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലായിരുന്നു ആവശ്യം.അതേസമയം,ഗസയിലുള്ളവരില്‍ പത്തില്‍ ഒമ്പതുപേര്‍ക്കു വീട് നഷ്ടമായവരാണ്.ഏകദേശം 85000 ടണ്‍ സ്ഫോടകവസ്തുക്കളാണ് ഗാസയില്‍ ഉപയോഗിച്ചതെന്ന് പലസ്തീന്‍ എന്‍വയോണ്‍മെന്റ് ക്വാളിറ്റി അതോറിറ്റി പറയുന്നു. 

യുഎന്‍ കണക്കനുസരിച്ച് 60 ശതമാനം കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. വീടുകള്‍, സ്‌കൂളുകള്‍,ആശുപത്രികള്‍,പള്ളികള്‍,ജലസംഭരണികള്‍,ധാന്യമില്ലുകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും.വൈദ്യുതിബന്ധവും നിലച്ചു.ഇസ്രയേല്‍ നേരത്തേ പ്രഖ്യാപിച്ചതുപോലെ ഗാസയെ 'ശിലായുഗ'ത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. യുഎന്‍ കണക്കനുസരിച്ച് 4000 കോടി ഡോളര്‍ എങ്കിലും വേണം ഗാസ പുനര്‍നിര്‍മിക്കാന്‍.ചുരുങ്ങിയത് 16 വര്‍ഷമെങ്കിലും ഇതിനായി എടുക്കുമെന്നാണ് യുഎന്‍ പറഞ്ഞത്.ഇതാണ് 5 വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ ഈജിപ്തും അറബ് രാഷ്ട്രങ്ങളും കൂടി ശ്രമിക്കുന്നത്.

gaza gaza city