/kalakaumudi/media/media_files/2025/09/02/sabarimala-thump-2025-09-02-11-04-05.jpg)
തിരുവനന്തപുരം: മറ്റൊരു മണ്ഡല - മകരവിളക്ക് കാലം എത്താറായി നില്‍ക്കെ പമ്പയില്‍ ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ശബരിമലയില്‍ യുവതീപ്രവേശനത്തെ അനുകൂലിച്ച ദേവസ്വം ബോര്‍ഡ് തന്നെയാണ് അയ്യപ്പ സംഗമത്തിന് ചുക്കാന്‍ പിടിക്കുന്നത്.
ശബരിമലയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുമെന്നും ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറയുകയുണ്ടായി. നിലവില്‍ സുപ്രീംകോടതി ഭരണ ഘടനാ ബഞ്ചിനു മുന്നിലുള്ള യുവതീ പ്രവേശ ഹര്‍ജിയില്‍ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആലോചിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്.
എന്നാല്‍, നവോത്ഥാന മുന്നേറ്റത്തിന്റെ ഭാഗമെന്ന നിലയില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന മുന്‍ നിലപാടില്‍നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്നോട്ടുപോകുന്നത് വരുന്ന തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണെന്നാണ് ആരോപണം.
ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടുമെന്ന ഉറപ്പു ലഭിച്ചാല്‍ ആഗോള അയ്യപ്പ സംഘമവുമായി സഹകരിക്കുമെന്ന് പ്രമുഖ സമുദായ സംഘടനകളായ എന്‍എസ്എസും എസ്എന്‍ഡിപിയും പ്രഖ്യാപിച്ചത് സര്‍ക്കാരിന് പ്രത്യേക ഊര്‍ജം പകരുന്നതാണ്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഈ സംഘനകളുടെ പിന്തുണ ഉറപ്പിക്കുന്നതിനും അവരെ പരമാവധി കൂടെ നിര്‍ത്തുന്നതും ഉദ്ദേശിച്ച് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിര്‍ദ്ദേശ പ്രകാരമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടുമാറ്റമെന്നാണ് സൂചന.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയുടെ ആചാര സംരക്ഷണത്തിന് പാര്‍ലമെന്റില്‍ പ്രത്യേക നിയമം പാസാക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി ഇക്കാര്യത്തില്‍ എന്തു ചെയ്തുവെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആവശ്യപ്പെട്ടതും തള്ളിക്കളയാനാവില്ല.
എന്നാല്‍ ഒരുകാര്യം വിശ്വാസികള്‍ മറന്നിട്ടില്ല. ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതിനെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത 25,000 ലധികം പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവരില്‍ ബഹു ഭുരിപക്ഷം പേരും കോടതി കയറിയിറങ്ങുകയാണ്.
ശബരിമല യുവതി പ്രവേശനം എടുത്തത് 2,636 കേസുകള്‍. പ്രതികള്‍ 25,408 പേര്‍. തിരഞ്ഞെടുപ്പ് പ്രമാണിച്ച് 2021 ഫെബ്രുവരി 26 ന് കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. 2022 ഡിസംബറിലെ മുഖ്യമന്ത്രിയുടെ നിയമസഭാ മറുപടി പ്രകാരം, 93 കേസുകള്‍ പിന്‍വലിക്കാന്‍ നിരാക്ഷേപ പത്രം നല്‍കി. ഇതില്‍ 41 കേസുകള്‍ പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കി.
കെ ബാബു എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേസുകള്‍ പിന്‍വലിക്കുന്ന കാര്യം മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയത്. ആകെ 2,636 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവയിലെല്ലാമായി 25,408 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. കേസുകള്‍ പിന്‍വലിക്കുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് 2021 ഫെബ്രുവരി 26 ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.
2022 ഡിസംബറിലെ മുഖ്യമന്ത്രിയുടെ നിയമസഭ മറുപടി പ്രകാരം, 93 കേസുകള്‍ പിന്‍വലിക്കാന്‍ നിരാക്ഷേപപത്രം നല്‍കി. ഇതില്‍ 41 കേസുകള്‍ പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കിയെന്നും വ്യക്തമാക്കിയിരുന്നു. യുവതീപ്രവേശം നടപ്പാക്കാന്‍ ശ്രമിച്ചതിന്റെ പേരിലുള്ള തിരിച്ചടിയില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റു തുന്നംപാടി.
എന്നാല്‍ ഈ മറുപടിക്കു ശേഷം എത്ര കേസുകള്‍ പിന്‍വലിച്ചുവെന്ന് വ്യക്തതയില്ല. ആഗോള അയ്യപ്പ സംഗമത്തിന് എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ്, മലയരയ സഭ തുടങ്ങിയ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പഴയ കേസുകള്‍ പിന്‍വലിക്കാത്തതിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
അപ്പോഴും ഒരു ചോദ്യം ബാക്കിയാവുകയാണ്.... എന്തിനായിരുന്നു ഇത്ര തിടുക്കപ്പെട്ട് ശബരിമലയില്‍ ഇങ്ങനൊരു സാഹസത്തിന് പിണറായി സര്‍ക്കാര്‍ മുതിര്‍ന്നത് എന്നത്. കോടതി വിധി നടപ്പാക്കിയെന്ന ന്യായമാണ് സര്‍ക്കാര്‍ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.
വിശ്വാസത്തിന്റെ മാമലയില്‍ വിവാദങ്ങള്‍ നിഴല്‍ വിരിച്ചത് യുവതീപ്രവേശ വിധിക്കു പിന്നാലെയാണ് എന്ന ഒറ്റ ന്യായത്തില്‍ എപ്പോഴും കടിച്ചുതൂങ്ങാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സുപ്രീംകോടതിയില്‍ 2006ല്‍ നിയമപോരാട്ടം തുടങ്ങി 2018 സെപ്റ്റംബര്‍ 28നാണ് യുവതീപ്രവേശം അനുവദിച്ചു വിധി പ്രഖ്യാപനം വന്നത്.
തുടര്‍ന്നിങ്ങോട്ടു പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും ശബരിമല വേദിയായി. ദേവസ്വം കമ്മിഷണറായിരുന്ന എസ്.ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്തു നടത്തിയതിന്റെ ചിത്രം 1990 ഓഗസ്റ്റ് 19ന് പത്രങ്ങളില്‍ വന്നതോടെയാണ് നിയമപോരാട്ടങ്ങളുടെ തുടക്കം.
ചങ്ങനാശേരി സ്വദേശി എസ്.മഹേന്ദ്രന്‍ ഈ ചിത്രം ഉള്‍പ്പെടുത്തി ഹൈക്കോടതിയില്‍ 1990 സെപ്റ്റംബറില്‍ പരാതി നല്‍കി. ഇത് റിട്ട് ഹര്‍ജിയായി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. 1991 ഏപ്രില്‍ 5ന് ശബരിമലയിലെ യുവതീപ്രവേശം ഹൈക്കോടതി നിരോധിച്ചു.
2006 ലാണ് യങ് ലോയേഴ്‌സ് അസോസിയേഷന്‍ ശബരിമലയില്‍ യുവതീപ്രവേശം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബര്‍ 28 നായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി.
മലയാളക്കര നീറിപ്പുകഞ്ഞ നാളുകള്‍:
2018 സെപ്റ്റംബര്‍ 28
ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നു സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചു. ആര്‍ത്തവം കാരണമാക്കിയുള്ള വിലക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണെന്നും ശബരിമല അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനാവില്ലെന്നും അഞ്ചംഗ ബെഞ്ചിലെ നാലു പേര്‍ വ്യക്തമാക്കി.
മതവിശ്വാസത്തില്‍ കോടതി ഇടപെട്ടു തീര്‍പ്പ് കല്‍പിക്കരുതെന്നും വിശ്വാസത്തെ ഭരണഘടനാപരമായ യുക്തി കൊണ്ട് അളക്കരുതെന്നും ഭൂരിപക്ഷവിധിയോടു വിയോജിച്ച് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വ്യക്തമാക്കി. അയ്യപ്പ ഭക്തരല്ലാത്തവരാണു ഹര്‍ജിക്കാര്‍ എന്നതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും വിധിച്ചു.
സെപ്റ്റംബര്‍ 29
ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ അപലപിച്ചു ഹര്‍ത്താല്‍ പ്രഖ്യാപിച്ചും പിന്നീടു പിന്‍വലിച്ചും ശിവസേന. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണു ഹര്‍ത്താല്‍ പിന്‍വലിച്ചതെന്നു വിശദീകരണം.
സെപ്റ്റംബര്‍ 30
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനത്തിനെത്തുന്നതിനു മുന്നോടിയായി എല്ലാ സൗകര്യങ്ങളുമൊരുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കി.
ഒക്ടോബര്‍ 1
കോടതി വിധിക്കെതിരെ പോരാടുമെന്ന് പന്തളം കൊട്ടാരം. അയ്യപ്പ ഭക്തരുടെ പ്രതിനിധികള്‍ എന്ന നിലയില്‍ സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി അടക്കമുള്ളവരെ സമീപിക്കാന്‍ തീരുമാനം.
ഒക്ടോബര്‍ 2
മാസപൂജയ്ക്കു ശബരിമല നട തുറക്കുമ്പോള്‍ യുവതീപ്രവേശം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി.
ഒക്ടോബര്‍ 6
എന്‍എസ്എസ് ഉള്‍പ്പടെയുള്ള 17 ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ചങ്ങനാശേരിയില്‍ നാമജപഘോഷയാത്ര. ശബരിമല ക്ഷേത്രത്തിന്റെ താന്ത്രികാവകാശത്തിന്റെ ചുമതലക്കാരായ താഴമണ്‍ കുടുംബത്തിലെ കണ്ഠര് മോഹനര്, കണ്ഠര് രാജീവര്, കണ്ഠര് മഹേഷ് മോഹനര് എന്നീ മൂന്നു തന്ത്രിമാരും ആദ്യമായി പരസ്യപ്രതിഷേധത്തില്‍ അണിചേര്‍ന്നു.
ഒക്ടോബര്‍ 8
വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എന്‍എസ്എസ്, ദേശീയ അയ്യപ്പ ഭക്തജന വനിതാ കൂട്ടായ്മ എന്നിവ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തു.
വിഷയത്തില്‍ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനിറങ്ങേണ്ടെന്നു രാഷ്ട്രീയകാര്യ സമിതി യോഗത്തിന്റെ തീരുമാനം.
ഒക്ടോബര്‍ 9
പുനഃപരിശോധനാ ഹര്‍ജികള്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളി. ഈ വിഷയം സാധാരണ നിലയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ മാത്രമേ പരിഗണിക്കാനാവൂ എന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. പന്തളം കൊട്ടാരം നിര്‍വാഹക സംഘത്തിന്റേത് ഉള്‍പ്പെടെ മൂന്നു പുനഃപരിശോധനാ ഹര്‍ജികള്‍ കൂടി ഫയല്‍ ചെയ്തു.
ഒക്ടോബര്‍ 12
വിധിയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എഴുതിയ ന്യൂനപക്ഷ വിധിയെയാണു താന്‍ അംഗീകരിക്കുന്നത്.
ഒക്ടോബര്‍ 13
ശബരിമല ദര്‍ശനത്തിന് ഉടന്‍ കേരളത്തിലെത്തുമെന്ന് വനിതാ അവകാശ പ്രവര്‍ത്തക തൃപ്തി ദേശായി.
ഒക്ടോബര്‍ 14
ശബരിമലയിലെ വിശ്വാസം സംരക്ഷിക്കണമെന്ന ആവശ്യവുമായി രാജ്യതലസ്ഥാനത്തു വന്‍പ്രതിഷേധം. അയ്യപ്പ ധര്‍മ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജന്തര്‍മന്തറില്‍ നടന്ന നാമജപയാത്രയില്‍ യുപി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരും അണിനിരന്നു. പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തിലെ കേരളവര്‍മ രാജ ഉദ്ഘാടനം ചെയ്തു.
