Israeli Military Operations in Gaza to Continue
ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഗസ അതിര്‍ത്തിയുടെ മുഴുവന്‍ നിയന്ത്രണവും പിടിച്ചെടുത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. അന്താരാഷ്ട്ര തലത്തില്‍ ഇസ്രയേല്‍ സൈനിക നീക്കങ്ങള്‍ക്ക് എതിരെ വ്യാപക വിമര്‍ശങ്ങള്‍ ഉയരുമ്പോഴും ആക്രമണം കൂടുതല്‍ രൂക്ഷമാക്കുന്നെന്ന് തെളിയിക്കുന്നതാണ് മേഖലയില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍. റഫയിലെ ജനങ്ങളെ ലക്ഷ്യംവെച്ചുള്ള ഡ്രോണ്‍ ആക്രമണം ഇസ്രയേല്‍ തുടരുകയാണെന്ന് ആംബുലന്‍സ് ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹൈതാം അല്‍ ഹമാസ് പ്രതികരിച്ചു. സുരക്ഷിത സ്ഥാനങ്ങളില്‍ താമസിക്കുന്നവരെ പോലും ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടക്കുന്നതെന്നും സഹായം തേടി നിരവധി ഫോണ്‍ കോളുകളാണ് ലഭിക്കുന്നതെന്നും ഹൈതാം വ്യക്തമാക്കി. അടിയന്തര സഹായമെത്തിക്കാനൊരുങ്ങുന്നവരെയും ഉന്നമിടുന്നതിനാല്‍ ആംബുലന്‍സുകള്‍ക്ക് പ്രദേശത്തേക്ക് എത്താനാകില്ലെന്നും ഹൈതാം ചൂണ്ടിക്കാട്ടി. ഡ്രോണുകളായി മാറ്റാനാകുന്ന ക്വാഡ്കോപ്റ്ററുകള്‍ വ്യാപകമായി ആക്രമണത്തിന് ഉപയോഗിക്കുന്നു. ഫലസ്തീനികളെ ആക്രമിക്കുന്നതിനായി ഇലക്ട്രോണിക് നിയന്ത്രിത ക്വാഡ്കോപ്റ്ററുകള്‍ മെഷീന്‍ ഗണ്ണുകളിലും മിസൈലുകളിലും ഘടിപ്പിച്ച് ഉപയോഗിക്കുന്നതായി മനുഷ്യാവകാശ സംഘടനകള്‍ കഴിഞ്ഞ ഫെബ്രുവരിയിലും വെളിപ്പെടുത്തിയിരുന്നു.