കൊടുംപട്ടിണിയില്‍ ഗാസ: മരിച്ചുവീഴുന്നത് നൂറുകണക്കിന് കുഞ്ഞുങ്ങള്‍

കഴിഞ്ഞ ദിവസമാണ് നൂറിലേറെ അന്താരാഷ്ട്ര മനുഷ്യാവകാശ സന്നദ്ധ സംഘടനകള്‍ ഗാസ അനിയന്ത്രിതമായി പട്ടിണിയിലേക്ക് പോവുകയാണെന്ന മുന്നറിയിപ്പും അടിയന്തരമായി ഇടപെടലുണ്ടാവണമെന്ന ആവശ്യവും ലോകത്തിന് മുന്നില്‍ വെച്ചത്

author-image
Biju
New Update
gaza

ഗാസ: തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കു പിന്നാലെ ഇസ്രയേല്‍ ഉപരോധം കടുപ്പിച്ചതോടെ കൊടുംപട്ടിണിയുടെ പിടിയില്‍ ഗാസ. ഒരു നേരത്തെ ഭക്ഷണത്തിനായി മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് കരഞ്ഞ് കേഴുന്ന കുഞ്ഞുങ്ങളുടെ കാഴ്ച മനുഷ്യമനസാക്ഷിയെ മരവിപ്പിക്കും. മരുന്നും പോഷകാഹാരവുമില്ലാതെ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് നഗരത്തില്‍ മരിച്ചുവീഴുന്നത്. ഒരു നേരത്തെ അന്നത്തിനായുള്ള പോരാട്ടമാണ് ഗാസയിലെ ക്യാമ്പുകളിലെങ്ങും കാണുന്നത്.

110 ലധികം പേര്‍ ഇതിനോടകം പട്ടിണിയില്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 80 കുട്ടികളാണ് പോഷകാഹാരക്കുറവില്‍ മരിച്ചുവീണത്. 6 കുട്ടികളുടെ അമ്മയായ സനയുടെ വാര്‍ത്ത ഇതിനകം ലോകത്തെ നൊമ്പരത്തിലാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ പോലും ഗതിയില്ലാത്ത ആയിരക്കണക്കിന് അമ്മമാരുടെ പ്രതിനിധിയാണ് സന. നൂറിലധികം മനുഷ്യാവകാശ സംഘടനകളാണ് ഗാസയിലേക്ക് അടിയന്തരമായി ഭക്ഷണമെത്തിക്കണമെന്ന് പ്രസ്താനവയിലൂടെ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് നൂറിലേറെ അന്താരാഷ്ട്ര മനുഷ്യാവകാശ സന്നദ്ധ സംഘടനകള്‍ ഗാസ അനിയന്ത്രിതമായി പട്ടിണിയിലേക്ക് പോവുകയാണെന്ന മുന്നറിയിപ്പും അടിയന്തരമായി ഇടപെടലുണ്ടാവണമെന്ന ആവശ്യവും ലോകത്തിന് മുന്നില്‍ വെച്ചത്. ഇതിന്റെ യഥാര്‍ഥ കാഴ്ചയാണ് യസാന്റെ കരളലയിപ്പിക്കുന്ന ചിത്രം.

ഗാസയിലെ പട്ടിണിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഏറ്റവും ഒടുവിലത്തെ സംയുക്ത പ്രസ്താവനയെ ഇസ്രയേല്‍ തള്ളുകയും ഇത്തരം പ്രസ്താവനയ്ക്ക് പിന്നില്‍ ഹമാസിന്റെ ഗൂഢാലോചനയാണെന്ന് ആരോപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവിടെ നിന്നും ലോകത്തിന് മുന്നിലെത്തുന്ന ചിത്രങ്ങള്‍ ഒരു കൂട്ടം മനുഷ്യരുടെ നിസ്സഹായതയുടെ നേര്‍ക്കാഴ്ചയാവുകയാണ്. 24 മണിക്കൂറിനുള്ളില്‍ പത്ത് പലസ്തീനുകാര്‍ പട്ടിണിമൂലം മരണപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ സംഘടനകളുടെ സംയുക്ത പ്രസ്താവനയും വന്നിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ മാത്രം 43 പട്ടിണിമരണങ്ങള്‍ സംഭവിച്ചെന്നും ഗാസയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നുണ്ട്. ഭക്ഷ്യലഭ്യത കുറഞ്ഞതോടെ തളര്‍ച്ചയും പട്ടിണിയും മൂലം ആശുപത്രിയില്‍ പ്രവേശിക്കുന്ന ജനങ്ങളുടെ എണ്ണം ദിവസേന അനിയന്ത്രിതമായി വര്‍ധിച്ചുവരികയാണെന്നും തെരുവില്‍ മരിച്ചുവീഴുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും യു.എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാസയിലെ പട്ടിണി ഒരു ജനതയെ സമ്പൂര്‍ണ നാശത്തിലേക്ക് നയിക്കുന്നുവെന്നും ലോകം ഇതുവരെ കാണാത്ത ദുരന്തത്തിലേക്ക് അവരെ കൊണ്ടുപോവുന്നുവെന്നും കഴിഞ്ഞദിവസം ഇസ്രയേലിന്റെ സഖ്യ കക്ഷികളടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ ബ്രിട്ടണ്‍, ഫ്രാന്‍സ്, കാനഡ എന്നിവരെല്ലാം ഉള്‍പ്പെടും. ഇതിന് പിന്നാലെയാണ് 109 അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ സംയുക്ത പ്രസ്താവനയും പുറത്തുവന്നിരിക്കുന്നത്. 

