/kalakaumudi/media/media_files/2025/08/31/ukrine-2025-08-31-10-49-34.jpg)
ന്യൂഡല്‍ഹി: റഷ്യ യുക്രെയന്‍ പ്രശ്‌നം പരിഹരിക്കാനാകാതെ മുന്നോട്ടുപോകുമ്പോഴാണ് ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വൈകിട്ട് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ചത്. നാളെ ചൈനയില്‍ വച്ച് അദ്ദേഹം റഷ്യന്‍ പ്രസിഡന്റിനെ കാണുന്നുണ്ടെന്നും യുദ്ധവിരാമത്തിനായി ചര്‍ച്ചചെയ്യാമെന്നും സെലന്‍സ്‌കിയെ മോദി അറയിച്ചിട്ടുണ്ട്. മോദിയുടെ ഇടപെലില്‍ യുദ്ധത്തിന് ഒരു പരിഹാരം ഉണ്ടായേക്കുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്.
താരിഫ് പ്രശ്‌നത്തില്‍ ട്രംപുമായി അകന്ന് നില്‍ക്കുന്ന ഇന്ത്യയ്ക്ക് ലോക വിപണിയെ ഒപ്പം കൂട്ടേണ്ടതുണ്ട്. അതിനിടെയാണ് യുക്രൈനിലേക്ക് ജൂലൈ മാസത്തില്‍ ഏറ്റവും കൂടുതല്‍ ഡീസല്‍ വിതരണം ചെയ്തത് ഇന്ത്യയാണെന്നുള്ള കണക്ക് പുറത്തുവന്നത്. മൊത്തം ഡീസല്‍ ഇറക്കുമതിയുടെ 15.5 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു. കീവ് ആസ്ഥാനമായുള്ള ഓയില്‍ മാര്‍ക്കറ്റ് അനലിറ്റിക്സ് സ്ഥാപനമായ നാഫ്റ്റോറിനോക്കിന്റെ കണക്കുകള്‍ പ്രകാരം, ഇന്ത്യ പ്രതിദിനം ശരാശരി 2,700 ടണ്‍ ഡീസല്‍ യുക്രൈനിലേക്ക് കയറ്റുമതി ചെയ്തു.
ജൂലൈയില്‍ മാത്രം ഇന്ത്യ 83,000 ടണ്‍ ഡീസല്‍ യുക്രൈന് നല്‍കി. 2024 ജൂലൈയില്‍ ഇന്ത്യയുടെ വിഹിതം വെറും 1.9 ശതമാനം മാത്രമായിരുന്ന സ്ഥാനത്തുനിന്നാണ് ഈ കുതിച്ചുചാട്ടം. 2025 ഏപ്രിലില്‍ യുക്രൈന്റെ ഡീസല്‍ ഇറക്കുമതിയുടെ 15.9 ശതമാനം ഇന്ത്യ നല്‍കിയിരുന്നു.
റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയിരുന്നു. റഷ്യയുമായുള്ള എണ്ണ ഇടപാട് യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് സാമ്പത്തിക സഹായമാവുന്നുവെന്ന് യുഎസ് ആരോപിക്കുകയും ചെയ്തു. എന്നാല്‍, റഷ്യന്‍ എണ്ണ സംസ്‌കരിക്കുന്ന അതേ ഇന്ത്യന്‍ റിഫൈനറികള്‍ തന്നെയാണ് ഇപ്പോള്‍ യുക്രൈന്റെ യുദ്ധകാല സമ്പദ്വ്യവസ്ഥയെ നിലനിര്‍ത്താന്‍ ആവശ്യമായ ഇന്ധനം നല്‍കുന്നത്.
നാഫ്റ്റോറിനോക്കിന്റെ കണക്കനുസരിച്ച്, ഇന്ത്യയില്‍ നിന്നുള്ള ഡീസല്‍ പല മാര്‍ഗങ്ങളിലൂടെയാണ് യുക്രൈനില്‍ എത്തുന്നത്. വലിയ പങ്കും റൊമാനിയ വഴിയാണ് അയക്കുന്നത്. ഇത് ഡാന്യൂബ് നദിയിലെ തുറമുഖങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നു. മറ്റൊരു മാര്‍ഗ്ഗം തുര്‍ക്കിയിലെ മര്‍മര എറെഗ്ലിസി ടെര്‍മിനലാണ്. ഭാഗികമായ ഉപരോധങ്ങള്‍ നിലവിലുണ്ടെങ്കിലും തുര്‍ക്കി പെട്രോളിയം കമ്പനിയായ ഓപെറ്റ് പ്രവര്‍ത്തിപ്പിക്കുന്ന ഈ ടെര്‍മിനല്‍ ഇപ്പോഴും സജീവമാണ്.
