/kalakaumudi/media/media_files/2025/01/16/oIolFBXFgw67058A6CI0.jpg)
Gaza Attack (File)
ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. വടക്കന്‍ ഗാസയില്‍ ഇക്കഴിഞ്ഞ രാത്രി രൂക്ഷമായ ഷെല്ലാക്രമണമാണ് നടന്നത്. ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് . അതിരൂക്ഷമായ ആക്രമണമാണ് നടന്നതെന്ന് അല്‍ ജസീറയും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഹമാസുമായുള്ള കരാര്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്. ഖത്തര്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ചേര്‍ന്ന് പ്രഖ്യാപിച്ച കരാര്‍ താന്‍ അംഗീകരിക്കുന്നുണ്ടോ എന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടില്ല. നിലവില്‍ പ്രഖ്യാപിച്ച കരാറിന്റെ വിശദാംശങ്ങള്‍ അന്തിമമാകുന്ന മുറയ്ക്ക് ഔപചാരിക പ്രതികരണം നല്‍കുമെന്നാണ് നെതന്യാഹു പ്രസ്താവനയില്‍ പറയുന്നത്.
15 മാസം നീണ്ടുനിന്ന യുദ്ധത്തിന് വിരാമമിട്ട് നിരവധി ബന്ദികള്‍ക്ക് നാട്ടിലേക്ക് പോകാനുള്ള വഴിയൊരുക്കിയിരിക്കുകയാണ് നിലവിലെ കരാര്‍. എന്നാല്‍ ഗാസയില്‍ ഇരു കക്ഷികളും ധാരണയിലെത്തിയതായി ഖത്തറും യുഎസും പ്രസ്താവനയില്‍ പറഞ്ഞതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന പുറത്തുവന്നത്.
സമാധാന കരാര്‍ ആദ്യ ഘട്ടത്തിന്റെ കാലാവധി 42 ദിവസമാണ്. ആറ് ആഴ്ചകള്‍ക്ക് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കും. അത് ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ അവസാനമായിരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ മേയില്‍ അമേരിക്ക മുന്നോട്ട് വച്ച സമാധാന കരാറിന്റെ കരട് രേഖയാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായത്. ഗസയിലെ ശത്രുത അവസാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു, അമേരിക്കയും ഈജിപ്തും ഖത്തറും ചേര്‍ന്ന് നടത്തിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം വെടിനിര്‍ത്തലും ബന്ദികളെ വിട്ടയയ്ക്കുന്നതിലും ഉടമ്പടിയും ഉണ്ടായതായും ബൈഡന്‍ വ്യക്തമാക്കി.
നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കരാറിന്റെ ക്രെഡിറ്റ് എടുക്കാന്‍ രംഗത്ത് എത്തി, വെടിനിര്‍ത്തല്‍ കരാര്‍ നവംബറിലെ തന്റെ ചരിത്ര വിജയത്തിന്റെ ഫലമായി ഉണ്ടായതാണേന്നും തന്റെ ഭരണം എല്ലാ അമേരിക്കക്കാരുടെയും സഖ്യകക്ഷികളുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 2023 ഒക്ടോബറില്‍ ആരംഭിച്ച ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ 46,000 പലസ്തീനികള്‍ കൊല്ലപ്പെട്ടു.
നേരത്തെ, ഹമാസുകാര്‍ തെക്കന്‍ ഇസ്രയേലിലേക്ക് ഇരച്ചുകയറുകയും 1,200 ഓളം ആളുകളെ വധിക്കുകയും 250 ഓളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഗാസയില്‍ ബന്ദികളാക്കിയ 100 ഓളം പേര്‍ മരിച്ചതായാണ് വിവരം.
