കന്നിപ്പോരില്‍ തിളങ്ങി ഗൗരീശപട്ടം വാര്‍ഡും സ്ഥാനാര്‍ത്ഥികളും പുതിയത്

സിപിഎമ്മിലെ അഡ്വ. പാര്‍വതി, കോണ്‍ഗ്രസിലെ സുമ വര്‍ഗീസ്, ബിജെപിയിലെ രാധികാ റാണി എന്നിവരാണ് മത്സരാര്‍ത്ഥികള്‍. ഇവരില്‍ പാര്‍വതി യുവനിരയുടെ പ്രതീകമാണെന്നാണ് സിപിഎമ്മിന്റെ പ്രചാരണം.

author-image
Biju
New Update
kanni

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാര്‍ഡ് വിഭവനത്തോടെ പിറവിയെടുത്ത വാര്‍ഡാണ് ഗൗരീശപട്ടം. ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ കന്നിയങ്കക്കാരെയാണ് മൂന്നു പാര്‍ട്ടികളും മത്സരാര്‍ത്ഥികളാക്കിയിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഗൗരീശപട്ടത്തിന്. 

സിപിഎമ്മിലെ അഡ്വ. പാര്‍വതി, കോണ്‍ഗ്രസിലെ സുമ വര്‍ഗീസ്, ബിജെപിയിലെ രാധികാ റാണി എന്നിവരാണ് മത്സരാര്‍ത്ഥികള്‍. ഇവരില്‍ പാര്‍വതി യുവനിരയുടെ പ്രതീകമാണെന്നാണ് സിപിഎമ്മിന്റെ പ്രചാരണം. മെഡിക്കല്‍കോളേജ്, പട്ടം, കണ്ണമ്മൂല, കുന്നുകുഴി വാര്‍ഡുകളില്‍ നിന്നും ചില ഭാഗങ്ങള്‍ ചേര്‍ത്താണ് ഗൗരീശപട്ടം രൂപീകരിച്ചിരിക്കുന്നത്. എല്‍ഡിഎഫിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന വാര്‍ഡുകളാണ് വിഭജിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കന്നിമത്സരത്തില്‍ വിജയം തങ്ങള്‍ക്കാണെന്നാണ് എല്‍ഡിഎഫിന്റെ അവകാശ വാദം. എന്നാല്‍ വാര്‍ഡിലെ ആദ്യ വിജയം തങ്ങള്‍ക്കായിരിക്കുമെന്ന് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ അവകാശപ്പെടുന്നുണ്ട്. 

Also Read:

https://www.kalakaumudi.com/kerala/kerala-panjayath-election-update-10792598

നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന വാര്‍ഡ് കൂടിയാണ് ഗൗരീശപട്ടം. ഒരു ചെറിയ മഴ പെയ്താല്‍ പോലും ഈ ഭാഗങ്ങളില്‍ വെള്ളപ്പൊക്ക സമാനമായ രീതിയാണ് ഉണ്ടാകാറുള്ളത്. പലതവണ നിരവധി പദ്ധതികള്‍ ഇതിനെ പ്രതിരോധിക്കാന്‍ കൊണ്ടുവന്നെങ്കിലും അതൊക്കെ പരാജയപ്പെട്ടു. മാത്രമല്ല തെരുവുനായ ശല്യം, മാലിന്യ പ്രശ്‌നം എന്നിവയും വാര്‍ഡിലെ ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. ഇവയ്‌ക്കൊക്കെ പരിഹാരം കാണണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 

റസിഡന്‍സ് അസോസിയേഷനുകള്‍ ഉള്‍പ്പെടെ കോര്‍പ്പറേഷനും വാര്‍ഡ് കൗണ്‍സിലര്‍ക്കും പരാതി നല്‍കിയിട്ടും ശാശ്വത പരിഹാരം കാണാനായിട്ടില്ല. അതിനിടയിലാണ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് സംജാതമായിരിക്കുന്നത്.  കുന്നുകുഴി യുഡിഎഫിന്റെ അടിയുറച്ച വാര്‍ഡാണ്. എങ്കിലും ഒരുതവണ ഐ.പി. ബിനു സിപിഎം സ്ഥാനാര്‍ത്ഥിയായതോടെ ആ വാര്‍ഡ് എല്‍ഡിഎഫിനു ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ ആ മണ്ഡലം യുഡിഎഫിനെയാണ് പിന്തുണച്ചത്. 

ഈ വാര്‍ഡുകളെ വിഭജിച്ചാണ് ഇപ്പോള്‍ ഗൗരീശപട്ടം രൂപീകരിച്ചിരിക്കുന്നത്.  മെഡിക്കല്‍കോളേജ് വാര്‍ഡ് വര്‍ഷങ്ങളായി സിപിഎമ്മിന് അനുകൂലമായാണ് വിധിയെഴുതിയിട്ടുള്ളത്. ഡി.ആര്‍. അനിലായിരുന്നു കഴിഞ്ഞതവണ മെഡിക്കല്‍കോളേജ് വാര്‍ഡ് കൗണ്‍സിലര്‍. പട്ടം വാര്‍ഡാകട്ടെ ഇടതിനെയും വലതിനെയും ഒരേപോലെ പിന്തുണച്ചിട്ടുണ്ട്. 

എല്‍ഡിഎഫിലെ സിപിഐക്കാണ് പട്ടം വാര്‍ഡ് നല്‍കിയിട്ടുള്ളത്. ഡെപ്യൂട്ടി സ്പീക്കറായിരുന്ന പി.കെ. രാജുവായിരുന്നു കഴിഞ്ഞ കൗണ്‍സിലര്‍. കണ്ണമ്മൂലയും എല്‍ഡിഎഫിന്റെ കൂടെയാണ് നിലനിന്നിട്ടുള്ളത്.  കഴിഞ്ഞ തവണ അവിടെ സിപിഎമ്മായിരുന്നു മത്സരിച്ചു വിജയിച്ചത്. ഇത്തവണ എന്‍ സി പി( ശരത്പവാര് വിഭാഗം) ക്ക് വാര്‍ഡ് വിട്ടുനല്‍കിയിട്ടുണ്ട്. 

എന്‍ സി പി (എസ്.പി) വിഭാഗം സംസ്ഥാന നേതാവും ഈ വാര്‍ഡില്‍ നിന്ന് മുമ്പ് ജയിച്ചിട്ടുമുള്ള അഡ്വ. സതീഷ് കുമാറാണ് ഇത്തവണത്തെ സ്ഥാനാര്‍ത്ഥി.പുതിയ വാര്‍ഡിലെ കന്നിപ്പോര് മൂന്നു മുന്നണികള്‍ക്കും തികഞ്ഞ ആത്മവിശ്വാസമാണ് നല്‍കുന്നത്. കോര്‍പ്പറേഷനെതിരെയുള്ള അഴിമതി ആരോപണങ്ങളാണ് യുഡിഎഫും ബിജെപിയും പ്രചരണായുധമാക്കിയിട്ടുള്ളത്. സിപിഎമ്മാകട്ടെ ഇടതു സര്‍ക്കാരിന്റെയും കോര്‍പ്പറേഷന്റെയും വികസന നേട്ടങ്ങളും.