വെടിനിര്‍ത്താന്‍ അന്തിമ ചര്‍ച്ച

രണ്ടാംഘട്ടത്തില്‍ ബാക്കി ബന്ദികളെയും ഇസ്രയേലി ജയിലിലുള്ള കൂടുതല്‍ പലസ്തീനികളെയും മോചിപ്പിക്കും. ഗസയില്‍നിന്ന് സേനാ പിന്മാറ്റവും ഊര്‍ജിതമാക്കും. മൂന്നാംഘട്ടത്തില്‍ ഹമാസ് ഇസ്രയേല്‍ പൗരന്മാരുടെ മൃതദേഹാവശിഷ്ടം കൈമാറും. അഞ്ചു വര്‍ഷം നീളുന്ന ഗസ പുനര്‍നിര്‍മാണവും ഈ ഘട്ടത്തില്‍ ആരംഭിക്കാനും ചര്‍ച്ച നടക്കുന്നുണ്ട്

author-image
Rajesh T L
New Update
gaza strip

gaza strip

Listen to this article
0.75x 1x 1.5x
00:00 / 00:00

കെയ്‌റോ: ഗസയില്‍ വെടിനിര്‍ത്തല്‍-ബന്ദിമോചന ചര്‍ച്ച ഈജിപ്തില്‍ പുരോഗമിക്കുന്നതിനിടെ ഹമാസും ഇസ്രയേലും മുന്‍ നിലപാടുകളില്‍ നിന്ന് വിട്ടുവീഴ്ചക്ക് തയാറായതായി റിപ്പോര്‍ട്ട്. മൂന്നുഘട്ട വെടിനിര്‍ത്തല്‍ നിര്‍ദേശമാണ് മുന്നിലുള്ളത്. 40 ദിവസം നീളുന്ന ആദ്യഘട്ടത്തില്‍ ഹമാസ് വനിതാ സിവിലിയന്‍ ബന്ദികളെ മോചിപ്പിക്കും.

ഈ ഘട്ടത്തില്‍ ഗസയിലെ തീര റോഡില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറും. ഇത് മാനുഷിക സഹായം എത്തിക്കുന്നതിന് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഭയാര്‍ഥികളായ പലസ്തീനികളെ വടക്കന്‍ ഗസയിലെ വീടുകളിലേക്ക് തിരിച്ചുവരാനും ഈ ഘട്ടത്തില്‍ അനുവദിക്കുമെന്നാണ് പറയുന്നത്.

ജീവിച്ചിരിക്കുന്ന ബന്ദികളുടെ പട്ടിക ഈ കാലയളവില്‍ ഹമാസ് ഇസ്രയേലിന് കൈമാറും. സ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ മൂന്നാഴ്ചക്കുള്ളില്‍ ഇരുപക്ഷവും ഇടനിലക്കാര്‍ മുഖേന ചര്‍ച്ച ആരംഭിക്കും. ഈ സമയം സെന്‍ട്രല്‍ ഗസയില്‍നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുകയും ചെയ്യും. ആറാഴ്ച നീളുന്ന രണ്ടാംഘട്ടത്തില്‍ സ്ഥിരം വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഉറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ടാംഘട്ടത്തില്‍ ബാക്കി ബന്ദികളെയും ഇസ്രയേലി ജയിലിലുള്ള കൂടുതല്‍ പലസ്തീനികളെയും മോചിപ്പിക്കും. ഗസയില്‍നിന്ന് സേനാ പിന്മാറ്റവും ഊര്‍ജിതമാക്കും. മൂന്നാംഘട്ടത്തില്‍ ഹമാസ് ഇസ്രയേല്‍ പൗരന്മാരുടെ മൃതദേഹാവശിഷ്ടം കൈമാറും. അഞ്ചു വര്‍ഷം നീളുന്ന ഗസ പുനര്‍നിര്‍മാണവും ഈ ഘട്ടത്തില്‍ ആരംഭിക്കാനും ചര്‍ച്ച നടക്കുന്നുണ്ട്

ചോര്‍ന്നുകിട്ടിയതെന്ന് അവകാശപ്പെട്ട് എ.പി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യങ്ങള്‍. ഹമാസും ഇസ്രയേല്‍ അധികൃതരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി  നെതന്യാഹുവിന് യുദ്ധം അവസാനിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം ഇടയ്ക്കിടെ ഭീഷണിയും പ്രസ്താവനകളുമായി വരുന്നത് ചര്‍ച്ച തടസപ്പെടുത്താനാണെന്നും മുതിര്‍ന്ന ഹമാസ് നേതാവ് ഹുസ്സാം ബദ്റന്‍ ആരോപിക്കുന്നുണ്ട്.

അതിനിടെ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലില്‍ ആയിരങ്ങളുടെ പ്രതിഷേധം അരങ്ങേറുകയാണ്. ഗസയില്‍ ബന്ദികളാക്കപ്പെട്ട ഇസ്രയേലികളുടെ കുടുംബാംഗങ്ങള്‍ അടക്കം ആയിരക്കണക്കിന് ആളുകളാണ് ടെല്‍ അവീവില്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായെത്തിയത്.

ടെല്‍ അവീവില്‍ നടന്ന പ്രതിഷേധ റാലിയില്‍, ഗസയില്‍ ഇപ്പോഴും തടവിലുള്ള 130ലധികം ബന്ദികളെ തിരികെയെത്തിക്കാന്‍ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മെയ് ആറിന് വരാനിരിക്കുന്ന യോം ഹാഷോ ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തിന് മുന്നോടിയായായിരുന്നു പ്രതിഷേധം.

'ഹമാസുമായുള്ള കരാറിനെ പിന്തുണക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഞങ്ങള്‍ക്ക് ഗസയില്‍ തടവിലാക്കപ്പെട്ടവരെ തിരികെ കൊണ്ടുവരണം. അതില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമുണ്ടാകും. ഞങ്ങള്‍ക്ക് ഈ സര്‍ക്കാരും മാറണം, ഇത് അവസാനിക്കണമെന്നാണ് നതാലി എല്‍ഡോര്‍ എന്ന ഇസ്രയേലി യുവതി പ്രതിഷേധത്തിനിടെ പ്രതികരിച്ചത്.

ബന്ദികളാക്കിയവരില്‍ പലരും മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ തടവിലാക്കപ്പെട്ട എല്ലാവരെയും തിരികെ കൊണ്ടുവരണമെന്ന ലക്ഷ്യത്തോട് കൂടിയാണ് ഇസ്രയേലി കുടുംബങ്ങള്‍ പ്രതിഷേധം നടത്തുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും ബന്ദികളെ ഇസ്രയേലിലേക്ക് തിരികെ അയക്കാന്‍ സാധ്യതയുള്ള ഗസ ഉടമ്പടി സംബന്ധിച്ച് ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കിയെന്ന് ഹമാസ് ഉദ്യോഗസ്ഥനും വ്യക്തമാക്കിയിട്ടുണ്ട്.

 

gaza gaza city gaza war gaza conflict israelwarnews israelhamaswar