/kalakaumudi/media/media_files/2025/07/03/bombfg-2025-07-03-16-33-24.jpg)
ടെല്‍ അവീവ്: ഗാസയിലെ അല്‍-ബാഖ കഫേയില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ സൈന്യം പ്രയോഗിച്ചത് വന്‍ പ്രഹര ശേഷിയുള്ള ബോംബുകളെന്ന് റിപ്പോര്‍ട്ട്. വന്‍ സ്‌ഫോടന തരംഗമുണ്ടാക്കുന്ന ബോംബിന് 500എല്‍ബി ഭാരമുളളതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെ നിരവധി സാധാരണക്കാര്‍ സംഭവസ്ഥലത്തുളള സമയത്താണ് സൈന്യം ബോംബുകള്‍ ഉപയോഗിച്ചത്. ഇതറിഞ്ഞിട്ടും ഇത്തരത്തിലൊരു പ്രവര്‍ത്തനം ഇസ്രയേല്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് നിയമവിരുദ്ധമാണെന്നും യുദ്ധ കുറ്റമായി കണക്കാക്കണമെന്നുമുള്ള ആവശ്യവുമായി അന്താരാഷ്ട്ര നിയമ വിദഗ്ധര്‍ രംഗത്ത് വന്നിട്ടുണ്ട്.
അല്‍-ബാഖ കഫേയുടെ സമീപത്ത് നിന്ന് കണ്ടെത്തിയ ആയുധത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രം അന്തര്‍ദേശീയ മാധ്യമമായ ദി ഗാര്‍ഡിയന്‍ പുറത്ത് വിട്ടിട്ടുണ്ട്. എംകെ-82 ജനറല്‍ പര്‍പ്പസ് എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ബോംബിന് 230 കിലോഗ്രാം ഭാരമുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസ് നിര്‍മ്മിതമായ ബോംബാണ് ഇവയെന്നും വിദഗ്ധര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എംകെ-82 ബോംബ് ഉപയോഗിച്ചതെന്ന് തെളിയിക്കുന്നവയാണ് സ്‌ഫോടന സ്ഥലത്തെ സ്ഥിതി. ആക്രമണത്തില്‍ പ്രദേശത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. എംകെ-82 പോലുള്ള വലുതും ശക്തവുമായ ബോംബ് ഉപയോഗിക്കുമ്പോഴാണ് ഇത്തരത്തില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേല്‍ രംഗത്തെത്തിയിട്ടുണ്ട്. സാധാരണ ജനങ്ങള്‍ക്ക് ദോഷകരമാമാകുന്ന സാഹചര്യങ്ങള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) വക്താവ് അറിയിച്ചു. അല്‍-ബാഖ കഫേയുടെ സമീപത്തുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 24 മുതല്‍ 36 വരെ പലസ്തീനികള്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
കൊല്ലപ്പെട്ടവരില്‍ നാല് വയസ്സുള്ള ഒരു കുട്ടിയും ഉളളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്ത്രീകളടക്കം നിരവധി പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് നിലകളുള്ള തിരക്കേറിയ കഫേയാണ് അല്‍-ഖാബ. അവിടെ ഇസ്രയേല്‍ സൈന്യത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്നത് വ്യക്തമല്ലയെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിലെ പ്രൊഫസര്‍ ജെറി സിംപ്സണ്‍ പറഞ്ഞു. സാധാരണ ജനങ്ങളുടെ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഇസ്രയേല്‍ വ്യോമ നിരീക്ഷണം നടത്തിയിയിരുന്നു. ആക്രമണം ഉണ്ടായ സമയത്ത് കഫേയില്‍ നിരവധി ആളുകള്‍ ഉളളതായി സൈന്യത്തിന് അറിയാമായിരുന്നുവെന്നും സിംപ്സണ്‍ ചൂണ്ടിക്കാണിച്ചു.
ഗൈഡഡ് എയര്‍ ഡ്രോപ്ഡ് ബോംബ് ഉപയോഗിക്കുന്നത് നിരവധി സാധാരണക്കാരുടെ മരണത്തിന് കാരണമാകുമെന്ന് സൈന്യത്തിന് അറിയാമായിരുന്നു. തിരക്കേറിയ ഒരു കഫേയില്‍ ഇത്തരത്തിലൊരു ആയുധം ഉപയോഗിക്കുന്നത് നിയമവിരുദ്ധമായ ആക്രമണമാണ്. യുദ്ധക്കുറ്റമായി കണ്ട് അന്വേഷണം നടത്തണമെന്നും സിംപ്സണ്‍ കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര നിയമപ്രകാരം, സിവിലിയന്‍സിന്റെ ജീവിതം വരെ നഷ്ടമാകുന്ന തരത്തിലുളള ആക്രമണങ്ങള്‍ ഒരു സൈനിക സേനയും നടത്താന്‍ പാടുളളതല്ല. സൈനിക നേട്ടത്തിന് അമിതമോ ആനുപാതികമല്ലാത്തതോ ആയ ഇത്തരം ആക്രമങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ നിരോധിച്ചിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട ലക്ഷ്യത്തിന് മാത്രമേ നിരവധി സാധാരണക്കാരുടെ മരണത്തെ ന്യായീകരിക്കാന്‍ കഴിയൂ എന്ന് അന്താരാഷ്ട്ര വിദഗ്ധര്‍ കുറ്റപ്പെടുത്തി.