ഈ വര്‍ഷത്തെ ഏഴു മാസത്തെ കണക്കനുസരിച്ച് യുക്രൈന്റെ ഡീസല്‍ ഇറക്കുമതിയുടെ 10.2 ശതമാനം ഇന്ത്യയാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് വെറും 1.9 ശതമാനം മാത്രമായിരുന്നു. അഞ്ചിരട്ടി വര്‍ധന ആനുപാതികമായി പല യൂറോപ്യന്‍ കയറ്റുമതിക്കാരെയും മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചു. എന്നാല്‍, ഗ്രീസ്, തുര്‍ക്കി എന്നീ രാജ്യങ്ങളെക്കാള്‍ കുറഞ്ഞ അളവിലാണ് ഇന്ത്യയുടെ കയറ്റുമതി. എങ്കിലും ജൂലൈയിലെ കണക്കുകള്‍ പ്രകാരം ഇന്ത്യ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
Also Read:
എന്നാല്‍ റഷ്യയുമായുള്ള വ്യാപാരബന്ധം നിലനിര്‍ത്തുന്നതില്‍ ഇന്ത്യ, ചൈന, ബ്രസീല്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി കഴിഞ്ഞ മാസം യുഎസ് രംഗത്തെത്തിയിരുന്നു. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരെയാണ് യുഎസ് നീക്കം. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീല്‍ രാജ്യങ്ങള്‍ക്കുമേല്‍ കനത്ത തീരുവ ചുമത്തുമെന്നും അതുവഴി അവരുടെ സമ്പദ്വ്യവസ്ഥ തകര്‍ക്കുമെന്നും യുഎസ് സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാമാണ് മുന്നറിയിപ്പ് നല്‍കിയത്.
ആരാണ് ഈ ലിന്‍ഡ്സെ ഗ്രഹാം? ആദ്യം ട്രംപിന്റെ വിമര്‍ശകനായിരുന്നെങ്കിലും പിന്നീട് ട്രംപ് പ്രസിഡന്റായതോടെ നിലപാട് മാറ്റുകയും ട്രംപിന്റെ അടുപ്പക്കാരനായിമാറുകയും ചെയ്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരേ കനത്ത നികുതി ചുമത്തണമെന്ന് നേരത്തെയും അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട് ഇയാള്‍. അവസരവാദ നിലപാടുകള്‍ക്ക് പേരുകേട്ട ആള്‍. പലപ്പോഴും ട്രംപിന്റെ യുക്തിരഹിതമായ നികുതി പ്രഖ്യാപനങ്ങള്‍ക്കു പിന്നില്‍ സ്വാധീനശക്തിയായി ഗ്രഹാം പ്രവര്‍ത്തിച്ചിരുന്നു എന്നാണ് വിലയിരുത്തല്‍.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സഹായിയായ ഇയാള്‍, ഒരു മുന്‍ യുഎസ് വ്യോമസേന ഉദ്യോഗസ്ഥനും അഭിഭാഷകനുമാണ്. 2003 മുതല്‍ സൗത്ത് കരോലിനയിലെ മൂന്നാം കോണ്‍ഗ്രസ്ഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നുള്ള യുഎസ് സെനറ്ററാണ്. നിലവില്‍ സെനറ്റ് ബജറ്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് ലിന്‍ഡ്സെ ഗ്രഹാം. കൂടാതെ 2019-നും 2021-നും ഇടയില്‍ ഒരു യുഎസ് സെനറ്റ് കമ്മിറ്റിയുടെ അധ്യക്ഷനുമായിരുന്നു. യുഎസ് എയര്‍ഫോഴ്സില്‍ റസര്‍വ് അംഗമായിരുന്ന ഇദ്ദേഹം 2015-ല്‍ കേണല്‍ പദവിയില്‍ നിന്നാണ് വിരമിച്ചത്. 2016-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി ശ്രമിച്ചിരുന്നു. അക്കാലത്ത് ട്രംപിന്റെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ചിരുന്നുവെങ്കിലും ട്രംപ് വൈറ്റ് ഹൗസില്‍ പ്രവേശിച്ചതോടെ ഗ്രഹാം നിലപാട് മാറ്റി. മുന്‍കാലങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം, തോക്ക് നിയന്ത്രണ നിയമനിര്‍മാണം തുടങ്ങിയ വിഷയങ്ങളില്‍ ഉഭയകക്ഷി സമവായത്തിനായും പ്രവര്‍ത്തിച്ചിരുന്നു.
