പത്തനംതിട്ട: ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും. ഉച്ചയോടെ ദേവസ്വം മന്ത്രി വി എൻ വാസവൻ പമ്പയിൽ സ്വീകരിക്കും. വൈകിട്ട് ആറുമണിയോടെ സന്നിധാനത്തെത്തും. വൈകുന്നേരം 6.40 നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന.
മണ്ഡല പൂജയ്ക്കു അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ഈ മാസം 22 നാണ് ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടിരുന്നു. പോലീസിന്റെ സുരക്ഷാ അമ്പടിയോടെ ആറന്മുള കിഴക്കേ നടയിൽ നിന്നായിരുന്നു ഘോഷയാത്രയ്ക്ക് തുടക്കം. ചിത്തിര തിരുനാള്‍ മഹാരാജാവ് ശബരിമല നടക്ക് വച്ച 453 പവന്‍ തങ്കത്തില്‍ നിര്‍മിച്ച അങ്കിയാണ് മണ്ഡല പൂജക്ക് അയ്യപ്പന് ചാര്‍ത്താന്‍ ഘോഷയാത്രയായി കൊണ്ടുവരുന്നത്. വൈകീട്ട് ആറുമണിക്കു സന്നിധാനത്ത് എത്തിച്ചേരുന്ന തങ്കഅങ്കി ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്നു തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.
തങ്ക അങ്കി ഘോഷയാത്ര എത്തുന്നതിനാല്‍ പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ കടത്തിവിടുന്നതില്‍ നിയന്ത്രണമുണ്ട്. രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ തീര്‍ഥാടകരെ പമ്പയില്‍നിന്നു സന്നിധാനത്തേക്കു കടത്തിവിടില്ല. ഉച്ചപൂജയ്ക്കു ശേഷം അടയ്ക്കുന്ന നട അഞ്ചുമണിക്ക് മാത്രമേ തുറക്കൂ. ദീപാരാധനയ്ക്കു ശേഷം തങ്ക അങ്കി ചാര്‍ത്തിയുള്ള ദര്‍ശനം അനുവദിക്കും.
ഈ വർഷത്തെ മണ്ഡല പൂജ 26ന് പകൽ 12 മുതൽ 12.30 വരെയാണ്. അന്നുരാത്രി 11ന് ഹരിവരാസനം കഴിഞ്ഞ് നടയടച്ച് 30ന് വൈകീട്ട് നാലിന് തുറക്കും. മണ്ഡല മകരവിളക്ക് ദിവസങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.