/kalakaumudi/media/media_files/2025/08/13/iran-2025-08-13-14-54-39.jpg)
ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും എത്തിയതുമുതല്‍ ഇറാനെ എങ്ങനെ പൂട്ടാമെന്ന ചിന്തയിലായിരുന്നു. പല കളികളും അതിനുവേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് ട്രംപ്. ആണവ പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തയാറായില്ലെങ്കില്‍ ഇറാനുമേല്‍ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന മുന്നറിയിപ്പുമായി യൂറോപ്പിലെ ഏറ്റവും വലിയശക്തികളായ ജര്‍മനിയും ഫ്രാന്‍സും ബ്രിട്ടനുമാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. യുഎന്നിനോടാണ് 'ഇ3 ഗ്രൂപ്പ്' എന്നറിയപ്പെടുന്ന മൂന്നു രാജ്യങ്ങളും ഇക്കാര്യം വ്യക്തമാക്കിയത്.
ഓഗസ്റ്റ് 31നകം ചര്‍ച്ചയ്ക്ക് തയാറാകണമെന്നാണ് ഇറാനുള്ള മുന്നറിയിപ്പ്. ഇറാന്‍ സഹകരിച്ചില്ലെങ്കില്‍ യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ യൂറോപ്യന്‍ യൂണിയനും അമേരിക്കയും സ്വീകരിച്ച ഉപരോധത്തിന് സമാനമായ സാമ്പത്തിക ആക്രമണം ജര്‍മനിയും ഫ്രാന്‍സും ബ്രിട്ടനും ഇറാനുമേല്‍ നടത്തിയേക്കും.
റഷ്യയുടെ എണ്ണ, ടാങ്കറുകള്‍, ബാങ്കുകള്‍ തുടങ്ങിയവയ്ക്കുമേല്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും കടുത്ത ഉപരോധം കൊണ്ടുവന്നത് റഷ്യന്‍ സമ്പദ്‌വ്യവസ്ഥയെ സാരമായി തളര്‍ത്തിയിരുന്നു. ഉപരോധം ഭയന്ന് പലരാജ്യങ്ങളും റഷ്യയുമായി സാമ്പത്തിക, വ്യാപാരബന്ധങ്ങളും അവസാനിപ്പിച്ചിരുന്നു. ഇതോടെ, ഇറക്കുമതി തളര്‍ന്നത് റഷ്യയില്‍ പണപ്പെരുപ്പം 10 ശതമാനത്തിനു മുകളിലേക്കും അടിസ്ഥാന പലിശനിരക്ക് 20 ശതമാനത്തിന് മുകളിലേക്കും കത്തിക്കയറാന്‍ ഇടവരുത്തിയിരുന്നു.
Also Read:
https://www.kalakaumudi.com/international/un-chief-reacts-to-israels-gaza-city-takeover-plan-9642325
പല റഷ്യന്‍ കമ്പനികളും മൂലധന പ്രതിസന്ധിയിലായി. വായ്പകള്‍ തിരിച്ചടയ്ക്കാനാകാതെ പാപ്പരത്ത നടപടിയിലേക്ക് കടന്നതും ഒട്ടേറെ കമ്പനികള്‍. റഷ്യന്‍ എണ്ണയുടെ പരമാവധി വില 60 ഡോളറില്‍ നിന്ന് അടുത്തിടെ യൂറോപ്യന്‍ യൂണിയന്‍ 47.60 ഡോളറിലേക്ക് വെച്ചിക്കുറച്ചിരുന്നു. അതായത്, റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നവര്‍ പരമാവധി ഈ വിലയേ ബാരലിന് നല്‍കാവൂ. റഷ്യയുടെ വരുമാനത്തില്‍ വിള്ളല്‍വീഴ്ത്തി സാമ്പത്തിക ആഘാതം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഉപരോധം ലംഘിച്ച് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേലും ഉപരോധം ബാധകമാക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞിരുന്നു.