മുതിര്‍ന്നവര്‍ തെരുവില്‍ കുഴഞ്ഞുവീഴുന്നുവെന്നും ഗാസയിലേക്ക് ഭക്ഷണമെത്തുന്ന ട്രക്കുകള്‍ തടസ്സപ്പെടുന്നത് അതിരൂക്ഷ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നുമാണ് ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് എന്ന സന്നദ്ധ സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. പട്ടിണി മൂലമുണ്ടാകുന്ന അനുബന്ധ അസുഖവുമായിട്ടാണ് പലരും മരണപ്പെടുന്നത്. പലരും ആഴ്ചകളോളം മരണത്തോട് മല്ലിട്ട് ടെന്റുകളിലും ആശുപത്രികളിലുമായി കിടക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗാസയിലെ മൂന്നിലൊന്ന് ജനങ്ങള്‍, അതായത് ഏകദേശം ഇരുപത് ലക്ഷത്തോളം ആളുകള്‍, ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിയുകയാണെന്ന് പറയുന്നു ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം. ഇത് കുട്ടികളടക്കമുള്ളവരുടെ കൂട്ട മരണത്തിലേക്ക് നയിക്കുകയാണെന്നും യു.എന്‍ വ്യക്തമാക്കുന്നുണ്ട്. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിന് ശേഷം മാര്‍ച്ചിനും മെയ് മാസത്തിനും ഇടയില്‍ ഇസ്രയേല്‍ ഗാസയിലേക്കുള്ള സഹായ വിതരണം തടഞ്ഞിട്ടുണ്ട്. അതിനുശേഷം ഇസ്രയേല്‍ പിന്തുണയുള്ള ഒരു സ്വകാര്യ സംഘടനയായ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജി.എച്ച്.എഫ്)ന് ആണ് ഭക്ഷണ വിതരണ ചുമതല. 

ഇവരുടെ പുതിയ സംവിധാനം വഴി മാത്രമാണ് ഭക്ഷണവും അവശ്യവസ്തുക്കളും ലഭിക്കുക. ഇതുപ്രകാരം സഹായം വാങ്ങുന്നതിനായി ആളുകള്‍ ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ജിഎച്ച്എഫിന്റെ വിതരണ കേന്ദ്രത്തിലേക്കാണ് പോവേണ്ടത്. ഗാസയിലെ ജനങ്ങള്‍ക്ക് നല്‍കുന്ന വസ്തുക്കള്‍ ഹമാസ് മോഷ്ടിക്കുന്നത് തടയാനാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഇസ്രയേല്‍ ചൂണ്ടിക്കാട്ടുന്നതെങ്കിലും ജനങ്ങള്‍ ഇവിടെ കൊല്ലപ്പെടുകയാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

സഹായകേന്ദ്രത്തില്‍ എത്തിയ 670 ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നുണ്ട്. വെടിയേറ്റാണ് പലരും കൊല്ലപ്പെട്ടത്. മറ്റ് ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതോടെ ഇത്തരം കേന്ദ്രത്തിലേക്കെത്താന്‍ ജനങ്ങള്‍ പേടിക്കുന്നുവെന്നും ഇത് അവരെ കൂടുതല്‍ പട്ടിണിയിലേക്ക് നയിക്കുന്നുവെന്നും ഐക്യരാഷ്ട്രസഭ പറയുന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കളയുകയും ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നില്‍ ഹമാസിന്റെ ഗുഢാലോചനയാണെന്ന് ആരോപിക്കുകയാണ് ഇസ്രയേല്‍.

ഗാസയില്‍ എത്തിയിട്ടുള്ള വസ്തുക്കള്‍ വിതരണം ചെയ്യുന്നതില്‍ ഐക്യരാഷ്ട്ര സഭയാണ് പരാജയപ്പെടുന്നതെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. അവശ്യവസ്തുക്കള്‍ അടങ്ങിയ ഏകദേശം 4500 ട്രക്കുകള്‍ ഗാസയിലെത്തിയിട്ടുണ്ടെന്നാണ് ഗാസയില്‍ മേല്‍നോട്ടം വഹിക്കുന്ന ഇസ്രയേല്‍ സര്‍ക്കാര്‍ ഏജന്‍സിയായ കോഗാറ്റ് അവകാശപ്പെടുന്നത്. ഇതില്‍ ധാന്യങ്ങളും കുഞ്ഞുങ്ങളുടെ 2500 ടണ്‍ ഭക്ഷണവും ഉള്‍പ്പെടുന്നുണ്ടെന്നും കോഗാറ്റ് പറയുന്നു. 

പക്ഷേ, ഇസ്രയേല്‍ ഗാസയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണമാണ് ഭക്ഷണവിതരണത്തിന് തടസ്സം നില്‍ക്കുന്നതെന്നാണ് യു.എന്‍ പറയുന്നത്. യുദ്ധത്തിന് മുമ്പ് 500 ട്രക്ക് അവശ്യവസ്തുക്കള്‍ ഗാസയില്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍, യുദ്ധം തുടങ്ങുകയും വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുകയും ചെയ്തതോടെ ഇതെല്ലാം തടസ്സപ്പെട്ടുവെന്നും യു.എന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ആവശ്യത്തിന് ഭക്ഷണവും ശുദ്ധജലവും ലഭിക്കാത്തതുകൊണ്ടുള്ള ദുരിതം റെക്കോര്‍ഡ് നിരക്കിലാണ് കുഞ്ഞുങ്ങളിലും പ്രായമായവരിലും ബാധിച്ചിരിക്കുന്നതെന്ന് മാനസികാരോഗ്യ വിദഗ്ധരും പറയുന്നുണ്ട്. ഇതോടെ ഇവരില്‍ വയറിളക്കം അനിയന്ത്രിതമായി പടരുകയാണ്, മാര്‍ക്കറ്റുകള്‍ കാലിയാവുന്നു, മാലിന്യം കുന്നുകൂടുന്നു. വിവിധ വൈറസ് രോഗങ്ങള്‍ ബാധിച്ച് ജനങ്ങള്‍ തെരുവില്‍ കുഴഞ്ഞു വീഴുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

അസഹനീയമായ പട്ടിണിമൂലം നമുക്ക് എത്രയും പെട്ടെന്ന് സ്വര്‍ഗത്തില്‍ പോവാമെന്നും അവിടെയെങ്കിലും ഭക്ഷണം ലഭിക്കുമല്ലോയെന്നാണ് കുട്ടികള്‍ രക്ഷിതാക്കളോട് പറയുന്നതെന്നും ബിബിസിയോട് പ്രതികരിച്ച മാനസികാരോഗ്യ വിദഗ്ധര്‍ ഗാസയിലെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടി വ്യക്തമാക്കുന്നുണ്ട്.

