മോഹൻലാലിൻ്റെ അഭിനയ യാത്ര മലയാളിയുടെ ജീവിതം: മുഖ്യമന്ത്രി

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാൽ ഇക്കഴിഞ്ഞ മാസം 23നാണ് രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയത്. ഈ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. 2004ൽ അടൂർ ഗോപാലകൃഷ്ണനായിരുന്നു ആദ്യമായി ഈ ബഹുമതി ലഭിച്ചത്

author-image
Shibu koottumvaathukkal
New Update
IMG-20251004-WA0042

തിരുവനന്തപുരം: ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവായ മഹാനടൻ മോഹൻലാലിന് സംസ്ഥാന സർക്കാർ ആദരം അർപ്പിച്ച 'മലയാളം വാനോളം – ലാൽ സലാം' പരിപാടി ശ്രദ്ധേയമായി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

1980 മുതൽ 2025 വരെയുള്ള കേരളത്തിൻ്റെ നാലരപ്പതിറ്റാണ്ടുകാലത്തെ സാമൂഹികവും സാംസ്‌കാരികവുമായ വികാസപരിണാമങ്ങളുടെയും മലയാളിയുടെ വൈകാരികജീവിതത്തിൻ്റെയും ദൃശ്യപരമായ അനുഭവരേഖയാണ് മോഹൻലാൽ ചിത്രങ്ങളെന്ന്  മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണെന്നും, ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള വക നൽകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

IMG-20251004-WA0033

ഫാൽക്കെ പുരസ്‌കാരം: മലയാളത്തിൻ്റെ സുവർണ്ണ നേട്ടം

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാൽ ഇക്കഴിഞ്ഞ മാസം 23നാണ് രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയത്. ഈ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. 2004ൽ അടൂർ ഗോപാലകൃഷ്ണനായിരുന്നു ആദ്യമായി ഈ ബഹുമതി ലഭിച്ചത്. ഇരുപത് വർഷത്തിനുശേഷമാണ് ഈ അംഗീകാരം വീണ്ടും മലയാളത്തെ തേടിയെത്തുന്നത്.

ഫാൽക്കെയെ ഓർക്കുമ്പോൾ വിസ്മരിക്കാനാവാത്ത മലയാളി, രാജാ രവിവർമ്മയാണെന്നും, അദ്ദേഹം വിറ്റ പ്രസ്സിൻ്റെ പണം കൊണ്ടാണ് ഫാൽക്കെ തൻ്റെ ആദ്യ ചിത്രമെടുത്തതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ഫാൽക്കെയുടെ അനുഗ്രഹം ഏറ്റുവാങ്ങുന്ന മോഹൻലാൽ ഇന്ത്യൻ ചലച്ചിത്രാഭിനയ കലയുടെ സമുന്നത പീഠത്തിന് അധിപനുമായെന്ന് അദ്ദേഹം പറഞ്ഞു.

അഭിനയജീവിതവും മലയാളിയുടെ സ്വാധീനവും

കഴിഞ്ഞ 48 വർഷക്കാലമായി 360-ൽ പരം സിനിമകളിൽ വേഷമിട്ട മോഹൻലാൽ, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വഴക്കമേറിയ നടനശരീരമാണ്. 'കിരീടം', 'ഭരതം', 'കമലദളം', 'ദശരഥം' തുടങ്ങിയ സിനിമകളിലെ ഹൃദയസ്പർശിയായ കഥാപാത്രങ്ങൾ മലയാളികൾ നെഞ്ചിലേറ്റിയതാണ്. 'നടപ്പിലും ഇരിപ്പിലും നോട്ടത്തിലും' മലയാളിയെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു താരമില്ല. മലയാളിയുടെ അപരവ്യക്തിത്വം അഥവാ ആൾട്ടർ ഈഗോയാണ് മോഹൻലാൽ എന്ന് ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞർ എഴുതിയതിനെ മുഖ്യമന്ത്രി എടുത്തുപറഞ്ഞു.

'വാനപ്രസ്ഥം' എന്ന ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനം അന്താരാഷ്ട്ര തലത്തിൽ മലയാളത്തിൻ്റെ യശസ്സുയർത്തി. ആവശ്യത്തിന് കഥകളി പരിശീലനമില്ലാതിരുന്നിട്ടും ആ കഥാപാത്രത്തെ പൂർണ്ണതയോടെ അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിൻ്റെ പ്രതിഭ ഒന്നുകൊണ്ട് മാത്രമാണെന്ന് ചിത്രത്തിൽ കൂടെ അഭിനയിച്ച കലാമണ്ഡലം ഗോപി പറഞ്ഞതായി മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

മണിരത്‌നത്തിൻ്റെ 'ഇരുവർ' എന്ന തമിഴ് ചിത്രത്തിലും രാംഗോപാൽ വർമ്മയുടെ 'കമ്പനി' എന്ന ഹിന്ദി ചിത്രത്തിലും മോഹൻലാൽ കാഴ്ചവെച്ച പ്രകടനങ്ങളും മുഖ്യമന്ത്രി പരാമർശിച്ചു.

IMG-20251004-WA0032

നിർമ്മാതാവ് എന്ന നിലയിൽ

മലയാള ചലച്ചിത്രവ്യവസായത്തിൻ്റെ നെടുംതൂണായി നിൽക്കുന്ന ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ് മോഹൻലാൽ. 'ഭരതം', 'കാലാപാനി', 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങൾ പ്രണവം ആർട്‌സ് എന്ന പേരിൽ അദ്ദേഹം നിർമ്മിച്ചു. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ വലിയ ബജറ്റിലുള്ള സിനിമകൾ ഒരുക്കി ചലച്ചിത്ര വ്യവസായത്തെ താങ്ങിനിർത്തുന്നതിലെ മോഹൻലാലിൻ്റെ പങ്ക് വലുതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ:

1991ൽ 'ഭരതം', 1999ൽ 'വാനപ്രസ്ഥം' എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഉൾപ്പെടെ നാലു തവണ ദേശീയ തലത്തിൽ മോഹൻലാൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങൾ ഒമ്പതു തവണയാണ് അദ്ദേഹത്തെ തേടിയത്തെിയത്. പത്മശ്രീ, പത്മഭൂഷൺ, ഡിലിറ്റ് ബിരുദങ്ങൾ, ലെഫ്റ്റനന്റ് കേണൽ പദവി തുടങ്ങി നിരവധി അംഗീകാരങ്ങൾ മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ തേടി എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ മോഹൻലാലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. കവി പ്രഭാവർമ്മ രചന നിർവഹിച്ച കാവ്യ പത്രവും ചിത്രകാരൻ എ രാമചന്ദ്രന്റെ 'താമരക്കുളത്തിൻ്റെ ലോകം' എന്ന ചിത്രവും സമ്മാനിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സ്വാഗതമാശംസിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, എ.എ. റഹീം എം.പി, ആൻ്റണി രാജു എം.എൽ.എ, അടൂർ ഗോപാലകൃഷ്ണൻ, ജോഷി, അംബിക, രഞ്ജിനി, മാളവിക മോഹനൻ എന്നിവർ പങ്കെടുത്തു. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ. മധു നന്ദി അറിയിച്ചു.

actor mohanlal mohanlal pranav mohanlal vismaya mohanlal