ഒക്ടോബര്‍ 16
ചെന്നൈയില്‍ നിന്നെത്തിയ ദമ്പതികളെ തടഞ്ഞതിനെച്ചൊല്ലി നിലയ്ക്കലില്‍ സംഘര്‍ഷം. പഴനി (45), ഭാര്യ പഞ്ചവര്‍ണം (40) എന്നിവര്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കു ബസില്‍ പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് സമരക്കാര്‍ തടഞ്ഞത്.
പരാതികള്‍ പരിഹരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയ ചര്‍ച്ച പരാജയം. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്നു തന്ത്രി കുടുംബാംഗങ്ങളും പന്തളം കൊട്ടാരം പ്രതിനിധികളും യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.
ഒക്ടോബര്‍ 17
സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ, തുലാമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു.
ഒക്ടോബര്‍ 18
സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്താത്തതില്‍ പ്രതിഷേധിച്ചു ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ ഹര്‍ത്താല്‍. നിലയ്ക്കലിലിലെ സംഘര്‍ഷ സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ. രാവിലെ മല കയറാന്‍ ഒരുങ്ങിയ ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജിനു പ്രതിഷേധത്തെ തുടര്‍ന്നു മടങ്ങേണ്ടി വന്നു.
ഒക്ടോബര്‍ 19
സന്നിധാനത്ത് രണ്ടു യുവതികളെ എത്തിക്കാനുള്ള ശ്രമം പൊലീസ് അവസാനനിമിഷം ഉപേക്ഷിച്ചു. ഹൈദരാബാദില്‍നിന്നു മോജോ ടിവി റിപ്പോര്‍ട്ടര്‍ കവിത ജക്കാല്‍, നടിയും കൊച്ചിയിലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയുമായ എ.എസ്.ഫാത്തിമ (രഹന ഫാത്തിമ) എന്നിവരെ സന്നിധാനത്ത് എത്തിക്കാനായിരുന്നു ശ്രമം. പമ്പയില്‍നിന്നു മലകയറിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയെ (46) 100 മീറ്റര്‍ നടന്നപ്പോഴേക്കും ഭക്തര്‍ തടഞ്ഞു.
ഒക്ടോബര്‍ 20
ദര്‍ശനത്തിനെത്തിയ ദലിത് വനിതാ നേതാവ് പൊലീസ് പിന്തിരിപ്പിച്ചതിനെത്തുടര്‍ന്നു മടങ്ങി. കേരള ദലിത് മഹിള ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കൊട്ടിയം സ്വദേശി എസ്.പി.മഞ്ജുവാണ് എത്തിയത്.
ഒക്ടോബര്‍ 21
ശബരിമലയിലേക്കു പോകാന്‍ ട്രെയിനില്‍ യുവതികള്‍ എത്തുന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്നു കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥ. തടയാന്‍ അയ്യപ്പഭക്തരും സംരക്ഷണം നല്‍കാന്‍ പൊലീസും എത്തിയതോടെ സ്റ്റേഷന്‍ പരിസരം മുള്‍മുനയിലായി.
ഒക്ടോബര്‍ 22
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയില്‍ സ്ഥിതി റിപ്പോര്‍ട്ട് നല്‍കുന്നതു സംബന്ധിച്ചു സര്‍ക്കാരിന്റെ നിലപാട് അറിയാന്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
യുവതീപ്രവേശത്തിനെതിരെ പ്രത്യക്ഷസമരത്തിനിറങ്ങാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചു.
കോഴിക്കോട്ട് അധ്യാപികയായ ബിന്ദു ടി.വാസു (43) ശബരിമല ദര്‍ശനത്തിനായി എരുമേലിയില്‍ എത്തിയപ്പോള്‍ത്തന്നെ പ്രതിഷേധം. തുടര്‍ന്ന് പൊലീസ് ഇവരെ മുണ്ടക്കയത്തേക്കും പിന്നീടു കണമലയിലേക്കും മാറ്റി. കണമലയില്‍നിന്നു 3 പൊലീസുകാര്‍ക്കൊപ്പം പമ്പ കെഎസ്ആര്‍ടിസി ബസില്‍ കയറ്റിവിട്ടെങ്കിലും വട്ടപ്പാറയില്‍ 2 ബൈക്കുകളിലായെത്തിയ 4 പേര്‍ തടഞ്ഞതോടെ തുടര്‍യാത്ര വേണ്ടെന്നുവച്ചു.
ഒക്ടോബര്‍ 23
ശബരിമലയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു സ്ത്രീകള്‍ ഹൈക്കോടതിയെ സമീപിച്ചു. എ.കെ.മായ കൃഷ്ണന്‍, എസ്.രേഖ, ജലജമോള്‍, ജയമോള്‍ എന്നിവരാണു ഹര്‍ജി നല്‍കിയത്.
ഒക്ടോബര്‍ 25
സംഘര്‍ഷങ്ങളില്‍ സംസ്ഥാന വ്യാപകമായി 440 കേസുകളിലായി 1400 പേരെ അറസ്റ്റ് ചെയ്തു. മൊത്തം രണ്ടായിരത്തിലേറെ പ്രതികളില്‍ ശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍.
ഒക്ടോബര്‍ 26
സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച രഹസ്യ സംഘം കേരളത്തില്‍.
യുവതീപ്രവേശമുണ്ടായാല്‍ കൈമുറിച്ചു ചോരവീഴ്ത്തി നടയടയ്ക്കാന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലില്‍ അയ്യപ്പധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.
ഒക്ടോബര്‍ 29
ശബരിമലയില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നു ഹൈക്കോടതി.
ഒക്ടോബര്‍ 30
ശബരിമലയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി.
യുവതികള്‍ക്കു പ്രവേശനം അനുവദിക്കണമെന്നാണു വ്യക്തിപരമായ അഭിപ്രായമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ഒക്ടോബര്‍ 31
ശബരിമലയില്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ ആരും എത്തിയില്ല.
നവംബര്‍ 1
സര്‍ക്കാര്‍ സുപ്രീംകോടതി വിധിയാണു നടപ്പാക്കുന്നതെന്നും മറ്റെന്താണു ചെയ്യാന്‍ കഴിയുക എന്നും ഹൈക്കോടതി.
ഒക്ടോബര്‍ 17 മുതല്‍ 22 വരെ ശബരിമല നട തുറന്ന സമയത്തെ സമരം ബിജെപി പ്ലാന്‍ ചെയ്തു നടപ്പാക്കിയതാണ് എന്നു യുവമോര്‍ച്ചയുടെ കോഴിക്കോട്ടെ യോഗത്തില്‍ പ്രസംഗിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള വിവാദക്കുരുക്കില്‍.
നവംബര്‍ 5
ചിത്തിര ആട്ടത്തിരുനാളിനു ശബരിമല നട തുറന്നു. ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി സേവ് ശബരിമല മുദ്രാവാക്യമുയര്‍ത്തി ശബരിമല കര്‍മസമിതി സെക്രട്ടേറിയറ്റിനു മുന്നില്‍ അഖണ്ഡനാമജപം തുടങ്ങി.
നവംബര്‍ 6
ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ സന്നാഹത്തിനു നടുവില്‍ ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. ആര്‍എസ്എസ് സംസ്ഥാന പ്രാന്തീയ കാര്യസദസ്യന്‍ വല്‍സന്‍ തില്ലങ്കേരിയും ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതിനെച്ചൊല്ലി വിവാദം.
നവംബര്‍ 8
ശബരിമലയെ തകര്‍ക്കാനുള്ള മാര്‍ക്‌സിസ്റ്റ് ശ്രമങ്ങള്‍ക്കെതിരെ എന്നു പ്രഖ്യാപിച്ചു പി.എസ്.ശ്രീധരന്‍പിള്ള നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്കു കാസര്‍കോട് മധൂറില്‍ തുടക്കം.
ശബരിമലയിലെ പ്രതിഷേധം ബിജെപി ആസൂത്രണം ചെയ്തതാണെന്ന പ്രസംഗത്തിന്റെ പേരില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കസബ പൊലീസ് കേസെടുത്തു.
ശബരിമല യുവതീപ്രവേശ വിധിക്കെതിരെ സുപ്രീം കോടതിയില്‍ റിവ്യൂഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡിനോടും സാഹചര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനോടും നിര്‍ദേശിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു.
നവംബര്‍ 12
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഏഴു സംസ്ഥാനങ്ങളിലെ അഞ്ചു കോടി ഭവനങ്ങളില്‍ തെളിക്കാന്‍ ശബരിമലയില്‍നിന്നു പകര്‍ന്ന അയ്യപ്പജ്യോതിയുടെ പ്രയാണത്തിനു തുടക്കം.
ശബരിമലവിധി സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികളില്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരാകുന്നതില്‍നിന്ന് അഭിഭാഷകന്‍ ആര്യാമസുന്ദരം പിന്മാറി.
വനിതാ പൊലീസുകാരുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ അവസരം കിട്ടിയെന്ന ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ പ്രസ്താവന വിവാദമായി.
നവംബര്‍ 13
വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം. യുവതീപ്രവേശം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.
എന്‍ഡിഎയുടെ ശബരിമല സംരക്ഷണ രഥയാത്രയ്ക്കു സമാപനം.
നവംബര്‍ 16
മണ്ഡലമകരവിളക്കു തീര്‍ഥാടനത്തിനായി നട തുറന്നു. ശബരിമലയിലേക്കു പോകാന്‍ പുലര്‍ച്ചെ 4.40നു വിമാനമിറങ്ങിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഉള്‍പ്പെടെ ആറു വനിതകള്‍ക്കു വിമാനത്താവളത്തിനു പുറത്തുകടക്കാന്‍ പോലുമായില്ല. ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം കാരണം വിമാനത്താവളത്തില്‍ കുടുങ്ങിയ ഇവര്‍ 17 മണിക്കൂറിനു ശേഷം മടങ്ങി.
ശബരിമലയിലേക്കു പോകാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല അറസ്റ്റില്‍. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ഏഴു ദിവസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നവംബര്‍ 17
കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍.
പൊലീസ് നിയന്ത്രണം ലംഘിച്ച് ശബരിമലയിലേക്കു പോകാന്‍ ശ്രമിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അടക്കം നാലു പേര്‍ നിലയ്ക്കലില്‍ അറസ്റ്റില്‍.
നവംബര്‍ 19
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ശബരിമല സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.
കര്‍ശന നിബന്ധനകള്‍ പാലിച്ച് കെ.പി.ശശികല ഇരുമുടിക്കെട്ടുമായി മലകയറി ദര്‍ശനം നടത്തി.
നവംബര്‍ 20
നിലയ്ക്കലിലും പമ്പയിലും ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ച് യുഡിഎഫ് പ്രതിനിധി സംഘം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
നവംബര്‍ 21
നിലയ്ക്കലില്‍നിന്ന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും മറ്റു രണ്ടു പേര്‍ക്കുമൊപ്പം സന്നിധാനത്ത് വിരിപ്പന്തലില്‍ ഒത്തുകൂടി ശരണം വിളിച്ചതുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന 69 പേര്‍ക്കും ജാമ്യം.
കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സാധാരണ തീര്‍ഥാടകനായി സന്നിധാനത്ത്. സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയുമായി വാക്കേറ്റം.
