/kalakaumudi/media/media_files/2025/08/19/whatsapp-2025-08-19-18-06-13.jpeg)
കൊച്ചി / തൃക്കാക്കര : ഓണാഘോഷം കളറാക്കാൻ "പൂത്തിരി " എന്ന പ്രത്യേക കോഡിൽ രാസലഹരി വിൽപ്പന നടത്തിയിരുന്നയാളെ എക്സൈസ് പിടികൂടി. ആലുവ ഈസ്റ്റ്, കൊടികുത്തിമല സ്വദേശി മുറ്റത്ത് ചാലിൽ വീട്ടിൽ മകൻ മുസാബിർ മുഹമ്മദ് (33) എന്നയാളെയാണ് എറണാകുളം റേഞ്ച് എക്സൈസ് രാസലഹരിയുമായി പിടികൂടിയത്. ഇയാളിൽ നിന്ന് 9.178 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ച ഇയാളുടെ സ്മാർട്ട് ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് എക്സൈസിനെകണ്ട് കടന്ന് കളഞ്ഞ ഷെഫീക്ക് ഹനീഫ എന്നയാളെ രണ്ടാം പ്രതി സ്ഥാനത്ത് ചേർത്തിട്ടുണ്ട്. ഇത്രയും മയക്ക് മരുന്ന് കൈവശം വക്കുന്നത് 10 വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അതീവ ഗുതുതര കൃത്യമാണ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ "പൂത്തിരി " എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു വിൽപ്പന. ബാംഗ്ലൂരിൽ നിന്ന് മയക്ക് മരുന്ന് നേരിട്ട് എത്തിച്ച ശേഷം സമൂഹ മാദ്ധ്യമങ്ങളിലെ ഇവരുടെ പ്രത്യേക ഗ്രൂപ്പുകളിലൂടെ ' പൂത്തിരി ഓണായിട്ടുണ്ട് " എന്ന കോഡ് നൽകുന്നതോടെ ആവശ്യക്കാർ ഇയാൾക്ക് ഓർഡർ നൽകി തുടങ്ങും. ഓൺലൈനായി പണം സ്വീകരിച്ച ശേഷം മയക്ക് മരുന്ന് പ്രത്യേക രീതിയിൽ വെള്ളം നനയാത്ത രീതിയിൽ പൊതിഞ്ഞ് സുരക്ഷിതമായി ഏതെങ്കിലും സ്ഥലത്ത് വച്ച ശേഷം അതിൻ്റെ ഫോട്ടോയും ലൊക്കേഷനും അയച്ച് കൊടുക്കുന്നതായിരുന്നു ചില്ലറ വിൽപ്പനയുടെ രീതി. കളമശ്ശേരി എച്ച്.എം.ടി തോഷിബ ജംഗ്ഷന് അടുത്ത് പെരിങ്ങഴ ക്ഷേത്രം വക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഇടനിലക്കാരനെ കാത്ത് നിൽക്കുകയായിരുന്ന മുസാഫിർ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം വളഞ്ഞിട്ട് പിടി കൂടി. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ഇയാളുടെ താമസസ്ഥലത്തു നിന്നും മയക്ക്മരുന്ന് കണ്ടെടുത്തു. ഓണാഘോഷത്തിൻ്റെ ഭാഗമായി എക്സൈസ് നടത്തി വരുന്ന സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തി വന്ന പ്രത്യേക പരിശോധനയിലാണ് മുസാഫിർ പിടിക്കപ്പെട്ടത്. പിടിയിലായതിന് ശേഷവും നിരവധി കോളുകളാണ് ഇയാളുടെ ഫോണിലേക്ക് വന്നിരുന്നത്. സംഭവ സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ ഇയാളുടെ സുഹൃത്ത് ഷെഫീക്കിനെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള കർശന പരിശോധന തുടരുമെന്നും, ഇയാളുടെ പക്കൽ നിന്ന് മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചവരെ കണ്ടെത്തി കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള എക്സൈസിൻ്റെ സൗജന്യ ലഹരിമുക്ത കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. എറണാകുളം റേഞ്ച് ഇൻസ്പെക്ടർ അഭിരാജ് ആർ , സിറ്റി സ്ക്വാസ് പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, ഷാബു . സി. ജി, സിറ്റി സ്ക്വാഡിലെ സി.ഇ. ഒ മാരായ അമൽദേവ്, ജിബിനാസ് വി.എം, പ്രവീൺകുമാർ വി.എച്ച്, പത്മഗിരിശൻ, വനിത സിഇഒ അഞ്ജു ആനന്ദൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.