/kalakaumudi/media/media_files/2025/08/10/gaza-2025-08-10-13-05-24.jpg)
ഗാസ: ഗാസയില്‍ പാരച്യൂട്ട് വഴി വിതരണം ചെയ്യുന്ന ഭക്ഷണപാക്കറ്റ് തലയില്‍ വീണ് 15 വയസ്സുകാരന്‍ മരിച്ചു. മധ്യ ഗാസയിലെ നസ്രത്തിലെ മുഹമ്മദ് ഈദ് എന്ന കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വിമാനത്തില്‍ നിന്നു സഹായ പാക്കറ്റുകള്‍ താഴേക്കിടുമ്പോള്‍ അത് എടുക്കാന്‍ മുഹമ്മദ് ഈദ് ഓടിച്ചെല്ലുകയായിരുന്നുവെന്ന് സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു മുന്‍പും ഇത്തരം മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
ഇസ്രയേല്‍ ഉപരോധത്തെത്തുടര്‍ന്ന് ഗാസയില്‍ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 212 ആയി. അതില്‍ 98 പേര്‍ കുട്ടികളാണ്. ഇന്നലെ 11 പേര്‍ മരണത്തിനു കീഴടങ്ങി. ഭക്ഷണവിതരണ കേന്ദ്രത്തില്‍ കാത്തുനിന്ന 21 പേര്‍ അടക്കം 39 പേര്‍ ഇന്നലെ ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 491 പേര്‍ക്കു പരുക്കേറ്റു. സഹായസാമഗ്രികളുമായി എത്തിയ യുഎന്‍ വാഹനവ്യൂഹം ഗാസയിലേക്കു കടക്കുന്നതിനിടെ, ജനക്കൂട്ടത്തിനു നേരെ ഇസ്രയേല്‍ സൈനികര്‍ നടത്തിയ വെടിവയ്പില്‍ 6 പേരും കൊല്ലപ്പെട്ടു. 2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 61,369 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
ഗാസയിലേക്ക് വിമാനത്തില്‍ സഹായമെത്തിക്കുന്ന രീതി അപര്യാപ്തവും, ചെലവേറിയതും, മരണകാരണമാകുന്നതുമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പട്ടിണി രൂക്ഷമാകുന്നതിനെക്കുറിച്ച് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കരമാര്‍ഗം കൂടുതല്‍ സഹായം എത്തിക്കാന്‍ ഇസ്രയേല്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ നീക്കത്തില്‍ ഐക്യരാഷ്ട്ര സംഘടനയില്‍നിന്നുള്‍പ്പെടെ രാജ്യാന്തര സമ്മര്‍ദം ശക്തമായി. നീക്കത്തിനെതിരെ ഇസ്രയേലിലും പ്രതിഷേധം ശക്തമായി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേധ റാലികള്‍ നടന്നു. ഗാസ പിടിച്ചെടുത്താല്‍ ഇപ്പോള്‍ അവിടെയുള്ള ഇസ്രയേല്‍ ബന്ദികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി.