ട്രംപിനെ വിറപ്പിക്കാന്‍ മോദിക്കായി പുട്ടിന്‍ കാത്തുനിന്നത് 10 മിനിറ്റ്; പുടിന്റെ കാറിന്റെ പ്രത്യേകത

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി ഇന്ത്യയ്ക്ക് യുഎസ് അധിക ഇറക്കുമതിത്തീരുവ ചുമത്തിയിട്ടുള്ള സാഹചര്യത്തില്‍ പുട്ടിന്റെ സമീപനം അതീവ ശ്രദ്ധയര്‍ഹിക്കുന്നതാണ്.

author-image
Biju
New Update
modi car

ടിയാന്‍ജിന്‍: ഷാങ്ഹായ് ഉച്ചകോടിക്കിടെ ഒരേ കാറില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും. ഉച്ചകോടിക്കു ശേഷമുള്ള ഉഭയകക്ഷി ചര്‍ച്ച നടക്കുന്ന ഹോട്ടലിലേക്കാണ് ഇരുവരും പുട്ടിന്റെ ഔദ്യോഗിക കാറായ 'ഔറസ് സെനറ്റി'ല്‍ യാത്ര ചെയ്തത്. പുട്ടിനാണ് ഒന്നിച്ചു യാത്ര ചെയ്യാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചതെന്ന് പ്രധാനമന്ത്രിയുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു. മാത്രമല്ല പ്രധാനമന്ത്രി മോദി എത്തുന്നതിനു വേണ്ടി 10 മിനിറ്റോളം പുട്ടിന്‍ കാത്തുനില്‍ക്കുകയും ചെയ്തു. പുട്ടിനുമായി ഒന്നിച്ചു യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ചിട്ടുമുണ്ട്. റിറ്റ്‌സ്‌കാള്‍ട്ടന്‍ ഹോട്ടലിലായിരുന്നു ഉഭയകക്ഷി ചര്‍ച്ച.

'രണ്ടുനേതാക്കളും പുട്ടിന്റെ കാറിലാണ് യാത്ര ചെയ്തത്. ഇരുവരും വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. ഉഭയകക്ഷി ചര്‍ച്ചയ്ക്കുള്ള സ്ഥലത്തെത്തിയ ശേഷവും കാറില്‍നിന്നു പുറത്തിറങ്ങാതെ 45 മിനിറ്റോളം ചര്‍ച്ച തുടര്‍ന്നു. അതിനു ശേഷം നേതാക്കള്‍ ഒരു മണിക്കൂര്‍ നീണ്ട ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്തു.'ഔദ്യോഗിക വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. അതീവ സുരക്ഷയുള്ള കാറാണു ഔറസ് സെനറ്റ്. വെടിയുണ്ടകളും ഗ്രനേഡുകളും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇതില്‍ അടിയന്തര ഘട്ടത്തില്‍ ഓക്‌സിജന്‍ നല്‍കാനുള്ള സംവിധാനം, അഗ്‌നിരക്ഷാ സംവിധാനം തുടങ്ങിയവയുണ്ട്.

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി ഇന്ത്യയ്ക്ക് യുഎസ് അധിക ഇറക്കുമതിത്തീരുവ ചുമത്തിയിട്ടുള്ള സാഹചര്യത്തില്‍ പുട്ടിന്റെ സമീപനം അതീവ ശ്രദ്ധയര്‍ഹിക്കുന്നതാണ്. യുഎസിന്റെ സമ്മര്‍ദം തുടര്‍ന്നിട്ടും റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഒഴിവാക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. ദേശീയ താല്‍പര്യത്തിന് അനുസൃതമായാണ് ഊര്‍ജ ഇറക്കുമതി നയങ്ങള്‍ തീരുമാനിക്കുന്നതെന്നാണ് യുഎസിന് ഇന്ത്യ നല്‍കിയ മറുപടി. ഉഭയകക്ഷി ചര്‍ച്ചയില്‍ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പുട്ടിന്‍ ശ്ലാഘിച്ചു. 

MODI CAR 2

പുടിന്റെ കാറിന്റെ പ്രത്യേകത:

ടിയാന്‍ജിനിലെ എസ്സിഒ ഉച്ചകോടി വേദിയില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനിന്റെയും ഒരുമിച്ചുള്ള യാത്ര ലോകശ്രദ്ധ നേടിയിരിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള ഉഭയകക്ഷി യോഗം നടക്കുന്ന റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലിലേക്കായിരുന്നു ഒരു കാറില്‍ ഒരുമിച്ചുള്ള യാത്ര. റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ സെനറ്റ് ഓറസിലായിരുന്നു ഇരു നേതാക്കളും 45 മിനിറ്റ് നേരം ഒരുമിച്ച് യാത്ര ചെയ്തത്. ആഡംബരത്തിന്റെ അവസാന വാക്കായി വിശേഷിപ്പിക്കുന്ന ഈ വാഹനത്തിന്റെ സവിശേഷകള്‍ നോക്കാം.

വ്‌ളാദമിര്‍ പുതിന്റെ ഔദ്യോഗിക വാഹനമാണ് റഷ്യന്‍ നിര്‍മിത ഓറസ് സെനറ്റ് എന്ന ലിമോസിന്‍. അത്യാഡംബര സംവിധാനങ്ങള്‍ക്കൊപ്പം അത്യാധുനിക സുരക്ഷ സംവിധാനങ്ങള്‍ എല്ലാം ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. അടുത്തിടെ റഷ്യന്‍ പ്രസിഡന്റ് പുതിന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ട്രംപിന്റെ ഔദ്യോഗിക വാഹനമായ കാഡിലാക് വണ്‍ ബീസ്റ്റില്‍ ഒരുമിച്ച യാത്ര ചെയ്തതും വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.

