/kalakaumudi/media/media_files/2025/11/02/and-2025-11-02-13-01-34.jpg)
ലണ്ടന്‍: റോയല്‍ ഫാമിലി അംഗം ആന്‍ഡ്രൂ രാജകുമാരനെ രാജകുടുംബത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഗുരുതരമായ ആരോപണങ്ങളാണ് അഹേത്തിനെതിരെ ഉയരുന്നത്. നാല് ദിവസത്തിനിടെ 40 വേശ്യകളെ തായ്‌ലന്‍ഡിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിച്ച് ലംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന ഗുരുതരമായ ആരോപണം അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുകയാണ്.
രാജകുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന ബ്രിട്ടന്‍ സര്‍ക്കാരിന്റെ പ്രിവില്ലേജും സാമ്പത്തിക ഇടപാടും നടത്തിയാണ് ഇവരെ തായ്‌ലന്‍ഡില്‍ എത്തിച്ചതെന്നാണ് പാശ്ചാത്യമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. വിവാദത്തിന് പിന്നാലെ പുറത്താക്കപ്പെട്ട രാജകുമാരന്‍ കൊട്ടാരത്തില്‍ നിന്നും സ്വകാര്യ വസതിയിലേക്ക് താമസം മാറ്റിയിട്ടുണ്ട്. അതിനിടെ അദ്ദേഹത്തെക്കുറിച്ച് കൊട്ടാരത്തിലെ അംഗങ്ങള്‍ തന്നെ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്.
യാതൊരു വിധ ധാര്‍മ്മിക മൂല്യങ്ങളും ഇല്ലാത്ത വ്യക്തിയാണ് ആന്‍ഡ്രു മൗണ്ട്ബാറ്റണ്‍ - വിന്‍ഡ്സര്‍ എന്ന് രാജകുടുംബത്തിന്റെ ചരിത്രകാരനായ ആന്‍ഡ്രു ലോണി പറയുന്നു. ബ്രിട്ടന്റെ വ്യാപാര പ്രതിനിധി എന്ന നിലയില്‍ തന്റെ പോക്കറ്റ് നിറയ്ക്കാനും, സ്ത്രീവിഷയത്തിനായുമാണ് ആന്‍ഡ്രു സമയം ചെലവഴിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. ഡെയ്‌ലി മെയിലിന്റെ ഒരു പോഡ്കാസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ചെലവില്‍, തായ്‌ലാന്‍ഡിലേക്കുള്ള ഒരു യാത്രയില്‍ മുന്‍ രാജകുമാരന്‍ അദ്ദേഹം താമസിച്ചിരുന്ന പഞ്ച നക്ഷത്ര ഹോട്ടലിലേക്ക് നാല് ദിവസങ്ങളില്‍ 40 വേശ്യകളെ വിളിച്ചു വരുത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു.
ആന്‍ഡ്രുവിന്റെ ഉയര്‍ച്ച താഴ്ചകള്‍ വിവരിക്കുന്ന എന്‍ടൈറ്റില്‍ഡ്: ദി റൈസ് ആന്‍ഡ് ഫോള്‍ ഓഫ് ദി ഹൗസ് ഓഫ് യോര്‍ക്ക് എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് ആന്‍ഡ്രു ലോണി. 2001 ല്‍ ആന്‍ഡ്രുവിന്റെ ബ്രിട്ടന്റെ വ്യാപാര പ്രതിനിധിയായി നിയമിക്കുന്നതിനെ അന്ന് വെയ്ല്‍സ് രാജകുമാരനായിരുന്ന ചാള്‍സ് നഖശിഖാന്തം എതിര്‍ത്തിരുന്നതായും ലോണി പറയുന്നു. പെണ്ണുപിടിക്കാനും ഗോള്‍ഫ് കളിക്കാനും മാത്രമായിരിക്കും ആന്‍ഡ്രു സമയം ചെലവഴിക്കുക എന്നായിരുന്നു രാജാവ് അതിന് കാരണമായി പറഞ്ഞിരുന്നതെന്നും ലോണി വ്യക്തമാക്കുന്നു.
Also Read:
എന്നാല്‍, ചാള്‍സിന്റെ നിര്‍ദ്ദേശം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന സര്‍ ടോണി ബ്ലെയറും കൂട്ടാളി പീറ്റര്‍ മാന്‍ഡെല്‍സണും അവഗണിച്ചത് കൊണ്ടാണ് വ്യാപാര പ്രതിനിധിയായി സര്‍ക്കാര്‍ ചെലവില്‍ ആന്‍ഡ്രുവിന് ലോകം ചുറ്റാന്‍ കഴിഞ്ഞതെന്നും ലോണി പറയുന്നു. 2001 ല്‍ ആന്‍ഡ്രുവിന് 41 വയസ്സായിരുന്നു പ്രായം. മധ്യവയസ്‌കര്‍ അഭിമുഖീകരിക്കുന്ന ലൈംഗിക പ്രതിസന്ധി അനുഭവിക്കുന്ന കാലം. അതായിരുന്നു അന്ന് സ്ഠ്രീകളുടെ പുറകെ നെട്ടോട്ടമോടുവാന്‍ ആന്‍ഡ്രുവിനെ പ്രേരിപ്പിച്ചത്.
തായ്‌ലാന്‍ഡ് രാജാവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ പ്രതിനിധിയായിട്ടായിരുന്നു ആന്‍ഡ്രു പോയത്. എംബസിയില്‍ താമസിക്കുന്നതിന് പകരം പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാനാണ് അന്ന് ആന്‍ഡ്രു താത്പര്യം പ്രകടിപ്പിച്ചത്. ആ യാത്രയിലായിരുന്നു 4 ദിവസങ്ങളിലായി 40 വേശ്യകളുമായി ശാരീരിക ബന്ധം പുലര്‍ത്തിയത് എന്നും ലോണി പറയുന്നു. റോയിറ്റേഴ്‌സിലെ കറസ്‌പോണ്ടന്റും, തായ് രാജകുടുംബത്തിലെ ചില അംഗങ്ങളൂം ഉള്‍പ്പടെയുള്ളവര്‍ ഈ വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ലോണി അവകാശപ്പെടുന്നു.
ഏതായാലും, ജന്മം വഴി ലഭിച്ച 'രാജകുമാരന്‍' എന്ന പദവി ഉള്‍പ്പടെ രാജ പദവികളും സ്ഥാനങ്ങളുമൊക്കെ നഷ്ടമായ ആന്‍ഡ്രു റോയല്‍ ലോഡ്ജിന്റെ ലീസ് സറണ്ടര്‍ ചെയ്യാന്‍ തീരുമാനിച്ചു. നോര്‍ഫോക്കിലെ സാന്‍ഡ്രിംഗ്ഗാം എസ്റ്റേറ്റിലുള്ള ചാള്‍സ് രാജാവിന്റെ ഒരു സ്വകാര്യ വസതിയിലേക്കായിരിക്കും ആന്‍ഡ്രു താമസം മാറ്റുക. കുട്ടിപീഢകനായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം പുറത്തു വരികയും ഒപ്പം ആന്‍ഡ്രു പീഢിപ്പിച്ചെന്നു പരാതിപ്പെട്ട വെര്‍ജീനിയ ജിഫ്രിയുടെ ആത്മകഥയിലെ പരാമര്‍ശങ്ങളും ആന്‍ഡ്രുവിനെ തള്ളിപ്പറയാന്‍ രാജകുടുംബത്തെ നിര്‍ബന്ധിതമാക്കുകയായിരുന്നു.
