/kalakaumudi/media/media_files/2025/08/26/lisa-cook-2025-08-26-08-51-55.jpg)
വാഷിങ്ടണ്‍: മോര്‍ട്ട്‌ഗേജ് തട്ടിപ്പ് ആരോപണങ്ങള്‍ക്കിടെ ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ലിസ കുക്കിനെ നീക്കം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തട്ടിപ്പ് നടന്നുവെന്ന് കൃത്യമായി തെളിയിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് ട്രംപിന്റെ ഈ നടപടി.
ഫെഡറല്‍ റിസര്‍വിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരില്‍ ഒരാളായ ലിസ കുക്കിനെ യു.എസ് ഭരണഘടനയ്ക്കും 1913ലെ ഫെഡറല്‍ റിസര്‍വ് നിയമത്തിനും കീഴിലുള്ള അധികാരങ്ങള്‍ക്കനുസൃതമായി പിരിച്ചുവിടുകയാണെന്ന് ഇന്നലെ രാത്രി തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത കത്തില്‍ ട്രംപ് പറഞ്ഞു.
മോര്‍ട്ട്‌ഗേജ് ഭീമന്മാരായ ഫാനി മേയെയും ഫ്രെഡി മാക്കിനെയും നിയന്ത്രിക്കുന്ന ഏജന്‍സിയിലേക്ക് ട്രംപ് നിയമിച്ച ബില്‍ പുള്‍ട്ടെ കഴിഞ്ഞ ആഴ്ചയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. കുറഞ്ഞ പലിശ നിരക്ക് കിട്ടാന്‍ വേണ്ടി 2021ല്‍ ആന്‍ അര്‍ബറിലും മിഷിഗണിലും അറ്റ്‌ലാന്റയിലുമുള്ള രണ്ട് പ്രാഥമിക വസതികള്‍ കുക്ക് ആവശ്യപ്പെട്ടുവെന്നാണ് പുള്‍ട്ടെ ആരോപിച്ചത്. രണ്ടാമതായി വാങ്ങിയ വീടുകള്‍ക്കും വാടകയ്ക്ക് എടുക്കുന്ന വീടുകള്‍ക്കും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ പലപ്പോഴും കൂടുതലാണ്.
ഒന്നോ അതിലധികമോ മോര്‍ട്ട്‌ഗേജ് കരാറുകളില്‍ ഗവര്‍ണര്‍ ലിസ കുക്ക് തെറ്റായ പ്രസ്താവനകള്‍ നടത്തിയിരിക്കാമെന്ന് വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെന്ന് ബില്‍ പുള്‍ട്ടെയെ ഉദ്ധരിച്ച് ട്രംപ് പറഞ്ഞു. പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നതിലും റിസര്‍വ് ബാങ്കിനെയും അതിലെ അംഗ ബാങ്കുകളെയും നിയന്ത്രിക്കുന്നതിലും ഫെഡറല്‍ റിസര്‍വിന് വലിയ ഉത്തരവാദിത്തമുണ്ടെന്നും ട്രംപ് കത്തില്‍ പറഞ്ഞു.
Also Read:
മുന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ലിസ കുക്കിനെ നിയമിച്ചത്. മുന്‍ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസറാണ് ലിസ. ഫെഡറല്‍ റിസര്‍വിലെ ഏഴ് അംഗങ്ങളില്‍ ഒരാളായ ലിസ കുക്ക് ഈ സ്ഥാനത്തെത്തുന്ന അമേരിക്കയിലെ ആദ്യ കറുത്ത വംശജയായ വനിതകൂടിയാണ്.
രാജിവെക്കണമെന്ന് കുക്കിനോട് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ രാജിവെക്കില്ലെന്ന് കുക്ക് അറിയിച്ചതോടെയാണ് അവരെ പുറത്താക്കിയത്.
ട്രംപിന്റെ ഈ നടപടിയില്‍ ഇതുവരെയും ബാങ്കിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. പലിശനിരക്ക് കുറയ്ക്കുന്നതിന് വേണ്ടി പ്രസിഡന്റിന്റെ കടുത്ത സമ്മര്‍ദം നേരിടുന്ന ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ട്രംപിന്റെ ഈ നീക്കം. വാഷിങ്ടണിലെ അവശേഷിക്കുന്ന ചുരുക്കം ചില സ്വതന്ത്ര ഏജന്‍സികളില്‍ ഒന്നിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ശ്രമമാണിതെന്ന ആക്ഷേപം ഉയരുന്നുണ്ട്. കുറച്ചുകാലത്തേക്കായി പലിശ നിരക്ക് കുറയ്ക്കാത്തതിന് ട്രംപ് ഫെഡ് ചെയര്‍മാന്‍ ജെറോം പവലിനെ ആവര്‍ത്തിച്ച് ആക്രമിക്കുകയും അദ്ദേഹത്തെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.