യുദ്ധം തുടങ്ങിയ ശേഷം ഗാസയിലെ കാല്‍ഭാഗം ജനങ്ങളെങ്കിലും പട്ടിണിയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ടെഡ്രോസ് അദനോം ഗെബ്രൈസസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഒരു ലക്ഷത്തോളം സ്ത്രീകളും കുട്ടികളുമാണ് പോഷകാഹാര കുറവിന്റെ പ്രശ്നം അനുഭവിക്കുന്നത്. 

ഇവരുടെ ചികിത്സയ്ക്കായി അടിയന്തര ഇടപെടലുണ്ടാവണമെന്നും ഡബ്ലുഎച്ച്ഒ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യുദ്ധം തുടങ്ങിയതിനുശേഷം ആദ്യമായാണ് കടുത്ത പട്ടിണി അവസ്ഥയിലേക്ക് ഗാസ പോവുകയാണെന്ന നൂറിലേറെ സംഘടനകളുടെ സംയുക്ത പ്രസ്താവന പുറത്തുവരുന്നത്.

പട്ടിണി അനിയന്ത്രിതമായി വര്‍ധിക്കുന്നതിനൊപ്പം കൊല്ലപ്പെടുന്ന ജനങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ് ഗാസയില്‍. ജൂലായ് മാസം ഇതുവരെ 12 മിനിറ്റിനിടെ ഒരാള്‍ കൊല്ലപ്പെടുന്നു എന്ന അവസ്ഥയിലാണ് കാര്യങ്ങളുള്ളതെന്ന് യു.എന്‍ റിപ്പോര്‍ട്ട് പറയുന്നുണ്ട്. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും രക്തരൂക്ഷിത മാസമായി ജൂലായ് മാറി. ബുധനാഴ്ച മാത്രം 21 ആളുകളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും പലസ്തീന്‍ ആരോഗ്യ അധികൃതരും വ്യക്തമാക്കുന്നുണ്ട്. 

ഇതിനൊപ്പമാണ് പട്ടിണി മരണവും. യു.എസ് ഇസ്രയേല്‍ സംഘടനയായ ജി.എച്ച്.എഫ്(ഗാസ ഹ്യുമാനിറ്റേറിയന്‍ ഫോറം)നാണ് ഗാസയില്‍ ഇപ്പോള്‍ ഭക്ഷണ വിതരണത്തിന്റെ ചുമതല. ഇവര്‍ക്ക് ഭക്ഷണ വിതരണത്തിനായി പ്രത്യേക കേന്ദ്രവുമുണ്ട്. ഇവിടെയെത്തി കൊല്ലപ്പെടുന്ന ജനങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇതോടെ ഡെത്ത് ട്രാപ്പ് എന്നാണ് ഇത്തരം വിതരണ കേന്ദ്രങ്ങളെ യു.എന്‍ വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ മെയ് മാസം വരെയുള്ള കണക്കുകള്‍ പ്രകാരം മാത്രം ഭക്ഷണ വിതരണ കേന്ദ്രത്തിലെത്തിയ 1000 ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് യു.എന്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 72 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ദെയര്‍ അല്‍ ബലായിലെ ലോകാരോഗ്യ സംഘടനയുടെ സംവിധാനങ്ങള്‍ക്കെതിരേ പോലും ഇസ്രയേല്‍ അക്രമണം അഴിച്ചുവിട്ടുവെന്നും യു.എന്‍ ആരോപിക്കുന്നുണ്ട്. ഇതിന് പുറമെ യു.എന്‍ അധികൃതര്‍ക്ക് ഗാസയിലേക്കുള്ള വിസ നിഷേധിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

കഴിഞ്ഞ ജൂലായ് 21 ന് ആണ് ബ്രിട്ടണ്‍ അടക്കമുള്ള 28 രാജ്യങ്ങള്‍ ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത പ്രസ്താവനയിറക്കിയത്. ഗാസയില്‍ മനുഷ്യജീവന്‍ നിലനിര്‍ത്താനുള്ള അവസാന പിടിവളളിയും ഇല്ലാതാവുകയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും മുന്നറിയിപ്പ് നല്‍കിയിരുന്നു. 


യുദ്ധമാരംഭിച്ച ശേഷമുള്ള ഏറ്റവും പരിതാപകരമായ മാനുഷിക സ്ഥിതിയിലൂടെയാണ് ഗാസ കടന്നുപോവുന്നതെന്ന് അവിടെ സന്ദര്‍ശിച്ച യു.എന്‍ ആഗോള ഭക്ഷ്യപദ്ധതിയുടെ ഡയറക്ടര്‍ കാള്‍ സ്‌കാവു പറഞ്ഞു. ഹമാസുമായുള്ള ആറാഴ്ചത്തെ വെടിനിര്‍ത്തല്‍ ഇടവേള അവസാനിച്ച മാര്‍ച്ച് രണ്ടുമുതല്‍ ഇസ്രയേല്‍ ഗാസയ്ക്ക് മേല്‍ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. പിന്നീട് നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് മേയ് അവസാനമാണ് പരിമിത തോതില്‍ സഹായം കടത്തിവിടാന്‍ അനുവദിച്ചത്.

ഗാസയില്‍ ഇസ്രയേല്‍ അധിനിവേശം ആരംഭിച്ച ശേഷം ഇതുവരെ 59000 ആളുകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 1200 പേര്‍ മരിച്ചത് 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയ ശേഷമാണ്. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്ന ഏകസംവിധാനമാണ് ജി.എച്ച്.എഫ് എന്ന സംഘടന. ഇവരാണ് പ്രത്യേക കേന്ദ്രങ്ങള്‍ തുറന്നത്. എന്നാല്‍ ഇസ്രയേല്‍ സൈനികര്‍ മനുഷ്യത്വപരമായി അല്ല ഭക്ഷണം തേടിയെത്തുന്ന പാവങ്ങളോട പെരുമാറുന്നതെന്ന ആരോപണവും ഉയര്‍ന്ന് വരുന്നുണ്ട്. 