നേരത്ത റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് തടയാന്‍ ഇന്ത്യയില്‍നിന്നും ചൈനയില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം നികുതി ചുമത്താനുള്ള യുഎസ് നീക്കത്തിനു പിന്നിലും ഈ ലിന്‍ഡ്സെ ഗ്രഹാമായിരുന്നു. ചൈനയുമായി വ്യാപാരക്കരാര്‍ ഒപ്പിടുകയും ഇന്ത്യയുമായുള്ള കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയായിരുന്നു ഇത്തരമൊരു ബില്‍ ഗ്രഹാം മുന്നോട്ടുവെച്ചത്. യുക്രൈന്‍ യുദ്ധത്തില്‍നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ അവരെ സാമ്പത്തികമായി ഒറ്റപ്പെടുത്തുക എന്നതാണ് ബില്ലിന്റെ ഉദ്ദേശം.
Watch Video:
https://www.youtube.com/watch?v=5BCBe_CcafA
റഷ്യന്‍ എണ്ണയുടെ 70 ശതമാനവും വാങ്ങുന്ന ഇന്ത്യയും ചൈനയും യുഎസില്‍ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കണമെങ്കില്‍ ഉയര്‍ന്ന നികുതി നല്‍കുകതന്നെ വേണമെന്നാണ് ലിന്‍ഡ്‌സെ ഗ്രഹാം പറയുന്നത്. ബില്‍ നിയമം ആയാല്‍ ഇന്ത്യയുടെ ഫാര്‍മ, ടെക്‌സ്റ്റൈല്‍, ഐടി മേഖലകളെ സാരമായി ബാധിക്കും.
കഴിഞ്ഞദിവസം ഫോക്സ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിനിടെയാണ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീല്‍ രാജ്യങ്ങള്‍ക്കുമേല്‍ കനത്ത തീരുവ ചുമത്തുമെന്ന് ഗ്രഹാം ഭീഷണ മുഴക്കിയത്. ഈ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍, അവര്‍ കൂടുതല്‍ ഉയര്‍ന്ന തീരുവ നേരിടേണ്ടിവരുമെന്ന് ലിന്‍ഡ്സെ ഗ്രഹാം വ്യക്തമാക്കി. എണ്ണയുമായി ബന്ധപ്പെട്ട ഇറക്കുമതികള്‍ക്ക് 100 ശതമാനം തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുടെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ഈ മൂന്ന് രാജ്യങ്ങളാണെന്നും ഈ വ്യാപാര ബന്ധം വ്ളാദിമിര്‍ പുടിന് യുക്രൈനിലെ യുദ്ധത്തിന് ധനസഹായം നല്‍കാന്‍ സഹായിക്കുന്നുണ്ടെന്നും ഗ്രഹാം ആരോപിച്ചു.
'റഷ്യന്‍ എണ്ണ വാങ്ങുന്ന ആളുകള്‍ക്ക് - ചൈന, ഇന്ത്യ, ബ്രസീല്‍ എന്നിവര്‍ക്ക് ട്രംപ് തീരുവ ചുമത്താന്‍ പോകുന്നു. ചൈനയോടും ഇന്ത്യയോടും ബ്രസീലിനോടും ഞാന്‍ പറയുന്നത് ഇതാണ്; ഈ യുദ്ധം തുടരാന്‍ നിങ്ങള്‍ വിലകുറഞ്ഞ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുകയാണെങ്കില്‍, ഞങ്ങള്‍ നിങ്ങളെ തകര്‍ക്കും, നിങ്ങളുടെ സമ്പദ്വ്യവസ്ഥ തകര്‍ക്കും', അഭിമുഖത്തില്‍ ഗ്രഹാം പറഞ്ഞു.
റഷ്യയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡോയില്‍ വാങ്ങുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. 2022-ല്‍ യുക്രൈനിലേക്ക് റഷ്യ അധിനിവേശം നടത്തിയതിന് ശേഷം റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് ഇന്ത്യ കുത്തനെ വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു.
പരമാധികാര രാഷ്ട്രങ്ങളെ ആക്രമിച്ച് സോവിയറ്റ് യൂണിയനെ പുനരുജ്ജീവിപ്പിക്കാന്‍ പുടിന്‍ ശ്രമിക്കുന്നതായും ഇദ്ദേഹം ആരോപിച്ചു. മറ്റ് രാജ്യങ്ങളില്‍ അധിനിവേശം നടത്തി പഴയ സോവിയറ്റ് യൂണിയനാകാനാണ് പുടിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരമാധികാരം സംരക്ഷിക്കുമെന്ന ഉറപ്പിന്‍മേല്‍ 1700 കിലോ ആണവായുധങ്ങളാണ് യുക്രെയ്ന്‍ റഷ്യക്ക് കൈമാറിയത്. എന്നാല്‍, ഈ ഉറപ്പ് പുടിന്‍ ലംഘിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.