ഒരേസമയം നായകനും വില്ലനും; പിതാവിന്റെ പാരമ്പര്യം കാത്ത ഷാനവാസ്

അച്ഛന്റെ പാത പിന്‍തുടര്‍ന്ന് മലയാള സിനിമയിലെത്തിയ ഷാനവാസ് മലയാള സിനിമയില്‍ നായക, വില്ലന്‍വേഷങ്ങളില്‍ തിളങ്ങി. മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

author-image
Biju
New Update
shanavas

തിരുവനന്തപുരം: മലയാളത്തിന്റെ നിത്യഹരിതനായകന്‍ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) വിടപറഞ്ഞിരിക്കുകയാണ്. ഒരു പക്ഷെ ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരൊക്കെ പിതാവിന്റെ പാരമ്പര്യം കൊണ്ട് സിനിമാ ലോകത്തേക്ക് കടന്നുവരും മുമ്പ് പാരമ്പര്യം നിലനിര്‍ത്തിത്തുടങ്ങിയത് ഷാനവാസ് ആയിരിക്കും. എങ്കിലും നിത്യഹരിത നായകന്റെ തണലില്‍ നില്‍ക്കാതെ സ്വന്തമായൊരു ഇടം മലയാള സിനിമയില്‍ കണ്ടെത്താന്‍ ഷാനവാസിന് സാധിച്ചു. 

ആദ്യം പറഞ്ഞ പുതുതലമുറയിലെ നായകന്മാരെല്ലാവരും അത്തരത്തില്‍ സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്നവരാണെങ്കിലും അവര്‍ക്കെല്ലാം വഴികാട്ടിയായത് ഷാനവാസിനെപ്പോലുള്ളവരാണെന്ന് പറഞ്ഞാലും തെറ്റില്ല. കാരണം ഒരേ സമയം തന്നെ നായകാനായും വില്ലനായും സഹനടനായുമെല്ലാം വെള്ളിത്തിരയില്‍ തിളങ്ങാന്‍ അദ്ദേഹത്തിനായി. 

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് ആയിരുന്നു അന്ത്യം. കുറച്ച് നാളുകളായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഷാനവാസിനെ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വഴുതക്കാട് ആകാശവാണിക്കു സമീപം ഫ്ളാറ്റിലായിരുന്നു താമസം.

https://www.kalakaumudi.com/kerala/actor-shanavas-passes-away-9627137

അച്ഛന്റെ പാത പിന്‍തുടര്‍ന്ന് മലയാള സിനിമയിലെത്തിയ ഷാനവാസ് മലയാള സിനിമയില്‍ നായക, വില്ലന്‍വേഷങ്ങളില്‍ തിളങ്ങി. മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'പ്രേമഗീതങ്ങളി'ലൂടെയാണ് ഷാനവാസ് സിനിമയിലെത്തുന്നത്. 'മണിത്താലി', 'ഗാനം', 'ഹിമം', 'ചൈനാ ടൗണ്‍', 'ചിത്രം', കോരിത്തരിച്ച നാള്‍ തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങളില്‍ ചിലത്. 'ഇവന്‍ ഒരു സിംഹം' എന്ന സിനിമയില്‍ ആദ്യമായി നസീറിനൊപ്പം അഭിനയിച്ചു. തുടര്‍ന്ന് ഏഴ് സിനിമകളില്‍ പിതാവും മകനും ഒന്നിച്ചു. 'ജനഗണമന'യാണ് അവസാന ചിത്രം.

1989-ല്‍ നസീറിന്റെ മരണശേഷവും അഭിനയം തുടര്‍ന്നെങ്കിലും വേഷങ്ങളില്‍ ആവര്‍ത്തനവിരസതയുണ്ടായപ്പോള്‍ സിനിമാരംഗം വിട്ടു. പിന്നീട് ഗള്‍ഫില്‍ ഷിപ്പിങ് കമ്പനിയില്‍ മാനേജരായി. അതിനുശേഷമാണ് സീരിയലില്‍ അഭിനയിച്ചതും വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നതും. ഇരുപത്തഞ്ചോളം സിനിമകളില്‍ നായകനായി. ഒട്ടേറെ ചിത്രങ്ങളില്‍ വില്ലനും. ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ടു.

ചിറയിന്‍കീഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മോണ്ട്‌ഫോര്‍ട്ട് സ്‌കൂള്‍, യേര്‍ക്കാട് എന്നിവിടങ്ങളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെന്നൈയിലെ ന്യൂ കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടുകയും ചെയ്തു. എംഎ ഇംഗ്ലീഷ് സാഹിത്യത്തില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് 1981-ല്‍ പ്രേമഗീതങ്ങളിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

പരേതയായ ഹബീബ ബീവിയാണ് മാതാവ്. ഭാര്യ: ആയിഷാബീവി. മക്കള്‍: അജിത്ഖാന്‍(ദുബായ്), ഷമീര്‍ഖാന്‍. മരുമകള്‍: ഹന(കൊല്ലം). സഹോദരങ്ങള്‍: ലൈല, റസിയ, റീത്ത. ഇന്ന് വൈകീട്ട് മൃതദേഹം പാളയം ജുമാമസ്ജിദിലേക്ക് എത്തിക്കും. തുടര്‍ന്ന് അഞ്ചുമണിയോടെ കബറടക്കം. 

 

shavanas