സിറിയയിലെ വിമതര്‍ക്ക് ഗസയിലെ ഹമാസിന്റെ അഭിനന്ദനം. കഴിഞ്ഞ കാലത്തെ മുറിവുകളില്‍ നിന്ന് സിറിയന്‍ ജനത ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്നും ഹമാസ് വാര്‍ത്താകുറിപ്പില്‍ ആഹ്വാനം ചെയ്തു.എല്ലാ സിറിയന്‍ ജനവിഭാഗങ്ങളും ഒന്നിച്ചുനില്‍ക്കണം.ചരിത്രപരമായി പലസ്തീനും പലസ്തീന്റെ ലക്ഷ്യത്തിനു വേണ്ടിയുള്ള ചെറുത്തുനില്‍പ്പിനും സിറിയ നല്‍കിവരുന്ന പിന്തുണ തുടരുമെന്നു പ്രതീക്ഷിക്കുന്നതായും കുറിപ്പില്‍ പറയുന്നു. അറബ്-ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കിടയിലും പ്രാദേശിയ-അന്താരാഷ്ട്ര തലത്തിലും സിറിയയ്ക്ക് നേതൃസ്ഥാനമുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇസ്ലാമിക ചെറുത്തുനില്‍പ്പ് ഹമാസ് സിറിയന്‍ ജനതയ്ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു. അവരുടെ ഇഷ്ടങ്ങളെയും സ്വാതന്ത്ര്യത്തെയും രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെയും മാനിക്കുന്നു. ഹമാസ് പറയുന്നു.
സിറിയ വിഷയത്തില്‍ ഹമാസിന്റെ ആദ്യ പ്രതികരണമാണിത്. ഹമാസിന് ഉറച്ച പിന്തുണയാണ് അസദ് ഭരണകൂടം നല്‍കിയിരുന്നത്. 2000 മുതല്‍ ഹമാസ് നേതാക്കളില്‍ പലരും കഴിഞ്ഞിരുന്നത് സിറിയയിലായിരുന്നു. എന്നാല്‍, 2011-ലെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് അസദ് ഭരണകൂടവും ഹമാസും തമ്മില്‍ തെറ്റിയത്. പ്രക്ഷോഭത്തില്‍ നിഷ്പക്ഷ നിലപാടാണ് ഹമാസ് സ്വീകരിച്ചത്. ഇതാണ് അസദ് ഭരണകൂടത്തെ ചൊടിപ്പിച്ചത്.
തുടര്‍ന്ന് അസദ് സര്‍ക്കാരിനെ പരസ്യമായി പിന്തുണയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഈ ആവശ്യം ഹമാസ് നേതാക്കള്‍ നിരസിച്ചു. തുടര്‍ന്ന് നേതാക്കള്‍ സിറിയ വിടുകയും ചെയ്തു. അതിനൊപ്പം ജനകീയ പ്രക്ഷോഭത്തിന് ഹമാസ് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.2022-ല്‍ അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് അസദ് ഭരണകൂടവുമായി ഹമാസ് വീണ്ടും സന്ധിയിലായി. പിന്നാലെ ഹമാസ് നേതാക്കള്‍ സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലെത്തി അസദുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
2023ല്‍ വീണ്ടും ബന്ധം ഉലഞ്ഞു. സിറിയന്‍ ഭരണകൂടം സംഘടനയ്ക്കെതിരെ വഞ്ചനാ ആരോപണങ്ങള്‍ ഉയര്‍ത്തിയതാണ് കാരണം. സിറിയന്‍ വിമതസംഘമായ എച്ച്ടിഎസ് കഴിഞ്ഞ നവംബര്‍ 27-ന് ഇദ്ലിബില്‍ നിന്ന് ആരംഭിച്ച സായുധ നീക്കത്തില്‍ ഹമാസിന്റെ പ്രതികരണം എത്തിയിരുന്നില്ല. എച്ച്ടിഎസ് തലസ്ഥാനം കീഴടക്കുകയും അസദ് രാജ്യം വിടുകയും ചെയ്തതോടെയാണ് പ്രതികരണവുമായി ഹമാസ് എത്തിയത്.
മറ്റൊരു ഫലസ്തീന്‍ സംഘടനയായ ഇസ്ലാമിക് ജിഹാദും സിറിയയിലെ വിമതര്‍ക്ക് പിന്തുണയുമായി രംഗത്തുവന്നു. പലസ്തീന്‍ ജനതയ്ക്ക് അവരുടെ ലക്ഷ്യങ്ങള്‍ക്കും സിറിയ നല്‍കുന്ന പിന്തുണ തുടരുമെന്നാണ് പ്രതീക്ഷയെന്നും ഇസ്ലാമിക് ജിഹാദ് പറഞ്ഞു.