ഭക്ഷണ കേന്ദ്രത്തില്‍ തിരക്കുണ്ടാവുമ്പോള്‍ വിശന്ന് വലഞ്ഞിരിക്കുന്നവരുടെ മേല്‍ കുരുമുളക് സ്പ്രേയും കണ്ണീര്‍വാതകവും പ്രയോഗിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പലസ്തീന്‍ അധികൃതരും ആരോഗ്യ ഉദ്യോഗസ്ഥരുമാണ് ഇക്കാര്യം അന്താരാഷ്ട്ര മാധ്യങ്ങളോട് വെളിപ്പെടുത്തിയത്.
കൃത്യമായ ഏകോപനമില്ലാത്തതും സമയക്രമീകരണമില്ലായ്മയും ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നടപടികളുടെ അഭാവവും പട്ടിണിയകറ്റാന്‍ ഉന്തും തള്ളുംവയ്ക്കേണ്ടുന്ന അവസ്ഥ സൃഷ്ടിക്കുന്നു. പരിമിതമായ വിതരണമാണ് ഈ കേന്ദ്രങ്ങളില്‍ നടക്കുന്നത്.

ഗാസയിലേക്ക് സഹായം നല്‍കാന്‍ അന്താരാഷ്ട്ര സമ്മര്‍ദം ഏറിയപ്പോഴാണ് ജിഎച്ച്എഫ് അഥവാ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫോറം ഇസ്രയേല്‍ യുഎസ് നേതൃത്വത്തില്‍ രൂപവത്കരിച്ചത്. അതോടൊപ്പം യു.എന്‍, അന്താരാഷ്ട്ര ഏജന്‍സികളെ ഒഴിവാക്കുകയെന്നതും ഇസ്രയേലിന്റെ ലക്ഷ്യമായിരുന്നു. എന്നാല്‍ ജിഎച്ച്എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ മാനുഷിക സംഘടനകളെല്ലാം അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. യുഎന്നിനും മറിച്ചല്ല അഭിപ്രായം. 

ഗാസയുടെ ഒരു ഭാഗത്ത് മാത്രം സഹായമെത്തിക്കുകയും മറ്റ് മേഖലകളെ ജിഎച്ച്എഫ് അവഗണിക്കുകയും ചെയ്യുന്നുവെന്നാണ് യുഎന്‍ ആരോപിക്കുന്നത്. പട്ടിണിയെ വിലപേശല്‍ ഉപകരണമാക്കുന്നുവെന്നും രാഷ്ട്രീയ സൈനിക ലക്ഷ്യങ്ങള്‍ക്കായി ജിഎച്ച്എഫിനെ ദുരുപയോഗം ചെയ്യുന്നുവെന്നും യുഎന്‍ ആരോപിക്കുന്നുണ്ട്.

ഇസ്രയേല്‍ ഗാസ സംഘര്‍ഷ ചരിത്രം

പരിഹരിക്കാന്‍ ശ്രമം നടക്കുമ്പോഴൊക്കെ വഷളായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷ മേഖലയാണ് ഇസ്രയേലും ഗാസാ സ്ട്രിപ്പും വെസ്റ്റ്ബാങ്കുമൊക്കെ അടങ്ങുന്ന പശ്ചിമേഷ്യന്‍ മേഖല. ജോര്‍ദാന്‍ നദിക്കും മെഡിറ്ററേനിയന്‍ കടലിനും ഇടയിലുള്ള ഈ മേഖല ചരിത്രത്തില്‍ പലസ്തീന്‍ എന്നാണ് അറിയപ്പെട്ടത്. ലോക മഹായുദ്ധങ്ങളും, അന്നത്തെ ലോകശക്തികളുടെ ഇടപെടലുമാണ് ആ പഴയ പലസ്തീനെ വിഭജിച്ച് ഇന്നു കാണുന്ന ഇസ്രയേലും പിന്നെ പലസ്തീന്‍ എന്നറിയപ്പെടുന്ന വെസ്റ്റ്ബാങ്കും ഗാസാ സ്ട്രിപ്പുമൊക്കെയാക്കി മാറ്റിയത്.

ആധുനിക ചരിത്രത്തില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പഴയ പലസ്തീന്‍ ഭൂരിപക്ഷം മുസ്ലീങ്ങളും, പത്തു ശതമാനത്തോളം ക്രിസ്ത്യാനികളും രണ്ടോ മൂന്നോ ശതമാനം മാത്രം ജൂതന്മാരുമുള്ള മേഖലയായിരുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് ഓട്ടോമെന്‍ സാമ്രാജ്യത്തെ തകര്‍ക്കാന്‍ മതനേതാക്കളുമായി ബ്രിട്ടീഷുകാര്‍ നടത്തിയ ചര്‍ച്ചകളും ഉടമ്പടികളുമാണ് ഇനിയും പരിഹരിക്കാത്ത സംഘര്‍ഷത്തെ പുതിയ പാതയിലേക്ക് നയിച്ചത്. ഓട്ടോമനെ തകര്‍ക്കാന്‍ കൂട്ടുനിന്നാല്‍ പലസ്തീനില്‍ ജൂതര്‍ക്ക് സ്വന്തമായി ഒരു രാജ്യം നല്‍കാമെന്ന് ബ്രിട്ടണ്‍ വാക്കുനല്‍കിയിരുന്നു. ഇതുപോലെ തന്നെ പലസ്തീനെ വിഭജിച്ച് നല്‍കാമെന്ന് അറബ് അധികാര കേന്ദ്രങ്ങള്‍ക്കും ഫ്രഞ്ചുകാര്‍ക്കും അവര്‍ ഒരേസമയം വാക്കു നല്‍കി.

