ആദ്യാക്ഷരം കുറിച്ച് കുരുന്നുകളള്‍; മൂകാംബിയിലും ചോറ്റാനിക്കരയിലും പനച്ചിക്കാട്ടും വന്‍ ഭക്തജനത്തിരക്ക്

പ്രശസ്ത ക്ഷേത്രങ്ങളായ ചോറ്റാനിക്കരയിലും ദക്ഷിണ മൂകാംബികയായി അറിയപ്പെുന്ന പനച്ചിക്കാട്ടും പൂജപ്പുരയിലും ആറ്റുകാലുമൊക്കെ രാവിലെ മുതല്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തുഞ്ചന്‍ പറമ്പിലും വന്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

author-image
Biju
New Update
vidhayarambahm

തിരുവനന്തപുരം: ഇന്ന് വജയദശമി. ലോകത്തിന്റെ വിവിധ കോണുകളില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് തുടങ്ങി. കൊല്ലൂര്‍ മൂകാംബികയിലും കേരളത്തിലെ ക്ഷേത്രങ്ങളിലും പ്രത്യേകം തയാറാക്കിയ വിവിധ കേന്ദ്രങ്ങളിലും പ്രായഭേദമന്യേ ജനലക്ഷങ്ങള്‍ ഹരിശ്രീ... എഴുതുന്നു.

പ്രശസ്ത ക്ഷേത്രങ്ങളായ ചോറ്റാനിക്കരയിലും ദക്ഷിണ മൂകാംബികയായി അറിയപ്പെുന്ന പനച്ചിക്കാട്ടും പൂജപ്പുരയിലും ആറ്റുകാലുമൊക്കെ രാവിലെ മുതല്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തുഞ്ചന്‍ പറമ്പിലും വന്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

ഈശ്വര തത്വം ജ്ഞാനമാര്‍ഗ്ഗം, ഭക്തി മാര്‍ഗ്ഗം, കര്‍മ്മ മാര്‍ഗ്ഗം എന്നീ മൂന്നു വഴികളില്‍കൂടി ഗ്രഹിക്കാമെന്ന് ആചാര്യന്മാര്‍ അരുള്‍ ചെയ്യുന്നു. ഇതില്‍ ഏറ്റവും എളുപ്പം ഭക്തിമാര്‍ഗ്ഗമാണ്. അതിനായി ഈശ്വരനെ സഗുണസാകാരഭാവത്തില്‍ ഭക്തന് സന്തോഷം നല്‍കുന്ന രീതിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതിനായി അനവധി ദേവീദേവ സങ്കല്‍പങ്ങളും അവരെ പൂജിക്കുന്നതിന് ക്ഷേത്രാരാധനയും നിലവില്‍വന്നു.

Also Read:

https://www.kalakaumudi.com/astrology/mantra-for-the-occasion-of-vijayadashami-10516782

ഇവയില്‍ ലളിതമാര്‍ന്ന സങ്കല്‍പമാണ് ഈശ്വരനെ അമ്മയായി സങ്കല്‍പ്പിച്ച് ആരാധന ചെയ്യുക എന്നത്. ഇതിന്റെ ഫലമായി ദേവീ ഉപാസന ഭാരതത്തില്‍ സാര്‍വ്വത്രികമായി തീര്‍ന്നു. നമുക്ക് പരിചയമുള്ള ഏതെങ്കിലും ബന്ധം ഈശ്വരനായി സങ്കല്‍പിച്ച് ഉറപ്പിക്കുമ്പോള്‍ അതിന് ഏറ്റവും നല്ലത് മാതൃ- പുത്രബന്ധം തന്നെയാണ്.

