/kalakaumudi/media/media_files/2025/07/01/z9blovumd-2025-07-01-11-52-12.jpg)
പാരീസ്: യൂറോപ്പില്‍ വേനല്‍ കാലമായതോടെ കൊടുംചൂടില്‍ വലയുകയാണ് ജനങ്ങള്‍. ചൂടിനെ തുടര്‍ന്ന് കാര്‍ഷികമേഖലയും ജനജീവിതവും പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇറ്റലിയില്‍ കൊടും ചൂട് മൂലം ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറ്റലിയിലെ 27 നഗരങ്ങളില്‍ 21 എണ്ണത്തിലും ഏറ്റവും ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതേതുടര്‍ന്ന് ആരോഗ്യമന്ത്രാലയം കാട്ടുതീ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റോം, മിലാന്‍, നേപ്പിള്‍സ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കനത്ത ചൂടാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കടുത്ത ചൂട് മൂലം ഗ്രീസ് വീണ്ടും കാട്ടുതീ ജാഗ്രതയിലാണ്. ഉഷ്ണതരംഗം ഈ ആഴ്ച മുഴുവന്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു.
വ്യാഴാഴ്ച ഏഥന്‍സിന് തെക്ക് കാട്ടുതീ പടര്‍ന്നിരുന്നു. അതേതുടര്‍ന്ന് പോസിഡോണ്‍ ക്ഷേത്രത്തിന് സമീപമുള്ള ആളുകളെ ഒഴിപ്പിക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തു. നാല്‍പ്പതോളം പേരെയാണ് ഒഴിപ്പിച്ചത്. സ്‌പെയിനിലെ തെക്കന്‍ നഗരമായ സെവില്ലെയിലും 42 ഡിഗ്രി സെല്‍ഷ്യസ് (107 ഫാരന്‍ഹീറ്റ്) വരെ താപനില ഉയര്‍ന്നതിനാല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്‌പെയിനിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ശരാശരിയേക്കാള്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.