നിരോധനാജ്ഞ ലംഘിച്ചതിന് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസ്
നവംബര്‍ 22
ചിത്തിര ആട്ട വിശേഷത്തിനു നട തുറന്ന ദിവസം അന്‍പത്തിരണ്ടുകാരിയെ സന്നിധാനത്ത് ആക്രമിച്ച കേസില്‍ കെ.സുരേന്ദ്രന്‍, വല്‍സന്‍ തില്ലങ്കേരി എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു നേതാക്കള്‍ക്കെതിരെ ഗൂഢാലോചന, വധശ്രമ കുറ്റങ്ങള്‍ ചുമത്തി.
ശബരിമലയിലെത്തുന്ന എല്ലാവരെയും ക്രിമിനലുകളെപ്പോലെ കൈകാര്യം ചെയ്യുന്നതു ശരിയല്ലെന്നും കുറേക്കൂടി മെച്ചപ്പെട്ട രീതിയില്‍ ഭക്തരെ കൈകാര്യം ചെയ്യാന്‍ പൊലീസ് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍.
ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഇലവുങ്കലും നിരോധനാജ്ഞ നീട്ടി.
നവംബര്‍ 23
കെ. സുരേന്ദ്രനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
ശബരിമല തീര്‍ഥാടനം സാധാരണ നിലയിലെത്തിക്കണമെന്നു ഹൈക്കോടതി പരാമര്‍ശം.
നവംബര്‍ 24
സന്നിധാനത്ത് വീണ്ടും കൂട്ട അറസ്റ്റ്. ബാരിക്കേഡുകള്‍ കെട്ടിത്തിരിച്ച സ്ഥലത്തിനകത്ത് കയറി സംഘം ചേര്‍ന്നു നാമജപം നടത്തിയ 40 പേരുള്‍പ്പെടെ 74 പേരെയാണ് രാത്രി ഹരിവരാസനത്തിനു ശേഷം അറസ്റ്റ് ചെയ്തത്.
കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പൊലീസിന്റെ കണ്ണില്‍പ്പെടാതെ കിടന്ന മറ്റൊരു കേസില്‍ സുരേന്ദ്രന് ജാമ്യം.
നവംബര്‍ 26
ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഇലവുങ്കലിലും നിരോധനാജ്ഞ നീട്ടി.
നവംബര്‍ 27
സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണെന്നും നടപ്പാക്കാന്‍ ബാധ്യസ്ഥമാണെന്നും ഹൈക്കോടതി. എന്നാല്‍ നാമജപത്തിനും ശരണംവിളിക്കും മറ്റുമുള്ള തീര്‍ഥാടകരുടെ അവകാശത്തെ ബാധിക്കുന്ന നിയന്ത്രണങ്ങള്‍ പാടില്ല
നവംബര്‍ 28
ശബരിമല വിഷയം നിയമസഭയിലും. പ്രതിപക്ഷം ഉയര്‍ത്തിയ ബഹളത്തില്‍ സമ്മേളനം അലങ്കോലപ്പെട്ടു.
ശബരിമല കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭം അവസാനിപ്പിച്ച് ബിജെപി സെക്രട്ടേറിയറ്റ് പടിക്കലേക്ക്.
നവംബര്‍ 30
കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ നിലവിലുള്ള നിരോധനാജ്ഞ നീട്ടി.
ഡിസംബര്‍ 1
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി ജനുവരി ഒന്നിനു കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ പടുത്തുയര്‍ത്താന്‍ തീരുമാനം. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സാമൂഹിക, സാമുദായിക സംഘടനാ നേതാക്കളുടെ യോഗത്തിലാണു തീരുമാനം.
ആന്ധ്രപ്രദേശില്‍നിന്നു ദര്‍ശനത്തിനെത്തിയ സംഘത്തിലെ നവോജമ്മ (32), കൃപാവതി (42) എന്നീ യുവതികളെ മരക്കൂട്ടത്തിനു സമീപം തടഞ്ഞു തിരിച്ചയച്ചു.
ശബരിമലയിലെ ആദ്യഘട്ട ഡ്യൂട്ടിക്കു നേതൃത്വം നല്‍കിയ മുഴുവന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും അനുമോദനപത്രം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.
ഡിസംബര്‍ 2
നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്കു പോകാന്‍ ശ്രമിച്ച ബിജെപി നേതാക്കളെ നിലയ്ക്കല്‍ ഗോപുരം പടിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.
ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ശബരിമല സന്ദര്‍ശിച്ചു.
ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു വി.എസ്.ശിവകുമാര്‍, എന്‍.ജയരാജ്, പാറയ്ക്കല്‍ അബ്ദുല്ല എന്നീ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തിലും ബിജെപി സെക്രട്ടേറിയറ്റ് പടിക്കലും സത്യഗ്രഹം തുടങ്ങി.
ഡിസംബര്‍ 4
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി.
ഡിസംബര്‍ 6
ശബരിമലയില്‍ മേല്‍നോട്ടത്തിനു മൂന്നംഗ സമിതിയെ നിയോഗിച്ച ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.
ഡിസംബര്‍ 8
സന്നിധാനത്ത് 52 വയസ്സുള്ള തീര്‍ഥാടകയെ ആക്രമിച്ചതില്‍ ഗൂഢാലോചന ആരോപിച്ചുള്ള കേസില്‍ ജാമ്യം ലഭിച്ച കെ.സുരേന്ദ്രന്‍ ജയില്‍മോചിതനായി.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ വീണ്ടും നീട്ടി.
ഡിസംബര്‍ 10
നിരാഹാരം നടത്തുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനു പിന്തുണയുമായി പാര്‍ട്ടി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.
ഡിസംബര്‍ 12
സന്നിധാനം മുതല്‍ ഇലവുങ്കല്‍ വരെയുളള പ്രദേശങ്ങളിലെ നിരോധനാജ്ഞ നീട്ടി
ഡിസംബര്‍ 13
സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപി സമരപ്പന്തലിനു മുന്നില്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി ആത്മാഹുതിക്കു ശ്രമിച്ച മുട്ടട അഞ്ചുമുക്ക് ആഞ്ഞൂര്‍ വീട്ടില്‍ വേണുഗോപാലന്‍ നായര്‍ (49) പിന്നീട് ആശുപത്രിയില്‍ മരിച്ചു.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു യുഡിഎഫ് എംഎല്‍എമാര്‍ 11 ദിവസമായി നടത്തിവന്ന സമരം സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞതിനാല്‍ അവസാനിപ്പിച്ചു.
ഡിസംബര്‍ 14
സെക്രട്ടേറിയറ്റിനു മുന്നിലെ സമരപന്തലിനു സമീപം തീകൊളുത്തി ആത്മാഹുതി ചെയ്ത മുട്ടട സ്വദേശി വേണുഗോപലന്‍ നായരോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍.
ഡിസംബര്‍ 16
ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജെന്‍ഡര്‍മാരെ പൊലീസ് എരുമേലിയില്‍ തടഞ്ഞു തിരിച്ചയച്ചത് വിവാദത്തില്‍.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുളള പ്രദേശങ്ങളിലെ നിരോധനാജ്ഞ നീട്ടി
ഡിസംബര്‍ 17
ജാമ്യവ്യവസ്ഥ ലംഘിച്ചതിനു കോടതി ഉത്തരവു പ്രകാരം രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബര്‍ 18
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ നീട്ടി.
കനത്ത പൊലീസ് സുരക്ഷയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ശബരിമല ദര്‍ശനം നടത്തി.
ഡിസംബര്‍ 19
ബിജെപി മുന്‍ അധ്യക്ഷന്‍ സി.കെ.പത്മനാഭനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നു പൊലീസ് അറസ്റ്റ് ചെയ്തു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പത്മനാഭനു പകരം സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നിരാഹാരം ആരംഭിച്ചു.
ശബരിമല തീര്‍ഥാടനത്തിനെത്തിയ തന്നോട് ഐപിഎസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്നു ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ അവകാശ ലംഘന നോട്ടിസ്.
ഡിസംബര്‍ 21
ആന്ധ്രയില്‍ നിന്നെത്തിയ തീര്‍ഥാടക സംഘത്തിന്റെ വാഹനത്തില്‍ യുവതി ഉണ്ടെന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് എരുമേലിയിലെ പാര്‍ക്കിങ് മൈതാനത്ത് വാഹനം തടഞ്ഞു.
ശബരിമല വിശ്വാസ സംരക്ഷണത്തിനായി 26ന് കാസര്‍കോട് ഹൊസങ്കടിയില്‍നിന്ന് ആരംഭിക്കുന്ന അയ്യപ്പജ്യോതി കന്യാകുമാരി ത്രിവേണീ സംഗമം വരെ നീട്ടി.
ഡിസംബര്‍ 22
തമിഴ്‌നാട്ടിലെ സ്ത്രീ ശാക്തീകരണ സംഘടന 'മനിതി'യുടെ നേതൃത്വത്തില്‍ ശബരിമലയിലേക്കു തിരിച്ച 13 യുവതികളടങ്ങുന്ന ആദ്യസംഘം കമ്പംമെട്ട് ചെക്‌പോസ്റ്റ് വഴി കേരളത്തില്‍ പ്രവേശിച്ചു.
ഡിസംബര്‍ 23
ശബരിമല ദര്‍ശനത്തിനു യുവതികളുമായെത്തിയ 'മനിതി' പമ്പയിലെ പ്രതിഷേധത്തെത്തുടര്‍ന്നു പിന്തിരിഞ്ഞോടി.
വയനാട് നിന്നെത്തിയ ആദിവാസി വനിതാ നേതാവ് കെ.അമ്മിണി (44) പമ്പയ്ക്കുള്ള വഴിയില്‍ കണമലയ്ക്കു സമീപം മുട്ടപ്പള്ളിയില്‍ യാത്ര മതിയാക്കി മടങ്ങി.
ഡിസംബര്‍ 24
തുടര്‍ച്ചയായ രണ്ടാം ദിവസവും പൊലീസ് പിന്തുണയോടെയുള്ള യുവതികളുടെ മലകയറ്റ ശ്രമത്തില്‍ ശബരിമല സംഘര്‍ഷഭരിതം. കണ്ണൂര്‍ സര്‍വകലാശാലയുടെ തലശ്ശേരിയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ അധ്യാപികയായ പത്തനംതിട്ട ളാക്കൂര്‍ സ്വദേശി എ.ബിന്ദു, സിവില്‍ സപ്ലൈസ് വകുപ്പു താല്‍ക്കാലിക ജീവനക്കാരി മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവര്‍ സന്നിധാനത്തിന് 700 മീറ്റര്‍ അകലെ ചന്ദ്രാനന്ദന്‍ റോഡ് വരെ എത്തി. പ്രതിഷേധം കനക്കുകയും ഉന്നതതല ഇടപെടല്‍ ഉണ്ടാകുകയും ചെയ്തതോടെ പൊലീസ് ഇവരെ ബലപ്രയോഗത്തിലൂടെ തിരിച്ചിറക്കി.
ഡിസംബര്‍ 26
ആചാരങ്ങളും സംസ്‌കാരവും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞയുമായി സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിനു ഭക്തര്‍ അയ്യപ്പജ്യോതി തെളിച്ചു. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് മറ്റു സംസ്ഥാനങ്ങളിലെ മലയാളി കൂട്ടായ്മകളും ഏറ്റെടുത്തു.
ഡിസംബര്‍ 27
മണ്ഡലകാല തീര്‍ഥാടനം പൂര്‍ത്തിയാക്കി അയ്യപ്പ ക്ഷേത്രനട അടച്ചു.
ഡിസംബര്‍ 28
നിരാഹാര സമരം നടത്തിവന്ന ശോഭ സുരേന്ദ്രനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അറസ്റ്റു ചെയ്തു ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍ പകരം നിരാഹാരം ആരംഭിച്ചു.
ഡിസംബര്‍ 30
ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കാലടി പൊലീസ് കേസെടുത്തു.
സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ജില്ലാ കലക്ടര്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പമ്പയിലെത്തിയ 50 വയസ്സില്‍ താഴെയുള്ള രണ്ടു സ്ത്രീകളെ പൊലീസ് പിന്തിരിപ്പിച്ചു.
2019 ജനുവരി 1
നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി ഇടതു പാര്‍ട്ടികളുടെയും വിവിധ സാമുദായിക സംഘടനകളുടെയും നേതൃത്വത്തില്‍ കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ നീളുന്ന വനിതാ മതില്‍ സംഘടിപ്പിച്ചു.
ജനുവരി 2
ശബരിമലയില്‍ ദര്‍ശനം നടത്തിയതായി യുവതികളായ ബിന്ദുവും കനകദുര്‍ഗയും വെളിപ്പെടുത്തി. പതിനെട്ടാം പടി ഒഴിവാക്കിയാണു സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഭക്തരില്‍നിന്ന് പ്രശ്‌നങ്ങളുണ്ടായില്ലെന്നും പൊലീസ് സംരക്ഷണം ലഭിച്ചെന്നും ഇരുവരും പറഞ്ഞു. രണ്ടു യുവതികളും ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നു സര്‍ക്കാരും സ്ഥിരീകരിച്ചു.
യുവതീപ്രവേശത്തിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപിയും ശബരിമല കര്‍മസമിതിയും പ്രതിഷേധ പ്രകടനം നടത്തി. സിപിഎം ബിജെപി സംഘര്‍ഷമുണ്ടായി. പന്തളത്തു പ്രതിഷേധ പ്രകടനത്തിനു നേരെ സിപിഎം ഓഫിസിനടുത്തു നിന്നുണ്ടായ കല്ലേറില്‍ പരുക്കേറ്റാണു കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചതെന്ന് ആരോപണം.
സുപ്രീം കോടതി വിധിക്കെതിരെ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിധി എതിരായാല്‍ ആചാരം സംരക്ഷിക്കുന്നതിനായി വിശ്വാസികള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും.
വനിതാമതില്‍ സംഘാടക സമിതി ജോയിന്റ് കണ്‍വീനറായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയോഗിച്ച ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി.സുഗതന്‍ നിലപാടുമാറ്റി സുപ്രീംകോടതി വിധി നടപ്പാക്കുന്നതു പാത്തും പതുങ്ങിയുമാകരുത്. ശബരിമലയില്‍ ദര്‍ശനം നടത്തിയ രണ്ടു യുവതികളും ഭക്തരല്ല, ആക്ടിവിസ്റ്റുകളാണ്.
വനിതാമതിലിനോടനുബന്ധിച്ചു കാഞ്ഞങ്ങാട് ചേറ്റുകുണ്ട് നടന്ന അക്രമസംഭവങ്ങളില്‍ ബേക്കല്‍ പൊലീസ് ഏഴു കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കണ്ടാലറിയാവുന്ന 200 ല്‍ അധികം പേരെ പ്രതി ചേര്‍ത്തു.
ജനുവരി 3
ശബരിമല യുവതീപ്രവേശത്തെത്തുടര്‍ന്നു ബിജെപി പിന്തുണയോടെയുള്ള ശബരിമല കര്‍മസമിതി ഹര്‍ത്താലില്‍ കേരളം യുദ്ധക്കളമായി. അനുകൂലികളും എതിര്‍പക്ഷവും തെരുവില്‍ ഏറ്റുമുട്ടി. പാലക്കാട് നഗരസഭയിലും കാസര്‍കോട്ടെ മഞ്ചേശ്വരം താലൂക്കിലും നിരോധനാജ്ഞ.
വാടാനപ്പള്ളിയില്‍ മൂന്നും തുറവൂരില്‍ രണ്ടും ബിജെപിക്കാര്‍ക്കു വെട്ടേറ്റു. തലശ്ശേരിയിലും നെടുമങ്ങാട്ടും ബോംബേറ്.
സംസ്ഥാനമാകെ 745 പേര്‍ അറസ്റ്റില്‍.
ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നു റിപ്പോര്‍ട്ട് തേടി.
ജനുവരി 4
ശ്രീലങ്കന്‍ സ്വദേശിനി ശശികല (47) ശബരിമല സന്നിധാനത്ത് പ്രവേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ്. എന്നാല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡോ ക്ഷേത്ര ഉദ്യോഗസ്ഥരോ തന്ത്രിയോ ഇതു സ്ഥിരീകരിച്ചില്ല. പതിനെട്ടാംപടി കയറാനോ ദര്‍ശനത്തിനോ പൊലീസ് അനുവദിച്ചില്ലെന്നു ശശികലയും ഭര്‍ത്താവ് ശരവണമാരനും പറഞ്ഞു.
യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നു നടയടച്ചു ശുദ്ധിക്രിയ ചെയ്ത തന്ത്രി കണ്ഠര് രാജീവരുടെ നടപടി തെറ്റെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇക്കാര്യത്തില്‍ 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടു തന്ത്രിക്കു നോട്ടിസ് നല്‍കി. ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിക്കുകയെന്നത് തന്ത്രിയുടെ കടമയാണെന്നും അതുമാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്നും തന്ത്രി കണ്ഠര് രാജീവര്.
ശബരിമലയില്‍ അയിത്താചരണം നടത്തിയ തന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും ശബരിമല ആദിവാസികള്‍ക്കു വിട്ടു കൊടുക്കണമെന്നും ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതി.
യുവതീപ്രവേശ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നു കോണ്‍ഗ്രസ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ 620 കിലോമീറ്റര്‍ നീളത്തില്‍ വനിതാ നവോത്ഥാന മതില്‍ കണ്ടു വിറളി പൂണ്ട സംഘ്പരിവാര്‍ സംസ്ഥാനമെങ്ങും അക്രമം അഴിച്ചുവിടുകയാണെന്നു സിപിഎം.
സമരം ശക്തമാക്കാന്‍ ശബരിമല കര്‍മ സമിതി സംസ്ഥാന സമിതി തീരുമാനിച്ചു. മകരവിളക്ക് ദിനത്തില്‍ ക്ഷേത്രങ്ങളിലും അയ്യപ്പഭക്തരുടെ ഭവനങ്ങളിലും 18 കോടി അയ്യപ്പജ്യോതികള്‍ തെളിക്കാനും തീരുമാനം.
ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ശബരിമല പ്രക്ഷോഭം സജീവമായി നിലനിര്‍ത്താന്‍ ബിജെപി - ആര്‍എസ്എസ് നേതൃയോഗം തീരുമാനിച്ചു.
ശബരിമല വിഷയത്തില്‍ കറുത്ത ബാഡ്ജ് ധരിച്ചു ലോക്‌സഭയില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. സംസ്ഥാനത്തുണ്ടായ ക്രമസമാധാന പ്രശ്‌നത്തില്‍ സിപിഎമ്മിനെയും ബിജെപിയെയും കുറ്റപ്പെടുത്തിയ എംപിമാര്‍, വിഷയം സഭയിലും ഉന്നയിച്ചു.
യുവതീപ്രവേശം അനുവദിക്കണമെന്നാണ് അഭിപ്രായമെങ്കിലും പ്രാദേശിക വികാരം കണക്കിലെടുത്ത് കെപിസിസിക്കു സ്വന്തം നിലയില്‍ തീരുമാനമെടുക്കാമെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും നിലപാട്.
ഹര്‍ത്താല്‍ ദിനത്തില്‍ സ്വകാര്യ വസ്തുവകകള്‍ നശിപ്പിച്ച കേസുകളില്‍ പ്രതികളുടെ സ്വത്തു കണ്ടുകെട്ടാന്‍ നടപടിക്കു പൊലീസ് ആസ്ഥാനത്തുനിന്നു ജില്ലാ പൊലീസ് മേധാവികള്‍ക്കു നിര്‍ദേശം. ആകെ 1286 കേസുകളിലായി 37,979 പ്രതികള്‍. 3282 പേര്‍ അറസ്റ്റിലായി. 2795 പേര്‍ക്കു ജാമ്യം. 487 പേര്‍ റിമാന്‍ഡില്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് എന്നിവരുടെ വീടുകള്‍ക്കും ഇരു പാര്‍ട്ടിയിലെയും ഏതാനും പ്രാദേശിക നേതാക്കളുടെ വീടുകള്‍ക്കും കര്‍ശന പൊലീസ് സുരക്ഷ. സംഘര്‍ഷം നിലനില്‍ക്കുന്ന തലശ്ശേരിയില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി.
ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് എന്ന ആവശ്യത്തെക്കുറിച്ചു തനിക്കറിയില്ലെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി
ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് അറുതിയില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം.
മലകയറാനെത്തിയ വിദേശവനിതകള്‍ ഉള്‍പ്പെടെയുള്ളവരെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു. സന്നിധാനത്തേക്കു പോകാന്‍ പൊലീസ് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് തെലുങ്ക് ചാനലിന്റെ വനിതാ റിപ്പോര്‍ട്ടര്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പടിക്കല്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചശേഷം തിരികെപ്പോയി. തമിഴ്‌നാട്ടില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തക ഗീഥയെയും വൈകുന്നേരം നിലയ്ക്കലില്‍നിന്ന് തിരിച്ചയച്ചു.
വിശ്വാസികളായ ആക്ടിവിസ്റ്റുകള്‍ക്ക് ഉള്‍പ്പെടെ പ്രായഭേദമില്ലാതെ ആര്‍ക്കും ശബരിമലയില്‍ എത്താമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
വിയോജിപ്പുകളോടെ തുടരേണ്ടതില്ലെന്നും മാറി നില്‍ക്കുന്നതാണു മാന്യതയെന്നും ശബരിമല തന്ത്രിയോടു മന്ത്രി എ.കെ.ബാലന്‍.
സുപ്രീം കോടതി വിധി അനുസരിക്കാന്‍ ബാധ്യതയുള്ള ശബരിമല തന്ത്രി ഗുരുതരമായ ഭരണഘടനാ ലംഘനം നടത്തിയെന്നു മന്ത്രി വി.എസ്. സുനില്‍കുമാര്‍.
ശബരിമല ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ട് രണ്ടു യുവതികള്‍ കൂടി എത്തി.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശത്ത് നിരോധനാജ്ഞ മകരവിളക്കു കഴിയും വരെ കലക്ടര്‍ നീട്ടി.
സുപ്രീംകോടതി വിധി മറികടക്കുന്നതിനു കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നും ഇതേ ആവശ്യമുന്നയിച്ചു സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം കൊണ്ടു വരണമെന്നും യുഡിഎഫ് നേതൃയോഗം.
യുവതീപ്രവേശവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ കണക്കിലെടുത്തു കേരളത്തിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നു യുകെയും യുഎസും അവരുടെ പൗരന്മാര്‍ക്കു നിര്‍ദേശം നല്‍കി.
സിപിഎമ്മുമായി വിട്ടുവീഴ്ചയില്ലെന്ന നിലപാടുമായി സമരം ശക്തമാക്കാന്‍ ബിജെപി സംഘപരിവാര്‍ തീരുമാനം.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ക്ഷേത്ര തന്ത്രിക്കുള്ള അവകാശം അന്തിമമാണെന്ന് പി.എസ് ശ്രീധരന്‍പിള്ള.
ശബരിമല കര്‍മസമിതി പ്രകടനത്തിനു നേരെയുണ്ടായ കല്ലേറില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളായ എട്ടു പേര്‍ ഒളിവില്‍. അറസ്റ്റിലായ മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
ഗുജറാത്ത്, യുപി മാതൃകയില്‍ കേരളത്തിലും കലാപം സൃഷ്ടിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നു മന്ത്രി ഇ.പി.ജയരാജന്‍.