' കുപുത്രോ ജായേത  ക്വമിദമപി-
കുമാതാനുഭവതി '

അമ്മയെ ഉപദ്രവിക്കുന്ന മക്കളുണ്ടായേക്കാം. എന്നാല്‍ മക്കളെ സ്‌നേഹിക്കാത്ത അമ്മ ഉണ്ടാകില്ല. പത്ത് സൂര്യന് തുല്യമാണ് ഒരമ്മയെന്ന് നീതിസാരം അനുശാസിക്കുന്നു. ശൈവന്മാര്‍ ശിവസങ്കല്‍പത്തിലും, വൈഷ്ണവര്‍ വിഷ്ണു സങ്കല്‍പത്തിലും കല്‍പ്പിക്കുന്ന പരമ തത്വത്തെ തന്ത്രശാസ്ത്രങ്ങളില്‍ ദേവിയായി സങ്കല്‍പിച്ചിരിക്കുന്നു. വൈദിക കാലം മുതല്‍ക്കു തന്നെ ഭാരതത്തില്‍ ശക്തിദേവതയെ വിവിധ രൂപങ്ങളില്‍ ആരാധിച്ചിരുന്നു. സരസ്വതി, ലക്ഷ്മി, ദുര്‍ഗ്ഗ, കാളി എന്നിങ്ങനെ വ്യത്യസ്ഥ രൂപങ്ങളിലായിരുന്നു ആരാധന.

അറിവിന്റെ ദേവതയായ സരസ്വതി സൃഷ്ടി കര്‍ത്താവായ  ബ്രഹ്മാവിന്റെ ഭാര്യയായും, സമ്പത്തിന്റെ ദേവതയായ ലക്ഷ്മി പരിപാലനായ വിഷ്ണുവിന്റെ സഹധര്‍മ്മിണിയായും, സംഹാര മൂര്‍ത്തിയായ ശിവന് പ്രകൃതീശ്വരിയായ പാര്‍വ്വതി ധര്‍മ്മ പത്‌നിയുമായി. പ്രപഞ്ചത്തിന് ആധാരമായി ദേവീ സങ്കല്‍പത്തെ കരുതുന്നു. ഉപനിഷത്തുകളില്‍ പ്രതിപാദിക്കുന്ന  പരബ്രഹ്മതത്വം ദേവിയുടേതാണ്. ശ്രീരാമകൃഷ്ണ പരമ ഹംസരുടെ അഭിപ്രായത്തില്‍ കാളി ബ്രഹ്മമാണ്. ബ്രഹ്മം കാളിയാണ്.

മനുഷ്യരിലുള്ള ആസുരഭാവങ്ങളെ നശിപ്പിക്കുന്നവളാണ് ഭദ്രകാളി. അസുരന്മാരെ തോല്‍പ്പിച്ചതിന്റെ  വിജയത്തില്‍ അഹങ്കരരിച്ച ദേവന്മാരുടെ മുന്നില്‍ അഹങ്കാര ശമനത്തിനായി ബ്രഹ്മം പ്രത്യക്ഷപ്പെടുന്നത് പരാശക്തിയായ ദേവീ സ്വരൂപത്തിലാണ്. മാതൃഭാവത്തില്‍ ഈശ്വരനെ ആരാധിക്കുക എന്നത് ഭാരതത്തിന്റെ പ്രത്യേകതയാണ്. നിസ്വാര്‍ത്ഥമായ പ്രേമത്തിന്റെ ഉത്തമ പ്രതീകമാണ് ദേവീ മാഹാത്മ്യം അഥവാ ദുര്‍ഗ്ഗാ സപ്തശതി. ഇതിലെ ഓരോ പദ്യങ്ങളേയും ഈ കൃതിക്ക് വളരെയധികം പ്രാധാന്യം കല്‍പ്പിച്ചു വരുന്നു. മഹാഭാരത യുദ്ധത്തിനു മുന്‍പ് അര്‍ജ്ജുനനും, രാവണ നിഗ്രഹണത്തിനു മുന്‍പ് ശ്രീരാമനും ദേവീ പൂജ ചെയ്തിരുന്നതായി കാണാം.  

