/kalakaumudi/media/media_files/2025/09/01/modi-2025-09-01-18-37-53.jpg)
ഷാങ്ഹായ്: സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കായി ചൈനയിലെ ടിയാന്‍ജിനില്‍ 20 ലധികം വിദേശ നേതാക്കള്‍ ഒത്തുകൂടിയപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഹസ്തദാനം ചെയ്തും ആലിംഗനം ചെയ്തും ലഘുവായ നിമിഷങ്ങള്‍ പങ്കിട്ടത് ഇരുവരും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ എടുത്ത് കാണിക്കുന്നതായിരുന്നു.
ഉച്ചകോടിയില്‍ സെപ്റ്റംബര്‍ ഒന്നിന് വൈകുന്നേരം മോദിയും പുട്ടിനും തമ്മില്‍ ഉഭയകക്ഷി കൂടിക്കാഴ്ച നടക്കാനിരിക്കുകയാണ്. ഇന്ത്യ, റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ പ്രതിഷേധിച്ച്, ഇന്ത്യക്കുമേല്‍ അമേരിക്ക 50% തീരുവ ചുമത്തിയതിന് ശേഷം ആദ്യമായാണ് ഇരുവരും കണ്ടുമുട്ടുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം, ''അദ്ദേഹത്തെ കാണുന്നത് എപ്പോഴും സന്തോഷകരമാണ്'' എന്നാണ് പ്രധാനമന്ത്രി മോദി എക്സ് പോസ്റ്റില്‍ കുറിച്ചത്. പുട്ടിനോടൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കിട്ടു.
എസ്സിഒ ഉച്ചകോടി വേദിയില്‍ നിന്നുള്ള മറ്റ് വീഡിയോകളിലും ഫോട്ടോകളിലും പ്രധാനമന്ത്രി മോദിയും പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പുഞ്ചിരിച്ചും ഹസ്തദാനം ചെയ്തും സൗഹൃദ നിമിഷങ്ങള്‍ പരസ്പരം പങ്കിടുന്നതായി കാണാം. പിന്നാലെ മൂന്ന് നേതാക്കളും തമ്മിലുള്ള സൗഹൃദപരമായ ഇടപെടലുകള്‍ എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി അവരുടെ ആശയവിനിമയത്തിന്റെ ചില ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവെച്ചു.
''ടിയാന്‍ജിനിലെ ഇടപെടലുകള്‍ തുടരുന്നു! എസ്സിഒ ഉച്ചകോടിക്കിടെ പ്രസിഡന്റ് പുടിനും പ്രസിഡന്റ് ഷിയുമായി കാഴ്ചപ്പാടുകള്‍ കൈമാറുന്നു,'' എന്നാണ് മോദി എഴുതിയത്. മൂന്നുപേരുടെയും സൗഹൃദപരമായ സംഭാഷണങ്ങളും, പുഞ്ചിരിച്ചുകൊണ്ടുള്ള ചിത്രങ്ങളും കാണിക്കുന്നത് 2018 ലെ ബ്രിക്‌സ് ഉച്ചകോടിയില്‍ എടുത്ത സമാനമായ ചിത്രത്തെയാണ്.
ഓഗസ്റ്റ് 31 ന്, എസ്സിഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ഷി ജിന്‍പിങ്ങുമായി 50 മിനിറ്റിലധികം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. അതിര്‍ത്തിയിലെ വ്യത്യാസങ്ങള്‍ പരിഹരിക്കാനും സഹകരണം ശക്തിപ്പെടുത്താനും ഇരു നേതാക്കളും പ്രതിജ്ഞയെടുത്തു. പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവ അടിസ്ഥാനമാക്കി ഇന്ത്യ-ചൈന ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് പ്രധാനമന്ത്രി മോദി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
''കഴിഞ്ഞ വര്‍ഷം കസാനില്‍ ഞങ്ങള്‍ വളരെ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തി, അത് നമ്മുടെ ബന്ധങ്ങള്‍ക്ക് ഒരു നല്ല ദിശാബോധം നല്‍കി. അതിര്‍ത്തിയിലെ ബന്ധം വേര്‍പെടുത്തിയതിനുശേഷം, സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു,'' അദ്ദേഹം പറഞ്ഞു. 2020 ലെ ഗാല്‍വാന്‍ ഏറ്റുമുട്ടലിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്.
