ഇസ്രയേല്‍ എംബസിക്ക് നേരെ ആക്രമണം; അക്രമിയെ വെടിവച്ച് കൊന്നു

സംഭവത്തിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്കുള്ള റോഡുകള്‍ ബ്ലോക്ക് ചെയ്തു. പ്രദേശവാസികളില്‍ വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശവും നല്‍കി. ജോര്‍ദാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയെ വെടിവച്ച് കൊലപ്പെടുത്തിയതായി റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. 

author-image
Rajesh T L
New Update
israel embassy

പശ്ചിമേഷ്യയില്‍ സംഘര്‍ഷം അതിഗുരുതരമായി തുടരുന്നതിനിടെ ജോര്‍ദാനിലെ ഇസ്രയേല്‍ എംബസിക്ക് നേരെ ആക്രമണം. ജോര്‍ദാന്റെ തലസ്ഥാനമായ അമാനില്‍ സ്ഥിതി ചെയ്യുന്ന എംബസിയെ  ലക്ഷ്യമിട്ടാണ് വെടിയുതിര്‍ത്തത്. നവംബര്‍ 24 നാണ് സംഭവം. അക്രമിയെ വെടിവച്ചുകൊലപ്പെടുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വെടിവയ്പ്പില്‍ മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

അമനിലെ അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമി എംബസിക്ക് നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ച് വീഴ്ചത്തുകയായിരുന്നു എന്നാണ് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നവംബര്‍ 24, അതിരാവിലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നാലെ പൊലീസുകാരും ആംബുലന്‍സും സംഭവസ്ഥലത്തേക്ക് എത്തിയെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സംഭവത്തിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്കുള്ള റോഡുകള്‍ ബ്ലോക്ക് ചെയ്തു. പ്രദേശവാസികളില്‍ വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശവും നല്‍കി. ജോര്‍ദാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയെ വെടിവച്ച് കൊലപ്പെടുത്തിയതായി റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു. 

ഗസ യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേല്‍ എംബസി സുരക്ഷാ വലയത്തിലായിരുന്നു. പലസ്തീനിനെ അനുകൂലിക്കുന്നവര്‍ പതിവായി എംബസിക്ക് മുന്നില്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. ജോര്‍ദാനിലെ 12 മില്ല്യന്‍ ജനസംഖ്യയില്‍ നിരവധി പേര്‍ പലസ്തീന്‍ വംശജരാണ്. ഇസ്രയേലുമായി ജോര്‍ദാന്‍ ഒപ്പിട്ട സമാധാന കരാറിനെ അംഗീകരിക്കാത്ത പൗരന്മാരുമുണ്ട്.

ഇതിനിടെ, ഗസയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്ന ഗസ്സയില്‍ പട്ടിണിയും പിടിമുറുക്കുന്നു. ഇസ്രായേലും ഫലസ്തീനും യുദ്ധം ഗസ്സയെ വാസയോഗ്യമല്ലാതാക്കുന്നതായി യുഎന്‍ആര്‍ഡബ്ല്യുഎ റിപ്പോര്‍ട്ട് ചെയ്തു. പട്ടിണി രൂക്ഷമായ സാഹചര്യത്തില്‍ ഗസ്സയിലെ മുഴുവന്‍ ജനങ്ങള്‍ക്കും സഹായം ആവശ്യമാണെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ പറഞ്ഞു.

യുദ്ധത്തിന് മുമ്പ് 500 ട്രക്കുകളായിരുന്നു ഗസ്സയിലേക്ക് വന്നിരുന്നത്. ഇപ്പോള്‍ അത് 37 ആയി കുറഞ്ഞു. ക്ഷാമം രൂക്ഷമായതോടെ സാധനങ്ങള്‍ കൊള്ളയടിക്കാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തില്‍ ഗസ്സയിലെ മുഴുവന്‍ ജനങ്ങള്‍ക്കും സഹായം ആവശ്യമാണ്. ഫലസ്തീനികള്‍ക്കുള്ള ഭക്ഷണവുമായി എത്തിയ നൂറോളം ട്രക്കുകളാണ് അക്രമാസക്തമായി കൊള്ളയടിക്കപ്പെട്ടതെന്നും യുഎന്‍ആര്‍ഡബ്ല്യുഎ വ്യക്തമാക്കി. ഇസ്രായേല്‍ ആക്രമണത്തില്‍ ഒരു വനിതാബന്ദി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു.

 

 

jordan hamas netanyahu israel gaza