ചാള്‍സ് രാജാവായിരിക്കും തന്റെ സഹോദരന്റെ താമസ ചെലവുകള്‍ വഹിക്കുക എന്നറിയുന്നു. ചുമതലകള്‍ നിര്‍വഹിക്കുന്ന രാജകുടുംബാംഗം എന്ന നിലയില്‍ ലഭിച്ചിരുന്ന 1 മില്യന്‍ പൗണ്ടിന്റെ വാര്‍ഷിക വരുമാനം ഇനി മുതല്‍ ആന്‍ഡ്രുവിന് ലഭിക്കില്ല. നേവി ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള 20,000 പൗണ്ട് മാത്രമാണ് ഇപ്പോള്‍ ആന്‍ഡ്രുവിനുള്ള അറിയപ്പെടുന്ന വരുമാനം. എന്നാല്‍, ഏകദേശം 1.5 മില്യന്‍ പൗണ്ടിന്റെ ആസ്തി ആന്‍ഡ്രുവിനുണ്ടെന്ന് ചില വൃത്തങ്ങള്‍ പറയുന്നു.
ആന്‍ഡ്രുവിനൊപ്പം താമസിച്ചിരുന്ന മുന്‍ ഭാര്യ സാറ ഫെര്‍ഗുസനും റോയല്‍ ലോഡ്ജില്‍ നിന്നും പുറത്തേക്ക് പോകേണ്ടി വരും. എന്നാല്‍, ആന്‍ഡ്രുവിനൊപ്പം സാന്‍ഡ്രിംഗാമിലേക്ക് പോകാതെ അവര്‍ സ്വന്തമായി താമസ സൗകര്യം കണ്ടെത്തുകയാവും ചെയ്യുക.ഇതോടെ ആന്‍ഡ്രുവും സാറയുമായുള്ള ബന്ധം പൂര്‍ണ്ണമായും ഇല്ലാതെയാകാനാണ് സാധ്യത. ലോകത്തിലെ, വിവാഹമോചനം നേടിയ ഏറ്റവും സന്തുഷ്ട ദമ്പതികള്‍ എന്നായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധത്തെ ഒരുകാലത്ത് സാറ ഫെര്‍ഗുസണ്‍ വിശേഷിപ്പിച്ചിരുന്നത്.
/filters:format(webp)/kalakaumudi/media/media_files/2025/11/02/raja-2025-11-02-13-03-03.jpg)
മക്കള്‍ക്ക് കൊട്ടാരത്തില്‍ കഴിയാം
ആന്‍ഡ്രൂവിന്റെ മക്കളായ ബിയാട്രിസും യൂജീനും രാജകുമാരിമാരായി തന്നെ തുടരും.ആന്‍ഡ്രൂവിന്റെ മുന്‍ഭാര്യ സാറ ഫെര്‍ഗൂസനും ഇനി രാജകീയ പദവികള്‍ ഉപയോഗിക്കാനാകില്ല. പക്ഷേ മക്കള്‍ക്ക് ഇതു ബാധകമല്ല. എലിസബത്ത് റാണിയുടെ മകന്റെ മക്കള്‍ എന്ന നിലയില്‍ രാജാവകാശങ്ങളും സ്ഥാനങ്ങളും ഇവര്‍ക്കു നിലനില്‍ക്കുമെന്നാണു റിപ്പോര്‍ട്ട്.
37 വയസ്സുകാരിയായ ബിയാട്രിസാണു മൂത്തയാള്‍. ബിയാട്രിസിന് 7 വയസ്സുള്ളപ്പോഴാണ് ആന്‍ഡ്രൂവും സാറയും വേര്‍പിരിഞ്ഞത്. പിന്നീട് ബ്രിട്ടനിലും വിദേശത്തുമായിട്ടായിരുന്നു ഇരുവരുടെയും വാസം. കുട്ടികളുടെ ചെലവിനായി വന്‍തുക എലിസബത്ത് റാണി അവരുടെ കുട്ടിക്കാലത്തു തന്നെ ആന്‍ഡ്രൂവിനും സാറയ്ക്കുമായി നല്‍കിയിരുന്നു. ബിയാട്രിസ് ഇന്നു ബ്രിട്ടിഷ് കിരീടാവകാശ ക്രമത്തില്‍ 9ാം സ്ഥാനത്താണ്. ബിയാട്രിസിന്റെ അനുജത്തിയായ യൂജീനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പിന്നിലല്ല. ബ്രിട്ടിഷ് കിരീടാവകാശ ക്രമത്തില്‍ 12ാം സ്ഥാനത്താണു യൂജീന്‍.
