/kalakaumudi/media/media_files/2025/08/28/susan-2-2025-08-28-09-52-01.jpg)
വാഷിങ്ടണ്‍: ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ലിസ കുക്കിനെ പുറത്താക്കിയതിന് പിന്നാലെ വീണ്ടും കടുത്ത നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാക്സിന്‍ നയം മാറ്റാനുള്ള സമ്മര്‍ദത്തിനിടയില്‍ രാജിവക്കാന്‍ വിസമ്മതിച്ച സൂസന്‍ മൊണാറസിനെ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച പുറത്താക്കി.
പ്രസിഡന്റ് ട്രംപിന്റെ നയങ്ങളോട് യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാല്‍ സൂസന്‍ മൊണാറസനെ പുറത്താക്കിയെന്നാണ് വൈറ്റ്ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. ട്രംപിന്റെ ഉദ്യോഗസ്ഥര്‍ സുസനുമായി ചര്‍ച്ച നടത്തിയെങ്കിലും അദ്ദേഹത്തിന്റെ നയങ്ങളോട് മുഖം തിരിക്കുന്ന സമീപനമാണ് സൂസന്‍ സ്വീകരിക്കുന്നതെന്നാണ് ട്രംപ് അനുകൂലികളുടെ ആരോപണം. എന്നാല്‍ അശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് സൂസന്‍ പറയുന്നത്.
Also Read:
ദീര്‍ഘകാല ഫെഡറല്‍ ഗവണ്‍മെന്റ് ശാസ്ത്രജ്ഞയായ ഡോ മൊണാറസിനെ കഴിഞ്ഞ ജൂലായിലാണ് സിഡിസി അദ്ധ്യക്ഷയായി നിയമിച്ചത്. എന്നാല്‍ സുസനെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്നാണ് ഒരുവിഭാഗം മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇവര്‍ രാജി ഭീഷണിയും മുഴക്കിയിട്ടുണ്ട്.
മോര്‍ട്ട്ഗേജ് തട്ടിപ്പ് ആരോപിച്ച് ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ലിസ കുക്കിനെ നീക്കം ചെയ്ത് കഴിഞ്ഞ ദിവസമായിരുന്നു. തട്ടിപ്പ് നടന്നുവെന്ന് കൃത്യമായി തെളിയിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് ട്രംപിന്റെ ഈ നടപടി.
ഫെഡറല്‍ റിസര്‍വിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരില്‍ ഒരാളായ ലിസ കുക്കിനെ യു.എസ് ഭരണഘടനയ്ക്കും 1913ലെ ഫെഡറല്‍ റിസര്‍വ് നിയമത്തിനും കീഴിലുള്ള അധികാരങ്ങള്‍ക്കനുസൃതമായി പിരിച്ചുവിടുകയാണെന്ന് കഴിഞ്ഞ രാത്രി തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത കത്തില്‍ ട്രംപ് പറഞ്ഞത്.