ഗസയില്‍ സൗദിയുടെ കട്ട സപ്പോര്‍ട്ട് ;വംശഹത്യ അനുവദിക്കില്ല!

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് എത്തിയതോടെ ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷത്തിന് മൂര്‍ച്ച കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തല്‍ക്കാലം വിഷയത്തില്‍ ഇടപെടേണ്ടെന്ന നിലപാടാണ് അമേരിക്കയ്ക്ക് ഉള്ളത്.

author-image
Rajesh T L
New Update
ww

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് എത്തിയതോടെ ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷത്തിന് മൂര്‍ച്ച കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തല്‍ക്കാലം വിഷയത്തില്‍ ഇടപെടേണ്ടെന്ന നിലപാടാണ് അമേരിക്കയ്ക്ക് ഉള്ളത്. വിഷയത്തില്‍ ട്രംപിനെ ഉദ്ധരിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചതില്‍നിന്ന് വ്യക്തമാകുന്നത് അതാണ്.

എന്നാല്‍ വര്‍ഷം ഒന്നുകഴിഞ്ഞിട്ടും പരിഹാരമില്ലാതെ തുടരുന്ന സംഘര്‍ഷത്തില്‍ ഇടപെട്ട് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തുവന്നിരിക്കുകയാണ്. ഇരുപക്ഷത്തും ചേരാതിരുന്ന സൗദിയും ഇപ്പോള്‍ പ്രതികരിച്ചുകഴിഞ്ഞു.

ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെ അപലപിച്ചിരിക്കുകയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. വംശഹത്യയും ഇസ്രയേലിന്റെ ലെബനാന്‍ അധിനിവേശവും തടയണമെന്നും റിയാദില്‍ നടന്ന അറബ്-ഇസ്ലാമിക് ഉച്ചകോടിയില്‍ അദ്ദേഹം പറയുകയുണ്ടായി. പലസ്തീനിലെയും ലെബനാനിലെയും ജനതക്കൊപ്പമാണ് സൗദി എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയെ വീണ്ടും അപലപിക്കുകയാണ്. പലസ്തീനികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയും പ്രദേശത്തെ സമാധാന അന്തരീക്ഷം ഇല്ലാതാക്കുകയുമാണ് ഇസ്രയേല്‍ ചെയ്യുന്നത്. ലെബനനിന്റെ ഭൂമിയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടികളെയും ഞാന്‍ അപലപിക്കുന്നു. എന്നായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ വാക്കുകള്‍.

പലസ്തീനിലെയും ലെബനനിലെയും സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രായേലിനെ സമ്മര്‍ദ്ദപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം ശ്രമിക്കണം. ഇറാന്റെ പരമാധികാരത്തില്‍ അതിക്രമിച്ചു കയറാന്‍ ഇസ്രായേലിനെ അനുവദിക്കരുതെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടു.

ഗസയിലും ലെബനനിലും നടക്കുന്ന അതിക്രമങ്ങളെ അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമദ് അബുല്‍ ഘെയ്റ്റും വിമര്‍ശിച്ചിട്ടുണ്ട്. ഗസയിലും ലെബനാനിലും അടിയന്തരമായി വെടിനിര്‍ത്തല്‍ വേണം. യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച പുതിയ യുഎസ് പ്രസിഡന്റ് വാക്ക് പാലിക്കുമെന്ന് കരുതാമെന്നാണ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചത്.

അതിനിടെ സൗദി-ഇറാന്‍ സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും സൈനിക മേധാവികള്‍ തമ്മില്‍ കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്. സൗദി ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഫയാദ് ബിന്‍ ഹമദ് അല്‍ റുവൈലി ഇറാന്‍ തലസ്ഥനാമയാ ടെഹ്‌റാനിലെത്തിയാണ് ഇറാന്‍ സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഗേരിയുമായി കൂടിക്കാഴ്ച നടത്തിയത്.

മേഖലയിലെ സുരക്ഷയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിന് സൈനിക, പ്രതിരോധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ കൂടികാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ബീജിംഗ് കരാറിന്റെ തുടര്‍ച്ചയായാണ് സന്ദര്‍ശനമെന്നാണ് സൂചന.

ഇറാന്‍ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ഇന്റലിജന്‍സ് ആന്റ് സെക്യൂരിറ്റി അഫയേഴ്‌സ് മേജര്‍ ജനറല്‍ ഘോലം മെഹ്‌റാബിയുമായും അല്‍റുവൈലിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സൗദിയുടെയും ഇറാന്റെയും ഭാഗങ്ങളില്‍ നിന്നുള്ള സായുധ സേനയിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കാളികളായിട്ടുണ്ട്. ഇതോടെ ഇറാനെതിരെ ഇസ്രയേലിന്റെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള നീക്കം ഉണ്ടായാല്‍ സൗദിയും കളത്തില്‍ ഇറങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്.

gaza cease fire Lebanon-Israel border gaza conflict lebanon donald trumps israel- palastine soudi arabia donald trump gaza palastine