നവരാത്രിയ്ക്കും ദേവ്യുപാസനയ്ക്കും യുഗങ്ങളോളം പഴക്കമുണ്ടെങ്കിലും അയോദ്ധ്യാരാജാവും ദേവീ ഭക്തനുമായ സുദര്‍ശന ചക്രവര്‍ത്തിയുടെ കാലം തൊട്ടാണ് നവരാത്രി ആരാധനയ്ക്ക് ഭാരത വര്‍ഷം മുഴുവന്‍ പ്രചാരം സിദ്ധിച്ചത്.  ശാക്തേയമത പ്രകാരം പരാശക്തി തന്നെയാണ് പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരാദികള്‍ നിര്‍വ്വഹിക്കുന്നത്. സൃഷ്ടിയുടെ എല്ലാ സത്തകളെയും കേന്ദ്രീകരിക്കുകയും ചെയ്യുന്നതിനാല്‍ ആ ദേവിയെ ആത്മസ്വരൂപിണിയെന്ന് ഭക്തജനങ്ങള്‍ വാഴ്ത്തുന്നു.

'' ശക്തിഃ സാക്ഷാത്മഹാദേവീ
മഹാദേവശ്ച ശക്തിമാന്‍
തയോര്‍വ്വിഭൂതിലേശോവൈ
സര്‍വ്വമേതച്ചരാചരം.''

'' ശിവ ശക്യായുക്തോയദിഭവതി ശക്തഃ പ്രഭവിതും
 നചേദേവം ദേവോ നഖലു കുലശഃ സ്പന്ദിതൂമപി  
അതസ്ത്വാമാരാധ്യാം ഹരിഹരവിരിഞ്ചാദിഭിരചി
പ്രണന്തും സ്‌തോതും വാ കഥമകൃത പുണ്യഃപ്രഭവതി ''
എന്ന് സൗന്ദര്യലഹരിയും പ്രകീര്‍ത്തിക്കുന്നു.

 ദേവീഭാഗവതം തൃതീയസ്‌കന്ദത്തില്‍ ഇരുപത്തിയാറാമധ്യായത്തില്‍ ജനമേജയമഹാരാജാവിന്റെ ചോദ്യത്തിനുത്തരമായി വ്യാസഭഗവാന്‍ നവരാത്രി പൂജാവിധി വിവരിക്കുന്നുണ്ട്. ശരത്, വസന്തം എന്നീ രണ്ട് ഋതുക്കളിലെ നവരാത്രികള്‍ക്കാണ് പ്രാധാന്യം . എങ്കിലും ശരദീയനവരാത്രിയാണ് എല്ലാ വിഭാഗങ്ങളിലുംമുള്ള ദേവ്യുപ്രാസകരും നവരാത്രി ഉത്സവമായി ആചരിക്കുന്നത്.

കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന വെളുത്ത പ്രഥമ മുതല്‍ ഒമ്പതു ദിവസമാണ് കേരളത്തില്‍ നവരാത്രി കൊണ്ടാടുന്നത്. നവരാത്രിക്ക് ദശാ എന്നും പേരുണ്ട്. ശുക്ലപക്ഷത്തിലെ പ്രഥമ മുതല്‍  ദശമികൂടി പത്തുദിവസം വാരാണസിയില്‍ ദശാശ്വമേധ ഘട്ടത്തില്‍ ദശവാരസ്‌നാനം നടത്താറുണ്ട്. ധര്‍മ്മശാസ്ത്രങ്ങളില്‍ പറയുന്ന മോഷണം, കൊല, ധര്‍മ്മവിരുദ്ധ വിഷയാശ, ക്രൂരത, പാരുഷ്യം, വ്യാജ പ്രസ്താവം, നാസ്തികബുദ്ധി എന്നീ പത്തുവിധ പാപങ്ങളും നവരാത്രിവ്രതം കൊണ്ട് നാമാവശേഷമാകുന്നു. അതിനാല്‍ നവരാത്രിക്ക് ദശഹര എന്ന് പേര്‍ സിദ്ധിച്ചു.