ബ്രിട്ടീഷ് കോളനിയായ പലസ്തീന്‍ മേഖലയില്‍ ജൂതന്മാരേയും ക്രിസ്ത്യാനികളേയും മുസ്ലീങ്ങളേയും ഭിന്നിപ്പിച്ച് ഭരിക്കാനും അവര്‍ തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1947-ല്‍ ഐക്യരാഷ്ട്രസഭ ഇടപെട്ട് പലസ്തീനെ വിഭജിക്കാന്‍ കൊണ്ടുവന്ന ഫോര്‍മുലയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പലസ്തീനെ വിഭജിച്ച് ഒരു പ്രദേശത്തെ ജൂതപ്രദേശമാക്കുകയും, മറ്റു ചില പ്രദേശങ്ങളെ പലസ്തീനാക്കി മാറ്റുകയും ജെറുസലേമിനെ അന്താരാഷ്ട്ര നഗരമാക്കി പരിപാലിക്കുകയും ചെയ്യുക എന്നായിരുന്നു ആ ഫോര്‍മുല. ജൂതര്‍ക്ക് ഒന്നിച്ചു കിടക്കുന്ന പ്രദേശമാണ് ലഭിക്കുകയെങ്കില്‍ പലസ്തീന് പലയിടത്തായി ചിതറി കിടക്കുന്ന വെസ്റ്റ് ബാങ്കും ഗാസ സ്ട്രിപ്പുമൊക്കെയായിരുന്നു ലഭിക്കുക.

ജൂതര്‍ക്ക് ഈ ആശയത്തോട് താല്‍പ്പര്യമായിരുന്നു. എന്നാല്‍, പലസ്തീന്‍ അനുകൂല കേന്ദ്രങ്ങള്‍ അതിനെ എതിര്‍ത്തു. പരമ്പരാഗതമായി തങ്ങളുടേതെന്ന് കരുതപ്പെടുന്ന രാജ്യത്തുനിന്നും തങ്ങള്‍ വിഭജിച്ചു നില്‍ക്കേണ്ടി വരുന്നു എന്ന തോന്നല്‍ അവരിലുണ്ടായി. ജറുസലേം എന്ന പ്രദേശം, ജൂതര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുപോലെ പ്രധാനമായ സ്ഥലമാണ്. അതുകൊണ്ടായിരുന്നു യു.എന്‍. അങ്ങനെയൊരു ആശയം കൊണ്ടുവന്നത്.

ജെറുസലേമിനു ചുറ്റുമാണ് ജൂതന്മാരുണ്ടായിരുന്നത്. പല കാലഘട്ടങ്ങളിലായി ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് കുടിയേറിയിരുന്ന ജൂതരെ ഒന്നിച്ചു ചേര്‍ക്കാനും ഒരു കുടക്കീഴില്‍ ഒരു രാഷ്ട്രത്തിന് കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ സയണിസ്റ്റ് മുവ്മെന്റുണ്ടായി.1920-കളിലും 1940-കളിലും, പലസ്തീനിലേക്കുള്ള ജൂത കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. ഹിറ്റ്ലര്‍ ജൂതരെ തിരഞ്ഞുപിടിച്ച് കൂട്ടക്കുരുതി നടത്തിയതു മുതല്‍ യൂറോപ്പിലും മറ്റുമുണ്ടായ പല പ്രതിസന്ധികളും ജൂതരെ അവരുടെ വാഗ്ദത്ത ഭൂമിയായ ജറുസലേമിലേക്ക് ആകര്‍ഷിച്ചു. അവര്‍ അവിടേക്ക് കുടിയേറി. അങ്ങനെയാണ് ഐക്യരാഷ്ട്ര സഭയുടെ ഫോര്‍മുലയുടെ ചുവടുപിടിച്ച് 1948-ല്‍ ഇസ്രയേല്‍ എന്ന രാജ്യമുണ്ടാകുന്നത്. അവിടെ ജൂതന്മാരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരുന്നു. കുടിയേറ്റം നിര്‍ബാധം തുടര്‍ന്നു. രാഷ്ട്രീയപരമായി ഇസ്രയേല്‍ കരുത്തരായി.

ഇസ്രയേല്‍ കരുത്തരാകുമ്പോള്‍, ജോര്‍ദാന്‍ നദിക്കരയിലെ വെസ്റ്റ് ബാങ്കിലും, മെഡിറ്ററേനിയന്‍ കടലിനോട് ചേര്‍ന്ന് മാറിക്കിടക്കുന്ന ഗാസ സ്ട്രിപ്പിലുമൊക്കെയായി വിഭജിച്ചു കിടന്ന പലസ്തീനികള്‍ ദുര്‍ബലരായി. ഇസ്രയേല്‍ എന്ന രാജ്യം രൂപീകരിച്ചതിനോട് യോജിപ്പില്ലാത്ത അവരുടെ ഇടയില്‍ തീവ്രവാദ ഗ്രൂപ്പുകളുണ്ടായി. സംഘര്‍ഷം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വന്നു. ലോകശക്തികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഇസ്രയേല്‍ സായുധരായി, രഹസ്യാന്വേഷണ രംഗത്തുള്‍പ്പെടെ മുന്‍നിരക്കാരുമായി. ഇത് അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. പിന്നീട് യുദ്ധങ്ങളും നിരവധിയുണ്ടായി.

ഒന്നാം അറബ്-ഇസ്രയേലി യുദ്ധം 1949-ലാണ് നടന്നത്. ഇസ്രയേലിന്റെ വിജയത്തോടെയാണ് യുദ്ധം അവസാനിച്ചത്. യുദ്ധത്തിന് പിന്നാലെ 750,000-ലധികം പലസ്തീനികള്‍ക്ക് സ്വന്തം വീടും നാടും വിട്ട് പലായനം ചെയ്യേണ്ടി വന്നു. തുടര്‍ന്ന് ഇസ്രയേല്‍, വെസ്റ്റ് ബാങ്ക്, ഗാസ സ്ട്രിപ്പ് എന്നിങ്ങനെ പ്രദേശം മൂന്നു ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, ആ പ്രദേശത്ത്, ഇസ്രയേല്‍, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ എന്നീ രാഷ്ട്രങ്ങള്‍ക്കിടയില്‍ ചെറുതും വലുതുമായ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായി.

