ഇസ്രയേല്‍ ആക്രമണത്തില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 61,709 കവിയുമെന്ന് അധികൃതര്‍. കാണാതായവരുടെ എണ്ണം കൂടി ഉള്‍പ്പെടുത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. 47,518 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഗസ്സ ആരോഗ്യ മന്ത്രാലയം നേരത്തേ പുറത്തുവിട്ട കണക്ക്.
അതേസമയം, 14,222 പേരുടെയെങ്കിലും മൃതദേഹങ്ങള്‍ കെട്ടിടങ്ങളുടെയും വീടുകളുടെയും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഗസ്സ ഭരണകൂടത്തിന്റെ ഇന്‍ഫര്‍മേഷന്‍ ഓഫിസ് തലവന്‍ സലാമ മഹറൂഫ് പറഞ്ഞു. കൊല്ലപ്പെട്ട 76 ശതമാനം ഫലസ്തീനികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്റാഈല്‍ കൊന്നൊടുക്കിയവരില്‍ 17,881 പേരും കുട്ടികളാണ്. അതില്‍ തന്നെ 214 നവജാത ശിശുക്കളും- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പീരങ്കികളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്റാഈല്‍ സേന നടത്തിയ നിരന്തരമായ ആക്രമണങ്ങളില്‍ 1,11,588 പേര്‍ക്ക് വിവിധ തരത്തിലുള്ള പരിക്കേറ്റതായും മഹറൂഫ് ചൂണ്ടിക്കാട്ടി.
20 ലക്ഷത്തിലേറെ പേരാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. 25 തവണിലേറെ വീടും ടെന്റുകളും വിട്ട് പലായനം ചെയ്യേണ്ടി വന്നവരുണ്ട് അക്കൂട്ടത്തില്‍. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത സാഹചര്യത്തിലാണ് അഭയാര്‍ഥികളുടെ ജീവിതം. സാധാരണക്കാര്‍ക്ക് മാത്രമല്ല, ഗസ്സയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കനത്ത ആഘാതമാണുണ്ടാക്കിയത്. 1155 ആരോഗ്യ പ്രവര്‍ത്തകരും 205 മാധ്യമപ്രവര്‍ത്തകരും 194 സിവില്‍ ഡിഫന്‍സ് ജീവനക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.