/kalakaumudi/media/media_files/lKQvvcQrdgTZ5shMZn14.webp)
മധ്യ ഗാസ മുനമ്പിലെ അഭയാര്‍ഥികള്‍ താമസിക്കുന്ന സ്‌കൂളിന് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു. ദേര്‍ അല്‍ ബലാഹ് പട്ടണത്തിലെ റുഫൈദ അല്‍ അസ്‌ലമിയ സ്‌കൂളിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ 50 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് നിന്നുള്ള ഒരു വീഡിയോയില്‍ പ്രദേശത്ത് പുക മൂടിയതും പരിക്കേറ്റവരെ സഹായിക്കാന്‍ ആളുകള്‍ ഓടുന്നതും നിരവധി കുട്ടികള്‍ പ്രാദേശിക അല്‍അഖ്‌സ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതും കാണാം. സ്‌കൂളിലെ കമാന്‍ഡ് ആന്‍ഡ് കണ്ട്രോള്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് സംഘത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.
ഒരു വര്‍ഷമായി ഗാസയില്‍ തുടരുന്ന ഇസ്രായേല്‍ നരമേധത്തെ തുടര്‍ന്ന് വീടുകളില്‍ നിന്ന് പലായനം ചെയ്ത 1.9 ദശലക്ഷം പലസ്തീനികള്‍ക്ക് വിവിധ സ്‌കൂളുകളിലാണ് അഭയം നല്‍കിവരുന്നത്. ഈ അഭയ കേന്ദ്രങ്ങള്‍ ഹമാസിന്റെ കമാന്‍ഡ് സെന്ററുകളായി മാറുന്നുവെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ സൈന്യം ഇവിടം ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത്.
2023 ഒക്ടോബര്‍ 7 ന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ ഗാസയില്‍ 42,060 ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി പ്രദേശത്തെ ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
