സ്വകാര്യ ആശുപത്രികളിലെ വന്‍ കമ്പനികളുടെ നിക്ഷേപം സദുദ്ദേശത്തോടെയല്ല; ചികിത്സാ ചെലവ് മാറിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 180ലധികം കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യ മേഖലയില്‍ ഉണ്ടായത് ജനങ്ങളെ മുന്നില്‍ കണ്ടുള്ള വലിയ മാറ്റങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

author-image
Biju
New Update
dhgju

Pinarayi Vijayan

തിരുവനന്തപുരം: സ്വകാര്യ ആരോഗ്യ മേഖലയിലെ പുത്തന്‍ പ്രവണതകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്തകാലത്തായി സ്വകാര്യ ആശുപത്രികളുടെ പേരിലോ തലപ്പത്തോ മാറ്റം വരുത്താതെ വന്‍ കമ്പനികള്‍ വലിയ നിക്ഷേപം നടത്തുന്നുവെന്നും ഇത് സദുദ്ദേശത്തോടെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സാ ചെലവ് വലിയ തോതില്‍ മാറിയിട്ടുണ്ടെന്നും ഇത് കേരളത്തിന്റെ ആരോഗ്യ രംഗം അഭിമുഖീകരിക്കുന്ന പുതിയ പ്രശ്നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 180ലധികം കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യ മേഖലയില്‍ ഉണ്ടായത് ജനങ്ങളെ മുന്നില്‍ കണ്ടുള്ള വലിയ മാറ്റങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കഴിഞ്ഞ ദിവസം നീതി ആയോഗ് വൈസ് ചെയര്‍മാന്‍ വയനാട്ടില്‍ എത്തിയപ്പോള്‍ നമ്മുടെ ആരോഗ്യ മേഖലയെ പ്രശംസിച്ചിരുന്നു. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ യഥാര്‍ത്ഥ ശേഷിയാണ് അത് വ്യക്തമാകുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആയിരക്കണക്കിന് രോഗികളാണെത്തുന്നത്. ദേശീയ തലത്തിലുള്ള ഒന്നാം സ്ഥാനത്ത് നിന്നും കൂടുതല്‍ മുന്നോട്ട് പോകാനാകണം. എല്ലാ കാര്യത്തിലും കേരളത്തെ ഉയര്‍ത്തുക എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Also Read:

https://www.kalakaumudi.com/kerala/kerala-government-hospitals-face-cardiac-surgery-equipment-shortage-due-to-unpaid-dues-9775001

ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഇവിടെ നില്‍ക്കുന്നത്. നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ വലിയ സഹായമാണ് ലഭിക്കുന്നത്. തിരുവനന്തപുരം നഗര ഹൃദയ ഭാഗത്തുള്ള സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ അഭിമാന സ്തംഭമായിട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കണക്കാക്കുന്നത്. 

കേരളത്തിലുള്ളവര്‍ മാത്രമല്ല അയല്‍ സംസ്ഥാനത്തുള്ള ധാരാളം പേരും ഇവിടെ ചികിത്സയ്ക്കായി ആശ്രയിക്കുന്നു. അതിനാല്‍ ഈ സ്ഥാപനത്തെ കൂടുതല്‍ ശാക്തീകരിക്കാനാണ് ശ്രമിക്കുന്നത്. ഈ സ്ഥാപനത്തിന്റെ മാത്രം കണക്കെടുത്താല്‍ കഴിഞ്ഞ 9 വര്‍ഷം കൊണ്ട് 2069 കോടി രൂപയാണ് അനുവദിച്ചത്. അതിലൂടെ ഭൗതിക സാഹചര്യവും രോഗീ പരിചരണവും മെച്ചപ്പെടുത്താന്‍ സാധിച്ചു.

ബഹുജനങ്ങളുടെ ആരോഗ്യവും ജീവിതവും മെച്ചപ്പെടുത്താനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകങ്ങളാണിത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നാടിന്റെ വിവിധ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞത്. 2016ന് മുമ്പ് നാടിന്റെ അഭിമാന സ്തംഭങ്ങളായ മേഖലകള്‍ വലിയ തകര്‍ച്ച നേരിട്ടു. ബജറ്റിലൂടെ മാത്രം ഇത് പരിഹരിക്കാനാവില്ലെന്ന് കണ്ട് ഈ സര്‍ക്കാര്‍ കിഫ്ബി വഴി തുക കണ്ടെത്തി. കിഫ്ബിയിലൂടെ ഇതൊന്നും നടപ്പാക്കാന്‍ കഴിയില്ലെന്നും മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്നും ചിലര്‍ പറഞ്ഞു. 

5 വര്‍ഷം കൊണ്ട് 62,000 കോടി രൂപയുടെ വികസനം നടപ്പാക്കാനായി. ഇപ്പോള്‍ അത് 90,000 കോടി രൂപയായി ഉയര്‍ത്താനായി. ആരോഗ്യ മേഖലയില്‍ മാത്രം കിഫ്ബിയിലൂടെ നടന്നത് 10,000 കോടിയിലധികം രൂപയുടെ വികസനമാണ്. പുതിയ സൗകര്യങ്ങള്‍ രോഗീ പരിചരണ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും. കൂടുതല്‍ രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കും ഇവയെല്ലാം ഉപകരിക്കും. സാധാരണക്കാരന്റെ ചികിത്സാ ചെലവ് കുറയ്ക്കും.

കേരളത്തിന്റെ ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ മേഖലയും വലിയ പങ്കു വഹിക്കുന്നു. പുതിയ പ്രവണത കടന്നു വരുന്നത് ഗൗരവമായി കാണണം. അടുത്തകാലത്തുണ്ടായ പ്രധാന പ്രവണത സ്വകാര്യ ആശുപത്രികളില്‍ പേരില്‍ മാറ്റം വരുത്താതെ, തലപ്പത്ത് മാറ്റം വരുത്താതെ വന്‍ കമ്പനികള്‍ വലിയ നിക്ഷേപം നടത്തുന്നു. ഇത് സദുദ്ദേശത്തോടെയല്ല. 

ഇതിലൂടെ ചികിത്സാ ചെലവ് വലിയ തോതില്‍ മാറിയിരിക്കുന്നു. ഇത് കേരളത്തിന്റെ ആരോഗ്യ രംഗത്തെ പുതിയ പ്രശ്നമാണ്. അവിടെയാണ് മെഡിക്കല്‍ കോളേജുകളുടെ പ്രസക്തി. സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു. ആരോഗ്യ രംഗത്തെ മാറ്റം പരിശോധിച്ചാല്‍ അത് മനസിലാക്കും. ആര്‍ദ്രം മിഷനിലൂടെ ആരോഗ്യ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാനായി. 1600 കോടിയാണ് സൗജന്യ ചികിത്സ്‌ക്കായി ചെലവഴിക്കുന്നത്. വ്യത്യസ്തമായ വികസന പദ്ധതികളാണ് നടത്തി വരുന്നത്. ദേശീയ തലത്തില്‍ തന്നെ വലിയ അംഗീകാരങ്ങളാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

cheif minister pinarayi vijayan