/kalakaumudi/media/media_files/2025/09/27/petal-2025-09-27-08-30-19.jpg)
ന്യൂയോര്‍ക്ക്: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് ഇന്ത്യയുടെ ശക്തമായ മറുപടി. ഷെരീഫിന്റെ പരാമര്‍ശങ്ങളെ 'അസംബന്ധ നാടകങ്ങള്‍' എന്ന് വിശേഷിപ്പിച്ച ഇന്ത്യ, 'ഒരു നാടകത്തിനും യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവക്കാനാവില്ല' എന്നും വ്യക്തമാക്കി. മറുപടി പ്രസംഗം നടത്തിയ ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റല്‍ ഗഹ്ലോട്ട്, പാകിസ്ഥാന്റെ വിദേശനയത്തിന്റെ കാതലായ ഭീകരവാദത്തെ വീണ്ടും മഹത്വവല്‍ക്കരിക്കുന്ന കാഴ്ചയാണ് അസംബ്ലിയില്‍ കണ്ടതെന്ന് വിമര്‍ശിച്ചു.
പാകിസ്ഥാന്റെ ഭീകരവാദ ചരിത്രം ചൂണ്ടിക്കാട്ടി ഗഹ്ലോട്ട് കടുത്ത വിമര്‍ശനമുയര്‍ത്തി. 'ഒരു നാടകത്തിനും എത്ര വലിയ നുണകള്‍ക്കും വസ്തുതകളെ മറച്ചുവക്കാനാവില്ല. ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ 'റെസിസ്റ്റന്‍സ് ഫ്രണ്ട്' എന്ന പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരസംഘടനയെ, 2025 ഏപ്രില്‍ 25-ന് യുഎന്‍ രക്ഷാസമിതിയില്‍ വച്ച് സംരക്ഷിക്കാന്‍ ശ്രമിച്ച അതേ പാകിസ്ഥാനാണ് ഇത്,' ഗഹ്ലോട്ട് പറഞ്ഞു.
Also Read:
വര്‍ഷങ്ങളായി ഭീകരവാദത്തെ വളര്‍ത്തുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒരു രാജ്യം ഇത്രയും വിചിത്രമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അത്ഭുതമില്ല. ഒസാമ ബിന്‍ ലാദനെ ഒരു പതിറ്റാണ്ടോളം സംരക്ഷിക്കുകയും അതേ സമയം ഭീകരവാദത്തിനെതിരായ യുദ്ധത്തില്‍ പങ്കാളിയായി അഭിനയിക്കുകയും ചെയ്ത രാജ്യമാണിത്. തങ്ങള്‍ പതിറ്റാണ്ടുകളായി ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് അവരുടെ മന്ത്രിമാര്‍ അടുത്തിടെ സമ്മതിച്ച കാര്യവും ഈ വേളയില്‍ ഓര്‍ക്കണം.ഈ ഇരട്ടത്താപ്പ് അതിന്റെ പ്രധാനമന്ത്രിയുടെ തലത്തില്‍ പോലും തുടരുന്നതില്‍ ഒട്ടും അതിശയിക്കേണ്ടതില്ലെന്നും പെറ്റല്‍ ഗഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, യുഎന്‍ പൊതുസഭയില്‍ സംസാരിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, മെയ് മാസത്തിലെ സൈനിക നടപടിക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യുന്നതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'സജീവ പങ്ക്' വഹിച്ചതായി അവകാശപ്പെട്ടിരുന്നു. പഹല്‍ഗാം ആക്രമണത്തിന് ശേഷം ഇന്ത്യ 'രാഷ്ട്രീയ നേട്ടം' നേടാന്‍ ശ്രമിച്ചുവെന്നും നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുവെന്നും ഷെരീഫ് ആരോപിച്ചു.
തങ്ങളുടെ 'പ്രദേശിക അഖണ്ഡതയും ദേശീയ സുരക്ഷയും ലംഘിക്കപ്പെട്ടപ്പോള്‍,' യുഎന്‍ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ 51 അനുസരിച്ചുള്ള 'സ്വയം പ്രതിരോധത്തിനുള്ള അവകാശം' ഉപയോഗിച്ചാണ് പാക് സേന പ്രതികരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏഴ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്നും, അദ്ദേഹം തെറ്റായ അവകാശവാദം ആവര്‍ത്തിച്ചു. ഇതിനുപുറമെ, ഷെരീഫ് സിന്ധു നദീജല കരാര്‍ ലംഘിച്ചുവെന്ന് ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തു. ഈ ആരോപണങ്ങള്‍ക്കാണ് ഇന്ത്യ യുഎന്നില്‍ ശക്തമായ മറുപടി നല്‍കിയത്.
അതേസമയം, യുഎന്‍ പൊതുസഭയില്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തരയോടെ പ്രസംഗിക്കും. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷബാസ് ഷെരീഫ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ഇന്ത്യ കൃത്യമായ മറുപടി നല്‍കിയേക്കും. ഊര്‍ജസുരക്ഷ, ഭീകരവാദം, ഗ്ലോബല്‍ സൗത്ത് തുടങ്ങിയ വിഷയങ്ങളും പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയേക്കും. റഷ്യ, ജര്‍മനി, യുഎഇ, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ഇന്ന് പൊതുസഭയില്‍ പ്രസംഗിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