1967 ജൂണില്‍, ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മില്‍ വലിയ ഒരു യുദ്ധം നടന്നു. ജൂണ്‍ അഞ്ച് മുതല്‍ പത്ത് വരെ നീണ്ട് നിന്ന ഈ യുദ്ധം സിക്സ്-ഡേ വാര്‍ എന്നാണ് അറിയപ്പെടുന്നത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഗമാല്‍ നാസര്‍ നടത്തിയ തുടര്‍ച്ചയായുള്ള പ്രകോപനങ്ങളിലും സൈനിക വിന്യാസങ്ങളിലും ആശങ്കയിലായ ഇസ്രയേല്‍ ഈജിപ്തിനെയും സിറിയയെയും ആക്രമിച്ചതിലൂടെയാണ് യുദ്ധം ആരംഭിച്ചത്. യുദ്ധത്തിനുശേഷം, തന്ത്രപ്രധാനമായ ചില പ്രധാനപ്പെട്ട പ്രദേശങ്ങളുടെ നിയന്ത്രണം ഇസ്രയേലിന്റെ കീഴിലായി. ഈജിപ്തില്‍നിന്ന് സിനായ് പെനിന്‍സുലയും ഗാസ മുനമ്പും പിന്നെ ജോര്‍ദാനില്‍നിന്ന് വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും, സിറിയയില്‍നിന്ന് ഗോലാന്‍ ഹൈറ്റ്സും ഇസ്രയേലിന്റെ നിയന്ത്രണത്തിലായി.

ആറ് വര്‍ഷത്തിന് ശേഷം, 1973-ലായിരുന്നു യോം കിപ്പൂര്‍ യുദ്ധം. അന്ന് ഈജിപ്തും സിറിയയും സംയുക്തമായി ഇസ്രയേലിനെ ആക്രമിച്ച് തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരികെ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ യുദ്ധംകൊണ്ട് നിലവിലുണ്ടായിരുന്ന സാഹചര്യത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല എന്നുളളതാണ് സത്യം. 1979-ല്‍, വെടിനിര്‍ത്തലുകള്‍ക്കും സമാധാനം സ്ഥാപിക്കാനുള്ള ഒരുപാട് ശ്രമങ്ങള്‍ക്കു ശേഷം, ഈജിപ്തിന്റെയും ഇസ്രയേലിന്റെഉം പ്രതിനിധികള്‍ ക്യാമ്പ് ഡേവിഡ് കരാര്‍ എന്ന പേരില്‍ ഒരു സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു. 30 വര്‍ഷമായി തുടര്‍ന്നുവന്നിരുന്ന ഈജിപ്തും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുന്നതായിരുന്നു ഈ ഉടമ്പടി.

ക്യാമ്പ് ഡേവിഡ് ഉടമ്പടികള്‍ ഇസ്രയേലും അയല്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തിയെങ്കിലും ഒരു വലിയ പ്രശ്നം അപ്പോഴും ബാക്കിയായിരുന്നു. പലസ്തീന്‍ ജനതയ്ക്ക് അവരുടേതായ സര്‍ക്കാരുണ്ടാക്കാനും അവരുടേതായ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളിയും ആവശ്യങ്ങളും അപ്പോഴും പരിഹരിക്കപ്പെട്ടിരുന്നില്ല. 1987-ല്‍ വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും താമസിച്ചിരുന്ന പലസ്തീനികള്‍ ഇസ്രയേല്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ആരംഭിച്ചു. ഇത് ആദ്യ ഇന്‍തിഫാദ എന്നാണ് അറിയപ്പെടുന്നത്. വെസ്റ്റ് ബാങ്കിലെയും ഗാസ മുനമ്പിലെയും ഇസ്രയേല്‍ അധിനിവേശത്തിനെതിരായ പലസ്തീന്‍ പ്രക്ഷോഭത്തിനെയാണ് ഇന്‍തിഫാദ എന്ന് പറയുന്നത്. ആദ്യത്തെ ഇന്‍തിഫാദ 1987 മുതല്‍ 1993 വരെ നീണ്ടുനിന്നു.

വെസ്റ്റ് ബാങ്കിന്റെ മേലുള്ള ഇസ്രയേലിന്റെ നിയന്ത്രണത്തില്‍ അസ്വസ്ഥരായ പലസ്തീനികള്‍ 2000-ല്‍ കൂടുതല്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. അതോടുകൂടി സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ മുരടിച്ചുതുടങ്ങി. ഈ പ്രശ്നങ്ങള്‍ രണ്ടാം ഇന്‍തിഫാദയിലേക്ക് നയിച്ചു. ഈ പ്രതിഷേധങ്ങള്‍ 2005 വരെ തുടര്‍ന്നു. ഈ പ്രതിഷേധത്തിന് മറുപടിയായി, 2002-ല്‍ വെസ്റ്റ് ബാങ്കിന് ചുറ്റും ഒരു വലിയ മതില്‍ പണിയാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതിയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും ഇതിനെ എതിര്‍ത്തിട്ടും ഇസ്രയേല്‍ ഈ നടപടിയുമായി മുന്നോട്ടുപോയി. ഇരുപക്ഷത്തെയും വേര്‍തിരിക്കാനും അക്രമങ്ങള്‍ തടയാനും ഉദ്ദേശിച്ചുകൊണ്ടായിരുന്നു ഇസ്രയേലിന്റെ ഈ നടപടി. എന്നാല്‍ ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

2013ല്‍ വെസ്റ്റ്ബാങ്കില്‍ ഇസ്രയേലും പലസ്തീന്‍ അതോറിറ്റിയും തമ്മില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ശ്രമിച്ചിരുന്നു. ഇരുവിഭാഗവും സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ 2014-ല്‍ പലസ്തീന്‍ അതോറിറ്റിയുടെ ഭരണകക്ഷിയായ ഫതഹ് അവരുടെ എതിരാളികളായ ഹമാസുമായി ചേര്‍ന്ന് സഖ്യം ഉണ്ടാക്കിയതിനാല്‍ ഈ സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുകയായിരുന്നു.