1967ല്‍ അറബ്-ഇസ്രയേലി പ്രശ്‌നങ്ങള്‍ ആരംഭിച്ചതിനു ശേഷം ഇസ്രയേലിന്റെ കൈവശമുള്ള വെസ്റ്റ് ബാങ്ക് പരിസരത്ത് ഇത്രയധികം നാശനഷ്ടങ്ങളുണ്ടായത് ഇപ്പോഴാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒന്നാം ലോകമഹായുദ്ധത്തില്‍ ഓട്ടോമന്‍ സാമ്രാജ്യം തകര്‍ന്നതോടെ ജൂതരും അറബികളും താമസിച്ചിരുന്ന പലസ്തീന്‍ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായി. ബ്രിട്ടന്‍ അവിടം ജൂത പൈതൃക ഭൂമിയാക്കി മാറ്റി. അതോടുകൂടി രണ്ടു വിഭാഗവും തമ്മിലുള്ള പോര് ശക്തമായി. 1920-40 കാലഘട്ടത്തില്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ജര്‍മന്‍ നാസികള്‍ ചെയ്ത കൂട്ടക്കൊലകളുടെ കാലത്തായിരുന്നു (ഹോളോകോസ്റ്റ്) പലസ്തീനിലേക്ക് വലിയ തോതിലുള്ള ജൂത കുടിയേറ്റത്തിന് സാക്ഷ്യം വഹിച്ചത്. പിന്നാലെ, ഭൂപ്രദേശത്ത് ജൂതരും അറബികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി.
1947 ല്‍ പലസ്തീനെ രണ്ടായി മുറിക്കാന്‍ ഐക്യരാഷ്ട്രസഭ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. ജൂതര്‍ക്കും അറബികള്‍ക്കും വ്യത്യസ്ത രാജ്യം എന്നതായിരുന്നു ആശയം. അതേസമയം ജൂത - അറബ് - ക്രിസ്ത്യന്‍ വിശ്വാസങ്ങളുടെ വാഗ്ദത്ത ഭൂമിയായ ജെറുസലേം രണ്ട് വിഭാഗത്തിനൊപ്പവുമല്ലാതെ സ്വതന്ത്രമായി നിലകൊള്ളും എന്നായിരുന്നു ഐക്യരാഷ്ട്ര സഭയുടെ തീരുമാനം. ജൂതനേതൃത്വം ഈ നീക്കത്തില്‍ പൂര്‍ണ്ണ തൃപ്തരായിരുന്നു. എന്നാല്‍ അറബികള്‍ ഇതിനെ എതിര്‍ത്തു. അതുകൊണ്ട് തന്നെ ഇതുവരെ അത് നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. ആധുനിക ചരിത്രത്തിലെ ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷങ്ങള്‍ക്ക് ഇതോടെ തുടക്കമാവുകയായിരുന്നു.
1948 ല്‍ ബ്രിട്ടീഷുകാര്‍ പലസ്തീന്‍ വിട്ടു. അതോടെ ജൂതര്‍ ഇസ്രായേല്‍ എന്ന രാജ്യം രൂപീകരിച്ചു. പലസ്തീനികള്‍ക്ക് യാതൊരു യോജിപ്പും ഉണ്ടായിരുന്നില്ല. ഒടുവില്‍ ആയിരക്കണക്കിന് പലസ്തീനികള്‍ക്ക് അവരുടെ സ്വന്തം മണ്ണ് നഷ്ടപ്പെട്ട് വീടു വിട്ടിറങ്ങേണ്ടിവന്നു.
1948ന് ശേഷം പലസ്തീനും ഇസ്രയേലും പരസ്പരം നിരവധി തവണ പോരടിക്കുന്ന അവസ്ഥയുണ്ടായി. ആയിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതിനിടെയാണ് പാലസ്തീന്‍ വിമോചന സ്വപ്നങ്ങളുമായി ഹമാസ് എന്ന സായുധ സംഘടനയും കളം നിറയുന്നത്. പലസ്തീനിയന്‍ ക്ലറിക്ക് ഷെയ്ഖ് അഹമ്മദ് യാസിന്‍, മുസ്ലിം ബ്രദര്‍ഹുഡ് എന്ന സുന്നി ഇസ്ലാമിസ്റ്റ് സംഘടനയുടെ രാഷ്ട്രീയ സംഘമായി 1987ലാണ് രൂപീകരിക്കപ്പെടുന്നത്. സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു സംഘടനയില്‍ നിന്ന് സായുധ പോരാട്ടം തുടങ്ങിയ ഹരാകത് അല്‍ മുഖവാമ അല്‍ ഇസ്ലാമിയ എന്ന ഹമാസ് സേനാബലമുള്ള ഒരു രാഷ്ട്രീയ സംഘമായി മാറുകയായിരുന്നു.