അന്തരിച്ച എലിസബത്ത് റാണിയുടെ 4 മക്കളില്‍ രണ്ടാമനായ ആന്‍ഡ്രൂ ഡ്യൂക്ക് ഓഫ് യോര്‍ക്ക് തുടങ്ങിയ രാജകീയ പദവികള്‍ നേരത്തെ സ്വയം ഉപേക്ഷിച്ചിരുന്നു. ചാള്‍സുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ഇത്. യുഎസില്‍ ലൈംഗിക പീഡന കേസില്‍ പ്രതിയായ ജെഫ്രി എപ്‌സ്‌റ്റൈനുമായുള്ള ആന്‍ഡ്രുവിന്റെ അടുത്ത ബന്ധമാണു ആരോപണങ്ങള്‍ക്കും ഇപ്പോഴത്തെ നടപടികള്‍ക്കും കാരണമായത്. എപ്‌സ്‌റ്റൈന്‍ തന്നെ ആന്‍ഡ്രൂവിനരികിലേക്കു കടത്തിക്കൊണ്ടുപോയെന്നും ആന്‍ഡ്രൂ തന്നെ പീഡിപ്പിച്ചെന്നും വെര്‍ജീനിയ ജുഫ്രേ എന്ന സ്ത്രീ 2014ല്‍ ആരോപിച്ചിരുന്നു. ഇവരുമായുള്ള കോടതി വ്യവഹാരവും ആന്‍ഡ്രൂവിന്റെ ജനപ്രീതി ഇടിച്ചു. വെര്‍ജീനിയ ഈ വര്‍ഷം മരിച്ചു.
വിവാദനിഴലിലുള്ള ആന്‍ഡ്രൂ കാരണം ബ്രിട്ടിഷ് രാജകുടുംബത്തോട് ജനങ്ങള്‍ക്കുള്ള ജനപ്രീതി കുറയുന്നെന്ന വിലയിരുത്തലിലാണ് 'രാജകുമാരന്‍' സ്ഥാനവും മറ്റു രാജകീയ പദവികളും അവകാശങ്ങളും ബ്രിട്ടനിലെ ചാള്‍സ് രാജാവ് നീക്കം ചെയ്തത്. വിന്‍ഡ്‌സര്‍ കാസില്‍ സമുച്ചയത്തിലുള്ള റോയല്‍ ലോഡ്ജ് ആഡംബരവസതിയില്‍ നിന്നു താമസം മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചാള്‍സിന്റെ സ്വകാര്യ വസതിയായ സാന്‍ഡ്രിങ്ങാം എസ്റ്റേറ്റിലാകും ഇനി ആന്‍ഡ്രൂ താമസിക്കുക. 'ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സര്‍' എന്ന പേരായിരിക്കും ഇനി അദ്ദേഹത്തിന്.
ലോകത്തെവിടെയും പീഡനങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കും ഇരകളാകുന്നവരോടു തങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമുണ്ടെന്നു ബക്കിങ്ങാം പാലസ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ ആരുടെയും പേരെടുത്തുപറയാതെ അറിയിക്കുകയും ചെയ്തിരുന്നു ഇന്നലെ. ബ്രിട്ടിഷ് നാവികസേനയില്‍ വൈസ് അഡ്മിറല്‍ പദവി വരെയെത്തിയ ആന്‍ഡ്രൂ 1980കളില്‍ അര്‍ജന്റീനയുമായുള്ള ഫോക്ലാന്‍ഡ് യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. 2019 മുതല്‍ രാജകീയമായ കടമകളില്‍ നിന്നെല്ലാം അദ്ദേഹത്തെ ഒഴിവാക്കി. രാജകുടുംബാംഗങ്ങളുമായുള്ള ദീര്‍ഘ ചര്‍ച്ചയ്ക്കുശേഷമാണു ചാള്‍സ് രാജാവ് പുതിയ തീരുമാനമെടുത്തതെന്നാണു വിവരം. അടുത്ത കിരീടാവകാശിയായ വില്യം രാജകുമാരന്റെ ശക്തമായ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