Also Read:
https://www.kalakaumudi.com/astrology/sabarimala-temple-developement-previllege-card-system-9768123
ജനുവരി 6
ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്ക് 3.35 കോടി രൂപയുടെ നഷ്ടം. ആക്രമണങ്ങളില്‍ 100 ബസുകള്‍ക്ക് നാശനഷ്ടം
ശബരിമല വിഷയത്തില്‍ ആചാര സംരക്ഷണത്തിനു കേന്ദ്രം നിയമം നിര്‍മിക്കണമെന്ന കെപിസിസി ആവശ്യം ഹൈക്കമാന്‍ഡ് ശരിവച്ചു.
യുവതീപ്രവേശത്തിന്റെ പേരിലുള്ള അക്രമങ്ങളെയും വര്‍ഗീയകലാപ ശ്രമങ്ങളെയും നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുമെന്ന് മുഖ്യമന്ത്രി.
നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് ശബരിമല യുവതീപ്രവേശത്തിലൂടെ ആചാരങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത ശ്രമമാണു സര്‍ക്കാരിന്റേതെന്ന് എന്‍എസ്എസ്.
സംസ്ഥാനത്തെ വ്യാപക സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ സംഘടിതശ്രമമെന്നു പൊലീസ് റിപ്പോര്‍ട്ട്.
സിപിഎമ്മും ആര്‍എസ്എസും സംഘപരിവാറും ചേര്‍ന്നു കേരളം കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നവോത്ഥാനത്തിന്റെ പേരില്‍ പിണറായി വിജയന്‍ എസ്എന്‍ഡിപി യോഗത്തെ ചതിച്ചതാണെന്നു പ്രീതി നടേശന്‍ പറഞ്ഞതു ശരിയാണെന്നു യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ശബരിമല സന്നിധാനത്തു യുവതീപ്രവേശത്തിനു വഴിയൊരുക്കാന്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രേരിപ്പിച്ചതു ബിജെപിയുടെ വിജയദിനാഘോഷത്തിനുള്ള നീക്കമെന്നു വിവരം.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ 5769 പേര്‍ അറസ്റ്റിലായതായി ഡിജിപി ലോക്നാഥ് ബെഹ്‌റ. 1869 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിയമിക്കാന്‍ അധികാരമുണ്ടെങ്കില്‍ തന്ത്രിയെ മാറ്റാനും ദേവസ്വം ബോര്‍ഡിനു കഴിയുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ജനുവരി 7
ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ബിജെപി എംപി നിഷികാന്ത് ദുബെയുടെ പരാമര്‍ശത്തെച്ചൊല്ലി ലോക്‌സഭയില്‍ വിവാദം.
മനിതി സംഘത്തിനു നിലയ്ക്കലില്‍നിന്നു പമ്പയിലേക്കു പോകാന്‍ സ്വകാര്യ വാഹനം അനുവദിച്ചത് അവരുടെ സുരക്ഷ കരുതിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്നു യുവതികള്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്നും വ്യക്തമാക്കി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സത്യവാങ്മൂലം നല്‍കി.
ജനുവരി 8
1949 വരെ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിച്ചത് മലഅരയ സമുദായം ആയിരുന്നു എന്നും ഈ ആചാരം പിന്നീട് കവര്‍ന്നെടുത്തിട്ട് സമുദായത്തെ ഒഴിവാക്കിയെന്നും വാദം.
ഹര്‍ത്താലിലുണ്ടായ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കി ഇരകള്‍ക്കു നല്‍കണമെന്ന ഹര്‍ജിയില്‍ ബിജെപി, ആര്‍എസ്എസ്, ശബരിമല കര്‍മസമിതി ഭാരവാഹികള്‍ ഉള്‍പ്പെടെ എതിര്‍ കക്ഷികള്‍ക്കു ഹൈക്കോടതി നോട്ടിസ്.
ശുദ്ധിക്രിയ വിവാദത്തില്‍ ശബരിമല തന്ത്രി കണ്ഠര് രാജീവര്‍ക്കു സംരക്ഷണമൊരുക്കാന്‍ ദേശീയ സംസ്ഥാന തലങ്ങളില്‍ കൂട്ടായ്മകള്‍ക്കു നീക്കം
യുവതീപ്രവേശത്തെ എതിര്‍ക്കുന്നവര്‍ പമ്പയിലും സന്നിധാനത്തും സജീവമായി ഉണ്ടെന്ന് സമീപകാല സംഭവങ്ങളില്‍ വ്യക്തമാണെന്നു ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്മേല്‍ കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു.
ശബരിമലയിലെ താന്ത്രികാവകാശം പാരമ്പര്യമായി കിട്ടുന്നതാണെന്നും ദേവസ്വം ബോര്‍ഡ് നിയമനമല്ലെന്നും താഴമണ്‍ മഠം. തന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ല. ക്ഷേത്രത്തിലെ അടിയന്തരങ്ങള്‍ക്കു പ്രതിഫലമായി ദേവസ്വം ബോര്‍ഡ് നല്‍കുന്നതു ദക്ഷിണയാണ്, ശമ്പളമല്ല. ബിസി 100 ലാണു താഴമണ്‍ മഠത്തിനു ശബരിമലയിലെ താന്ത്രികാവകാശം ലഭിച്ചത്. പരശുരാമ മഹര്‍ഷി കല്‍പിച്ചതാണ്. എഡി 55 വരെ താഴമണ്‍ മഠം നിലയ്ക്കലായിരുന്നു.
ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരം നടത്തിവന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. പകരം മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ പ്രഫ.വി.ടി. രമ ഉപവാസം ആരംഭിച്ചു.
ജനുവരി 9
ശബരിമല കര്‍മ സമിതി പ്രവര്‍ത്തകന്‍ കുരമ്പാല സ്വദേശി ചന്ദ്രന്‍ ഉണ്ണിത്താന്‍ കൊല്ലപ്പെട്ട കേസില്‍ 3 പേര്‍ കൂടി അറസ്റ്റില്‍. 11 പ്രതികളില്‍ 6 പേര്‍ ഒളിവില്‍.
സന്നിധാനത്ത് എത്തിയെന്ന അവകാശവാദവുമായി കേരള ദലിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കൊല്ലം ചാത്തന്നൂര്‍ സ്വദേശി എസ്.പി.മഞ്ജു. സമൂഹമാധ്യമത്തിലൂടെ ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടു. പൊലീസോ ദേവസ്വം അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല. മുടി നരപ്പിച്ചു പ്രായം കൂടുതല്‍ തോന്നുന്ന തരത്തില്‍ വേഷപ്രച്ഛന്നയായി സന്നിധാനത്തെ ഫ്‌ലൈ ഓവറിനു മുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളും വിഡിയോയുമാണു പുറത്തുവിട്ടത്.
ശബരിമലയില്‍ ആചാരവും വ്രതാനുഷ്ഠാനങ്ങളും തെറ്റിച്ച യുവതികള്‍ക്കു ദര്‍ശനം നടത്താന്‍ അവസരമൊരുക്കിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി ലോക്നാഥ് ബെഹ്‌റ, കോട്ടയം എസ്പി ഹരിശങ്കര്‍ എന്നിവര്‍ക്കെതിരെ രാജ്യാന്തര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി ആര്‍.പ്രതീഷ്, ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കി.
യുവതീപ്രവേശത്തെ തുടര്‍ന്നു ശബരിമലയില്‍ തന്ത്രി കണ്ഠര് രാജീവര് നടത്തിയ ശുദ്ധിക്രിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പൂര്‍ണ അറിവോടെ. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, അംഗം കെ.പി. ശങ്കരദാസ് എന്നിവരെ അറിയിച്ച ശേഷമാണു തന്ത്രി ശുദ്ധിക്രിയ ചെയ്തത്. സോപാനം സ്‌പെഷല്‍ ഓഫിസര്‍, ശബരിമല അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍, എക്‌സിക്യൂട്ടിവ് ഓഫിസര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ എന്നിവരെയും തന്ത്രി മുന്‍കൂര്‍ വിവരം അറിയിച്ചിരുന്നു. ദേവസ്വം ബോര്‍ഡോ മുതിര്‍ന്ന ഉദ്യോഗസ്ഥരോ ശുദ്ധിക്രിയ ചെയ്യരുതെന്നു തന്ത്രിക്കു നിര്‍ദേശം നല്‍കിയിട്ടില്ല.
സ്വന്തം പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറിന്റെ ചിത്രം ബിജെപിയുടെ അക്രമത്തിനെതിരായ ഫെയ്‌സ്ബുക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയ 'സിപിഐഎം കേരള' എന്ന ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലെ പോസ്റ്റ് പിന്‍വലിച്ചു സിപിഎം തടിതപ്പി.
യുവതീപ്രവേശത്തെ തുടര്‍ന്നു ശബരിമലയില്‍ ശുദ്ധിക്രിയ ചെയ്ത തന്ത്രി കണ്ഠര് രാജീവരെ മാറ്റുന്ന കാര്യത്തില്‍ നിലപാട് 'കടുപ്പിച്ച്' സര്‍ക്കാര്‍. സന്നിധാനത്തു നടന്നതു ശുദ്ധിക്രിയ മാത്രമല്ലെന്നും അയിത്താചരണവുമായി ബന്ധപ്പെട്ട ചടങ്ങാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ജനുവരി 10
ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടത്തിയതിനു കേസെടുത്തതുമൂലം പൊലീസില്‍ കീഴടങ്ങിയ യുവാവിന്റെ അച്ഛന്‍ തൂങ്ങിമരിച്ച നിലയില്‍. തേവലക്കര പടിഞ്ഞാറ്റക്കര കൊച്ചുപന്താടിയില്‍ (മനേഷ് ഭവനില്‍) മോഹനന്‍പിള്ള (65) ആണു വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മനോജ് കീഴടങ്ങി മണിക്കുറുകള്‍ക്കകം മോഹനന്‍പിള്ളയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ശബരിമല വിഷയത്തില്‍ അനാവശ്യ ഹര്‍ജി നല്‍കിയതിനു ഹൈക്കോടതി വിധിച്ച പിഴത്തുകയായ 25,000 രൂപ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഹൈക്കോടതി ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ അടച്ചു.
സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ പാര്‍ട്ടി നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഗവര്‍ണര്‍ പി.സദാശിവത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
എരുമേലി വാവരുപള്ളിയിലും കേരളത്തിലെ ആരാധനാലയങ്ങളിലും പ്രവേശിക്കാനായി പുറപ്പെട്ട ഹിന്ദുമക്കള്‍ കക്ഷി പ്രവര്‍ത്തകരായ 17 പേരെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ശബരിമലയില്‍ നൂറുകണക്കിനു യുവതികള്‍ ദര്‍ശനം നടത്തിയെന്നും ഇനിയും നടത്തുമെന്നും പൊലീസ് അവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും മന്ത്രി എം.എം.മണി.
ശബരിമലയിലെ ആചാരലംഘനങ്ങള്‍ സര്‍ക്കാര്‍ സ്പോണ്‍സേഡ് പരിപാടിയാണെന്നു ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍.
ജനുവരി 11
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ ജീവഹാനി സംഭവിച്ചവരുടെ പേരെടുത്തുപറഞ്ഞുള്ള അനുശോചനപ്രമേയം ബിജെപി ദേശീയ കൗണ്‍സിലില്‍.
മകരവിളക്കു കാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടി കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ബിജെപി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല ഉപവാസ സമരം 41 ദിവസം പിന്നിട്ടു.
എഐസിസി അംഗവും മുന്‍ ഇടുക്കി ഡിസിസി പ്രസിഡന്റുമായ ഇ.എം.ആഗസ്തി തിരുവനന്തപുരത്ത് ബിജെപിയുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ചത് കോണ്‍ഗ്രസില്‍ ചര്‍ച്ചയായി.
