/kalakaumudi/media/media_files/2025/09/12/kim-2025-09-12-17-52-55.jpg)
പ്യോങ്യാങ്: ഉത്തര കൊറിയയില്‍ വിദേശ സിനിമകളും ടിവി പരിപാടികളും കാണുന്നവരെയും പങ്കുവെക്കുന്നവരെയും വധശിക്ഷയ്ക്ക് വിധേയരാക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്.
ഉത്തര കൊറിയന്‍ ഭരണകൂടം ജനങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിയന്ത്രണം ശക്തമാക്കുകയും നിരീക്ഷണങ്ങള്‍ വ്യാപകമാക്കുകയും ചെയ്തു. സാമ്പത്തിക രംഗത്തും സാമൂഹിക, രാഷ്ട്രീയ രംഗത്തുമുള്ള സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്തവിധം ജനങ്ങളെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നു.
കിം ജോങ് ഉന്നിന്റെ ഭരണത്തിന്‍ കീഴില്‍ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമായിരിക്കുകയാണെന്നും ആളുകള്‍ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം നടത്തിയ പഠനത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഉത്തര കൊറിയന്‍ ഭരണകൂടം പൗരന്മാരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട് എന്ന് കണ്ടെത്തി.
സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷണം കൂടുതല്‍ വ്യാപകമായി നടക്കുന്നു. ഉത്തര കൊറിയയിലെ സ്ഥിതിഗതികള്‍ ഇനിയും തുടര്‍ന്നാല്‍ അവിടുത്തെ ജനങ്ങള്‍ കൂടുതല്‍ കഷ്ടപ്പാടുകളും ഭയവും സഹിക്കേണ്ടിവരുമെന്ന് യുഎന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു.
Also Read:
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഉത്തര കൊറിയയില്‍ നിന്ന് പലായനം ചെയ്ത 300ലധികം ആളുകളുമായി നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2015 മുതല്‍ അവതരിപ്പിച്ച നിയമങ്ങള്‍ പ്രകാരം, വിദേശ സിനിമകളും ടിവി സീരിയലുകളും കാണുന്നതും പങ്കുവെക്കുന്നതും മരണശിക്ഷയ്ക്ക് കാരണമാകുന്ന കുറ്റമാണ്.
2020 മുതല്‍ വിദേശീയ സിനിമകള്‍ വിതരണം ചെയ്യുന്നവരെ പരസ്യമായി വെടിവച്ച് കൊല്ലുന്നത് വര്‍ധിച്ചിട്ടുണ്ട് എന്ന് പലായനം ചെയ്തവര്‍ യുഎന്‍ ഗവേഷകരോട് വെളിപ്പെടുത്തി. ഇത് ജനങ്ങളില്‍ ഭയം ഉളവാക്കാന്‍ വേണ്ടിയാണ് ചെയ്യുന്നത്. 2023ല്‍ രാജ്യം വിട്ട കാങ് ഗ്യൂരിയുടെ മൂന്ന് സുഹൃത്തുക്കളെ ദക്ഷിണ കൊറിയന്‍ സിനിമകള്‍ കണ്ടതിന് തൂക്കിക്കൊന്നുവെന്ന് അവര്‍ ബിബിസിയോട് പറഞ്ഞു.
2011ല്‍ കിം ജോങ് ഉന്‍ അധികാരത്തില്‍ വന്നപ്പോള്‍ രാജ്യം സാമ്പത്തികമായി മെച്ചപ്പെടുമെന്നും ജനങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുമെന്നും പലായനം ചെയ്തവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 2019ല്‍ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ച് കിം ആണവായുധ പരിപാടികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ജനങ്ങളുടെ ജീവിത സാഹചര്യവും മനുഷ്യാവകാശങ്ങളും മോശമായി. മൂന്ന് നേരം ഭക്ഷണം കഴിക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നും മിക്ക ആളുകളും അഭിമുഖത്തില്‍ വെളിപ്പെടുത്തി.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍ബന്ധിത തൊഴില്‍ കൂടുതല്‍ ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരെ ഖനനം, നിര്‍മാണം തുടങ്ങിയ കഠിനമായ ജോലികള്‍ ചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്നു. ഇത് തങ്ങളുടെ സാമൂഹിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് അവര്‍ വിശ്വസിക്കുന്നു.
എന്നാല്‍ ഈ ജോലികള്‍ അപകടകരമാണ്, പലപ്പോഴും മരണങ്ങള്‍ സംഭവിക്കാറുണ്ട്. തൊഴിലാളികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് പകരം മരണങ്ങളെ കിം ജോങ് ഉന്നിന് വേണ്ടിയുള്ള ത്യാഗമായി സര്‍ക്കാര്‍ ചിത്രീകരിക്കുന്നു. കൂടാതെ, ആയിരക്കണക്കിന് അനാഥരെ അടക്കം ഈ ജോലികള്‍ക്കായി തിരഞ്ഞെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2014ല്‍ നടന്ന യുഎന്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറി റിപ്പോര്‍ട്ടില്‍ ഉത്തര കൊറിയന്‍ ഭരണകൂടം മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. രാഷ്ട്രീയ തടങ്കല്‍ പാളയങ്ങളില്‍ തടവുകാരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നു.
ഈ ക്യാമ്പുകളില്‍ നാലെണ്ണം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാധാരണ ജയിലുകളില്‍ തടവുകാരെ പീഡിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തടവുകാര്‍ പീഡനം, അമിത ജോലി, പോഷകാഹാരക്കുറവ് എന്നിവ കാരണം മരിക്കുന്നത് കണ്ടിട്ടുണ്ടെന്ന് പലായനം ചെയ്തവര്‍ പറഞ്ഞു. എന്നാല്‍ ജയിലുകളില്‍ ചെറിയ രീതിയിലുള്ള പുരോഗതി ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.