1987-ല്‍ നടന്ന ആദ്യത്തെ ഇന്‍തിഫാദയ്ക്ക് ശേഷം ആരംഭിച്ച പലസ്തീന്‍ പൊളിറ്റിക്കല്‍ ഗ്രൂപ്പാണ് ഹമാസ്. പലസ്തീനിലെ ശക്തമായ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായിരുന്നു ഹമാസ്. 1997-ല്‍ അമേരിക്ക ഹമാസിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഹമാസ് കരുത്താര്‍ജ്ജിച്ചതോടെയാണ് പശ്ചിമേഷ്യന്‍ പ്രശ്നം കൂടുതല്‍ രക്തരൂക്ഷിതമായത്.

ഈജിപ്ഷ്യന്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ ഒരു വിഭാഗമായി 1987-ല്‍ അഹമ്മദ് യാസിനും അബ്ദുല്‍ അസീസ് അല്‍-റാന്റിസിയും ചേര്‍ന്നാണ് ഈ സംഘടന സ്ഥാപിച്ചത്. ഹമാസ് എന്നാല്‍ ഹരകത്തുല്‍ മുഖാവമ അല്‍ ഇസ്ലാമിയ്യ, ഇതിന്റെ അര്‍ത്ഥം ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം എന്നാണ്. പലസ്തീനെ മോചിപ്പിക്കുകയും ഇസ്രയേല്‍, വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ് എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് ഒരു ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുകയുമാണെന്ന് 1988-ല്‍ ഹമാസ് ചാര്‍ട്ടറില്‍ വ്യക്തമാക്കിയിരുന്നു.

പിന്നീട് 1967-ന് മുമ്പുള്ള അതിര്‍ത്തികളിലേക്ക് ഇസ്രയേല്‍ പിന്‍വാങ്ങുകയും നഷ്ടപരിഹാരം നല്‍കുകയും പലസ്തീന്‍ അഭയാര്‍ത്ഥികളെ തിരികെ പോകാന്‍ അനുവദിക്കുകയും ചെയ്താല്‍ ഒരു സന്ധിക്ക് തയ്യാറാണെന്നും സംഘം പറഞ്ഞിരുന്നു. എന്നാല്‍, ഹമാസിന്റെ അവകാശവാദങ്ങളെ തള്ളിക്കളയുകയും 'ലോകത്തെ വിഡ്ഢികളാക്കാന്‍' ശ്രമിക്കുകയാണെന്ന് ആരോപിക്കുകയുമാണ് ഇസ്രയേല്‍ ചെയ്തത്.

2018ല്‍, ഗാസ മുനമ്പിലെ പലസ്തീനികള്‍ ഗാസയുടെയും ഇസ്രയേലിന്റെയും അതിര്‍ത്തിക്ക് സമീപം ശക്തമായ പ്രതിഷേധങ്ങള്‍ ആരംഭിച്ചു. ഈ പ്രതിഷേധങ്ങള്‍ മാര്‍ച്ചില്‍ ആരംഭിച്ച് മെയ് വരെ തുടര്‍ന്നു. പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും സമാധാനപരമായി സമരം ചെയ്തെങ്കിലും, ചിലര്‍ അതിര്‍ത്തിയിലെ വേലികള്‍ തകര്‍ക്കുകയും ഇസ്രയേലി സൈനികര്‍ക്ക് നേരെ കല്ലുകളും മറ്റും എറിയാന്‍ ശ്രമിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ കണക്കുകളനുസരിച്ച് ഈ പ്രതിഷേധത്തിനിടെ 183 പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും 6,000-ത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2022-ല്‍, ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ 2015-ന് ശേഷമുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നുള്ളത് ഞെട്ടിക്കുന്ന കണക്കുകളാണ്. 2023-ലും ഇത് കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേലില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഹമാസ് നടത്തിയ മിസൈല്‍ ആക്രമണത്തോടെ കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങിയ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഹമാസിനെതിരെ ശക്തമായ പ്രത്യാക്രമണമാണ് ഇസ്രയേലിന്റെ ഭാഹത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലി സൈനികരെ ബന്ധികളാക്കി ഗാസയിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം പ്രചരിക്കുന്നുണ്ട്. 5,000-ലേറെ റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിനുനേരെ തൊടുത്തുവിട്ടത്.

ഇസ്രയേല്‍ - ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍) രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വഷളായാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. സംഘര്‍ഷത്തിന് അറുതി വരുത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഭയവും രാജ്യങ്ങള്‍ക്കുണ്ട്.

ഇത് തങ്ങളുടെ 9/11 ആണെന്ന് ഇസ്രയേലിന്റെ പ്രതികരണം. യുദ്ധം തുടങ്ങിയത് തങ്ങളല്ലെന്നും എന്നാല്‍ അവസാനിപ്പിക്കുന്നത് ഇസ്രയേല്‍ ആയിരിക്കുമെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. വിനാശകരമായ ഒരു വലിയ യുദ്ധത്തിലേക്ക് തന്നെയാണ് കാര്യങ്ങള്‍ പോകുന്നതെന്ന് വ്യക്തമാക്കുകയാണ് ഇതിലൂടെ ഇസ്രയേല്‍. ഹമാസ് സംഘടനയിലെ മുഴുവന്‍ ആളുകളെയും കൊന്നൊടുക്കുമെന്ന ഭീഷണിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉയര്‍ത്തിയിട്ടുണ്ട്. 1973-ലെ യോംകിപ്പുര്‍ യുദ്ധത്തിനു ശേഷം പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്ന രക്തരൂഷിതമായ പോരാട്ടമാണ് ഗാസയിലേത്.

ഗാസ യുദ്ധത്തിന്റെ നാള്‍വഴി

2023ഒക്ടോബര്‍ 7: തെക്കന്‍ ഇസ്രയേലില്‍ ഹമാസ് മിന്നലാക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെട്ടു. 1100 പേര്‍ക്കു പരുക്കേറ്റു. 250 പേരെ ഹമാസ് ബന്ദികളാക്കി. 

