ഒത്തൊരുമയുടെയും സാഹോദര്യത്തിന്റേയും പ്രതീകമായി ഇന്ന് തിരുവോണപ്പുലരി. ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണത്തെ വരവേൽക്കുകയാണ്. കാലമെത്ര തന്നെ മാറിയാലും മലയാളികളുടെ ആഘോഷത്തിന്‍റെ തനിമയ്ക്ക് മാറ്റമൊന്നുമില്ല. പഴമയുടെ ഓർമ്മകളും പൂക്കളവും ഓണക്കോടിയും ഓണസദ്യയും എല്ലാം നിറഞ്ഞ സമൃദ്ധിയുടേതാണ് ഓണം.
അല്ലലില്ലാതെ, ഐക്യത്തോടെ കഴിഞ്ഞ നാളുകളുടെ നല്ല ഓർമയിൽ, മഹാബലിയെ വരവേൽക്കുന്ന ദിവസത്തിൽ ഒത്തുചേരലിന്റെ സ്നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി. പ്രതിസന്ധികളും മുറിവുകളും മറികടന്ന് ഐശ്വര്യത്തെ വരവേൽക്കാൻ മലയാളികൾ തിരുവോണം ആഘോഷിക്കുന്നു. ഉറ്റവരുമായുള്ള കൂടിച്ചേരലും സദ്യവട്ടവും എല്ലാമായി നിറഞ്ഞ സന്തോഷത്തിന്റെ ഓണമാണ് ഇത്തവണയും. നാടും നഗരവും മറുനാടൻ മലയാളികളും ഉത്സവ ലഹരിയിലാണ്. വൈവിധ്യമാർന്ന പുത്തൻ അനുഭൂതികളും പഴമയുടെ ഇമ്പവും കൂടിചേരവേ മഹാബലി തമ്പുരാനെ എതിരേൽക്കാൻ മലയാളികൾ റെഡിയാണ്. എല്ലാവർക്കും കലാകൗമുദിയുടെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ.