പ്രമുഖ നടിക്കെതിരെ തുറന്നടിച്ച് വിദ്യാഭ്യാസ മന്ത്രി ; 10 മിനിട്ട് നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയാകുന്നു.സ്‌കൂള്‍ യുവജനോത്സവത്തില്‍ അവതരിപ്പിക്കേണ്ട അവതരണ ഗാനത്തിന്റെ നൃത്താവിഷ്‌കാരം കുട്ടികളെ പഠിപ്പിക്കാന്‍ നര്‍ത്തകി കൂടിയായ സിനിമാതാരം 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്.

author-image
Rajesh T L
New Update
kalolsavam

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയാകുന്നു. സ്‌കൂള്‍ യുവജനോത്സവത്തില്‍ അവതരിപ്പിക്കേണ്ട അവതരണ ഗാനത്തിന്റെ നൃത്താവിഷ്‌കാരം കുട്ടികളെ പഠിപ്പിക്കാന്‍ നര്‍ത്തകി കൂടിയായ സിനിമാതാരം 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്.സ്‌കൂള്‍ കലോത്സവത്തിലൂടെയാണ് ഈ താരവും മികച്ച കലാകാരിയായതെന്നും അതുവഴി സിനിമയില്‍ എത്തിയതെന്നും മന്ത്രി പറഞ്ഞു. 

ജനുവരിയില്‍ നടത്തുന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ അവതരിപ്പിക്കാനുള്ള 10 മിനിട്ട് നൃത്തം പഠിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നടിയെ സമീപിച്ചത്. നടി സമ്മതിക്കുകയും ചെയ്തു. എന്നാല്‍, നൃത്തം പഠിപ്പിക്കുന്നതിന് 5 ലക്ഷം രൂപ പ്രതിഫലം വേണമെന്നും താരം ആവശ്യപ്പെട്ടു. നടിയുടെ പേരു പറയാതെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം. സംഭവം വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ ഏറെ വേദനിപ്പിച്ചെന്നും വി ശിവന്‍കുട്ടി പറഞ്ഞു.സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചത് കൊണ്ടാണ് സിനിമയില്‍ എത്തിയത്. ഇവര്‍ പിന്‍തലമുറയ്ക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചു സിനിമയും കാശും വന്നപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്, കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ത്ഥികളോട് ഈ നടി അഹങ്കാരം കാണിച്ചിരിക്കുന്നതെന്നും മന്ത്രി തുറന്നടിച്ചു.നേരത്തെയും സെലിബ്രിറ്റികള്‍ക്കെതിരെ വി ശിവന്‍കുട്ടി വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. 

ഈ വര്‍ഷം മാര്‍ച്ചില്‍ കേരള സര്‍വകലാശാലാ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം. യുവജനോത്സവത്തില്‍ അതിഥികളായി എത്തുന്ന സെലിബ്രിറ്റികള്‍ വന്ന വഴി മറന്ന് വന്‍ പ്രതിഫലം കൈപ്പറ്റുന്നു. ഇത് അവസാനിപ്പിക്കണമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ നടി നവ്യ നായരുടെ സാന്നിധ്യത്തില്‍ മന്ത്രി പറഞ്ഞു.താന്‍ വന്ന വഴി മറന്നിട്ടില്ലെന്നും ഒരു രൂപ പോലും വാങ്ങാതെയാണ് വന്നിരിക്കുന്നതെന്നും നവ്യ ഉദ്ഘാടന പ്രസംഗത്തില്‍ മറുപടി നല്‍കുകയും ചെയ്തു. കേരള സര്‍വകലാശാലാ കലോത്സവ സമയത്ത് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഒരു നടിയെ ക്ഷണിച്ചപ്പോള്‍ അവര്‍ വിമാനക്കൂലിയും പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസസൗകര്യവും ആവശ്യപ്പെട്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണം സ്വീകരിച്ചെത്തിയ നടന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങാതിരുന്ന കാര്യവും മന്ത്രി എടുത്തുപറഞ്ഞിരുന്നു.

ഇത്തവണ സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിനു കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ മന്ത്രിയുടെ ഓഫിസില്‍നിന്നാണ് നടിയെ ക്ഷണിച്ചത്.അവര്‍ ക്ഷണം സ്വീകരിച്ചെങ്കിലും അഞ്ചു ലക്ഷം രൂപ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടു. ഇതാണ് മന്ത്രിയെ വേദനിപ്പിച്ചത്. 

അഹങ്കാരികളായി അവര്‍ മാറുന്നു.5 ലക്ഷം രൂപയാണ് ചോദിച്ചത്.എത്ര അഹങ്കാരമാണ്.പണത്തോടുള്ള ആര്‍ത്തി തീര്‍ന്നിട്ടില്ല ഇവര്‍ക്ക്. ഞാന്‍ പറഞ്ഞു വേണ്ടെന്ന്.പകരം പഠിപ്പിക്കാന്‍ ഇവിടെ എത്ര പേര്‍ വേണമെങ്കിലും ഉണ്ടാകുമെന്ന നിലയില്‍ പറഞ്ഞ് ആ നടിയെ ഉപേക്ഷിച്ചു.മന്ത്രി തുറന്നടിച്ചു.മന്ത്രി പരാമര്‍ശിച്ച നടി ആരാണെന്ന ചോദ്യമാണ് ഉയരുന്നത്.പല താരങ്ങളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്യുന്നുണ്ട്.അതിനിടെയാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തരൂപം ഒരുക്കാന്‍ പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് വെളിപ്പെടുത്തി നടി ആശ ശരത് എത്തിയത്. 

ദുബായില്‍ നിന്നെത്തിയതും സ്വന്തം ചെലവിലാണ്. കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നല്‍കുന്ന കാര്യമാണെന്നും ആശ ശരത് പറഞ്ഞു.പുതിയ തലമുറയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുക എന്നത് മനസ്സിനും സന്തോഷം നല്‍കുന്ന കാര്യമാണ്.പ്രതിഫലം ചോദിച്ചതാരെന്നോ എന്താണ് സംഭവിച്ചതെന്നോ എനിക്കറിയില്ല. ഞാന്‍ സന്തോഷത്തോടെയും അഭിമാനത്തോടെയുമായിരുന്നു സ്‌കൂള്‍ കലോത്സവത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചത്.പണം വേണ്ട എന്നത് ഞാന്‍ തന്നെ സ്വയം തീരുമാനിച്ചതായിരുന്നു. എന്തെങ്കിലും ഡിമാന്‍ഡ്‌സ് ഉണ്ടോ എന്ന് അവര്‍ ചോദിച്ചപ്പോള്‍ ഒന്നുമില്ല,ഞാന്‍ സ്വയം വന്നു ചെയ്യാം എന്നത് ഞാന്‍ മുന്നോട്ടുവച്ച കാര്യമായിരുന്നു. ആശാ ശരത്ത് പറഞ്ഞു.

navya nair education minister ashasarath kalolsavam shivankutty