ഇസ്രയേലിനെതിരായ യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഹമാസ്

ഗാസയില്‍ ഹമാസിന് ഇനി സൈനിക ബലമില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഹമാസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

author-image
anumol ps
New Update
hamas
Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ഗാസ: ഇസ്രയേലിനെതിരെ നടക്കുന്ന യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഹമാസ്. ഇസ്രയേലിനെതിരെ ചെറുത്തുനില്‍ക്കാനുള്ള ശേഷി ഇപ്പോഴും പലസ്തീന്‍ ഇസ്ലാമിസ്റ്റ് പ്രസ്ഥാനത്തിനുണ്ടെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ഒസാമ ഹംദാന്‍ പറഞ്ഞു. 11 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ പലസ്തീന് വേണ്ടി ജീവത്യാഗം ചെയ്തവരും രക്തസാക്ഷികളും നിരവധിയുണ്ട്. ഇവരിലൂടെ പുതിയ അനുഭവങ്ങളും പുതുതലമുറയ്ക്ക് ആവശ്യമായ പ്രചോദനവുമാണ് ലഭിച്ചത്. ഇതുവഴി ശക്തമായ ചെറുത്തുനില്‍പ്പിന് പുതുതലമുറയെ പ്രാപ്തരാക്കാനായെന്നും ഒസാമ ഹംദാന്‍ വ്യക്തമാക്കി. 

ഗാസയില്‍ ഹമാസിന് ഇനി സൈനിക ബലമില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഹമാസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും വലിയ ഒരു യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്നും തുടര്‍ച്ചയായുള്ള ആക്രമണം വ്യക്തമാക്കുന്നത് ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള കഴിവില്ലെന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, കഴിഞ്ഞ 11 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിന് ഇപ്പോഴും അയവുണ്ടായിട്ടില്ല. ഒക്ടോബര്‍ 7ന് ആരംഭിച്ച യുദ്ധത്തില്‍ ഇരുഭാഗത്തും വലിയ നാശനഷ്ടമാണ് ഉണ്ടായത്. തെക്കന്‍ ഇസ്രായേലില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 1,205 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികമായി പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇസ്രായേലിന്റെ സൈനിക നടപടികളില്‍ ഗാസയില്‍ 41,206 പേര്‍ കൊല്ലപ്പെട്ടതായാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎസ്, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥത ചര്‍ച്ചകള്‍ വഴിമുട്ടിയതും നാശനഷ്ടങ്ങളുടെ വ്യാപ്തി കൂട്ടി. 

hamas gaza israel Attack