Also Read:
20 ലധികം വിദേശ നേതാക്കളും 10 അന്താരാഷ്ട്ര സംഘടനാ മേധാവികളും പങ്കെടുക്കുന്ന എസ്സിഒ ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ പ്ലീനറി സെഷനെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു. ലോകക്രമത്തിലെ ''ഭീഷണിപ്പെടുത്തുന്ന പെരുമാറ്റത്തെ'' വിമര്‍ശിച്ചുകൊണ്ട് സെഷന്റെ ഉദ്ഘാടന പ്രസംഗം നടത്തിയ ഷി ജിന്‍പിംഗ്. ''ന്യായവും നീതിയും പാലിക്കാനും, അമേരിക്കയുടെ ശീതയുദ്ധ മാനസികാവസ്ഥ, ക്യാമ്പ് ഏറ്റുമുട്ടല്‍, ഭീഷണിപ്പെടുത്തുന്ന പെരുമാറ്റം എന്നിവയെ എതിര്‍ക്കാനും'' അദ്ദേഹം പുടിനും പ്രധാനമന്ത്രി മോദിയും ഉള്‍പ്പെടെയുള്ള നേതാക്കളോട് ആഹ്വാനം ചെയ്തു.
അമേരിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു പുതിയ ആഗോള സുരക്ഷാ ക്രമത്തിനായുള്ള തന്റെ അഭിലാഷവും അദ്ദേഹം വെളിപ്പെടുത്തി, പ്രാദേശിക സുരക്ഷാ ഫോറത്തെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നതിന് ഷാങ്ഹായ് സഹകരണ സംഘടനയിലെ എല്ലാ കക്ഷികളുമായും ചൈന പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയെ കൂടാതെ, ചൈന, റഷ്യ, പാകിസ്ഥാന്‍, ഇറാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ബെലാറസ് എന്നിവ എസ്സിഒയില്‍ ഉള്‍പ്പെടുന്നു കൂടാതെ 16 രാജ്യങ്ങള്‍ കൂടി നിരീക്ഷകരായോ ''സംവാദ പങ്കാളികളായോ'' സംഘടനയില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്.
അതേസമയം ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ നടത്തിയ പ്രസംഗം ആഗോള ശ്രദ്ധ ആകര്‍ഷിക്കുകയാണ്. യുക്രെയ്‌നിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇന്ത്യയും ചൈനയും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചതിനുമപ്പുറം പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടലുകളാണ് ഈ സംഘര്‍ഷത്തിന് കാരണമെന്ന് അതോടൊപ്പം പുടിന്‍ കുറ്റപ്പെടുത്തിയത് പരോക്ഷമായിട്ടാണെങ്കിലും കൊണ്ടത് അമേരിക്കയ്ക്ക് തന്നെയാണ്.
ലോക സമാധാന ദൂതനെന്ന പട്ടം സ്വയം എടുത്തണിഞ്ഞ് റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷം 'ദേ ഇപ്പോള്‍ ശരിയാക്കി തരാം, തീര്‍ത്തു തരാം' എന്ന് വീമ്പിളക്കിയ അമേരിക്കയ്ക്ക് അതിന് സാധിച്ചില്ലെന്ന് മാത്രമല്ല, ഭീഷണികൊണ്ടും ഏഷണി കൊണ്ടും പുടിനെ അനുനയിപ്പിക്കാന്‍ സാധിച്ചില്ല എന്നത് ലോകം ഒന്നാകെ കണ്ടതാണ്.
അതോടൊപ്പം എടുത്തു പറയേണ്ട മറ്റൊരു കാര്യം, ലോകം മുഴുവന്‍ നടന്ന് സംഘര്‍ഷം അവസാനിപ്പിക്കുമെന്നും, സമാധാന നൊബേല്‍ തനിക്കാണെന്നും പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീളെ നടത്തിയ ചര്‍ച്ചകളും വെറുതെ ആയി എന്ന് പറയാതിരിക്കാന്‍ വയ്യ. കാരണം, യുക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇന്ത്യയുടേയും ചൈനയുടെയും മറ്റ് പങ്കാളികളുടെയും ശ്രമങ്ങളെ വളരെയധികം വിലമതിക്കുകയും അത് എടുത്തു പറയുകയും ചെയ്ത പുടിന്‍, അമേരിക്കയെ ഒന്ന് സൂചിപ്പിക്കുക കൂടി ചെയ്തില്ല. മാത്രമല്ല, പേരെടുത്തു പറയാതെ ചില പാശ്ചാത്യ രാജ്യങ്ങളാണ് സംഘര്‍ഷം വഷളാക്കിയത് എന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയുമാണുണ്ടായത്. ആ പാശ്ചാത്യ രാജ്യം 'അമേരിക്ക അല്ലാതെ മറ്റാരുമല്ല എന്ന് ലോക ജനതക്ക് മുഴുവന്‍ അറിയുന്ന കാര്യമാണല്ലോ...