ഇതിന് പിന്നാലെ കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കൈവിട്ട് പോകാവുന്ന ഒരു സംഘര്‍ഷ ഭൂമിയായി ഗാസ പശ്ചിമേഷ്യയുടെ നീറുന്ന മുറിവായിമാറി. രണ്ട് പ്രധാനപ്പെട്ട ഏറ്റുമുട്ടലുകള്‍ക്കാണ് പലസ്തീനും ഇസ്രയേലും സാക്ഷ്യം വഹിച്ചത്. 1990ല്‍ അവസാനിച്ച രണ്ടാമത്തേതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്നത്. ഏറ്റുമുട്ടലുകള്‍ക്ക് ഇന്റിഫഡാസ് എന്നാണ് പറഞ്ഞിരുന്നത്. രണ്ടു തവണത്തേയും ഏറ്റുമുട്ടലുകളില്‍ ഹമാസ് പങ്കാളികളായിരുന്നു.
2000 ജൂലൈ 11ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ക്യാമ്പ് ഡേവിഡ് ഉച്ചകോടി വിളിച്ച് ചേര്‍ത്തു. ഇസ്രയേല്‍ പ്രധാനമന്ത്രി ഏഹ്ദ് ബാരക്കും പലസ്തീനിയന്‍ ചെയര്‍മാന്‍ യാസിര്‍ അറഫാത്തിനെയും ഒരുമിച്ചിരുത്തി ഒരു അവസാനവട്ട മധ്യസ്ഥശ്രമമായിരുന്നു അത്. പക്ഷെ പരാജയപ്പെട്ടു.
'ഓപറേഷന്‍ അല്‍-അഖ്‌സ ഫ്‌ളഡ്' ദൗത്യം എന്നായിരുന്നു ആക്രമണങ്ങളെ ഹമാസ് വിശേഷിപ്പിച്ചത്. ഇത് അവസാനത്തെ പോരാട്ടം എന്ന നിലയിയിലാണ് പലസ്തീന്‍ പക്ഷം നടപടിയെ കാണുന്നത്. വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ അനുകൂലികളായ മുഴുവന്‍ പേരെയും ഒരുമിപ്പിച്ച് പോരാടാനുള്ള ആഹ്വാനമാണ് ഹമാസ് നല്‍കുന്നത്. ജെറുസലേമിലും, ഗാസയിലും, വെസ്റ്റ് ബാങ്കിലുമാണ് പ്രധാനമായും ഹമാസിന്റെ സേനാംഗങ്ങള്‍ തമ്പടിച്ച് യുദ്ധം നയിച്ചത്.
ഹമാസിന് ആയുധങ്ങള്‍ ലഭിക്കാതിരിക്കാന്‍ എല്ലാവഴികളും തടയുക എന്ന ഉദ്ദേശത്തിലാണ് ഇസ്രയേലിന്റെ കളി. പ്രത്യേകിച്ച് ഗാസ ബോര്‍ഡറില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ കാരണം ആളുകള്‍ക്ക് അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണവും വെള്ളവും പോലും ലഭിക്കാത്ത അവസ്ഥയാണ് വീണ്ടും ഉണ്ടായിരിക്കുന്നത്. ഗാസ ബോര്‍ഡറുകള്‍ അടച്ചതും വെസ്റ്റ് ബാങ്കില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളും പലസ്തീനിലെ വീടുകള്‍ തകര്‍ക്കപ്പെട്ടതും ആളുകളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍ പലസ്തീനിയന്‍ അക്രമങ്ങളെ ചെറുക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് ഇസ്രയേല്‍ പറയുന്നത്.