ജനുവരി 12
ആര്‍ത്തവം അയിത്തമല്ലെന്ന് പ്രഖ്യാപിച്ച് 'ആര്‍പ്പോ ആര്‍ത്തവ' സമ്മേളനത്തിനു മറൈന്‍ ഡ്രൈവില്‍ തുടക്കമായി.
ശബരിമല വിഷയത്തില്‍ ആദ്യത്തെ നിലപാടല്ല തനിക്കിപ്പോഴെന്നു രാഹുല്‍ ഗാന്ധി.
ശബരിമല യുവതീപ്രവേശം സംബന്ധിച്ച വിധിയില്‍ സുപ്രീം കോടതിക്കു തെറ്റുപറ്റിയെന്ന നിലപാട് പരസ്യമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി.
ജനുവരി 13
സുപ്രീംകോടതി വിധിക്കു ശേഷം ശബരിമല സന്ദര്‍ശിച്ച യുവതികളായ ബിന്ദുവും കനകദുര്‍ഗയും കൊച്ചിയിലെ 'ആര്‍പ്പോ ആര്‍ത്തവം' പരിപാടി വേദിയിലെത്തി. ശബരിമല ദര്‍ശനത്തിനു ശേഷം സ്വന്തം വീടുകളിലേക്കു മടങ്ങിപ്പോകാന്‍ കഴിയാതെ പൊലീസ് സംരക്ഷണയില്‍ കഴിയുകയായിരുന്നു ഇരുവരും. പരിപാടിയുടെ സമാപനച്ചടങ്ങില്‍ ഉദ്ഘാടകനായി മുഖ്യമന്ത്രി എത്തുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നെങ്കിലും പങ്കെടുക്കാതെ മുഖ്യമന്ത്രി മടങ്ങി.
ജനുവരി 14
മകരജ്യോതി തെളിയിക്കുന്നതിനുള്ള അവകാശം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി മലയരയ മഹാസഭ പാഞ്ചാലിമേട്ടില്‍ പ്രതീകാത്മക ജ്യോതി തെളിയിച്ചു.
ജനുവരി 15
ശബരിമല വിഷയത്തില്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ച നിലപാട് ലജ്ജാകരമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്നും കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
കെ.സുരേന്ദ്രനു മകരവിളക്കു കാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന അപേക്ഷ ഹൈക്കോടതി അനുവദിച്ചില്ല.
ജനുവരി രണ്ടിനു ശബരിമലയില്‍ 2 യുവതികള്‍ പ്രവേശിച്ചതില്‍ സര്‍ക്കാരിനും പൊലീസിനും രഹസ്യ അജന്‍ഡയുണ്ടായിരുന്നില്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന പരസ്യ അജന്‍ഡ മാത്രമായിരുന്നെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ജനുവരി 16
ദര്‍ശനത്തിനെത്തിയ രണ്ടു യുവതികളെ തീര്‍ഥാടകര്‍ നീലിമലയില്‍ തടഞ്ഞു. ഏഴു പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 17
തന്ത്രിക്കു ദേവസ്വം ബോര്‍ഡ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസ് ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ ഹര്‍ജി.
ജനുവരി 18
ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കാന്‍ തന്ത്രി കണ്ഠര് രാജീവര് 10 ദിവസം ആവശ്യപ്പെട്ടു.
1050 പ്രായഗണത്തിലുള്ള 51 സ്ത്രീകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ റജിസ്റ്റര്‍ ചെയ്ത് ശബരിമലയില്‍ പ്രവേശിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
ബിന്ദുവും കനകദുര്‍ഗയും നല്‍കിയ ഹര്‍ജി, ശബരിമല വിധി സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാന്‍ മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 17 മുതല്‍ ഈ മാസം 4 വരെ 2012 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി പൊലീസ്. 67,094 പ്രതികള്‍.
വിശ്വാസികളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്നും നാമജപയാത്രയില്‍ പങ്കെടുത്ത ആയിരക്കണക്കിനു വിശ്വാസികള്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഒരു കോടി പേര്‍ ഒപ്പിട്ട നിവേദനം എന്‍ഡിഎ നേതാക്കള്‍ ഗവര്‍ണര്‍ക്കു കൈമാറി.
ജനുവരി 19
യുവതീപ്രവേശ വിധിയെത്തുടര്‍ന്ന് ആശങ്കാഭരിതവും പ്രക്ഷുബ്ധവുമായ മണ്ഡല മകരവിളക്കു തീര്‍ഥാടനകാലത്തിനു സമാപനം. ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായാണ് സന്നിധാനവും പമ്പയും ഉള്‍പ്പെടെ തീര്‍ഥാടകര്‍ കേന്ദ്രീകരിക്കുന്ന പ്രദേശങ്ങള്‍ നിരോധനാജ്ഞയുടെ കവചത്തിലായത്. അതും വൃശ്ചികം 1 മുതല്‍ മകരവിളക്കു ദിവസം വരെ. നാമജപ പ്രതിഷേധങ്ങള്‍ക്കും പൊലീസ് നടപടികള്‍ക്കും ഈ ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചു.
ശബരിമല കയറിയ 10 50 പ്രായഗണത്തിലുള്ള സ്ത്രീകളുടെ പട്ടികയിലെ തെറ്റുകള്‍ കണ്ടെത്തി തിരുത്താന്‍ ഡിജിപിക്കു സര്‍ക്കാരിന്റെ നിര്‍ദേശം.
ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കെ. സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളി. ഹൈക്കോടതിയും സുരേന്ദ്രന്റെ ആവശ്യം തള്ളിയിരുന്നു.
തീര്‍ഥാടന കാലത്തു ദേവസ്വം ബോര്‍ഡിന്റെ വരുമാന നഷ്ടം 95.65 കോടി രൂപ. മണ്ഡല കാലത്ത് 58.91 കോടി രൂപയുടെയും മകരവിളക്കിന് 36.73 കോടി രൂപയുടെയും നഷ്ടം ഉണ്ടായി. ജനുവരി 18 വരെയുളള കണക്കാണിത്.
സന്നിധാനത്തേക്കു പോകാനായി വീണ്ടും എത്തിയ കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിശാന്തിനെയും ഷാനില സജേഷിനെയും പൊലീസ് നിലയ്ക്കലില്‍ നിന്നു നാടകീയമായി തിരിച്ചയച്ചു.
ജനുവരി 20
ശബരിമലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി 49 ദിവസമായി നടത്തിവന്ന ഉപവാസസമരം അവസാനിപ്പിച്ചു.
പുത്തരിക്കണ്ടം മൈതാനിയില്‍ ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്തസംഗമത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ ആചാര്യശ്രേഷ്ഠരും സന്യാസിപ്രമുഖരും ഭക്തരും എത്തി.
ഈശ്വരനു മുന്നില്‍ സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലെന്നും എന്നാല്‍ ക്ഷേത്രാചാരങ്ങളില്‍ കലര്‍പ്പു പാടില്ലെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.
യുവതീപ്രവേശവുമായി ബന്ധപ്പെട്ട കോടതി വിധിക്കു ശേഷം കേരളത്തിലെ ഹൈന്ദവ വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നതിനു കാരണം മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിന് അദ്ദേഹത്തോടു കടപ്പാടുണ്ടെന്നും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി.
തീര്‍ഥാടനകാലത്തിനു സമാപനം കുറിച്ച് ശബരിമല നട അടച്ചതോടെ തിരുവാഭരണവുമായി മടക്ക ഘോഷയാത്ര തുടങ്ങി.
ജനുവരി 21
മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവരടക്കം ഏഴു പേര്‍ക്കെതിരെ രാജ്യാന്തര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
മണ്ഡലമകരവിളക്ക് സീസണില്‍ കെഎസ്ആര്‍ടിസിക്ക് 45.2 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനം.
ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ ബിജെപി നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഭര്‍തൃവീട്ടിലേക്കു മടങ്ങിയെത്തി. വീട്ടില്‍ താമസിപ്പിക്കുന്നതിന് ഭര്‍ത്താവും വീട്ടുകാരും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്, സ്ത്രീകള്‍ക്കുവേണ്ടിയുള്ള താല്‍ക്കാലിക ആശ്വാസകേന്ദ്രമായ സഖി വണ്‍ സ്റ്റോപ് സെന്ററിലേക്കു കനകദുര്‍ഗയെ മാറ്റി.
ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അസത്യപ്രസ്താവനകള്‍ നടത്തുകയാണെന്നു സ്വാമി ചിദാനന്ദപുരി.
ശബരിമല യുവതീപ്രവേശം സംബന്ധിച്ച് 1991ല്‍ ഹൈക്കോടതി നടത്തിയതു തെറ്റായ വിധിയായിരുന്നെന്നും അതു സുപ്രീം കോടതി തിരുത്തിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം അങ്ങേയറ്റം നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവും ആണെന്ന് ഉമ്മന്‍ ചാണ്ടി.
തിരുവനന്തപുരത്തെ അയ്യപ്പ ഭക്തസംഗമം സവര്‍ണ കൂട്ടായ്മയായെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഭക്ത സംഗമത്തില്‍ ഉണ്ടായിരുന്നില്ല.
ജനുവരി 22
സ്വയംഭരണ സ്ഥാപനങ്ങളായ ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാറില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ക്ഷേത്രങ്ങളില്‍ നിന്നും അല്ലാതെയും ബോര്‍ഡുകള്‍ക്കുള്ള വരുമാനത്തില്‍ നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ ട്രഷറിയിലേക്ക് അടയ്ക്കാറില്ല. ബോര്‍ഡുകളുടെ ബാങ്ക് അക്കൗണ്ടുകളിലാണു പണം നിക്ഷേപിക്കുന്നത്.
ഒരു രാജാവ്, ഒരു ചങ്ങനാശേരി, ഒരു തന്ത്രി എന്നിവരാണു ശബരിമല സമരത്തിനു പിന്നിലെന്ന് വെള്ളാപ്പള്ളി നടേശന്‍.
ജനുവരി 24
ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളെന്ന് അവകാശപ്പെട്ടു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ പട്ടിക തിരുത്തി. തിരുത്തലുകള്‍ക്കു ശേഷം പട്ടികയിലുള്ളതു 17 യുവതികള്‍ മാത്രം. 50നു മുകളില്‍ പ്രായമുണ്ടെന്നു കണ്ടെത്തിയ 34 പേരെ ഒഴിവാക്കി.
സുപ്രീം കോടതി വിധിയെത്തുടര്‍ന്നു ശബരിമലയില്‍ യുവതികള്‍ ദര്‍ശനത്തിനെത്തുന്ന സാഹചര്യത്തില്‍ മതിയായ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷം വേണ്ടിവരുമെന്നു ശബരിമല നിരീക്ഷണ സമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ശബരിമല സന്നിധാനത്തു യുവതികള്‍ക്കു ജീവനക്കാര്‍ക്കുള്ള കവാടത്തിലൂടെ പ്രവേശനം അനുവദിച്ചതു സുരക്ഷ മുന്‍നിര്‍ത്തിയാണെന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു നടന്ന അക്രമങ്ങളില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിജെപി നേതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു
ശബരിമല തന്ത്രിയെ അധിക്ഷേപിച്ചു പരാമര്‍ശം നടത്തിയ മന്ത്രി ജി.സുധാകരനെതിരെ ശിവസേന പൊലീസിനു പരാതി നല്‍കി.
ജനുവരി 25
സംവിധായകന്‍ പ്രിയനന്ദനനു നേരെ ആക്രമണം. തലയിലൂടെ ചാണകവെള്ളമൊഴിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വല്ലച്ചിറ മനവഴി കടവില്‍ സരോവറിനെ (25) അറസ്റ്റ് ചെയ്തു.