ദശപാപഹരായസ്മാത്
തസ്മാത് ദശഹരാസ്മൃതാ

(പത്ത് പാപങ്ങളെയും ഹരിക്കുന്നതിനാല്‍ ദശഹര എന്ന് പറയുന്നു) ദശഹര ലോപിച്ച് ദശറ ആയിത്തീര്‍ന്നു.  പരാശക്തിയുടെ അനുഗ്രഹം കൊണ്ട് അവിദ്യാഗ്രന്ഥികളെ ഭേദിച്ച് വിജ്ഞാനവും വിവേകവും നേടി ജീവിത വിജയം സമാര്‍ജ്ജിക്കുന്ന പുണ്യദിനമാണ് വിജയദശമി. കേരളത്തില്‍ നവരാത്രിയ്ക്ക് സരസ്വതീ പൂജയ്ക്കാണ് പ്രാധാന്യം. മൈസൂരില്‍ പരാശക്തിയെ ചാമുണ്ഡേശ്വരിയായി ആരാധിക്കുന്നു. തമിഴ്‌നാട്ടില്‍ ചണ്ഡികാഹോമത്തിനാണ് നവരാത്ര്യാചരണത്തില്‍ പ്രാധാന്യം. ബംങ്കാളില്‍ ആയുധപൂജയ്ക്കും.

നവരാത്രി പൂജാവിധിയില്‍ കന്നിമാസത്തിലെ ശുക്ലപക്ഷ പ്രഥമാതിഥി മുതല്‍ ഓരോ ദിവസവും ഓരോ പേരില്‍ ദേവിയെ ആരാധിക്കുന്നു. കുമാരി, ത്രിമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഢിക, ശാംഭവിദുര്‍ഗ്ഗ, സുഭദ്ര എന്നിവയാണാ പേരുകള്‍. രണ്ടുമുതല്‍ പത്തുവയസ്സുവരെയുള്ള പെണ്‍കുട്ടികളെ ദേവീഭാവനയോടെ ഈ വ്യത്യസ്ത പേരുകളില്‍ ഇരുത്തിപ്പൂജിച്ച് ഭക്ഷണം ഉപഹാരം മുതലായവയാല്‍ സംതൃപ്തരാക്കുന്നു.

വിദ്യാഃ സമസ്താസ്തവ ദേവിഭേദഃ
സ്ത്രിയഃ സമസ്തഃ സകലാ ജഗത്സു

എന്ന തത്വമാണ് ഈ പൂജാസങ്കല്പത്തിനു പിന്നില്‍. ദേവിയെ ഈ വ്യത്യസ്ത നാമങ്ങളില്‍ ആരാധിക്കുന്നതിന് വ്യത്യസ്തങ്ങളായ ഫലങ്ങളുമുണ്ട്. ശ്രീ രാമചന്ദ്രന്‍ പ്രിയാ വിരഹ തപ്തനായി കിഷ്‌കിന്ധയില്‍ കഴിഞ്ഞു കൂടിയ കാലത്ത് നവരാത്രിവ്രതം ആചരിച്ചതായി ദേവീ ഭാഗവതത്തില്‍ വിവരിക്കുന്നുണ്ട്. പരാശക്തിയെ ഒമ്പതു ദിവസം ആരാധിച്ച രഘുനാഥന്റെ മുമ്പില്‍ ദേവി പ്രത്യക്ഷയായി സര്‍വ്വാഭീഷ്ട വരങ്ങളും നല്‍കി. സേതുബന്ധനാനന്തരം ഭഗവാന്‍ വിജയദശമി ദിനം തന്നെ രാവണനെ നിഗ്രഹിച്ച്  പ്രിയയെ വീണ്ടെടുക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഉത്തരഭാരത്തില്‍ നവരാത്രികാലത്ത് രാമലീല കൊണ്ടാടുന്നു. ഭാരതയുദ്ധത്തില്‍ വിജയം കൈവരിക്കാനായി പാണ്ഡവന്മാരും നവരാത്രി വ്രതം അനുഷ്ഠിക്കുകയുണ്ടായിട്ടുണ്ട്.  മഹിഷാസുരന്റെ ദുഷ്ടശക്തിയാല്‍ പീഢിതന്മാരായ ദേവന്മാരുടെ ഇച്ഛാനുസരണം ദേവിമഹിഷാസുരവധം നടത്തിയതും വിജയദശമി ദിവസമാണ്. അജ്ഞാന തമസ്സിന്റെ പ്രതീകമാണ് മഹിഷാസുരന്‍. അതുകൊണ്ട് തമസ്സിനെ അകറ്റി വെളിച്ചത്തിലേക്ക് നയിക്കുന്നു എന്ന പ്രത്യേകതയും നവരാത്ര്യാഘോഷത്തിനുണ്ട്.

കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവ്ര്രരാതി ആഘോത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങള്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി, എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗ (മഹാകാളി) യെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിയ്ക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു. മധുകൈടഭവധാര്‍ത്ഥം വിഷ്ണുവിനെ യോഗനിദ്രയില്‍ നിന്നുണര്‍ത്താനായി ബ്രഹ്മദേവന്‍ സ്തുതിച്ചപ്പോഴാണ് ദേവി മഹാകാളിയായി അവതരിച്ചത്.  ഇത് ദേവിയുടെ  താമസഭാവമാണ്.

മഹിഷാസുരനിഗ്രഹത്തിനാണ് ദേവി മഹാലക്ഷ്മിയായി ഭവിച്ചത്. ഇത് ദേവിയുടെ രാജസഭാവമാണ്. സംഭവധാര്‍ത്ഥം ദേവിമഹാസരസ്വതിയായി അവതരിച്ചു. ഇത് ദേവിയുടെ സാത്വികഭാവമാണ്. ഈ മൂന്നവതാരങ്ങളും അവയുടെ വൈശിഷ്ട്യങ്ങളും മാര്‍ക്കണ്ഡേയ പുരാണാന്തര്‍ഗ്ഗതമായ സപ്തഗതി (ദേവീമാഹാത്മ്യം)  യില്‍ വിവരിക്കുന്നു. 

ദേവ്യാരാധനകൊണ്ട് സമാധിയെന്ന വൈശ്യനും സുരഥന്‍ എന്ന മഹാരാജാവും സര്‍വ്വാഭിഷ്ടങ്ങളും നേടിയതായി സപ്തഗതിയില്‍ പറയുന്നു. നവരാത്രികാലത്ത് സ്പ്തഗതി പാരായണം അതി വിശിഷ്ടമാണ്. ഉത്തനും വിരക്തനുമായ വക്താവിനെകൊണ്ട് നവരാത്രികാലങ്ങളില്‍ ദേവീഭാഗവതവും സപ്തഗതിയും പാരായണം ചെയ്യിച്ചു കേള്‍ക്കുന്നത് സര്‍വ്വപാപഹരമാണ്.

അനേകം  വ്രതങ്ങളുള്ളവയില്‍ വെച്ച് നവരാത്രി വ്രതത്തിന്റെ മഹാത്മ്യം സര്‍വ്വാതിശായിയാണെന്നാണ് ദേവിഭാഗവതത്തില്‍  വേദവ്യാസന്‍ പറയുന്നത്. നവരാത്രിവ്രതം അനുഷ്ഠിച്ചാലുണ്ടാകുന്ന സത്ഫലങ്ങളെ വിവരിക്കുന്നതോടൊപ്പം അത് അനുഷ്ഠിക്കാതിരുന്നാലുള്ള ദോഷഫലങ്ങളെയും വിവരിക്കുന്നുണ്ട്. ദേവീഭാഗവതങ്ങള്‍ കൊണ്ട് ദേവീപൂജ  നിര്‍വ്വഹിക്കണം. ഭക്തിക്കാണ് സര്‍വ്വോപരി പ്രാധാന്യം.

vidhyarambham