അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് പാലായില്‍ യുവതികള്‍ക്ക് ദാരുണാന്ത്യം

അമിതവേഗത്തിലെത്തി ഇരു സ്‌കൂട്ടറുകളെയും ഇടിച്ച കാര്‍ പിന്നീട് മതിലില്‍ ഇടിച്ചാണു നിന്നത്. അപകടത്തില്‍ ജോമോളുടെ ഏകമകള്‍ അന്നമോള്‍(12)ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

author-image
Biju
New Update
pala

പാലാ: കോട്ടയം പാലായില്‍ കാറും സ്‌കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേല്‍ സുനിലിന്റെ ഭാര്യ ജോമോള്‍ (35), മേലുകാവ് നല്ലംകുഴിയില്‍ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണു മരിച്ചത്. പാലാ തൊടുപുഴ ഹൈവേയില്‍ മുണ്ടാങ്കല്‍ പള്ളിക്കു സമീപം രാവിലെ ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തി ഇരു സ്‌കൂട്ടറുകളെയും ഇടിച്ച കാര്‍ പിന്നീട് മതിലില്‍ ഇടിച്ചാണു നിന്നത്. അപകടത്തില്‍ ജോമോളുടെ ഏകമകള്‍ അന്നമോള്‍(12)ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുട്ടി പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പാലായിലെ സ്വകാര്യ ബിഎഡ് കോളജിലെ നാലു വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. ബിഎഡ് പരിശീലനത്തിനായി രാമപുരം ഭാഗത്തേക്കു പോകുകയായിരുന്നു ഇവര്‍. സ്‌കൂട്ടര്‍ യാത്രക്കാര്‍ തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേക്കു പോകുകയായിരുന്നു. ഇവരുടെ കൈവശം ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇനി ഇവരുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട്. കാറിന്റെ അമിത വേഗതയാണ് അപകടത്തിനു പിന്നിലെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

https://www.kalakaumudi.com/kerala/private-buses-collided-with-each-other-in-a-race-20-people-were-injured-when-another-bus-crashed-into-the-back-of-the-bus-9627523

പാലാ സെന്റ് മേരീസ് സ്‌കൂളില്‍ ആറാംക്ലാസ് വിദ്യാര്‍ഥിയായ അന്നമോളെ സ്‌കൂളില്‍ വിടാന്‍ പോകുകയായിരുന്നു ജോമോള്‍. ധന്യ പാലായിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയാണ്. ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. ധന്യയുടെ മക്കള്‍: ശ്രീനന്ദന്‍, ശ്രീഹരി.

''കാര്‍ അമിത വേഗതയില്‍ ആയിരുന്നു. നല്ല മഴയും ഉണ്ടായിരുന്നു. പെട്ടെന്നാണ് ശബ്ദം കേട്ടത്. ഓടിച്ചെന്നപ്പോള്‍ റോഡിന്റെ ഇടതു വശത്ത് അമ്മയും മകളും കിടക്കുന്നു, വലത്തുവശത്ത് മറ്റൊരു യുവതിയും കിടക്കുന്നതാണ് കാണുന്നത്. മൂന്നുപേര്‍ക്കും പള്‍സ് ഉണ്ടായിരുന്നു അപ്പോള്‍. ഉടന്‍തന്നെ അതുവഴിവന്ന മറ്റു വാഹനങ്ങളില്‍ ഇവരെ ആശുപത്രിയിലേക്കു കയറ്റിവിട്ടു''  ദൃക്‌സാക്ഷികളിലൊരാള്‍ പ്രതികരിച്ചു.

 

car accident