/kalakaumudi/media/media_files/2025/10/03/hamas-2025-10-03-09-00-29.jpg)
കെയ്റോ: ഗാസയില്‍ സമാധാനം സ്ഥാപിക്കാന്‍ ട്രംപ് മുന്നോട്ട് വെച്ച കരാര്‍ അംഗീകരിക്കുന്നതിന് ഹമാസുമായി ചര്‍ച്ചകള്‍ ആരംഭിച്ച് ഖത്തറും തുര്‍ക്കിയും. പാരീസിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ സംസാരിക്കവേ ഈജിപ്ത് വിദേശകാര്യ മന്ത്രി ബദര്‍ അബ്ദുലാറ്റിയാണ് ഇക്കാര്യം വ്യക്തമാക്കി. ഹമാസ് നിരായുധീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ താന്‍ മുന്നോട്ടുവെച്ച സമാധാന കരാര്‍ അംഗീകരിക്കുന്നതിന് നാല് ദിവസത്തെ സമയമാണ് ട്രംപ് അനുവദിച്ചത്. വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചാല്‍ ദുഃഖകരമായ അന്ത്യം ഹമാസിന് ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതിനുപിന്നാലെയാണ് ഖത്തറിന്റെയും തുര്‍ക്കിയുടെയും നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അതേസമയം, സമാധാനകരാറില്‍ ഇതുവരെ ഹമാസ് പ്രതികരിച്ചിട്ടില്ല.
20 നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് ട്രംപ് മുന്നാട്ടുവെച്ച പുതിയ കരാര്‍. ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുണ്ടായ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കരാറുമായ ബന്ധപ്പെട്ട ട്രംപിന്റെ പ്രഖ്യാപനം.സമാധാന കരാറിനെ പിന്തുണയ്ക്കുന്നുവെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ബെഞ്ചമിന്‍ നെതന്യാഹുവും പറഞ്ഞു.
ഹമാസിന്റെ തടവിലുള്ള ബന്ദികളെ 72 മണിക്കൂറിനകം മോചിപ്പിക്കണം. ഇത്തരത്തില്‍ വിട്ടയച്ചാല്‍ ജയിലിലുള്ള 250 പലസ്തീനികളെ ഇസ്രയേലും മോചിപ്പിക്കുമെന്നതാണ് കരാറിലെ പ്രസക്തമായ ഭാഗങ്ങളിലൊന്ന്. ബന്ദികളുടെ മോചനം ഏറെ നാളായി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഇക്കാര്യം കരാറില്‍ പരാമര്‍ശിക്കുന്നത്.
ബന്ദികളുടെ മോചനം, ഗാസയില്‍ നിന്നുള്ള ഇസ്രയേലി പിന്മാറ്റം, ഹമാസിന്റെ കീഴടങ്ങല്‍, പലസ്തീന്‍ പ്രദേശങ്ങള്‍ താത്ക്കാലികമായി ഭരിക്കുന്നതിന് നോണ്‍ പൊളിറ്റിക്കല്‍ സമിതി രൂപീകരണം, ഗാസയ്ക്ക് മാനുഷിക സഹായത്തിനുള്ള പദ്ധതി തുടങ്ങി കാര്യങ്ങളും കരാറില്‍ ഉള്‍പ്പെടുന്നുണ്ട്.ഇരുവിഭാഗവും കരാര്‍ അംഗീകരിച്ചാല്‍ യുദ്ധം ഉടന്‍ അവസാനിക്കും. ഇസ്രയേല്‍ പ്രത്യക്ഷമായി കരാര്‍ അംഗീകരിച്ച് 72 മണിക്കൂറിനകം മുഴുവന്‍ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.