ജോ ബൈഡൻ
വാഷിങ്ടൻ: ഇസ്രായേൽ ബന്ദികളെ വിട്ടയയ്ക്കാൻ ഹമാസ് തയാറാണെങ്കിൽ ഇസ്രയേൽ–ഹമാസ് യുദ്ധത്തിൽ നാളെത്തന്നെ വെടിനിർത്തൽ സാധ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തെക്കൻ ഗാസയിലെ റഫ നഗരത്തെ ഇസ്രയേൽ ആക്രമിക്കുകയാണെങ്കിൽ ഇസ്രയേലിനുള്ള ആയുധ വിതരണം അവസാനിപ്പിക്കുമെന്ന് ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബൈഡൻ വെടിനിർത്തൽ സാധ്യത സൂചപ്പിക്കുന്നത്.
‘‘ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് ഹമാസ് ആണെന്നാണ് ഇസ്രയേൽ പറഞ്ഞത്. അവർ അതിന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ നാളെത്തന്നെ എല്ലാം അവസാനിപ്പിക്കാം. വെടിനിർത്തൽ നാളെത്തന്നെ സാധ്യമാകും’’ - ബൈഡൻ പറഞ്ഞു.
യു എസ് വിതരണം ചെയ്‌ത ആയുധങ്ങൾ അനുവദനീയമല്ലാത്ത രീതിയിൽ ഉപയോഗിച്ച് ഇസ്രയേൽ രാജ്യാന്തര നിയമങ്ങൾ ലംഘിച്ചതായി സംശയിക്കുന്നെന്ന് യുഎസ് ഭരണകൂടം പറഞ്ഞു. യുഎസ് പാർലമെന്റിനു കൈമാറിയ റിപ്പോർട്ടിലാണ് ആഭ്യന്തരവകുപ്പ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയിലെ യുദ്ധാന്തരീക്ഷം മൂലം ഇത്തരം സംഭവങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
തെക്കൻ ഗാസയിലെ റഫ നഗരത്തിന്റെ കൂടുതൽ മേഖലകളിൽനിന്ന് ഇസ്രയേൽ പലസ്തീൻകാരെ ഒഴിപ്പിച്ചിരുന്നു. കിഴക്കൻ റഫയ്ക്ക് പിന്നാലെ മധ്യ, ദക്ഷിണ മേഖലകളിലും ഒഴിപ്പിക്കൽ തുടരുകയാണ്. ഇതിനോടകം ഒരുലക്ഷത്തിലേറെപ്പേർ റഫ വിട്ടതായി ഐക്യാരാഷ്ട്ര സംഘടന അറിയിച്ചിരുന്നു.