ഗാസയില്‍ പരസ്യമായി വധശിക്ഷ നടപ്പാക്കി ഹമാസ്

ഗാസ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റു സായുധ പലസ്തീന്‍ ഗ്രൂപ്പുകളില്‍ ഉള്ളവരെയാണ് ഹമാസ് വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. തെരുവില്‍ നിരത്തിനിര്‍ത്തി ജനങ്ങള്‍ കാണ്‍കെ പരസ്യമായി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

author-image
Biju
New Update
hamas

ടെല്‍ അവീവ്: ട്രംപിന്റെ മുന്നറിയിപ്പിനിടയിലും 8 ഗാസ നിവാസികളെ പരസ്യമായി വധശിക്ഷയ്ക്ക് വിധേയമാക്കി ഹമാസ്. ഗാസ സമാധാന കരാര്‍ നിലവില്‍ വന്നതിനു പിന്നാലെ ഇസ്രയേല്‍ സേനയായ ഐഡിഎഫ് പിന്‍വാങ്ങല്‍ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് 8 പേരെ ഹമാസ് പരസ്യമായി വധശിക്ഷയ്ക്ക് വിധേയമാക്കിയത്. 

യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഹമാസിനെ നിരായുധീകരിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടും ഈ മുന്നറിയിപ്പ് മറികടന്നാണ് ഗാസയുടെ നിയന്ത്രണം നിലനിര്‍ത്താന്‍ ഹമാസ് ക്രൂരമായ വധശിക്ഷകള്‍ നടപ്പിലാക്കുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഗാസ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റു സായുധ പലസ്തീന്‍ ഗ്രൂപ്പുകളില്‍ ഉള്ളവരെയാണ് ഹമാസ് വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. തെരുവില്‍ നിരത്തിനിര്‍ത്തി ജനങ്ങള്‍ കാണ്‍കെ പരസ്യമായി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. 

കൊല്ലപ്പെട്ടവര്‍ കുറ്റവാളികളാണെന്നും ഇസ്രയേലുമായി സഹകരിച്ചവരാണെന്നും ഹമാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം ഐഡിഎഫ് പിന്മാറ്റം ആരംഭിച്ചതോടെ ഗാസയുടെ നിയന്ത്രണം വീണ്ടും ഹമാസ് ഏറ്റെടുക്കുകയാണ്. 

ഗാസയില്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നതിനിടെ ഹമാസ് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി തെരുവുകളിലേക്ക് തിരിച്ചെത്തുകയാണെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെയാണ് മറ്റു സായുധ ഗ്രൂപ്പുകളുമായി ഏറ്റുമുട്ടുല്‍ ഉണ്ടായത്.

hamas gaza Tel Aviv