ജനുവരി 27
മാതാ അമൃതാനന്ദമയി ശബരിമല കര്‍മസമിതി യോഗത്തിന്റെ വേദി പങ്കിടാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി.
മാതാ അമൃതാനന്ദമയിയെ സിപിഎം ക്രൂരമായി വേട്ടയാടുകയാണെന്നു പ്രതിപക്ഷ നേതാവ്.
ജനുവരി 31
ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ 739 കോടി രൂപ അനുവദിച്ചു.
ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ച് വിധി പുനപ്പരിശോധിക്കണമെന്ന ഹര്‍ജികള്‍ ഫെബ്രുവരി ആറിന് പരിഗണിക്കും. മൊത്തം 55 ഹര്‍ജികളാണുള്ളത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായിരുന്നതിനാല്‍ കഴിഞ്ഞ 22ന് ഹര്‍ജികള്‍ പരിഗണിക്കാനായില്ല.
ഫെബ്രുവരി 1
ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതു ചോദ്യം ചെയ്തത് ഉള്‍പ്പെടെ ഏഴു ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.
ശബരിമലയില്‍ മകരവിളക്കു തെളിക്കുന്നതിനു മലയരയന്മാര്‍ക്ക് ഉണ്ടായിരുന്ന അവകാശം പുനഃസ്ഥാപിക്കണമെന്ന് നിയമസഭയില്‍ ബിജെപി അംഗം ഒ.രാജഗോപാല്‍. ഇക്കാര്യത്തില്‍ രേഖകളുള്ളതിനാല്‍ ഉചിതമായ തീരുമാനമെടുക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി.
ഫെബ്രുവരി 2
മകരജ്യോതിയുടെ ദൈവികമായ വിശുദ്ധിയെ ഒ.രാജഗോപാല്‍ നിയമസഭയില്‍ ചോദ്യം ചെയ്തതിലൂടെ ബിജെപിയുടെ ശബരിമല വിഷയത്തിലെ കാപട്യം പുറത്തായതായി ശശി തരൂര്‍ എംപി.
ഫെബ്രുവരി 3
എന്‍എസ്എസ് നേതൃത്വം പറഞ്ഞാല്‍ നായര്‍ സമുദായ അംഗങ്ങള്‍ കേള്‍ക്കില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ അഭിപ്രായത്തിനുള്ള മറുപടി അടുത്ത തിരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നു ജി. സുകുമാരന്‍ നായര്‍.
ഫെബ്രുവരി 4
ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണത്തില്‍ വീണ്ടും മലക്കംമറിഞ്ഞു സര്‍ക്കാര്‍. ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസറുടെ റിപ്പോര്‍ട്ട് പ്രകാരം രണ്ടു യുവതികള്‍ മാത്രമാണു ദര്‍ശനം നടത്തിയതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ശ്രീലങ്കന്‍ യുവതി ശബരിമലദര്‍ശനം നടത്തിയതായി സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നു മന്ത്രി.
യുവതീപ്രവേശത്തെ തുടര്‍ന്നു നടയടച്ചു ശുദ്ധിക്രിയ ചെയ്തതില്‍ തെറ്റില്ലെന്നും അതു തന്റെ ഉത്തരവാദിത്തമാണെന്നും ശബരിമല തന്ത്രി കണ്ഠര് രാജീവര്. ദേവസ്വം ബോര്‍ഡിനു നല്‍കിയ വിശദീകരണത്തിലാണു തന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമല തീര്‍ഥാടന കാലത്തു ഭക്തരുടെ കുറവു മൂലം ദേവസ്വം ബോര്‍ഡിനു 100 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നു മന്ത്രി.
ഫെബ്രുവരി 5
ഏതാനും മുസ്ലിം, ക്രിസ്ത്യന്‍ സംഘടനകളെക്കൂടി ഉള്‍പ്പെടുത്തി നവോത്ഥാന മൂല്യസംരക്ഷണ സമിതി വിപുലീകരിച്ചു.
ശബരിമലയില്‍ ആചാരസംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നു ശശി തരൂര്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തില്‍ ആരെയും ഭയപ്പെടുത്താന്‍ ഉദ്ദേശ്യമില്ലെന്നും ആരുമായും നിഴല്‍ യുദ്ധത്തിനുമില്ലെന്നും ജി.സുകുമാരന്‍ നായര്‍.
സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ കേസില്‍ ചലച്ചിത്ര നടന്‍ കൊല്ലം തുളസി ചവറ പൊലീസില്‍ കീഴടങ്ങി.
യുവതികള്‍ പ്രവേശിച്ചതു മൂലമല്ല ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയതെന്ന തന്ത്രി കണ്ഠര് രാജീവരുടെ വാദം തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ പേരിലാണു തന്ത്രി ശുദ്ധിക്രിയ ചെയ്തതെന്ന ഉറച്ച ബോധ്യം ബോര്‍ഡിനുണ്ടെന്നു പ്രസിഡന്റ് എ.പത്മകുമാര്‍.
Also Read:
https://www.kalakaumudi.com/astrology/sabarimala-agola-ayyappa-snagamam-updates-9771587
ഫെബ്രുവരി 6
സ്ത്രീപുരുഷ, പ്രായഭേദമന്യേ ആരാധനാസ്ഥലത്ത് പ്രവേശിക്കാന്‍ അവകാശം നല്‍കുന്നതാണു ഭരണഘടനാപരമായ മതസ്വാതന്ത്ര്യമെന്നും ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കാന്‍ പാടില്ലെന്നും സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വാദിച്ചു.
ശബരിമല അയ്യപ്പ ഭക്തരുടെ മതസ്വാതന്ത്ര്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഭരണഘടനാ ധാര്‍മികതയെന്ന മതപരമല്ലാത്ത അളവുകോല്‍ പാടില്ലെന്നും എന്‍എസ്എസും തന്ത്രി കണ്ഠര് രാജീവരുമുള്‍പ്പെടെ വിധിയുടെ പുനഃപരിശോധന ആവശ്യപ്പെട്ടവര്‍ നിലപാടെടുത്തു.
ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയോ എന്നതായിരുന്നു ഇന്നലെ വാദം കേള്‍ക്കുമ്പോള്‍ കോടതിയിലും പുറത്തുമുയര്‍ന്ന പ്രധാന സംശയം. മുന്‍പു കേസില്‍ വാദം കേള്‍ക്കുമ്പോള്‍ യുവതീപ്രവേശത്തെ എതിര്‍ത്ത ബോര്‍ഡ് ഇപ്പോള്‍ വിധിയെ പിന്തുണയ്ക്കുകയാണോ എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചു.
യുവതീപ്രവേശ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന 56 ഹര്‍ജികളും അനുബന്ധ ഹര്‍ജികളും ഭരണഘടനാ ബെഞ്ച് തീരുമാനം പറയാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മൂന്നര മണിക്കൂറോളം വാദം കേട്ടു. വിധിയെ എതിര്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി 7 ദിവസം അനുവദിച്ചു.
കുംഭ മാസ പൂജാവേളയിലും അതിനു മുന്നോടിയായും ശബരിമല വിഷയത്തില്‍ ശക്തമായ പ്രക്ഷോഭത്തിനു ആര്‍എസ്എസ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ശബരിമല കര്‍മസമിതിയും തീരുമാനിച്ചു. ശബരിമല വിഷയത്തിലൂന്നി തിരഞ്ഞെടുപ്പു പ്രചാരണം ശക്തമാക്കാന്‍ ബിജെപി ഉന്നതതല യോഗത്തിലും തീരുമാനം.
ഫെബ്രുവരി 7
യുവതീപ്രവേശ വിധിയെ സുപ്രീം കോടതിയില്‍ അനുകൂലിച്ചതിനെച്ചൊല്ലി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പൊട്ടിത്തെറി. സര്‍ക്കാരും ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവും ഒരുവശത്തും പ്രസിഡന്റ് എ.പത്മകുമാര്‍ മറുവശത്തുമായാണു തര്‍ക്കം.
ഫെബ്രുവരി 8
ശബരിമല യുവതീപ്രവേശ വിഷയത്തില്‍ മണ്ഡലകാലത്തേക്കാണു ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സാവകാശം ചോദിച്ചതെന്നും മണ്ഡലകാലം കഴിഞ്ഞതിനാല്‍ അതിനു പ്രസക്തിയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍.
മണ്ഡലകാലത്തെ പരിമിതികള്‍ മൂലമാണു സാവകാശ ഹര്‍ജി നല്‍കിയതെന്നും ഇനി പ്രസക്തിയില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ഫെബ്രുവരി 9
കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് ശബരിമല വികസനത്തിന് രണ്ടു വര്‍ഷം മുന്‍പ് നല്‍കിയ 20 കോടി രൂപയില്‍ ഒരു രൂപപോലും സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടില്ലെന്നു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.
ഫെബ്രുവരി 10
കേരളത്തില്‍ ശബരിമല വിധിക്കെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങിയതു ബിജെപിയെപ്പോലുള്ള വലതുപക്ഷ ശക്തികളുടെ മുന്നേറ്റമായി കരുതുന്നില്ലെന്ന് എഴുത്തുകാരന്‍ സക്കറിയ.
ഫെബ്രുവരി 11
പല സ്ത്രീകളെയും പൈസ വാങ്ങി തന്ത്രി ശബരിമല കയറ്റിയിട്ടുണ്ടെന്നും യുവതീപ്രവേശത്തില്‍ സിപിഎം സ്വീകരിച്ച നിലപാട് ശരിയാണെന്നും മന്ത്രി ജി.സുധാകരന്‍
ഫെബ്രുവരി 12
സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുമല കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിലെ വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ച കേസില്‍ അന്വേഷണം സ്തംഭിച്ചു. തല്‍ക്കാലം ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിനു മേലുദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശം.
ഫെബ്രുവരി 14
വിശ്വാസ സംരക്ഷണത്തിന് ശബരിമലയിലും അയോധ്യ മാതൃകയില്‍ പ്രക്ഷോഭം വേണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഫെബ്രുവരി 19
ശബരിമല ക്ഷേത്രം 365 ദിവസവും തുറന്നുകൂടേയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നോടു ചോദിച്ചിരുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കോടിക്കണക്കിന് അയ്യപ്പ ഭക്തരുടെ വികാരത്തെ മാനിക്കണമെന്നു ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍.
ഫെബ്രുവരി 28
ക്ഷേത്രാചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും സംരക്ഷണത്തിന് കേന്ദ്രനിയമം വേണമെന്ന് ഓള്‍ ഇന്ത്യ ശബരിമല ആക്ഷന്‍ കൗണ്‍സില്‍.
സനാധന ധര്‍മ പരിഷത്ത് കടപ്പുറത്തു സംഘടിപ്പിച്ച ഹൈന്ദവം അയ്യപ്പഭക്ത സംഗമത്തില്‍ പതിനായിരക്കണക്കിന് ആളുകളെത്തി. കാഞ്ചി കാമകോടി മഠാധിപതി വിജയേന്ദ്ര സരസ്വതി വിഡിയോ കോണ്‍ഫറന്‍സിലൂടെ അനുഗ്രഹസന്ദേശം നല്‍കി.
മാര്‍ച്ച് 9
ഹിന്ദു സമൂഹം രാജ്യത്തു നിരന്തരം അവഗണിക്കപ്പെടുന്നതിന് ഉദാഹരണങ്ങളാണ് അയോധ്യ കേസും ശബരിമല കേസുമെന്ന് ആര്‍എസ്എസ്.