ഒക്ടോബര്‍ 8: ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേല്‍ ഗാസയിലേക്കുള്ള വൈദ്യുതി വിഛേദിച്ചു. ഇസ്രയേല്‍ വ്യോമാക്രമണവും ഉപരോധവും ശക്തമാക്കിയതോടെ ഗാസയില്‍നിന്ന് അഭയാര്‍ഥിപ്രവാഹം.

ഒക്ടോബര്‍ 14 : വടക്കന്‍ ഗാസയില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള ഇസ്രയേലിന്റെ അന്ത്യശാസനത്തെത്തുടര്‍ന്നു തെക്കന്‍ ഭാഗത്തേക്കു പലസ്തീന്‍കാരുടെ കൂട്ടപ്പലായനം.  

ഒക്ടോബര്‍ 24 : ഗാസയില്‍ മൂന്നില്‍രണ്ട് ആരോഗ്യകേന്ദ്രങ്ങളും അടച്ചു.  

ഒക്ടോബര്‍ 28 : ജീവകാരുണ്യസഹായമെത്തിക്കാന്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടന പ്രമേയം പാസാക്കി. വോട്ടെടുപ്പില്‍ ഇന്ത്യ വിട്ടുനിന്നു.

നവംബര്‍ 23: ഖത്തറിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഒരാഴ്ച നീണ്ട വെടിനിര്‍ത്തലിനിടെ 105 ബന്ദികളെ ഹമാസ് വിട്ടയച്ചു. 240 പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.

ഡിസംബര്‍ 1: ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചു. ഗാസയില്‍ മരണം 15,000 കടന്നു.

2024ജനുവരി 2 : ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ ഉപമേധാവി സാലിഹ് അല്‍ അരൂരി അടക്കം 4 പേര്‍ കൊല്ലപ്പെട്ടു.

ജനുവരി 21: ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 25,000 കടന്നു.

ഫെബ്രുവരി 14: കയ്‌റോയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയപ്പെട്ടു.

മാര്‍ച്ച് 9: ഹമാസ് നേതൃനിരയിലെ രണ്ടാമനായ മര്‍വന്‍ ഈസ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

മാര്‍ച്ച് 25: ഗാസയില്‍ വെടിനിര്‍ത്തലും ജീവകാരുണ്യ സഹായമെത്തിക്കലും ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. 15 അംഗ സമിതിയിലെ 14 രാജ്യങ്ങളും അനുകൂലിച്ചു; യുഎസ് വിട്ടുനിന്നു.

ഏപ്രില്‍ 7: യുദ്ധം 6 മാസം പിന്നിട്ടതോടെ ഗാസയില്‍ 84% ആശുപത്രികളും തകര്‍ന്നു.

മേയ് 12: കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 35,000 കടന്നു.

ജൂലൈ 31: ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയ ഇറാന്‍ സന്ദര്‍ശനത്തിനിടെ കൊല്ലപ്പെട്ടു.

ഓഗസ്റ്റ് 26: യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥതയില്‍ നടത്തിയ സമാധാന ചര്‍ച്ച പരാജയം.

സെപ്റ്റംബര്‍ 1: പലസ്തീനില്‍ പോളിയോ വാക്‌സിനേഷനായി ദിവസവും പകല്‍ 8 മണിക്കൂര്‍ വെടിനിര്‍ത്തലിനു ഹമാസും ഇസ്രയേലും തയാറായതോടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ വാക്‌സീന്‍ വിതരണം.

സെപ്റ്റംബര്‍ 2: ബന്ദികളുടെ മോചനത്തില്‍ പരാജയപ്പെട്ടെന്നാരോപിച്ച് ഇസ്രയേലില്‍ പ്രക്ഷോഭം. 

സെപ്റ്റംബര്‍ 17-18: ഇറാന്‍ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടു ലബനനിലും സിറിയയിലും ഇസ്രയേല്‍ നടത്തിയ സ്‌ഫോടനങ്ങളില്‍ മൂവായിരത്തോളം പേജറുകളും വോക്കിടോക്കികളും പൊട്ടിത്തെറിച്ചു.  

സെപ്റ്റംബര്‍ 27: ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ല ലബനനിലെ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഒക്ടോബര്‍ 1: ഇസ്രയേലിലേക്ക് ഇറാന്‍ മിസൈലാക്രമണം. ലബനനില്‍ ഇസ്രയേല്‍ കരമാര്‍ഗം ആക്രമണം തുടങ്ങി.

ഒക്ടോബര്‍ 7: യുദ്ധത്തിന് ഒരു വര്‍ഷം

ഒക്ടോബര്‍ 17: വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഹമാസ് മേധാവി യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടു.

നവംബര്‍ 6: ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പുറത്താക്കി. 

നവംബര്‍ 9: വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ മധ്യസ്ഥതയില്‍നിന്നു പിന്മാറുന്നുവെന്ന് ഖത്തര്‍.

നവംബര്‍ 27: ഇസ്രയേലും ലബനനിലെ ഹിസ്ബുല്ലയും തമ്മില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. യുഎസിന്റെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയിലായിരുന്നു ചര്‍ച്ചകള്‍.

ഡിസംബര്‍ 16: ഗാസയില്‍ മരണം 45,000 കടന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായി യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥശ്രമങ്ങള്‍ ഊര്‍ജിതമായി.

2025ജനുവരി 8: ബന്ദികളെ കൈമാറുന്നതില്‍ ഹമാസ് പരാജയപ്പെട്ടാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ജനുവരി 11: ട്രംപ് ചുമതലയേല്‍ക്കുന്ന 20നു മുന്‍പ് സമാധാനക്കരാറില്‍ ധാരണയിലെത്താന്‍ അവസാനഘട്ട ചര്‍ച്ച. 

ജനുവരി 15: വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് ഖത്തര്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Israel palestine conflict israel Palestine gaza