റഷ്യന്‍ എണ്ണയുടെ പേരിലാണ് ഇന്ത്യയ്ക്കുമേല്‍ യുഎസ് പ്രസിഡന്റ് ട്രംപ് 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതും. റഷ്യന്‍ ബാങ്കുകളെ രാജ്യാന്തര പണമിടപാട് സംവിധാനമായ സ്വിഫ്റ്റില്‍ നിന്ന് പുറത്താക്കാനും യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു. സമാനമായ സാമ്പത്തികപ്പോരായിരിക്കും ഇറാനും നേരിടേണ്ടിവരിക. നിലവില്‍തന്നെ, ഉപരോധവും യുദ്ധക്കെടുതികളും മൂലം തളര്‍ച്ചയിലാണ് ഇറാന്‍ സമ്പദ്‌വ്യവസ്ഥ.
ഇറാനില്‍ പണപ്പെരുപ്പം 38 ശതമാനത്തിനും മുകളിലാണ്. കറന്‍സിയായ റിയാലിന്റെ മൂല്യം ഡോളറിനെതിരെ 90 ശതമാനത്തിലേറെ ഇടിഞ്ഞു. ഒരു ഡോളറിന് 42,000 റിയാല്‍ ആണ് ഔദ്യോഗിക എക്‌സ്‌ചേഞ്ച് റേറ്റ് എങ്കിലും അനൗദ്യോഗിക വിപണിയില്‍ ഇതു 10 ലക്ഷത്തോളം. കറന്‍സി പ്രതിസന്ധി മറികടക്കാന്‍ റിയാലില്‍ നിന്ന് 4 പൂജ്യം വെട്ടിക്കളയാന്‍ അടുത്തിടെ ഇറാന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു.
ബന്ധവൈരികളായ അര്‍മേനിയ, അസര്‍ബൈജാന്‍ എന്നിവ തമ്മിലെ ശത്രുത അവസാനിപ്പിക്കാന്‍ അടുത്തിടെ ട്രംപിന്റെ മധ്യസ്ഥതയില്‍ തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായി അര്‍മേനിയയെയും അസര്‍ബൈജാനും ബന്ധിപ്പിച്ച് തുര്‍ക്കിയിലേക്ക് നീളുന്ന ചരക്കുനീക്ക പാത അമേരിക്ക സജ്ജമാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. 'ട്രംപ് റൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് ആന്‍ഡ് പ്രോസ്‌പെരിറ്റി' അഥവാ ട്രിപ്പ് എന്നാണ് ഈ ഇടനാഴിക്ക് പേരിട്ടത്.
Watch Video:
https://www.youtube.com/watch?v=9ZFAAJk3NWE
കൊക്കേഷ്യന്‍ മേഖലയില്‍ ഇറാന്‍, റഷ്യ എന്നിവയ്ക്കരികിലൂടെയാണ് ഇടനാഴി കടന്നുപോകുന്നത്. അസര്‍ബൈജാന്‍-അര്‍മേനിയ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത ഇറാനും റഷ്യയും ഇടനാഴിയെ എതിര്‍ത്തിട്ടുണ്ട്. മേഖലയില്‍ പുറത്തുനിന്നുള്ള ശക്തി വേണ്ടെന്നാണ് അമേരിക്കയ്‌ക്കെതിരായി ഇറാനും റഷ്യയും പറഞ്ഞത്. മേഖലയില്‍ സൈനികതാവളം ഒരുക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ഇത് ഇറാന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇറാന്‍ ഭരണകൂടം പ്രതികരിച്ചിരുന്നു.
അമേരിക്കയുടെ സാന്നിധ്യം മേഖലയില്‍ അസ്വസ്ഥത പടര്‍ത്തുമെന്ന് പുട്ടിന്‍ ഭരണകൂടവും പ്രതികരിച്ചിട്ടുണ്ട്. അമേരിക്കയുടേത് രാഷ്ട്രീയ നീക്കമാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ഖമനയിയും പ്രതികരിച്ചു. ഇടനാഴി ട്രംപിന്റെ കൂലിപ്പടയുടെ ശവപ്പറമ്പാകുമെന്നായിരുന്നു ഖമനയിയുടെ ഉപദേഷ്ടാവ് അലി അക്ബര്‍ വേലായതിയുടെ പ്രതികരണം.