മാര്‍ച്ച് 10
തിരഞ്ഞെടുപ്പില്‍ ശബരിമലയെ മുതലാക്കാനുള്ള ശ്രമം ബിജെപിയും കോണ്‍ഗ്രസും ഒഴിവാക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍.
മാര്‍ച്ച് 11
ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെ മതവികാരം ഇളക്കി വിടുന്ന തരത്തില്‍ പ്രചരിപ്പിച്ചാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്നു സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.
മാര്‍ച്ച് 12
ശബരിമല തിരഞ്ഞെടുപ്പു വിഷയമാക്കരുതെന്ന നിലപാടില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുമെന്നും ടിക്കാറാം മീണ.
മാര്‍ച്ച് 20
അമ്പലങ്ങളുടെയും പള്ളികളുടെയും പേരില്‍ വോട്ടു ചോദിക്കാന്‍ പാടില്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍. സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലുള്ള പ്രചാരണം അനുവദിക്കില്ല. ആരാധനാലയങ്ങളില്‍ പോയി വോട്ടു ചോദിക്കാനും പാടില്ല. തിരുവനന്തപുരത്തു ശബരിമല വിഷയം പറഞ്ഞു നോട്ടിസ് വിതരണം ചെയ്തതിനെക്കുറിച്ചു വിശദീകരണം തേടി.
മാര്‍ച്ച് 25
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള മുഴുവന്‍ ഹര്‍ജികളും സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.
മാര്‍ച്ച് 26
ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചെന്ന കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം 13 യുഡിഎഫ് നേതാക്കള്‍ക്കു ജാമ്യം അനുവദിച്ചു.
മാര്‍ച്ച് 28
അയ്യപ്പന്റെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ പന്തളം കൊട്ടാരം പ്രതിജ്ഞാബദ്ധമാണെന്നു കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര വര്‍മയും സെക്രട്ടറി പി.എന്‍.നാരായണ വര്‍മയും.
ഏപ്രില്‍ 3
ശബരിമലയിലെ യുവതീ പ്രവേശത്തില്‍ പ്രതിഷേധിച്ചു നടത്തിയ ഹര്‍ത്താല്‍, പ്രതിഷേധ സമരങ്ങളെത്തുടര്‍ന്നു ശബരിമല കര്‍മസമിതി, ബിജെപി നേതാക്കള്‍ക്കെതിരെ 200 ലേറെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ഏപ്രില്‍ 4
യുവതീപ്രവേശവുമായി ബന്ധപ്പെട്ടു തീര്‍ഥാടന കാലത്ത് ശബരിമലയില്‍ പൊലീസ് സുരക്ഷയ്ക്ക് സര്‍ക്കാര്‍ വകയിരുത്തിയത് 11.50 കോടി രൂപയെന്നു വിവരാവകാശ രേഖ.
ഏപ്രില്‍ 13
കേരളത്തില്‍ അയ്യപ്പന്റെ പേര് പറയാനാവാത്ത അവസ്ഥയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്, മുസ്ലിം ലീഗ് പാര്‍ട്ടികള്‍ ഒന്നു ചേര്‍ന്ന് അപകടകരമായ കളിയാണു കളിക്കുന്നത്.
ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ തെറ്റിദ്ധാരണ പരത്തുമ്പോള്‍ വലിയ പ്രാധാന്യത്തോടെ ശബരിമലയെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഏപ്രില്‍ 16
വിശ്വാസ, ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു സംസ്‌കാരം, ഒരു ഭാഷ, ഒരു മതം, ഒരു ചരിത്രം എന്നു പഠിപ്പിക്കുന്ന സംഘ് പരിവാര്‍ ആശയമല്ല, രാജ്യത്തിന്റെ വൈവിധ്യങ്ങളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന മഹത്തായ പരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്.
ഏപ്രില്‍ 21
ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ നിര്‍ദേശിച്ചതു കേന്ദ്രസര്‍ക്കാരാണെന്ന് ആവര്‍ത്തിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍.
മേയ് 24
ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം ബിജെപിക്കു കിട്ടിയില്ലെന്നു ഒ.രാജഗോപാല്‍ എംഎല്‍എ. മണ്ണും ചാരി നിന്നവര്‍ പെണ്ണും കൊണ്ടു പോയ അവസ്ഥയാണു ബിജെപി നേരിടുന്നത്. ഒന്നും ചെയ്യാതിരുന്ന കോണ്‍ഗ്രസിനാണു ശബരിമല വിഷയത്തിന്റെ ഗുണം ലഭിച്ചത്.
മേയ് 27
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ വിശ്വാസസംരക്ഷണാര്‍ഥം പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നു യുഡിഎഫ് പ്രഖ്യാപനം.
ജൂണ്‍ 21
ശബരിമലയില്‍ ആചാരസംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ബില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരണത്തെ ഏകകണ്ഠമായി സഭ അനുകൂലിച്ചു.
ജൂണ്‍ 25
ശബരിമലയില്‍ ആചാരസംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച സ്വകാര്യബില്‍ നടപ്പു സമ്മേളനത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കില്ല. നറുക്കെടുപ്പില്‍ ബില്ലിനു നറുക്കുവീണില്ല.
ജൂലൈ 4
ശബരിമല യുവതീപ്രവേശ വിധി തിരുത്തപ്പെടേണ്ടതാണെന്നും വിശ്വാസ സംരക്ഷണത്തിന് ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ശബരിമല കര്‍മസമിതി സംസ്ഥാന സമിതിയോഗം. നിയമ നിര്‍മാണവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നിയമവിദഗ്ധരുമായി കൂടിയാലോചിച്ചു കരട് രേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനും തീരുമാനിച്ചു.
ജൂലൈ 16
ശബരിമലയില്‍ സര്‍ക്കാരിനെ പൊലീസ് ആര്‍എസ്എസിന് ഒറ്റു കൊടുത്തെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ ഘട്ടത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചെങ്കിലും തമിഴ്‌നാട്ടിലെ മനിതി സംഘം വന്നപ്പോള്‍ നാറാണത്തു ഭ്രാന്തനെപ്പോലെയായി പൊലീസ്. യുവതികള്‍ വരുന്നത് ആര്‍എസ്എസിനു ചിലര്‍ കൃത്യമായി ചോര്‍ത്തി നല്‍കി.
ഓഗസ്റ്റ് 18
ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ശബരിമല വിഷയത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി ആര്‍എസ്എസ് നടത്തിയ പ്രചാരണങ്ങള്‍ക്കു തടയിടാന്‍ കഴിയാതെ പോയതു ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ മുഖ്യകാരണങ്ങളിലൊന്നായി ഇതില്‍ വിലയിരുത്തി.
സെപ്റ്റംബര്‍ 28
പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വന്നിട്ട് ഒരുവര്‍ഷം. വിധിക്കു പിന്നാലെ കേരളത്തെ ഇളക്കിമറിച്ച പ്രതിഷേധമാണ് ഉയര്‍ന്നത്. പൊലീസ് എടുത്ത 9000 ക്രിമിനല്‍ കേസുകളില്‍ പ്രതികളായത് 27,000 പേര്‍.
നവംബര്‍ 14: ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍, ഏഴു ജഡ്ജിമാര്‍ ഉള്‍പ്പെട്ട വിശാലബെഞ്ചില്‍നിന്ന് ഉത്തരങ്ങള്‍ കിട്ടുന്നതുവരെ മാറ്റിവയ്ക്കാന്‍ സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി. ഭരണഘടനാ വകുപ്പുകളും മതങ്ങളും സംബന്ധിച്ച ഏഴു ചോദ്യങ്ങളാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഉന്നയിച്ചത്.
ഇപ്പോള്‍ നല്‍കിയതും വിശാല ബെഞ്ചിനു തീരുമാനിക്കാവുന്നതുമായ ചോദ്യങ്ങളില്‍ ഉത്തരങ്ങള്‍ ലഭിക്കുന്നതുവരെ ശബരിമല പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും മാറ്റിവയ്ക്കുന്നു. ശബരിമല സംബന്ധിച്ച ചോദ്യം പരിഗണിക്കുമ്പോള്‍ താല്‍പര്യമുള്ള കക്ഷികളെയെല്ലാം കേള്‍ക്കണമോയെന്ന് ഏഴംഗ ബെഞ്ചിനു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളായ രഞ്ജന്‍ ഗൊഗോയ്, എ.എം.ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവര്‍ തീരുമാനത്തോടു യോജിച്ചു. ഡി.വൈ.ചന്ദ്രചൂഡൂം റോഹിന്റന്‍ നരിമാനും വിയോജിപ്പ് രേഖപ്പെടുത്തി.
ഇനി വരാനിരിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ പുതിയ സത്യവാങ്മൂലമാണ്. അതും ആഗോള അയ്യപ്പസംഗമവും തിരഞ്ഞെടുപ്പും എല്ലാം വരുന്നതിന് മുമ്പ് കൈകാര്യം ചെയ്യുകയും വേണം. ആഗോള അയ്യപ്പ സംഗമത്തിന് രാഷ്ട്രീയമില്ല. ശബരിമല തുടര്‍ച്ചയായി സന്ദര്‍ശിക്കുന്നവരും ശബരിമലയുടെ വികസനത്തില്‍ താത്പര്യമുള്ളവര്‍ക്കുമാണ് സംഗമത്തില്‍ പ്രവേശനമെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.
കഴിഞ്ഞ മണ്ഡല മകര വിളക്ക് കാലത്ത് സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യപ്പ ഭക്തര്‍ അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു വേദിയൊരുക്കണമെന്ന അഭ്യര്‍ഥന മുന്നോട്ടു വച്ചതിന്റെ അടിസ്ഥാനത്തില്‍ അത്തരം ഒരു വേദി എന്ന നിലയിലാണ് ആഗോള അയ്യപ്പ സംഗമം എന്ന ആശയത്തിലേക്കെത്തിയത്. ഇതിന്റെ പിന്നിലെ പ്രധാന ഉദ്ദേശ്യം തത്വമസി എന്ന സന്ദേശം മാനവ മൈത്രിയുടെ മാതൃകാ സങ്കേതമായ ശബരിമലയുടെ ഖ്യാതി ലോകമെമ്പാടും എത്തിക്കാന്‍ സാധിക്കുക എന്നതാണ്.
ആഗോള തലത്തില്‍ അയ്യപ്പ ഭക്തന്‍മാരില്‍നിന്ന് അഭിപപ്രാങ്ങള്‍ സ്വാംശീകരിക്കുക, സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ അവരുടെ മുന്നില്‍ അവതരിപ്പിക്കുക, അവരുടെ നിര്‍ദേശവും പിന്തുണയും പങ്കാളിത്തവും ഉറപ്പു വരുത്തുക എന്നിവയാണ് അടിസ്ഥാന ലക്ഷ്യങ്ങളായി ഉദ്ദേശിച്ചത്. വരാന്‍ പോകുന്ന മണ്ഡലം-മകര വിളക്ക് സീസണിന്റെ വിളംബരം കൂടിയാക്കി ഇതിനെ മാറ്റണം എന്നതാണ് ഈ സംഗമത്തിലൂടെ ഉദ്ദേശിക്കുന്നത്.
മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയായ സംഘാടകസമിതിയാണ് ഇത് നടത്തുന്നത്. രക്ഷാധികാരികള്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ എന്നിവരാണ്. പുറമേ ദേവസ്വം ബോര്‍ഡും ദേവസ്വം വകുപ്പും മാത്രം ഉള്‍പ്പെട്ട ഒരു സ്റ്റിയറിങ് കമ്മിറ്റിയും ഉണ്ടാകും. നാല് കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന സംഗമം പൂര്‍ണമായും സ്പോണ്‍സര്‍ഷിപ്പിലൂടെ നടത്താനാണ് തീരുമാനം. സംഗമത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.