തൃശൂര്‍: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടിയ ശേഷം മദ്രാസില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കു കയറിയതാണ് പി ജയചന്ദ്രന്‍. നിര്‍മാതാവ് ശോഭന പരമേശ്വരന്‍ നായരും സംവിധായകന്‍ എ. വിന്‍സെന്റുമാണ് സിനിമയിലേക്കുള്ള വഴിതുറന്നത്. ചെന്നൈയില്‍ ഒരു ഗാനമേളയില്‍ ജയചന്ദ്രന്റെ പാട്ടു കേട്ടാണ് അദ്ദേഹത്തെ സിനിമയിലേക്ക് ക്ഷണിച്ചത്.
1965 ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയില്‍ പി.ഭാസ്‌കരന്‍ എഴുതി ചിദംബരനാഥ് സംഗീതം നല്‍കിയ 'ഒരു മുല്ലപ്പൂമാലയുമായി' എന്ന ഗാനം ആലപിച്ചായിരുന്നു തുടക്കം. ആ ചിത്രത്തിന്റെ റിലീസ് വൈകി. ജി.ദേവരാജന്‍ കളിത്തോഴന്‍ എന്ന ചിത്രത്തില്‍ ഒരു ഗാനം നല്‍കി. 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി' എന്ന ഗാനം വമ്പന്‍ ഹിറ്റായി. മലയാള സിനിമയില്‍ ഭാവഗായകന്റെ തുടക്കമായിരുന്നു അത്.
നീലഗിരിയുടെ സഖികളെ, സ്വര്‍ണഗോപുര നര്‍ത്തകീ ശില്പം, രാജീവനയനേ നീയുറങ്ങൂ, റംസാനിലെ ചന്ദ്രികയോ, നന്ദ്യാര്‍വട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹര്‍ഷബാഷ്പംചൂടി, ഏകാന്ത പഥികന്‍ , ശരദിന്ദു മലര്‍ദീപനാളം, മല്ലികപ്പൂവിന്‍ മധുരഗന്ധം, പ്രായം തമ്മില്‍ മോഹം നല്‍കി, ആരാരും കാണാതെ ആരോമല്‍ തൈമുല്ല എന്നിങ്ങനെ എത്രയെത്ര മനോഹര ഗാനങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്.
https://www.kalakaumudi.com/kerala/singer-p-jayachandran-passes-away-8605694