/kalakaumudi/media/media_files/2025/07/17/whatsap-2025-07-17-18-43-21.jpeg)
കൊച്ചി: എറണാകുളം വടുതല ചിറ്റൂർ എന്നി സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതിയുവാക്കൾ ഉൾപ്പെടെയുള്ളവർക്ക് മയക്ക് മരുന്ന് വിൽപ്പന നടത്തി വന്ന ചിറ്റൂർ വടുതല സ്വദേശി പോഴമംഗലം വീട്ടിൽ ജോസഫ് ജിബിൻ ജോൺ (35) എന്നയാളാണ് എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ അഭിരാജിൻ്റെ നേതൃത്വത്തിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 9 കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. പിടിച്ച് പറി, അടിപിടി, തുടങ്ങി നിരവധി ക്രിമിനൽ കേസ്സിലെ പ്രതിയായ ഇയാൾ 10 കിലോ കഞ്ചാവ് കടത്തിയ കേസിൽ തടവിൽ കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ഒരാഴ്ച മുമ്പ് എറണാകുളം ടൗൺ ഭാഗത്ത് നിന്ന് ചെറിയ അളവിലുള്ള കഞ്ചാവുമായി പിടിയിലായ യുവാവിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജിബിൻ എറണാകുളം റേഞ്ച് എക്സൈസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ആന്ധ്രയിലെ വിജയ വാഡയിൽ നിന്ന് കഞ്ചാവ് മൊത്തമായി വാങ്ങി കൊണ്ട് വന്ന് എറണാകുളം ടൗണിലെ വിവിധ ഭാഗങ്ങളിലുള്ള ഇടനിലക്കാർക്ക് മൊത്തമായും ചില്ലറയായും കൈമാറുന്നതായിരുന്നു ഇയാളുടെ കച്ചവടത്തിൻ്റെ രീതി. കഞ്ചാവ് കൈമാറുന്നതിന് ഇടനിലക്കാരനെ കാത്ത് വടുതല പാലം റോഡിന് സമീപം നിന്നിരുന്ന ഇയാളെ 1.200 കിലോ ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടാൻ ശ്രമിക്കുന്നതിനിടെ മയക്ക് മരുന്ന് കഴിച്ച് ഉന്മാദ അവസ്ഥയിലായിരുന്ന ഇയാൾ മാരക അക്രമം അഴിച്ചുവിട്ട ശേഷം കഞ്ചാവ് അടങ്ങിയ പൊതി വലിച്ചെറിഞ്ഞ് കുതറിയോടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം ഇയാളെ പിൻതുടർന്ന് പിടികൂടി. പിടിയിലായപ്പോൾ ഇയാൾ പരിഭ്രാന്തി പരത്തിയത് കണ്ടുനിന്ന നാട്ടുകാരിൽ ഭീതി പടർത്തി. ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ദ ചികിൽസ നൽകി.
തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ഇയാളുടെ താമസ സ്ഥലത്തോട് ചേർന്ന് ഇയാൾ ചതുപ്പിൽ കുഴിച്ചിട്ട നിലയിൽ 8 കിലോയോളം കഞ്ചാവും എക്സൈസ് സംഘം കണ്ടെത്തി. കഞ്ചാവ് വിൽപ്പനയിൽ ഇയാളുടെ കൂട്ടാളികൾ ആയിട്ടുള്ളവരെ ക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ഇൻസ്പെക്ടർ ആർ. അഭിരാജ്, അസ്സി. എക്സൈസ് ഇൻസ്പെക്ടർ വിനോദ് ടി എം , പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ ദേവ് , ജിഷ്ണു മനോജ് , പ്രവീൺ വി എച്ച്, ഫെബിൻ എൽദോസ്, അമ്പിളി.എം.എ, പ്രവീൺ പിസി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടി കൂടിയത്