/kalakaumudi/media/media_files/2025/10/14/gaza-2025-10-14-19-49-51.jpg)
ഗാസ സിറ്റി: വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു പിന്നാലെ അഞ്ച് പലസ്തീനികളെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രയേല്‍ പ്രതിരോധ സേന. വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഐഡിഎഫിന്റെ ആക്രമണം.
കരാര്‍ ലംഘിച്ച് സൈന്യത്തിന്റെ അടുത്തേക്ക് വന്ന അഞ്ചുപേരെയാണ് കൊലപ്പെടുത്തിയത്. അവരെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പിന്തിരിഞ്ഞില്ല. ഇതോടെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് ഐഡിഎഫ് വ്യക്തമാക്കുന്നത്.
അതേസമയം പുനരധിവാസ മേഖലയില്‍ നിലയുറപ്പിച്ച ഇസ്രയേലി സൈനികരെ സമീപിച്ച പലസ്തീനികളെയാണ് വധിച്ചതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വടക്കന്‍ ഗാസ മുനമ്പില്‍ പ്രവര്‍ത്തിക്കുന്ന ഐഡിഎഫ് സൈനികര്‍ക്ക് അടുത്തേക്ക് സംശയാസ്പദമായ സാഹചര്യത്തില്‍ വന്നവരെയാണ് വെടിവെച്ചതെന്ന് ഐഡിഎഫ് പറയുന്നു.
മഞ്ഞവര കടന്നെന്നും അത് കരാറിന്റെ ലംഘനമാണെന്നും ആരോപിച്ചാണ് ഐഡിഎഫ് വെടിയുതിര്‍ത്തതെങ്കില്‍, മഞ്ഞ വരയ്ക്കുള്ളില്‍ വച്ചാണ് അഞ്ചുപേരും കൊല്ലപ്പെട്ടതെന്ന നിലപാടിലാണ് പലസ്തീന്‍ സിവില്‍ ഡിഫന്‍സ് വക്താവ്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ നടന്ന സമാധാനക്കരാര്‍ വിജയകരമായി പൂര്‍ത്തിയായതിന്റെ പിറ്റേന്നാണ് വെടിനിര്‍ത്തല്‍ ലംഘനം. ബന്ദി കൈമാറ്റം തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. ഹമാസിന്റെ പക്കലുണ്ടായിരുന്നു അവസാനത്തെ ബന്ദിയെയും മോചിപ്പിച്ചു. 20 ബന്ദികളെ ഹമാസ് കൈമാറി. 2023 ഒക്ടോബര്‍ ഏഴിന് തുടക്കം കുറിച്ച യുദ്ധത്തില്‍ മരിച്ച പലസ്തീന്‍കാരുടെ എണ്ണം 67,800 ആണ്.