ഒരു രാജ്യത്തിനും മറ്റൊരു രാജ്യത്തിന്റെ സുരക്ഷ ബലികഴിച്ച്, മറ്റൊരു രാജ്യത്തിനെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം, യുക്രെയ്‌നെ നാറ്റോയിലേക്ക് ആകര്‍ഷിക്കാനുള്ള പാശ്ചാത്യ ശ്രമങ്ങളാണ് റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന് മൂല കാരണമെന്നും കുറ്റപ്പെടുത്തി. കാലഹരണപ്പെട്ട യൂറോസെന്‍ട്രിക്, യൂറോ-അറ്റ്‌ലാന്റിക് മോഡലുകള്‍ക്ക് പകരമായി ഒരു പുതിയ യുറേഷ്യന്‍ സുരക്ഷാ സംവിധാനത്തിന് എസ്സിഒയ്ക്കുള്ളിലെ സംഭാഷണങ്ങള്‍ അടിത്തറയിടാന്‍ സഹായിക്കുന്നുണ്ടെന്നും പുടിന്‍ ചൂണ്ടിക്കാട്ടി. എസ്സിഒയുടെ സ്വാധീനം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉച്ചകോടിയുടെ പ്ലീനറി സെഷന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി, പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എന്നിവര്‍ ഹ്രസ്വമായ അനൗപചാരിക ചര്‍ച്ച നടത്തിയതും വലിയ മാധ്യമശ്രദ്ധ നേടി. മോദിയും ഷി ജിന്‍പിംഗും ഒന്നിച്ചാണ് വേദിയിലെത്തിയത്. ഇന്ത്യ-റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷവും പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി പ്രധാനമന്ത്രിയുമായി ഫോണില്‍ വിളിക്കുകയും ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു.
സന്ദര്‍ശന വേളയില്‍, എസ്സിഒ ഇടപെടലുകളുടെ ഭാഗമായുള്ള സൈനിക പരേഡ് ആഘോഷങ്ങളില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനൊപ്പം അദ്ദേഹം പങ്കെടുക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കൂടി ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. നിലവിലെ റഷ്യ-ഇന്ത്യ-ചൈന കൂട്ടുകെട്ടിനൊപ്പം ഉത്തരകൊറിയയുടെ കിം ജോംഗ് ഉണ്‍ കൂടി ചേര്‍ന്നാല്‍ പിന്നെ പറയേണ്ടതില്ലല്ലോ.
ഉച്ചകോടിക്ക് മുന്‍പ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ന്യായമായ വ്യാപാരം ഉറപ്പാക്കാനും സഹകരണം ശക്തിപ്പെടുത്താനും ധാരണയിലെത്തി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പ്രധാനമന്ത്രി ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിക്കുകയും ഈ വിഷയത്തില്‍ ഇന്ത്യയ്ക്ക് ചൈന പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് വളര്‍ന്നു വരുന്ന ഒരു പുതിയ ലോക ക്രമത്തെ തന്നെയാണ്.
യുക്രെയ്ന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നടന്ന ഈ എസ്സിഒ ഉച്ചകോടി, ലോക രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിന്റെ സൂചന നല്‍കുന്നു എന്ന് പറയാതെ വയ്യ. പഴയ പാശ്ചാത്യ മേധാവിത്വമുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്ക് പകരം എസ്സിഒ പോലുള്ള സംഘടനകള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണെന്ന് പുടിന്റെ വാക്കുകള്‍ അതിനെ അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ നയതന്ത്രപരമായ നീക്കങ്ങള്‍ സങ്കീര്‍ണമായി കിടക്കുന്ന പല 'അന്താരാഷ്ട്ര പ്രശ്‌നങ്ങളിലും' വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഈ സംഭവങ്ങള്‍ തെളിയിക്കുന്നു.