ഷെയ്ഖ് ഹസീനയെ ഉടന്‍ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ്; പറ്റില്ലെന്ന് ഇന്ത്യ

ട്രിബ്യൂണല്‍ വിധി വന്നതിനുശേഷം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ നയതന്ത്രജാഗ്രത പാലിച്ചാണ് പ്രതികരണം.

author-image
Biju
New Update
hasina

ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരേ ബംഗ്ലാദേശ് ഇടക്കാലഭരണകൂടത്തിന്റെ ട്രിബ്യൂണല്‍ പ്രഖ്യാപിച്ച വിധിയില്‍ കരുതലോടെ ഇന്ത്യ. ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ പ്രതികരിച്ചിട്ടില്ല. സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതിനുശേഷം ഹസീനയ്ക്ക് ഇന്ത്യ രാഷ്ട്രീയാഭയം നല്‍കിയതിനെച്ചൊല്ലി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ക്ക് ആക്കംകൂട്ടിക്കൊണ്ടാണ് കോടതിവിധി വന്നിരിക്കുന്നത്.

ഹസീനയെ വിട്ടുകിട്ടണമെന്ന ആവശ്യമുയര്‍ത്തി ഇന്ത്യക്കുമേല്‍ സമ്മര്‍ദം ശക്തമാക്കാനും അന്താരാഷ്ട്ര വേദികളില്‍ ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യയെ പ്രതിരോധത്തിലാക്കാനുമുള്ള നീക്കം ബംഗ്ലാദേശിലെ ഭരണകൂടം കൈക്കൊണ്ടേക്കും. കുറ്റവാളികളെ കൈമാറാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാറുണ്ടെന്നും ഇത് പാലിക്കാന്‍ ഇന്ത്യ ബാധ്യസ്ഥമാണെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യക്കെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയില്‍ അജ്ഞാതസ്ഥലത്ത് രാഷ്ട്രീയാഭയത്തില്‍ കഴിയുകയാണ് ഹസീന.

ജനതയുടെ താത്പര്യങ്ങള്‍ക്ക് പ്രതിജ്ഞാബദ്ധം -ഇന്ത്യ

ട്രിബ്യൂണല്‍ വിധി വന്നതിനുശേഷം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ നയതന്ത്രജാഗ്രത പാലിച്ചാണ് പ്രതികരണം. വിധിയുടെ ഉള്ളടക്കത്തെക്കുറിച്ച് അഭിപ്രായം പറയാതെ, ബംഗ്ലാദേശിലെ ട്രിബ്യൂണല്‍ വിധി ഇന്ത്യയുടെ ശ്രദ്ധയിലുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അടുപ്പമുള്ള അയല്‍രാജ്യമെന്നനിലയില്‍, ജനങ്ങളുടെ സമാധാനം, ജനാധിപത്യം, സമഗ്രത, സ്ഥിരത എന്നിവ ഉള്‍പ്പടെയുള്ള മേഖലകളില്‍ ബംഗ്ലാദേശി ജനതയുടെ താത്പര്യങ്ങള്‍ക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി ബന്ധപ്പെട്ട എല്ലാവരുമായും ക്രിയാത്മകമായ ഇടപെടല്‍ നടത്തുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് ഹസീന അഞ്ചാംതവണയും പ്രധാനമന്ത്രിയായത്. 1947ല്‍ കിഴക്കന്‍ പാകിസ്താനിലെ തുംഗിപാരയിലായിരുന്നു ജനനം. ധാക്ക സര്‍വകലാശാലയില്‍നിന്ന് ബംഗാളി സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം. പിന്നീട് വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ സജീവമായി. ഹസീനയ്ക്ക് 27 വയസ്സുള്ളപ്പോഴാണ് ബംഗ്ലാദേശ് വിമോചനനായകനായ പിതാവ് ഷെയ്ഖ് മുജിബുര്‍ റഹ്മാനെ പട്ടാളം കൊന്നത്. അമ്മയും മൂന്നുസഹോദരങ്ങളും കൊല്ലപ്പെട്ടു. 1975-ലായിരുന്നു ആ പട്ടാള അട്ടിമറി. ഹസീനയ്ക്കും സഹോദരിക്കും ഇന്ത്യ അഭയം നല്‍കി.

ആറുവര്‍ഷത്തിനുശേഷം തന്റെ പിതാവിന്റെ പാര്‍ട്ടിയായ അവാമിലീഗിന്റെ നേതൃത്വത്തിലേക്ക് എത്തി. ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുമായി (ബിഎന്‍പി) ചേര്‍ന്ന് പട്ടാളഭരണകൂടത്തെ താഴെയിറക്കാന്‍ പോരാടി. 1990-ല്‍ ഇരുവരും ലക്ഷ്യംനേടി. എന്നാല്‍, പിന്നീട് കടുത്ത രാഷ്ട്രീയശത്രുക്കളായി മാറി.

Also Read:

https://www.kalakaumudi.com/international/bangladesh-court-convicts-ex-pm-charged-for-crimes-against-humanity-10781739

1996-ല്‍നടന്ന തിരഞ്ഞെടുപ്പില്‍ അവാമി ലീഗ് 146 സീറ്റുനേടി. ഹസീന പ്രധാനമന്ത്രിയായി. 2001 വരെ പദവിയില്‍ തുടര്‍ന്നു. 2001-ലെ തിരഞ്ഞെടുപ്പില്‍ അവാമി ലീഗ് 62 സീറ്റിലേക്ക് ഒതുങ്ങി. 234 സീറ്റുനേടിയ ബിഎന്‍പി സഖ്യം അധികാരത്തിലെത്തി.

