/kalakaumudi/media/media_files/2025/08/09/ga-2025-08-09-12-30-44.jpg)
ജറുസലേം: ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങളില്‍ 42 പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടു. ഇതില്‍ 12 പേര്‍ ഇസ്രയേല്‍ കരാറുകാരായ ജിഎച്ച്എഫിന്റെ ഭക്ഷണകേന്ദ്രങ്ങളിലെ വെടിവയ്പുകളിലാണ് കൊല്ലപ്പെട്ടത്. ജിഎച്ച്എഫ് സഹായവിതരണമല്ല, കൂട്ടക്കൊലയ്ക്ക് കളമൊരുക്കുകയാണു ചെയ്യുന്നതെന്നു ഫ്രഞ്ച് വൈദ്യസഹായസംഘടനയായ ഡോക്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് (എംഎസ്എഫ്) കുറ്റപ്പെടുത്തി.
തെക്കന്‍ഗാസയിലെ ജിഎച്ച്എഫിന്റെ രണ്ടു വിതരണകേന്ദ്രങ്ങള്‍ക്ക് സമീപമാണ് എംഎസ്എഫിന്റെ ആരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജൂണിനും ജൂലൈയ്ക്കുമിടയില്‍ വെടിവയ്പുകളില്‍ പരുക്കേറ്റ 41 കുട്ടികള്‍ അടക്കം 1300 പേരെ ചികിത്സിച്ചതായി ഫ്രഞ്ച് സന്നദ്ധസംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാല്‍ ഗാസയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ലക്ഷ്യമിട്ട് നടക്കുന്ന വ്യോമപദ്ധതികള്‍ ഒരിക്കലും ഒരു മാനുഷിക പ്രവര്‍ത്തനമല്ല, മറിച്ച് ഇസ്രയേല്‍ നടത്തുന്ന ഒരു പൊതുജനസമ്പര്‍ക്ക തന്ത്രം മാത്രമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗാസയിലെ ജനങ്ങള്‍ വെള്ളവും ഭക്ഷണവും കിട്ടാതെ നരകിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകളും വാര്‍ത്തകളും വ്യാപകമായതോടെയാണ് മുഖം രക്ഷിക്കാന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയിലേക്ക് വ്യോമമാര്‍ഗം സഹായമെത്തിക്കും എന്ന വാഗ്ദാനവുമായി രംഗത്തെത്തിയത്. എന്നാല്‍ ഈ സഹായങ്ങള്‍ പോലും ഗാസയിലെ ജനങ്ങള്‍ക്ക് ഉപദ്രവമാകുന്ന അവസ്ഥയാണുള്ളത്. ഇത് സഹായം ആവശ്യമുള്ളവരിലേക്ക് എത്തുന്നതില്‍ പരാജയപ്പെടുക മാത്രമല്ല, നിരവധി ജീവനുകള്‍ നഷ്ടപ്പെടാനും കാരണമായിട്ടുണ്ട്.
വിമാനങ്ങളിലൂടെ താഴെയിടുന്ന സഹായങ്ങള്‍ പലപ്പോഴും സായുധ സംഘങ്ങള്‍ പിടിച്ചെടുത്ത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന സ്ഥിതിയാണുള്ളത്. ഇത് സഹായം യഥാര്‍ത്ഥത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിന് തടസ്സമാകുന്നു. ഇതിനുപുറമെ, ഈ എയര്‍ഡ്രോപ്പുകള്‍ മൂലം പല ദുരന്തങ്ങളും സംഭവിച്ചിട്ടുണ്ട്. സഹായ പെട്ടികള്‍ അഭയാര്‍ത്ഥികളുടെ കൂടാരങ്ങളില്‍ വീണും, തിക്കിലും തിരക്കിലും പെട്ടും, വെള്ളത്തില്‍ മുങ്ങിയും ആളുകള്‍ മരണപ്പെട്ട സ്ഥിതിയുമുണ്ടായി.
എയര്‍ഡ്രോപ്പുകള്‍ വഴി ലഭിക്കുന്ന സഹായങ്ങള്‍ സായുധ സംഘങ്ങള്‍ വന്ന് ബലം പ്രയോഗിച്ച് കൈക്കലാക്കുകയും, ചിലപ്പോള്‍ ആളുകളെ വെടിവെക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ലഭിക്കാതെ, പിന്നീട് ഇത് മാര്‍ക്കറ്റില്‍ ഉയര്‍ന്ന വിലയ്ക്ക് (ഒരു ബിസ്‌ക്കറ്റിന് 20 ഷെക്കല്‍ ഏകദേശം 5 ഡോളര്‍) വില്‍ക്കപ്പെടുന്ന അവസ്ഥയുമുണ്ട്.
അന്താരാഷ്ട്ര തലത്തിലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും, ഗാസയിലെ പട്ടിണി മറച്ചുവെക്കുന്നതിനും വേണ്ടിയാണ് നെതന്യാഹു ഈ എയര്‍ഡ്രോപ്പുകള്‍ നടത്തുന്നത്. യുഎന്‍ ഏജന്‍സികള്‍ക്ക് കരമാര്‍ഗ്ഗം സഹായം വിതരണം ചെയ്യാന്‍ വേണ്ടി അതിര്‍ത്തി തുറക്കുന്നതാണ് കൂടുതല്‍ ഫലപ്രദം എന്നിരിക്കെ എയര്‍ഡ്രോപ്പുകള്‍ നടത്തുന്നത് ഒരു പി ആര്‍ സ്റ്റണ്ട് തന്നെയാണെന്ന് പറയേണ്ടി വരും.
അഫ്ഗാനിസ്ഥാനിലും സിറിയയിലും നടന്ന എയര്‍ഡ്രോപ്പുകളും ഫലപ്രദമായിരുന്നില്ലെന്നും, സഹായങ്ങള്‍ തെറ്റായ ആളുകളുടെ കൈകളില്‍ എത്തുകയോ അപകടങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അന്താരാഷ്ട്ര തലത്തിലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും, ഗാസയിലെ പട്ടിണി മാറ്റാന്‍ എന്തെങ്കിലും ചെയ്യുന്നു എന്നൊരു പ്രതീതി സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഈ എയര്‍ഡ്രോപ്പുകള്‍ നടത്തുന്നത്. എന്നാല്‍, ഇത് ഫലപ്രദമായ ഒരു മാര്‍ഗമല്ല. ട്രക്കുകള്‍ ഉപയോഗിച്ച് കരമാര്‍ഗ്ഗം സഹായമെത്തിക്കുന്നതാണ് കൂടുതല്‍ കാര്യക്ഷമം. ഒരു എയര്‍ഡ്രോപ്പിലൂടെ എത്തിക്കാന്‍ കഴിയുന്നതിനേക്കാള്‍ വളരെ കൂടുതല്‍ സാധനങ്ങള്‍ ഒരു ട്രക്കില്‍ കൊണ്ടുപോകാന്‍ സാധിക്കും.
അതാണ് ഏറ്റവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ മാര്‍ഗം. ആയിരക്കണക്കിന് ട്രക്കുകള്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുമ്പോള്‍, എയര്‍ഡ്രോപ്പുകള്‍ വഴി സഹായമെത്തിക്കുന്നു എന്നപേരില്‍ ഇസ്രയേല്‍ നടത്തുന്നത് വെറും പ്രഹസനം മാത്രമാണ്.