/kalakaumudi/media/media_files/2025/08/16/trump-2025-08-16-13-41-31.jpg)
വാഷിംഗ്ടണ്‍: അലാസ്‌ക്കയില്‍ റഷ്യന്‍ പ്രസിഡന്റുമായി അമേരിക്കന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പടിന്‍ കൂടിക്കാഴ്ച്ച നടത്തിയത് ഇന്ത്യയ്ക്ക് ഗുണകരമായി മാറുമോയെന്ന ചര്‍ച്ചകള്‍ ഉടലെടുക്കുകയാണ്. യുക്രൈനില്‍ വെടിനിര്‍ത്തലിന് ധാരണ ആയില്ലെങ്കിലും പോസിറ്റീവായ ചര്‍ച്ചകള്‍ നടത്തി എന്നതാണ് ഇരുകൂട്ടരും അവകാശപ്പെടുന്നത്. ഇതോടെ റഷ്യക്കെതിരെ കടുത്ത നടപടികളില്‍ നിന്നും അമേരിക്ക പിന്‍മാറുമോ എന്നതാണ് അറിയേണ്ടത്.
കൂടിക്കാഴ്ച്ച് ശേഷം ട്രംപ് നടത്തിയ പ്രതികരണം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതതാണ്. ഇന്ത്യയ്ക്കുമേലുള്ള അമേരിക്കയുടെ 50 ശതമാനം തീരുവ ഉപേക്ഷിച്ചേക്കുമെന്ന സൂചന നല്‍കി ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഇന്ത്യയ്ക്ക് മേലുള്ള അധിക തീരുവ ഉപേക്ഷിച്ചേക്കുമെന്ന സൂചന നല്‍കിയുള്ള ട്രംപിന്റെ പ്രതികരണം. 'ഇന്ന് നടന്ന കാര്യങ്ങള്‍ കാരണം എനിക്ക് താരിഫുകളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടിവരുമെന്ന് തോന്നുന്നില്ല' എന്നതായിരുന്നും ട്രംപിന്റെ വാക്കുകള്‍.
റഷ്യയില്‍നിന്നും എണ്ണ വാങ്ങുന്നുവെന്നതിന്റെ പേരിലാണ് ഇന്ത്യയ്ക്ക്‌മേല്‍ ട്രംപ് 50 ശതമാനം തീരുവ ചുമത്തിയത്. ആദ്യം 25 ശതമാനം തീരുവയും പിന്നീട് 25 ശതമാനം അധിക തീരുവയും ചുമത്തുകയായിരുന്നു. എന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ ഉടനടി പ്രതികാര നടപടി വേണ്ടെന്ന് നിലപാടിലാണ് ട്രംപ്. എന്നാല്‍ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ ഇത് വീണ്ടും പരിഗണിക്കേണ്ടി വന്നേക്കാം. ഇപ്പോള്‍ അതിനെകുറിച്ച് ചിന്തിക്കുന്നില്ലെന്നും ഫോക്‌സ് ന്യൂസിനോട് ട്രംപിന്റെ പ്രതികരിച്ചു.
Also Read:
കൂടിക്കാഴ്ച വളരെ നന്നായി നടന്നുവെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള എണ്ണ വ്യാപാരത്തെക്കുറിച്ചും ചൈനയ്ക്കുമേല്‍ ചുമത്താന്‍ സാധ്യതയുള്ള തീരുവകളെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടിയായാണ് ട്രംപിന്റെ പരാമര്‍ശം. അതേസമയം ഇന്ത്യക്കുമേല്‍ താരിഫ് ചുമത്തിയതുകൊണ്ട് പുടിനെ തടയാന്‍ കഴിയില്ലെന്നും യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ അഭിസംബോധന ചെയ്യാന്‍ ട്രംപിന് ശരിക്കും ആഗ്രഹമുണ്ടെങ്കില്‍ പുടിനെ ശിക്ഷിക്കുകയും യുക്രൈന് സൈനിക സഹായം നല്‍കുകയുമാണ് വേണ്ടതെന്ന് യുഎസ് ഡെമോക്രാറ്റിക് പാനല്‍ പ്രതികരിച്ചു.
ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കള്‍. എന്നാല്‍ ഇന്ത്യക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചപ്പോള്‍ ചൈനയോട് യുഎസ് അത്തരം നടപടി സ്വീകരിച്ചിരുന്നില്ല. വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്ത് വന്നിരുന്നു. സ്വന്തം കഴിവിലും വിഭവങ്ങളിലും വിശ്വസിക്കാം. ഡോളറിനേയും പൗണ്ടിനേയും മാത്രം ആശ്രയിക്കേണ്ടതില്ലെന്നാണ് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മോദി പറഞ്ഞത്. യുഎസിന്റെ നടപടിക്ക് മറുപടി നല്‍കണമെന്ന ആവശ്യവും ബിജെപിയില്‍ ശക്തമായിരുന്നു.
യുക്രൈന്‍- റഷ്യ വെടിനിര്‍ത്തലില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന അലാസ്‌ക കൂടിക്കാഴ്ച യാതൊരു ധാരണയിലുമെത്താതെയാണ് പിരിഞ്ഞത്. മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ വെടിനിര്‍ത്തലിനായുള്ള അന്തിമ കരാറിലെത്തിയില്ലെങ്കിലും പല കാര്യങ്ങളിലും ധാരണയായി എന്ന് ട്രംപ് അറിയിച്ചിരുന്നു. തുടര്‍ചര്‍ച്ചയ്ക്കായി ട്രംപിനെ റഷ്യയിലേക്ക് പുടിന്‍ ക്ഷണിക്കുകയും ചെയ്തു. ആറ് വര്‍ഷത്തിന് ശേഷമാണ് പുടിനും ട്രംപും നേരിട്ട് കാണുന്നത് എന്ന പ്രത്യേകതയും ഈ ചര്‍ച്ചയ്ക്കുണ്ട്.