ഗാസ: ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കഴിഞ്ഞ ദിവസം 26 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പലസ്തീൻ പ്രതിരോധ സേനയുടെ വക്താവ് മഹ്‌മൂദ് ബസലാണ് 26 പേർ കൊല്ലപ്പെട്ട വിവരം അറിയിച്ചത്. ഗാസയിലെ വിവിധയിടങ്ങളിൽ നടന്ന ആക്രമണത്തിലാണ് ഇത്രയും പേർ കൊല്ലപ്പെട്ടതെന്നാണ് വിവരം.
വടക്കൻ ഗാസയിലെ ബെയ്ത് ഹനൂണിൽ നടത്തിയ ഇസ്രയേൽ ഷെല്ലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ തന്നെ അഭയാർത്ഥി ക്യാമ്പാക്കി മാറ്റിയ സ്‌കൂളിലും ആക്രമണം നടന്നു. ഈ ആക്രമണത്തിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയുമടക്കം അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
കിഴക്കൻ ഗാസ സിറ്റിയിൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം 11 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഗാസ സിറ്റിയിലെ സ്‌കൂളിൽ നടന്ന ഷെല്ലാക്രമണത്തിൽ അഞ്ച് പേരും മഗാസി അഭയാർത്ഥി ക്യാമ്പിലെ വീട്ടിൽ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ രണ്ട് പേരും, തെക്കൻ ഖാൻ യൂനുസിലെ ആക്രമണത്തിൽ ഒരാളും കൊല്ലപ്പെട്ടു.
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ പലസ്തീനിൽ 41,182 പേരാണ് കൊല്ലപ്പെട്ടത്. 95,280 പേർക്ക് പരിക്കേറ്റതായും കഴിഞ്ഞ ദിവസം ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. റഫായിലെ റെസിഡൻഷ്യൽ കെട്ടിടങ്ങളും ഇസ്രയേൽ തകർക്കുന്നുവെന്ന് വാർത്താ ഏജൻസിയായ അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. തൽ അസ് സുൽത്താനിലെ കെട്ടിടമാണ് തകർക്കുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൂടാതെ റഫാ സിറ്റിയിലെ അൽ മവാസി പ്രദേശത്ത് ഇസ്രയേൽ ബോംബാക്രമണം നടത്തുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.
അതേസമയം മധ്യ ഇസ്രയേലിൽ മിസൈലാക്രമണം നടന്നിട്ടുണ്ടെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. യെമനിൽ നിന്നാണ് മിസൈലാക്രമണം നടന്നതെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.