എവിടേക്ക് പോകും? നിസ്സഹായരായി പലസ്തീന്‍ ജനത

ഹമാസിനേക്കാള്‍ ലെബനനും ഹിസ്ബുള്ളയും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ ലെബനന്‍ അതിര്‍ത്തിയിലേക്ക് ശ്രദ്ധ തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്്.

author-image
Rajesh T L
New Update
palestine
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇസ്രയേല്‍ ടാങ്കുകള്‍ ആക്രമണവുമായി മുന്നോട്ടു നീങ്ങവെ ജീവന്‍ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് പലസ്തീന്‍ ജനത. കഴിഞ്ഞ 24 മണിക്കൂറില്‍ 47 പേര്‍ കൊല്ലപ്പെട്ടെന്നും 52 പേര്‍ക്ക് പരിക്കുപറ്റിയെന്നും ഗസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആയിരക്കണക്കിനു കുട്ടികളുടെ ജീവനറ്റ ശരീരങ്ങള്‍ ഇപ്പോഴും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഉണ്ടെന്ന് യുനിസഫും പറയുന്നു. 

പരിക്കേറ്റവര്‍ക്ക് ആശുപത്രികളില്‍ ചികിത്സ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കണ്ടുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് അല്‍ അഖ്‌സ ആശുപത്രിയിലെ ഒരു ജീവനക്കാരന്‍ അല്‍ ജസീറയോട് പറഞ്ഞത്.

ആക്രമണത്തില്‍ പരിക്കേറ്റവരുടെ ശസ്ത്രക്രിയ നടത്തുന്നത് അനസ്‌തേഷ്യ പോലും നല്‍കാതെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആക്രമണം ശക്തമാക്കിയതോടെ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാല്‍, ചികിത്സാ സൗകര്യങ്ങളുടെ അഭാവം ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റിക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതിനിടെ, ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ അഭാവം ഗസയില്‍ രൂക്ഷമായി. ഭക്ഷണത്തിന്റെ വില കുതിച്ചുയരുകയാണ്. സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ആളുകള്‍ വിശപ്പടക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകര്‍ വരാത്ത ദിവസങ്ങളില്‍ മുഴുപ്പട്ടിണിയിലാണെന്നും ഖാന്‍ യൂനിസിലെ വീട്ടമ്മയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതിനിടെ, ഗസ നഗരത്തിലെ ഷുജയയില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം ശക്തമാക്കി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നും ഇവിടെ നിന്ന് ആളുകള്‍ മറ്റിടങ്ങളിലേക്ക് പ്രാണരക്ഷാര്‍ത്ഥം രക്ഷപ്പെടുകയാണെന്നും ഹമാസ് വക്താവ് അറിയിച്ചു. 

മറ്റു പ്രദേശങ്ങളില്‍ നിന്ന് അഭയം തേടിയാണ് പലസ്തീന്‍ ജനത ഷുജയ നഗരത്തിലും തുഫയിലും എത്തിയത്. ഈ പ്രദേശങ്ങളിലേക്കും ആക്രമണം എത്തിയതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് ആളുകള്‍. ഈ പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോകാനുള്ള നിര്‍ദ്ദേശവും ഇസ്രയേല്‍ സൈന്യം നല്‍കിയിട്ടുണ്ട്.

ഹമാസിനേക്കാള്‍ ലെബനനും ഹിസ്ബുള്ളയും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ ലെബനന്‍ അതിര്‍ത്തിയിലേക്ക് ശ്രദ്ധ തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്്. ഗസയിലെ ആക്രമണം കുറച്ചിട്ട് ലെബനനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇസ്രയേലിന്റെ നീക്കം. 

ഇസ്രയേല്‍-ലെബനന്‍ സംഘര്‍ഷം ശക്തമായതോടെ ആശങ്ക അറിയിച്ചിരിക്കുകയാണ് ഫ്രാന്‍സ്. ഹിസ്ബുള്ളയുമായി ഇസ്രയേല്‍ പോരാട്ടം നടത്തിയാല്‍ ലെബനന്‍ ശിലായുഗത്തിലേക്ക് മടങ്ങി പോകും എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

israel Palestine gaza lebanon