2004-ല്‍ പ്രതിപക്ഷനേതാവായിരിക്കേ ഹസീനയ്ക്കുനേരേ വധശ്രമമുണ്ടായി. ധാക്കയില്‍നടന്ന അവാമി ലീഗ് സമ്മേളനത്തിനുനേരേയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ പാര്‍ട്ടിയുടെ പ്രധാന നേതാക്കളടക്കം 24 പേര്‍ കൊല്ലപ്പെട്ടു. മൂന്‍കൂട്ടി തയ്യാറാക്കിയ ആക്രമണപദ്ധതിയില്‍ ബിഎന്‍പി നേതാക്കളും പങ്കാളികളായിരുന്നതായി പിന്നീടുതെളിഞ്ഞു.

2007-ല്‍ പട്ടാളം വീണ്ടും രാജ്യത്തിന്റെ നിയന്ത്രണമേറ്റെടുത്തു. മാര്‍ച്ച് 14-ന് ഹസീന യുഎസിലേക്കും പിന്നീട് ബ്രിട്ടനിലേക്കും പോയി. ഏപ്രില്‍ 18-ന് ഹസീനയ്ക്ക് ബംഗ്ലാദേശില്‍ പ്രവേശനവിലക്കുമേര്‍പ്പെടുത്തി. 51 ദിവസത്തെ വിദേശവാസത്തിനുശേഷം മേയ് ഏഴിന് ഹസീന ബംഗ്ലാദേശില്‍ തിരിച്ചെത്തി. ജൂലായ് 16-ന് പോലീസ് ഹസീനയെ അറസ്റ്റുചെയ്തു.

ജാമ്യം നിഷേധിച്ചതോടെ പാര്‍ലമെന്റിനു സമീപത്തുള്ള കെട്ടിടത്തില്‍ത്തന്നെ തടവിലാക്കി. 2008 ജൂണ്‍ 11-ന് പരോള്‍ അനുവദിച്ചു.

2008-ലെ തിരഞ്ഞെടുപ്പില്‍ അവാമിലീഗ് സഖ്യം 299-ല്‍ 230 സീറ്റുനേടി അധികാരത്തിലെത്തി. ബിഎന്‍പിയും ഖാലിദ സിയയും ഫലം അംഗീകരിച്ചില്ല. 2009-ല്‍ ഹസീന രണ്ടാമതും പ്രധാനമന്ത്രിയായി. 2014-ലെ തിരഞ്ഞെടുപ്പിലും വിജയം ഹസീനയ്ക്കൊപ്പം നിന്നു. 2019-ല്‍ തുടര്‍ച്ചയായി മൂന്നാംതവണയും ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയായി. അവാമി ലീഗ് 300-ല്‍ 288 സീറ്റുനേടി. പതിവുപോലെ പ്രതിപക്ഷപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പുഫലം അംഗീകരിച്ചില്ല.
സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍സംവരണത്തിനെതിരേ 2024 ജൂലായില്‍ ആരംഭിച്ച പ്രതിഷേധപ്രളയത്തിലാണ് അക്കൊല്ലമാദ്യം വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയ ഹസീന സര്‍ക്കാര്‍ ഒലിച്ചുപോയത്.

1971-ലെ ബംഗ്ലാദേശ് വിമോചനസമരത്തില്‍ പങ്കെടുത്തവരുടെ പിന്‍മുറക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളിലുണ്ടായിരുന്ന 30 ശതമാനം സംവരണമാണ് പ്രക്ഷോഭത്തിനിടയാക്കിയത്. സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ നയിച്ച 'വിവേചനത്തിനെതിരേ വിദ്യാര്‍ഥികള്‍' എന്ന പ്രസ്ഥാനമായിരുന്നു പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍. ഇവരെ നേരിടാന്‍ ഹസീനയുടെ പോലീസിറങ്ങി. പിന്നാലെ പട്ടാളവും. ഹസീന നേതൃത്വം നല്‍കുന്ന അവാമി ലീഗിന്റെ വിദ്യാര്‍ഥിസംഘടനയായ ബംഗ്ലാദേശ് ഛത്ര ലീഗും പ്രക്ഷോഭകരോട് ഏറ്റുമുട്ടി. ആയിരത്തിലേറെപ്പേര്‍ മരിച്ചു. 14,000 പേര്‍ക്ക് പരിക്കേറ്റു. 11,000-ത്തോളം പേര്‍ അറസ്റ്റിലായി.

ബംഗ്ലാദേശ് രൂപവത്കരിക്കപ്പെട്ടതിനു പിറ്റേവര്‍ഷം, 1972-ലാണ് സര്‍ക്കാര്‍ ജോലികളില്‍ സംവരണം നിലവില്‍വന്നത്. 2018-ല്‍ ഹസീന പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ വലിയൊരു സംവരണവിരുദ്ധ പ്രക്ഷോഭം നടന്നു. തിരഞ്ഞെടുപ്പു വര്‍ഷമായതിനാല്‍, സ്വാതന്ത്ര്യസമരപ്പോരാളികളുടെ പിന്‍മുറക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 30 ശതമാനം സംവരണം സര്‍ക്കാര്‍ റദ്ദാക്കി. ഇക്കൂട്ടരില്‍ ചിലര്‍ കോടതിയില്‍പ്പോയി. അവര്‍ക്ക് അനുകൂലമായി ജൂലായ് ഏഴിന് ഹൈക്കോടതി വിധിവന്നു. അതോടെയാണ് ബംഗ്ലാദേശ് കലാപത്തില്‍ മുങ്ങിയത്.