Also Read:

https://www.kalakaumudi.com/international/xi-jinping-assures-full-support-to-india-modi-mentions-cross-border-terrorism-during-talks-9774670

ഒറ്റ നോട്ടത്തില്‍ റോള്‍സ് റോയിസ് ഫാന്റം എന്ന വാഹനത്തിനോട് സാമ്യമുള്ള രൂപമാണ് സെനറ്റിനുമുള്ളത്. എന്നാല്‍, 1940-കളില്‍ നിര്‍മിച്ചിരുന്ന സോവിയന്റ് ലിമോസിന്‍ മോഡലായ ഇസഡ്.ഐ.എസ്-110 എന്ന മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സെനറ്റ് ഒരുങ്ങിയിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. റെഗുലര്‍ ഓറസ് സെനറ്റ് വാഹനത്തില്‍ കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയാണ് പുതിനായുള്ള മോഡല്‍ ഒരുക്കിയിട്ടുള്ളത്. കോര്‍ട്ടേജ് എന്നാണ് അദ്ദേഹത്തിന്റെ വാഹനത്തെ വിശേഷിപ്പിക്കുന്നത്.

റഷ്യന്‍ ആഡംബര വാഹന നിര്‍മാണ കമ്പനിയായ ഓറസ് ആണ് സെനറ്റിന്റെ നിര്‍മാതാക്കള്‍. 2018-ലാണ് ഈ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. 2021-വരെ വി.ഐ.പികള്‍ക്കുള്ള വാഹനം മാത്രമായിരുന്നു ഓറസ് മോട്ടോഴ്സ് നിര്‍മിച്ചിരുന്നത്. ഇതിനുശേഷമാണ് പൊതുജനങ്ങള്‍ക്കായുള്ള വാഹനങ്ങളും ഓറസ് എത്തിച്ച് തുടങ്ങുന്നത്. സെനറ്റിന്റെ ലോങ്ങ് വീല്‍ ബേസ് ലിമോസിന്‍ മോഡലാണ് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമെങ്കില്‍ ഈ മോഡലിന്റെ അഞ്ച് ഡോര്‍ ഷോട്ട് വീല്‍ബേസ് സെഡാന്‍ പതിപ്പാണ് പൊതുജനങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നത്.

ഓറസ് സെനറ്റിന്റെ സാധാരണ മോഡലുകള്‍ക്ക് 5631 എം.എം. ആണ് നീളമെങ്കില്‍ 6700 എം.എം. നീളമാണ് പുതിന്റെ വാഹനത്തിനുള്ളത്. ബുള്ളറ്റ് പ്രൂഫ് കരുത്തിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. ദൃഢതയേറിയ ഗ്ലാസുകള്‍, ബോംബ് സ്ഫോടനത്തെ പോലും ചെറുക്കുന്ന അണ്ടര്‍ ഫ്ളോര്‍ പ്രോട്ടക്ഷന്‍, പഞ്ചറായാല്‍ പോലും നിശ്ചിത കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ടയറുകള്‍, സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ആയുധങ്ങള്‍, ഓക്സിജന്‍ സപ്ലൈ തുടങ്ങിയ സംവിധാനങ്ങളാണ് സുരക്ഷയ്ക്ക് ആക്കം കൂട്ടുന്നത്.

Also Read:

https://www.kalakaumudi.com/international/shanhai-summit-prime-minister-narendra-modi-meet-with-russian-president-vladmir-putin-9775669

ദൃഢതയ്ക്കൊപ്പം അഴകുമാണ് എക്സ്റ്റീരിയറിന്റെ സവിശേഷതയെങ്കില്‍ ആഡംബരമാണ് ഇന്റീരിയറിനെ വ്യത്യസ്തമാക്കുന്നത്. ലെതറിനൊപ്പം മറ്റ് ആഡംബര വസ്തുകളും ചേര്‍ത്താണ് അകത്തളം ഒരുക്കിയിരിക്കുന്നത്. മസാജ് സംവിധാനം ഉള്‍പ്പെടെ നല്‍കി വിവിധ രീതികളില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് സീറ്റുകള്‍ ഒരുക്കിയിട്ടുള്ളത്. ഓരോ സീറ്റിലേയും യാത്രക്കാര്‍ക്കായി പ്രത്യേകം എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകളും നല്‍കിയിട്ടുണ്ട്. മുന്നിലും വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ടി.എഫ്.ടി. സ്‌ക്രീന്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റവും ഒരുക്കിയിട്ടുണ്ട്.

സുരക്ഷ പോലെ കരുത്തിനും പ്രാധാന്യം നല്‍കിയാണ് പ്രസിഡന്റിന്റെ സെനറ്റ് ലിമോസിന്‍ എത്തിയിട്ടുള്ളത്. 6.6 ലിറ്റര്‍ വി12 എന്‍ജിനാണ് ലിമോസിനില്‍ നല്‍കിയിട്ടുള്ളത്. ഇത് 850 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, ഈ വാഹനത്തിന്റെ റെഗുലര്‍ മോഡലില്‍ 4.4 ലിറ്റര്‍ വി8 എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. 590 ബി.എച്ച്.പി. പവറും 880 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. കേവലം ആറ് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

vladimir putin narendra modi